അതിജീവിക
കുടുംബനാഥനന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ പെട്ടന്നുണ്ടാകുന്ന അപകടങ്ങളാല്‍ മരണപ്പെടുകയോ കിടപ്പിലാവുകയോ ചെയ്യുമ്പോള്‍ സ്ഥിരവരുമാനം ഇല്ലാത്തതിനാലും ജോലി ചെയ്യാനുള്ള ആരോഗ്യമില്ലാത്തതിനാലും നിത്യ ചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചെലവുകള്‍ക്കും മറ്റും മാര്‍ഗ്ഗമില്ലാതെ തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥ പെട്ടന്ന് സംജാതമാകുന്നു. ഇപ്രകാരം രോഗികളായ സ്ത്രീകള്‍ വിധവകള്‍ , ഭര്‍ത്താവ് ഗുരുതര അസുഖത്താല്‍ കിടപ്പിലായവര്‍, വിവാഹ മോചിതരായ സ്ത്രീകള്‍ ഉള്ള കുടുംബം ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട കുടുംബത്തിലെ സ്ത്രീകള്‍ എന്നിവര്‍ എല്ലാം തന്നെ ഈ അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. കൂടാതെ ബാങ്ക് ലോണെടുത്തും മറ്റും നിര്‍മ്മിച്ച വീടുകളുടെ വായ്പാ തിരിച്ചടവ്, ചികിത്സയ്ക്ക് വേണ്ടി എടുത്ത ലോണ്‍, ഭര്‍ത്താവിന്റെ അസുഖം, ചികിത്സ, മരണം എന്നിവമൂലം തിരിച്ചടവ് മുടങ്ങുന്നത് കാരണം സ്ത്രീയ്ക്ക് ഇത് ബാധ്യതയായി വരികയും ജപ്തി ഭീഷണി നേരിടുന്ന അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. ഇത് പലപ്പോഴും കൂട്ട ആത്മഹത്യയിലേയ്ക്ക് എത്തിച്ചേരുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകുന്നു.
പ്രകൃതിക്ഷോഭം മൂലവും മറ്റ് കാരണങ്ങളാലും വീടിന് നാശനഷ്ടം സംഭവിച്ച് അന്തിയുറങ്ങാന്‍ സുരക്ഷിതമായ വീടില്ലാതെ ട്രയിനില്‍ യാത്ര ചെയ്ത് കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കിയ അമ്മയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഭര്‍ത്താവിന്റെ മാരകമായ അസുഖത്തിന് ചികിത്സക്ക് ലോണെടുത്ത് കടക്കെണിയിലായി ജപ്തി നടപടി നേരിടുന്നവരെ കുറിച്ചുള്ള വാര്‍ത്തകളും പത്ര മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.
ഇപ്രകാരം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒറ്റത്തവണ ധനസഹായം നല്‍കുന്നതിന് 'അതിജീവിക' എന്ന പദ്ധതിക്ക് സൂചന പ്രകാരം ഭരണാനുമതി ലഭ്യമായിട്ടുണ്ട്.
നിര്‍വ്വഹണം
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കും അപേക്ഷ സ്വീകരിക്കാവുന്നതും ഇവ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് കൈമാറേണ്ടതുമാണ്.
ലഭ്യമായ അപേക്ഷകളില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വിശദമായ അന്വഷണം നടത്തി സര്‍ക്കാരില്‍ നിന്നും ഇക്കാര്യത്തിന് ധനസഹായം ലഭിച്ചവരെ ഒഴിവാക്കി മാര്‍ഗ്ഗരേഖയില്‍ പറഞ്ഞവിധം ദുരിതമനുഭവിക്കുന്നവരാണെന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാതല കമ്മിറ്റി (ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷന്‍ കമ്മിറ്റി) കൂടി അര്‍ഹരായ അപേക്ഷകരെ പരിഗണിച്ച് ധന സഹായത്തിന് വനിത ശിശു വികസന ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടതാണ്. . പരമാവധി 50,000/- രൂപവരെ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയ്ക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്. കമ്മിറ്റിയുടെ തീരുമാനം സഹിതം ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അലോട്ട്മെന്റിനായി വനിതാ ശിശു വികസന ഡയറക്ടര്‍ക്ക് പ്രൊപ്പോസല്‍ നല്‍കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന പ്രൊപ്പോസല്‍ സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് വിധേയമായി ധനസഹായം അനുവദിച്ച് നല്‍കുന്നതാണ്. അലോട്ട്മെന്റെ് ബന്ധപ്പെട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് ഡയറക്ടറേറ്റില്‍ നിന്ന് നല്‍കുന്നതും തുക ഗുണഭോക്താവിന് DBT ചെയ്യേണ്ടതുമാണ്.
ഗുണഭോക്തക്കള്‍
- ഭര്‍ത്താവ് /കുട്ടികള്‍/ കുടുംബനാഥ എന്നിവര്‍ രോഗബാധിതരായി കിടപ്പു രോഗിയുള്ള കുടുംബം
- പ്രകൃതി ദുരന്തത്താലോ, മനുഷ്യ വിപത്തിനാലോ വീട് നഷ്ടപ്പെട്ട്/ നാശം
- സംഭവിച്ച് വാടകയ്ക്ക് താമസിക്കാന്‍ കഴിയാതെ ബുദ്ധിമിട്ടുന്ന സ്ത്രീ കുടുംബ നാഥയായ കുടുംബം.
- കട ബാധ്യത മൂലം കുടുംബനാഥ ജപ്തി ഭീഷണി നേരിടുന്ന കുടുംബം.
- ഭര്‍ത്താവിന്റെ അസുഖം/വിയോഗം മൂലം മക്കളുടെ പഠനത്തിന്/ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന സ്ത്രീ കുടുംബ നാഥയായ കുടുംബം.
- അസുഖം ബാധിച്ച് മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീ
- അപേക്ഷകരായ സ്ത്രീകളുടെ പ്രായം 50 വയസ്സില്‍ താഴെ ആയിരിക്കണം.
അനാരോഗ്യം നിമിത്തം ജോലി ചെയ്യാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്കു മാത്രമേ ഈ സ്കീമിനു കീഴില്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. (ഹൃദ്രോഗം, അംഗപരിമിതി, കിഡ്നി/ലിവര്‍ സംബന്ധമായ രോഗങ്ങള്‍ ക്യാന്‍സര്‍, തളര്‍വാതം മറ്റ് ഗുരുതര രോഗങ്ങള്‍). അപേക്ഷകര്‍ മേല്‍ വിഭാഗത്തില്‍പ്പെടു ന്നവരാണെന്ന് തെളിയിക്കു ന്നതിനുള്ള രേഖകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതും ജീവിത അവസ്ഥ സംബന്ധിച്ചും അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിത ദുരിതങ്ങള്‍ സംബന്ധിച്ചും ഒരു റിപ്പോര്‍ട്ട് വെള്ള പേപ്പറില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ടതുമാണ്.
അര്‍ഹത മാനദണ്ഡം
- അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം 50,000/- രൂപയില്‍ താഴെയായിരിക്കണം.
- അപേക്ഷകര്‍ക്ക് പ്രായ പൂര്‍ത്തിയായ തൊഴില്‍ ചെയ്യുന്ന മക്കള്‍ (ബുദ്ധിമാന്ദ്യം ഉള്ളവര്‍, അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉള്ളവര്‍, കിടപ്പ് രോഗികള്‍ ഉള്ള കുടുംബം ഒഴികെ) ഉണ്ടായിരിക്കരുത്.
- സര്‍ക്കാര്‍ തലത്തില്‍ ധനസഹായം ലഭിച്ചവര്‍ (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മറ്റും ) ഈ സഹായത്തിന് അര്‍ഹരല്ല.
സമൂഹത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് അടിയന്തിര ഘട്ടത്തില്‍ ധനസഹായം (ഒറ്റത്തവണ) നല്‍കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു. ആകയാല്‍ മാനദണ്ഡ പ്രകാരമല്ലാതെ ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയിലേയ്ക്ക് പരിഗണിക്കേണ്ടതില്ല. ഏറ്റവും അര്‍ഹരാണെന്ന് അന്വഷിച്ച് ബോദ്ധ്യപ്പെട്ട അപേക്ഷകള്‍ മാത്രമെ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് നല്‍കാവൂ. ഇപ്രകാരം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങള്‍ പലപ്പോഴും പത്ര, ദൃശ്യ മാദ്ധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും വഴി ജന ശ്രദ്ധയില്‍ വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍പോലും ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ധനസഹായത്തിന് അര്‍ഹരാണ് എന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം ഇവരില്‍ നിന്നും അപേക്ഷ എഴുതി വാങ്ങി തുടര്‍ നടപടി സ്വീകരിക്കേണ്ടതാണ്. ആയതിനുള്ള നടപടിയും (ജില്ലാതല ഓഫീസര്‍മാര്‍, ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍,സൂപ്പര്‍വൈസര്‍മാര്‍) കൈകൊള്ളേണ്ടതാണ്. ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് വേണ്ടി മറ്റ് ബന്ധുക്കള്‍ പരിചയക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ നല്‍കുന്നു അപേക്ഷയും പരിഗണിച്ച് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാവുന്നതാണ്.