കേരളീയ ചിത്രകല

ടി കെ പദ്മിനി
T K Padmini T K Padmini painting T K Padmini painting

 

ടി കെ പദ്മിനി

    കേരള ചിത്രകലാ ചരിത്രത്തിലെ ഏകാന്തവിസ്മയമായ ചിത്രകാരി ടി.കെ. പത്മിനി 1940 മേയ് 11നു പൊന്നാനി താലൂക്കിലെ കാടഞ്ചേരിയിൽ ജനിച്ചു. കാടഞ്ചേരിയിലെ  പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പൊന്നാനിയിൽ ആയിരുന്നു തുടർ പഠനം. അവിടെ കലാധ്യാപകനായ  കെ. സി ദേവസിയാണ് അവരുടെ കഴിവുകൾ കണ്ടറിഞ്ഞത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഏറെക്കാലം ആർട്ടിസ്റ്  നമ്പൂതിരിയുടെ  ശിഷ്യയായിരുന്നു .

    1961ൽ   ചെന്നൈ ഗവൺമെൻ്റ് ഫൈൻആർട്സ്  കോളേജിൽ പഠനം ആരംഭിച്ചു. കെ സി എസ്‌  പണിക്കരുടെ ശിക്ഷണത്തിൽ പഠിക്കാൻ കഴിഞ്ഞു. അവിടെ നിന്നും ഡിപ്ലോമ ഒന്നാം റാങ്കിൽ പാസ്സായി. ആ കാലഘട്ടത്തിൽ ഒരു പെൺകുട്ടി ചിത്രകലാപഠനം വിജയകരമായി പൂർത്തിയാക്കി എന്നത് അസാധാരണ സംഭവമായിരുന്നു. ഹൈസ്കൂൾ പഠനത്തിന് ശേഷം കലാകാരിയാകണം എന്ന ഒറ്റ ആഗ്രഹമേ അവർക്കുണ്ടായിരുന്നുള്ളു. ആ ലക്ഷ്യത്തിലെത്താൻ അവൾക്ക് തുണയായത് അമ്മാവനായിരുന്നു. സ്ത്രീകൾ സ്വയം പര്യാപ്തരാകേണ്ടത് അത്യാവശ്യമാണെന്ന് അവർ തിരിച്ചറിയുകയും തന്റെ ചങ്ങാതിമാരെ അപ്രകാരം ഉപദേശിക്കുകയും ചെയ്തിരുന്നതായി കൂട്ടുകാർ  അനുസ്മരിക്കുന്നുണ്ട്. 1968ൽ കലാകാരനായ കെ. ദാമോദരനെ അവർ വിവാഹം ചെയ്തു. പ്രസവ സംബന്ധമായ അസുഖത്തെ തുടർന്ന്  1969മെയ് 11ന് അവർ മരണപ്പെട്ടു. ചിത്രകലയിൽ ഏറെ ഉയരത്തിൽ എത്തിപ്പെടുമായിരുന്ന ടി. കെ. പദ്മിനിയുടെ അകാല മരണം കേരളീയചിത്രകലയ്ക്ക് തീരാനഷ്ടം തന്നെ ആയിരുന്നു.

    1960 മുതൽ '69 വരെയുളള കാലയളവിലാണ് പദ്മിനി ചിത്രങ്ങളുടെ പിറവി. ഈ കാലയളവിൽ അവർ 30 എണ്ണച്ചായ ചിത്രങ്ങൾ ഉൾപ്പെടെ 230 ചിത്രങ്ങൾ രചിച്ചു. കേരളത്തിലെ 'അമൃതാ ഷെർഗിൽ' എന്നാണ്  ടി.കെ പദ്മിനി വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീയുടെ കണ്ണ് കൊണ്ട് ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ ആദ്യമായി കാണുകയും വരയ്ക്കുകയും ചെയ്തത് അമൃത ഷെർഗിൽ ആയിരുന്നു. വളരെ ഹ്രസ്വമായ കാലം കൊണ്ട് അവർ ഇന്ത്യൻ ചിത്രകലാ വഴക്കങ്ങളെ തിരുത്തിക്കുറിച്ചു. 28 വർഷത്തെ ആയുസ് മാത്രമേ പദ്മിനിയെപ്പോലെ അവർക്കും ഉണ്ടായിരുന്നുള്ളു. ചിത്രങ്ങളിൽ പോസ്റ്റ് ഇമ്പ്രഷനിസ്റ് സ്വാധീനം പ്രകടമായിരുന്നു. സ്ത്രീശരീരത്തിന്റെ  യാഥാർഥ്യങ്ങളെയും ലൈംഗികതയെയും ചില ചിത്രങ്ങളിൽ അവർ അവതരിപ്പിച്ചിട്ടുണ്ട്. ഏറെക്കുറെ ഇതേ രചനാരീതി തന്നെയാണ്  ടി.കെ പദ്മിനിയുടെ ചിത്രങ്ങളിലും കാണാൻ കഴിയുന്നത്. അവരുടെ ചിത്രങ്ങൾ റൊമാന്റിക്, അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റിക് ഗണങ്ങളിൽ ഉൾപ്പെടുന്നു. ഗ്രാമീണസ്ത്രീകളും ഗ്രാമപ്രകൃതിയുമാണ് മിക്ക ചിത്രങ്ങളിലും കാണുന്നത്. സ്ത്രീയും പ്രകൃതിയും കൂടിച്ചേരുന്ന ഒരു തന്മയീഭാവം ഇവയിൽ ദർശിക്കാം. സ്ത്രീ ഉടലിന്റെയും ലൈംഗികതയുടെയും സ്വാതന്ത്ര്യബോധം ചിത്രകലയിൽ ആദ്യം ആവിഷ്‌ക്കരിച്ച മലയാളി വനിത പദ്മിനിയാണ് .

   പദ്മിനിയുടെ പെയിന്റിങ്ങുകളും  രേഖാചിത്രങ്ങളും  ചെന്നൈയിലെ  നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലും ഹൈദരാബാദിലെ സലർജംഗ് മ്യൂസിയത്തിലും കേരളലളിതകലാ അക്കാദമിയുടെ കൊച്ചിയിലെ ആർട്ട് ഗാലറിയിലും സൂക്ഷിക്കുന്നുണ്ട്.  ടി കെ പദ്മിനി എന്ന പേരിൽ പദ്മിനിയെക്കുറിച്ച് ഒരുസിനിമയും മലയാളത്തിൽ ഉണ്ടായി. എഴുത്തുകാരനായ സുസ്മേഷ് ചന്ദ്രോത്താണ്  തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചത്. ടി കെ പദ്മിനി കലയും ജീവിതവും എന്ന പേരിൽ പൊന്ന്യം ചന്ദ്രൻ ഒരു ജീവചരിത്രം പദ്മിനിയെക്കുറിച്ച് രചിച്ചിട്ടുണ്ട് .

ചിത്രങ്ങൾ

  1. നീലനദി
  2.  ധ്യാനം
  3.  നിലാവ്
  4.  ഡിസൈർ
  5.  ഡ്രീംലാൻഡ്
  6.  ഡോൺ
  7.  വുമൺ
  8.  ഗ്രോത്ത്
  9. ബാരിയർഗ്രൗണ്ട്
  10. പോർട്രെയിറ്റ്

    പ്രധാന പ്രദർശനങ്ങൾ

  • 1962 - പ്രോഗ്രസ്സിവ് പെയിന്റേഴ്സ് അസോസിയേഷൻ , മദ്രാസ്
  • 1963 - യങ് പെയിന്റേഴ്സ് & സ്കൾപ്ച്ചേഴ്സ് അസോസിയേഷൻ ‍, മദ്രാസ്
  • 1964 - യങ് പെയിന്റേഴ്സ് & സ്കൾപ്ച്ചേഴ്സ് അസോസിയേഷൻ , ബോംബെ
  • 1964 - നാഷണൽ എക്സിബിഷൻ ഓഫ് ആർട്സ്, ബോംബെ
  • 1964 - ബോംബെ ആർട്സ് സൊസൈറ്റി വാർഷിക പ്രദർശനം
  • 1965 - ത്രീ വുമൺ ആർടിസ്റ്റ്സ് ഷോ, മദ്രാസ്
  • 1966 - സിക്സ് ആർടിസ്റ്റ്സ് ഷോ, മദ്രാസ്
  • 1966 - സിക്സ് ആർടിസ്റ്റ്സ് ഷോ, ഡൽഹി
  • 1967 - യങ് പെയിന്റേഴ്സ് & സ്കൾപ്ച്ചേഴ്സ് അസോസിയേഷൻ ‍, ഹൈദരാബാദ്
  • 1968 - വൺ മാൻ ഷോ, മദ്രാസ്
  • 1969 - നാഷണൽ എക്സിബിഷൻ ഓഫ് ആർട്സ്, ന്യൂ ഡൽഹി
  • 1969 - യുവ ദക്ഷിണേന്ത്യൻ കലാകാരന്മാരുടെ സമകാലിക ചിത്രങ്ങളുടെ പ്രദർശനം (മാക്സ് മുള്ളർ ഭവൻ സ്പോൺസർ ചെയ്തത്), ബാംഗ്ലൂർ
  • 1969 - ക്രിയേറ്റീവ് ഫോറം എക്സിബിഷൻ , മദ്രാസ്.

പുരസ്കാരങ്ങൾ

  • മദ്രാസ് ലളിത കലാ അക്കാദമി അവാർഡ് (1963)
  • മദ്രാസ് ലളിത കലാ അക്കാദമിയുടെ ഹൈലി കമാന്റഡ് സർട്ടിഫിക്കറ്റ് ('Growth' എന്ന പെയിന്റിംഗിൻ)
  • അസോസിയേഷൻ ഓഫ് യങ് പെയിന്റേഴ്സ് ആന്റ് സ്കൾപ്‌റ്റേഴ്സ് അവാർഡ് (1965)
  • മദ്രാസ് ലളിത കലാ അക്കാദമി അവാർഡ് (1967)

 

ഡോ.കവിത ബാലകൃഷ്ണൻ

 

ഡോ.കവിത ബാലകൃഷ്ണൻ

  1976-ൽ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള നടവരമ്പിലാണ് പ്രസിദ്ധ ചിത്രകാരിയായ കവിത ബാലകൃഷ്ണൻ ജനിച്ചത്. ചെറിയ പ്രായത്തിൽ തന്നെ ചിത്രകലയെ ഗൗരവമായി സമീപിച്ചു എന്നതാണ് കവിതയുടെ പ്രത്യേകത. പതിമൂന്നുവയസുള്ളപ്പോൾ തന്നെ ചിത്രരചനയ്ക്ക് സോവിയറ്റ്ലാൻഡ് നെഹ്റു അവാർഡ് നേടി. തുടർന്ന് സോവിയറ്റ് യൂണിയനിലെ ക്രിമിയൻതീരത്ത് ആർത്തെക്ക് ഇന്റർനാഷണൽ യങ്ങ് പയനിയർ ക്യമ്പിൽ പങ്കെടുത്തു. 'ആർത്തെക്ക് അനുഭവങ്ങൾ' ദേശാഭിമാനിവാരികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുകയും പിന്നീട് പുസ്തകമാക്കുകയും ചെയ്തു.

   'ആർത്തെക്ക് അനുഭവങ്ങൾ'ക്ക് 2004-ലെ എസ്. ബി.റ്റി അവാർഡ് ലഭിച്ചു. ബറോഡയിലെ എം.എസ് യൂണിവേഴ്സിറ്റിയിൽ നിന്നും കലാചരിത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടി. മലയാള ആനുകാലികങ്ങളിലെ രേഖാചിത്രീകരണത്തിന്റെ (Illustration) പ്രാധാന്യത്തെക്കുറിച്ച്‌ ഉള്ള ഗവേഷണ പ്രബന്ധത്തിന് പി എച്ച് ഡി ബിരുദം ലഭിച്ചു. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ഇല്ലസ്ട്രേഷനെപ്പറ്റിയും സ്ത്രീ ചിത്രകാരികളെപ്പറ്റിയും കോമിക് ചിത്രീകരണത്തെപ്പറ്റിയും  'കേരളത്തിലെ ചിത്രകലയുടെ വർത്തമാനം' എന്ന ഗ്രന്ഥം രചിച്ചു. മികച്ച കലാപഠനഗ്രന്ഥത്തിനുള്ള കേരള ലളിതകലാ അക്കാദമിയുടെ അവാർഡ് 2007ലെ അവാർഡ് ഈ കൃതിയ്ക്കായിരുന്നു.

   1998 മുതൽ 1999 കാലഘട്ടത്തിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ  ആർട്ട് ഹിസ്റ്ററി അദ്ധ്യാപികയായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് ആർ. എൽ. വി. തൃപ്പൂണിത്തുറയിലെ  മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിലും, മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലും വിസിറ്റിംഗ് ഫാക്കൽറ്റിയായി  സേവനം അനുഷ്ടിച്ചു. ഇപ്പോൾ തൃശൂരിലെ ഫൈൻ ആർട്സ് കോളേജിൽ ആർട്ട് ഹിസ്റ്ററി, സൗന്ദര്യശാസ്ത്ര  ലക്ചറർ ആയി പ്രവർത്തിക്കുന്നു .

   ഒരു ചിത്രകാരി എന്ന നിലയിൽ മാത്രം ഒതുങ്ങുന്നതല്ല കവിതയുടെ സർഗാത്മക പ്രവർത്തനങ്ങൾ .മലയാളത്തിലെ ശ്രദ്ധേയയായ യുവ കവികൂടിയായ ഇവർ കലാനിരൂപക, കലാഗവേഷക, കലാചരിത്രകാരി എന്നീ നിലകളിലും മികച്ച പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. അങ്കവാലുള്ള പക്ഷി, ഞാൻ ഹാജരുണ്ട്, കവിതയുടെ കവിതകൾ എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ആർത്തെക്ക് അനുഭവങ്ങൾ' കവിതയുടെ യാത്രാവിവരണകൃതിയാണ്. കേരളത്തിലെ ചിത്രകലയുടെ വർത്തമാനം, ആധുനിക കേരളത്തിന്റെ ചിത്രകല: ആശയം പ്രയോഗം വ്യവഹാരം എന്നെ കൃതികൾ കലാപഠന സംബന്ധിയായും രചിച്ചിട്ടുണ്ട്. "കേരളത്തിലെ ചിത്രകലയുടെ വർത്തമാനം" എന്നകൃതി 2007ലെ  ലളിതകലാ അക്കാദമിയുടെ  മികച്ച മലയാള ആർട്ട് പുസ്തകത്തിനുള്ള  സംസ്ഥാന അവാർഡിന് അർഹമായി. 2005 ൽ എസ്.ബി.ടി. സാഹിത്യ പുരസ്കാരവും 2007 ൽ അയ്യപ്പൻ പുരസ്ക്കാരവും ലഭിച്ചു.

ചിത്രപ്രദർശനങ്ങൾ

  1. സോവിയറ്റ് ഇൻഫർമേഷൻ ഹാൾ, ന്യൂഡൽഹി, 1989.
  2. ഗവ. മ്യൂസിയം ആർട്ട് ഗ്യാലറി, ചണ്ഡിഗഡ് 1995.
  3. കേരളത്തിലെ വനിതാ ആർട്ടിസ്റ്റുകൾ, വനിതാ ചിത്രകാരന്മാരുടെ ക്യൂറേറ്റഡ് ഷോ, സമകാലീന ആർട്ട് ഗ്യാലറി, കൊച്ചി.
  4. ‘സൗത്ത് ബൈ സൗത്ത് വെസ്റ്റ്’, ട്രാവൻകോർ ഹൗസ് , ന്യൂഡൽഹി, 2007.
  5. ‘ഒഫെലിയ’, (വാട്ടർ കളർ വർക്കുകളുടെ ഷോ) ഗാലറി ഒ.ഇ.ഡി, കൊച്ചി, 2007.
  6. ‘ഹൈഡ് ആൻഡ് സീക് ’  ഗാലറി ഒഇഡി, കൊച്ചി, 2008.
  7. 'L'Mechine ' ഗാലറി OED, കൊച്ചി, 2009.
  8. തൃക്കണാ മതിലകം പൊരുളുകൾ : സമകാലീന കലാ പദ്ധതി, മതിലകം 2015.