റോസ് മേരി
മലയാളത്തിലെ പ്രമുഖ സാഹിത്യകാരിയാണ് റോസ് മേരി.ആദ്യ കവിതാസമാഹരം 'വാക്കുകള്‍ ചേക്കേറുന്നിടം' ആണ്. 2019 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം റോസ് മേരിക്ക് ലഭിച്ചു.എസ്.ബി.ടി. കവിതാ പുരസ്കാരം, മുതുകുളം പാര്‍വ്വതി അമ്മ പുരസ്കാരം, ലളിതാംബിക അന്തര്‍ജ്ജനം യുവസാഹിത്യകാരി പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ധാരാളം റഷ്യന്‍ കൃതികളെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയതിന് PUSHKIN CENTRE FOR RUSSIAN LANGUAGE AND RUSSIAN CULTURAL CENTRE TRIVANDRUM 2012 ലെ SERGEI ESENIN AWARD സമ്മാനിക്കുകയുണ്ടായി.
1956 ജൂൺ 22-നു കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. പിതാവ്: ഡോ. കെ.സി. ചാക്കോ (പാപ്പച്ചൻ) കടമപ്പുഴ. മാതാവ്: റോസമ്മ. പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളെജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, ചിദംബരം അണ്ണാമല സർവകലാശാല, തിരുവനന്തപുരം പ്രസ്സ് ക്ലബ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിലും ഇന്ത്യാ ടുഡേ (മലയാളം) ടെലിവിഷൻ കറസ്പോണ്ടന്റായും ജോലിചെയ്തിട്ടുണ്ട്.
ആദ്യ കവിതാസമാഹരമായ 'വാക്കുകള്‍ ചേക്കേറുന്നിടം'. 1996-ല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ 'വൈരുദ്ധ്യങ്ങളുടെ ജലതരംഗം' എന്ന പേരില്‍ അവതാരിക എഴുതിയത് പ്രമുഖ നിരൂപകനായ കെ.പി. അപ്പന് ആണ്. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു.
"... വൈരുദ്ധ്യങ്ങളിലൂടെ ഈ കവിത വികസിക്കുന്നു. സകലതിന്റെയും അസ്തിത്വം അംഗീകരിച്ചു കൊണ്ടാണ് കവിത നീങ്ങുന്നത്. റബര്‍മരക്കാടുകളും കുന്നിന് പുറവും മലഞ്ചെരിവും പുഴകളും ആട്ടിന്‍പറ്റങ്ങളും... വസ്തുപ്രപഞ്ചത്തിന്റെ പ്രച്ഛന്നതയില്ലാത്ത ലോകം കാണിച്ചു തരുന്നു. ഇതോടൊപ്പം ഈ പ്രത്യക്ഷ യാഥാര്‍ത്ഥ്യങ്ങളുടെ വിപരീതങ്ങള്‍ തേടി കവി സ്വന്തം ആന്തരികതയിലേക്കു തിരിയുന്നു..."
മരങ്ങളേപ്പോലെ തന്നെ യാത്രകളും റോസ് മേരിയുടെ കവിതകളില്‍ മനഃപൂര്‍വ്വമോ അല്ലാതെയോ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നു. ലളിതമെങ്കിലും ദീപതങ്ങളായ പദാവലികളെ ചേര്‍ത്തു പിടിച്ചുള്ള യാത്രയില്‍ അവയുടെ ഉടമയോടൊപ്പം വായനക്കാരനും യാത്ര ചെയ്യുന്നതുപോലെയുള്ള എഴുത്തുകളാണു റോസ് മേരിയുടേത് . കൂടെയുള്ളത് പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന മുഖചാരുതയും .മലകളും, പുഴകളും മരങ്ങളും, ചെടികളും, പക്ഷികളും, പൂക്കളും, പൂമ്പാറ്റകളും കാറ്റും മഴയും, മഞ്ഞും വെയിലും ഈ കവിതകളില്‍ മാറി മാറി പ്രത്യക്ഷപ്പെടുന്നു. 'വേനലില്‍ ഒരു പുഴ' എന്ന കവിതാസമാഹാരത്തില്‍ പറയുന്നതുപോലെ “അതിരുകളില്ലാത്തതും അനന്തവുമായൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ് റോസ്മേരിയുടെ കവിതാപ്രപഞ്ചം.”.സാധാരണക്കാരന്റെ മേധയ്ക്കും ആസ്വാദനപാടവത്തിനും അപ്രാപ്യമായ പദപ്രയോഗങ്ങളും ബിംബങ്ങളും ഒരു കവിതയിലും ഇല്ല തന്നെ . ചാഞ്ഞു പെയ്യുന്ന മഴ പോലെ അതു വായനക്കാരന്റെ ഹൃദയത്തെ മൃദുലമായ് സ്പര്‍ശിച്ച്,മെല്ലെ മെല്ലെ , ആഴത്തില്‍ നനവു പടര്‍ത്തും .(നമ്മുടെ കവികള്‍ 15- റോസ് മേരി , http://www.mutemini.me/2016/06/15.html)