കഥകളിയിലെ സ്ത്രീ പ്രാതിനിധ്യങ്ങൾ

 

കഥകളിയിലെ സ്ത്രീ

 

  കേരളത്തിന്റെ തനതു ദൃശ്യകലാരൂപമാണ് കഥകളി. ദൃശ്യകലാലോകത്തിലേക്കു  കേരളത്തിന്റെ അവിസ്മരണീയ സംഭാവനയായ  കഥകളി  എന്ന ക്ലാസിക്  കലാരൂപത്തിന്റെ സാഹിത്യരൂപമാണ് ആട്ടക്കഥ സാഹിത്യം. പതിനേഴാംനൂറ്റാണ്ടിന്റെ  ഉത്തരാർദ്ധത്തിൽ രൂപംകൊണ്ട ഈ കലാരൂപം അതിന്റെ സർവ്വമേഖലകളിലും  പുരുഷന്മാരുടെ പ്രകടമായ സാന്നിധ്യമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. കലകളിലും മറ്റും പെൺപങ്കാളിത്തം സാർവത്രികമാകാതിരുന്ന  ഒരു കാലഘട്ടത്തിലായിരുന്നിട്ടും  എണ്ണത്തിൽ കുറവെങ്കിലും കഥകളിയിൽ പ്രഖ്യാതമായ  സ്ഥാനം നേടിയെടുത്ത സ്ത്രീകൾ മലയാളത്തിന് സ്വന്തമായുണ്ട്. പ്രമുഖരായ ആട്ടക്കഥാകാരികളുടെയും കഥകളി കലാകാരികളുടെയും  പ്രബലമായ സാന്നിധ്യം സ്ത്രീകൾക്ക് അന്യമായ കല അല്ല കഥകളി എന്ന് വ്യക്തമാക്കുന്നു .
                 ആട്ടക്കഥ രചയിതാക്കളിൽ പ്രൗഢമായ സ്ത്രീസാന്നിധ്യമാണ് ഇരയിമ്മൻ തമ്പിയുടെ മകളായകുട്ടിക്കുഞ്ഞുതങ്കച്ചിയുടേത്.  അവരുടെ ശരിക്കുള്ള പേര് ലക്ഷ്മിപിള്ള എന്നായിരുന്നു. 'ശ്രീമതിസ്വയംവരം','മിത്രസഹമോക്ഷം','പാർവതി സ്വയംവരം' എന്നിവ അവരുടെ പ്രശസ്തമായ ആട്ടക്കഥകളാണ്. കുട്ടിക്കാലം മുതൽക്കേ കവിതാരചനയിൽ സവിശേഷ ശ്രദ്ധയും പ്രോത്സാഹനവും  നൽകിയിരുന്ന പിതാവിന്റെ നിർദ്ദേശപ്രകാരം രചിച്ചതാണ് ശ്രീമതിസ്വയംവരം ആട്ടക്കഥ. നാടുവാണിരുന്ന മഹാരാജാക്കന്മാരിൽ നിന്ന് സാഹിത്യ രചനക്ക് അനവധി സമ്മാനങ്ങൾ നേടിയ  മികവുറ്റ പ്രതിഭയായിരുന്നു കുട്ടിക്കുഞ്ഞുതങ്കച്ചി. കൈകൊട്ടിക്കളിയിൽ തികഞ്ഞ പ്രാവീണ്യമുണ്ടായിരുന്ന അവർ അനേകം തിരുവാതിരപ്പാട്ടുകൾ, കിളിപ്പാട്ട്, ഓട്ടൻതുള്ളൽ, ഊഞ്ഞാൽപ്പാട്ട്, കുരത്തിപ്പാട്ട്, എന്നിങ്ങനെ വ്യത്യസ്തങ്ങളായ കവിതകൾ രചിച്ചിട്ടുണ്ട്. കുട്ടികുഞ്ഞുതങ്കച്ചി കഴിഞ്ഞാൽ ആട്ടക്കഥ രചിച്ചിട്ടുള്ള ചുരുക്കം ചില സ്ത്രീകളിൽ സവിശേഷമായ സാന്നിധ്യമാണ്  വടക്കേമുടവക്കാട്ടു അമ്മുക്കുട്ടിയമ്മയുടേത്. രാമായണകഥയെ ഇതിവൃത്തമാക്കികൊണ്ടു 1905-ൽ അവർ രചിച്ച പ്രശസ്തമായ ആട്ടക്കഥയാണ് 'ശ്രീരാമവിജയം''. ആട്ടക്കഥാകാരികളിൽ മറ്റൊരു  സുപ്രധാന വ്യക്തിത്വമാണ് കോട്ടയ്ക്കൽ മാധവിക്കുട്ടി കെ.വാര്യരുടേത്. കോട്ടയ്ക്കലെ കഥകളി അന്തരീക്ഷം മാധവിക്കുട്ടിയുടെ കവിഹൃദയത്തിലും വ്യക്തിജീവിതത്തിലും നിർണായക സ്വാധീനം ചെലുത്തി. കോട്ടയ്ക്കൽ പി.എസ്.വി നാട്യസംഘത്തിനരങ്ങേറാൻ പുതിയകഥകൾ ആവശ്യമായി വന്നപ്പോൾ അവർ 'വിശ്വാമിത്രൻ', 'കുമാരസംഭവം' എന്നീ ആട്ടക്കഥകൾ രചിച്ചു.
         ആട്ടക്കഥാരചനയിൽ മാത്രമല്ല സ്ത്രീകൾ അവരുടെസാന്നിധ്യം അറിയിച്ചിട്ടുള്ളത്. കഥകളി വേഷം കെട്ടുന്നതിലും പ്രധാന പങ്ക് വഹിച്ചിരുന്നു.  പ്രമുഖരായ കഥകളി കലാകാരികളിൽ പ്രശസ്തയായ നടിയാണ് കൊട്ടാരം നീലകണ്ഠപിള്ളയുടെ പുത്രിയായ വഞ്ചിയൂർ  കാർത്യായനിയമ്മ. സുദേഷ്ണ, ഉഷ മുതലായ വേഷങ്ങൾ കെട്ടിയിട്ടുണ്ട്. രാജസൂയത്തിൽ ശ്രീകൃഷ്ണ വേഷവും കെട്ടിയിട്ടുണ്ട്. ഉണ്ടപ്പരമുപിള്ളയുടെ സഹനടിയായായും എത്തിയിട്ടുണ്ട്. അപൂർവസിദ്ധികളാർജ്ജിച്ച കഥകളി നടിമാരിൽ പ്രധാനിയാണ് ചവറ പാറുക്കുട്ടി. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ ശിഷ്യ. ആദ്യസ്ഥാന സ്ത്രീവേഷങ്ങളെല്ലാം  കൈകാര്യം ചെയ്യാനുള്ള സാമർഥ്യം അവരുടെ വേഷങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ലളിത, പാഞ്ചാലി, ഉർവ്വശി, തുടങ്ങിയ വേഷങ്ങൾ അനന്യസാധാരണമായി അവതരിപ്പിച്ചനടിയാണവർ. പ്രമുഖയായ മറ്റൊരു കഥകളി കലാകാരിയാണ് കലാമണ്ഡലം ശ്രീദേവി. കഥകളിനൃത്തമാണ് അവരുടെ മേഖല. നൃത്താധ്യാപികയായും  സേവനംഅനുഷ്ടിച്ചിരുന്നു. സ്ത്രീവേഷ അഭിനയത്തിൽ സഹൃദയ ശ്രദ്ധ ആകർഷിച്ച കഥകളിനടിയാണ് കോട്ടയ്ക്കൽ സുനീതിരാജ. കഥകളി രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള അപൂർവം ചില സ്ത്രീകളിൽ ഒരാളാണ് ചേലനാട് സുഭദ്ര. സ്ത്രീവേഷവും  പുരുഷവേഷവും ഇവർ രംഗത്ത് അവതരിപ്പിച്ചിരുന്നു.

                  മലയാളത്തിന്റെ പ്രൗഢകലാരൂപമായ  കഥകളിയിലും സ്ത്രീകൾ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് മേൽപരാമർശിച്ച ആട്ടക്കഥാകാരികളും കഥകളി കലാകാരികളും. കഥകളി എന്നാൽപുരുഷന്മാരുടെ മാത്രം കലയാണ് എന്ന ധാരണയെ വളരെ കാലം മുൻപ് തന്നെ അവർ തങ്ങളുടെ ചെറുതെങ്കിലും പ്രബലമായ സാന്നിധ്യത്തിലൂടെ ഇല്ലാതാക്കി. ഇന്ന് ഈ കലാരൂപത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീപങ്കാളിത്തം സുശക്തമായിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീയുടെ നൃത്ത നൃത്യ നാട്യ ആലാപന മികവ് കഥകളിയെന്ന വിശ്വപ്രശസ്തമായ  കലാരൂപത്തിന് അതുല്യ ചാരുത പകരുന്നു.