കുട്ടികളുടെ സുരക്ഷയ്ക്കായി കവചം പദ്ധതി

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി തടയാനും പോക്സോ കേസുകളുടെ അന്വേഷണം ഫലപ്രദമാക്കാനുമാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അസാധാരണ സാഹചര്യങ്ങള്‍ മനസ്സിലാക്കി കുട്ടികള്‍ക്ക് കൗൺസിലിങ് നടത്താനും അതിക്രമങ്ങള്‍ തടയാനുമാണ് പോലീസിന്‍റെ പദ്ധതി. ദുര്‍ബല വിഭാഗത്തിൽപ്പെട്ട കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗൺസിലിങ് നല്‍കാനും സമൂഹത്തിലെ മറ്റു വിഭാഗങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനും പോലീസ് മുൻകൈയെടുക്കും. ഇതിനായി ബീറ്റ് ഓഫീസര്‍മാര്‍ മുൻകൈയെടുക്കും. കാരണം കൂടാതെ സ്കൂളിൽ എത്താത്ത വിദ്യാര്‍ഥികളെയും ക്ലാസ് തീരും മുൻപേ സ്കൂളിൽ നിന്ന് വീട്ടിൽ പോകുന്നവരെയും നിരീക്ഷിക്കാനായി സ്കൂള്‍ സുരക്ഷാ സമിതികള്‍ രൂപീകരിക്കും. കുട്ടികളുമായി അടുപ്പം കാണിച്ച് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യും.

പോക്സോ കേസുകളുടെ അന്വേഷണത്തിന്‍റെ നിലവാരം ഉയര്‍ത്തുന്നതിനായി വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഇതോടൊപ്പം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോള്‍ കുറ്റവാളികളുടെ രജിസ്ട്രേഷനും നിരീക്ഷണവും കര്‍ശനമാക്കാനും പദ്ധതിയിടുന്നുണ്ട്.