ഷീല

ഷീല
Sheela

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് ഷീല. എം ജി ആർ നൊപ്പം ‘പാശം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. സരസ്വതിദേവി എന്ന പേരിലായിരുന്നു ആ സിനിമയിൽ അഭിനയിച്ചത്. മലയാളത്തിൽ സത്യനോടൊപ്പം അഭിനയിച്ച ‘ഭാഗ്യജാതകം‘ ആണ് ആദ്യത്തെ സിനിമ. ഏകദേശം രണ്ട് പതിറ്റാണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ നിറസാന്നിദ്ധ്യമായിരുന്നു ഷീല. ചെമ്മീൻ, കള്ളിച്ചെല്ലമ്മ, വെളുത്ത കത്രീന  തുടങ്ങിയ സിനിമകളിലെ അഭിനയം ഷീലയെ മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രികളുടെ നിരയിലേക്ക് കൈപിടിച്ചുയർത്തി. 

1945 മാർച്ച് 24 നു ജനനം.തൃശൂർ കണിമംഗലം സ്വദേശി ആൻറണിയുടെയും ഭാര്യ ഗ്രേസിയുടെയും മകൾ ഷീല സെലിൻ. പിതാവ്‌ റെയിൽവേയിൽ ടിക്കറ്റ്‌ എക്സാമിനറായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനനുസരിച്ച്‌ വിവിധ സ്ഥലങ്ങളിലായാണ്‌ ഷീല പഠിച്ചതും വളർന്നതും.തമിഴ് നടൻ രവിചന്ദ്രനായിരുന്നു അദ്യ ഭർത്താവ്. പിന്നീട് ജോർജ്ജിനെ വിവാഹം ചെയ്തു. 'ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ' എന്ന സിനിമയിൽ നായകനായ വിഷ്ണു ആണ് ഏക മകൻ. 

എം.ജി.ആർ. നായകനായ പാശത്തിലൂടെയാണ്‌ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌.എങ്കിലും ആദ്യം പ്രദർശനത്തിനെത്തിയത് മലയാളചലച്ചിത്രമാണ്. ഷീല എന്ന പേര്‌ എം.ജി.ആർ സരസ്വതി ദേവി എന്നാക്കി മാറ്റി.പാശത്തിത്തിന്റെ സെറ്റിൽവച്ച്‌ സരസ്വതി ദേവിയെ കണ്ട പി. ഭാസ്കരൻ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിൽ അവളെ നായികയാക്കി.ഷീല എന്ന പേരിട്ടത്‌ ഭാസ്കരനായിരുന്നു.

Sheela

ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോർഡ്‌ അന്തരിച്ച നടൻ പ്രേം നസീറിനൊപ്പം പങ്കിടുന്നു. 1980-ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിയയന രംഗത്തുനിന്ന്‌ വിടവാങ്ങി. 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ്‌ നടത്തി.ഇസ്മായിൽ ഹസൻ ‍ സംവിധാനം ചെയ്ത വിരൽത്തുന്പിലാരോ ആയിരുന്നു രണ്ടാം വരവിൽ ഷീല ആദ്യം അഭിനയിച്ച ചിത്രം. പക്ഷേ, ആദ്യം പുറത്തിറങ്ങിയത്‌ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ ആണ്‌. അതിലെ കൊമ്പനക്കാട്ട്‌ കൊച്ചുത്രേസ്യ എന്ന കഥാപാത്രം ഷീലയുടെ തിരിച്ചുവരവ്‌ ഉജ്ജ്വലമാക്കി. തുടർന്ന്‌ അകലെ , തസ്കരവീരൻ , പതാക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ മാർഗരറ്റ്‌ എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ഷീലക്ക്‌ മികച്ച സഹനടിക്കുള്ള 2004 ലെ സംസ്ഥാന അവാർഡ്‌ ലഭിച്ചു.

നായികയായി തിളങ്ങി നിൽക്കെ തന്നെ ‘യക്ഷഗാനം’, ‘ശിഖരങ്ങൾ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഈ രണ്ട് ചിത്രങ്ങളുടെയും കഥയും തിരക്കഥയും സംഭാഷണവും ഷീല തന്നെ നിർവഹിച്ചു. പിന്നീട് നിരവധി ടെലിഫിലിമുകളും സീരിയലുകളും സംവിധാനം ചെയ്തു. മലയാളത്തിൽ പ്രേംനസീർ, സത്യൻ, മധു, ജയൻ തുടങ്ങിയവരുടെ നായികയായി തിളങ്ങിയ ഷീല തമിഴിൽ കമലഹാസൻ, രജനീകാന്ത് തുടങ്ങിയവരോടൊപ്പവും അഭിനയിച്ചു. ഒരു എഴുത്തുകാരി കൂടിയായ ഷീല ‘കുയിലിന്റെ കൂട്’ എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ചെറുകഥകളും രചിച്ചിട്ടുമുണ്ട്.

അവാർഡുകൾ: 

കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച നടി (1969, 1971, 1976)
ഫിലിംഫെയർ അവാർഡ് - 1977 ഏറ്റവും നല്ല നടി 
കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച രണ്ടാമത്തെ നടി (2004‌)
ദേശീയ ചലച്ചിത്ര അവാർഡ് - മികച്ച രണ്ടാമത്തെ നടി (2005)
ഏഷ്യാനെറ്റ് ഫിലിം അവാർഡ്: 2007 ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്