മേരി ജോണ്‍ കൂത്താട്ടുകുളം

മേരി ജോൺ കൂത്താട്ടുകുളം (1905-1998)

1905-ൽ കൂത്താട്ടുകുളത്ത് ചൊള്ളമ്പേൽ യോഹന്നാൻ എന്ന പുരോഹിതന്റെയും ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി ജനിച്ച മേരി ജോൺ കൂത്താട്ടുകുളം പഠനത്തിന് ശേഷം അദ്ധ്യാപകവൃത്തി സ്വീകരിച്ചു.  പ്രശസ്ത സാഹിത്യ നിരൂപകൻ സി. ജെ. തോമസ് മേരിയുടെ സഹോദരനാണ്. വീട്ടുകാർ തീരുമാനിച്ച വിവാഹത്തിൽ നിന്ന് രക്ഷപെടാൻ നാട് വിട്ട മേരി ആദ്യം അദ്ധ്യാപികയാവുകയും പിന്നീട്  തപാൽ വകുപ്പിൽ ക്ലർക്കാവുകയും ചെയ്തു.

പന്ത്രണ്ടാമത്തെ വയസ്സില്‍ വിവാഹിതയായ മേരി പ്രൈവറ്റായി പഠിച്ചാണ് മലയാളം ഏഴാം ക്ലാസ്സും, ഹയറും പാസ്സായത്. എന്നാല്‍ വിദ്യാഭ്യാസത്തിനും, സാഹിത്യാഭിരുചിക്കും യാതൊരുവിലയും കല്‍പിക്കാതെ അടുക്കളയ്ക്കുള്ളില്‍ തളച്ചിടാനുള്ള ഭര്‍ത്താവിന്റെയും, ഭര്‍ത്തൃവീട്ടുകാരുടേയും നീക്കം മേരിക്ക് സഹിക്കാനായില്ല. ഒരു ദിവസം രാത്രിയില്‍ ആരുമറിയാതെ മേരി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു. എന്നാല്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം ഭര്‍ത്തൃഗൃഹത്തിലേക്ക് തിരിച്ചുപോകേണ്ടി വരും എന്ന് തോന്നിയപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ പതിനഞ്ച് രൂപയുമായി ആ പെണ്‍കുട്ടി തിരുവനന്തപുരത്തിന് വണ്ടി കയറി.

തിരുവനന്തപുരത്തെ ഡോ. പല്പുവിന്റെ മക്കളായ ആനന്ദലക്ഷ്മിയും, ദാക്ഷായണിയും ആയി മേരിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. മേരി അഭയം തേടി ചെന്നത് നന്തന്‍കോട്ടുള്ള അവരുടെ വീട്ടിലേക്കായിരുന്നു. കാര്യമറിഞ്ഞപ്പോള്‍ ഡോ. പല്‍പ്പു മേരിയെ സ്വന്തം മകളെപ്പോലെ സ്വീകരിച്ചു. അവിടെ താമസിച്ച് മലയാളം വിദ്വാന്‍ പരീക്ഷ പാസ്സാവുകയും അദ്ധ്യാപികയായി ജോലി നേടുകയും ചെയ്തു. അദ്ധ്യാപക ജോലി ഉപേക്ഷിച്ചു അന്ന് മെച്ചപ്പെട്ട ശമ്പളം  ഉണ്ടായിരുന്ന അഞ്ചൽ സർവീസിൽ മേരി ചേരുകയായിരുന്നു. 

മനുഷ്യനോടും, പ്രകൃതിയോടുമുള്ള ഉദാത്തമായ സ്നേഹവും ആരാധനയും നിറഞ്ഞതാണ് മേരിയുടെ കവിതകള്‍. പ്രഭാതപുഷ്പം, ബാഷ്പമണികള്‍, അന്തിനക്ഷത്രം, പൂജാപുഷ്പം, അമ്മയും മകളും, കാറ്റ് പറഞ്ഞ കഥ, ചിരിക്കുന്ന കാട്ടാര്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇതിന് പുറമെ വിവിധ ആനുകാലികങ്ങളിലും, വാര്‍ഷികപ്പതിപ്പുകളിലും പ്രസിദ്ധീകരിച്ച ഒട്ടനവധി കവിതകളും മേരിജോണിന്റേതായിട്ടുണ്ട്. 1996 ല്‍ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. 1998 ഡിസംബര്‍ 2 ന് കവിതയ്ക്കും സാഹിത്യത്തിനും ജീവിതം ഉഴിഞ്ഞ് വച്ച മേരി ജോണ്‍ കൂത്താട്ടുകുളം അന്തരിച്ചു.

References

References

വിരങ്ങള്‍ക്ക് കടപ്പാട്: ജോസ് കരിമ്പന എഡിറ്റ് ചെയ്ത് സി.ജെ.സ്മാരക സമിതി പ്രസിദ്ധീകരിച്ച സ്മൃതി -2009 സ്മരണികയില്‍ നിന്ന്