സാറ തോമസ്

സാറാ തോമസ്

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്.  ‘ജീവിതം എന്ന നദി‘ എന്ന ആദ്യനോവൽ 34-ആം വയസ്സിൽ പുറത്തിറങ്ങി.ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവൽ പി.എ. ബക്കർ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം 1979, നാർമടിപ്പുടവ എന്ന കൃതിക്ക് ലഭിച്ചു.

അനുഭവങ്ങളുടെ മണമുള്ളതാണ് അവരുടെ കഥകൾ. ഭർത്താവ് ഡോ. തോമസ് സക്കറിയയുടെ രോഗികളായി വീട്ടിൽ എത്തുന്നവരിൽ നിന്നാണ് സാറയുടെ ജീവിതനിരീക്ഷണവും കഥാപാത്ര രൂപീകരണവും ആരംഭിച്ചത്.തമിഴ് ബ്രാഹ്മണരുടെ അവസ്ഥ ചിത്രീകരിച്ച "നാർമടിപ്പുടവ'യാണ് സാറാ തോമസിനെ മലയാളസാഹിത്യത്തിൻറെ മുൻനിരയിലെത്തിച്ചത്. ദളിതരുടെ കഥ "ദൈവമക്കളി'ലൂടെ ആവിഷ്കരിച്ച അവർ മുക്കുവരുടെ ജീവിതം "വലക്കാരി'ലൂടെയും നമ്പൂതിരി സമുദായത്തിലെ വിധവകളായ കന്യകമാരെ "ഉണ്ണിമായയുടെ കഥ'യിലൂടെയും ആവിഷ്കരിച്ച് ജനപ്രീതി നേടി.

പതിമൂന്നാമത്തെ വയസ്സിലാണ് സാറ എന്ന പെൺകുട്ടി എഴുതിത്തുടങ്ങിയത്. വീട്ടിൽ ഒരുപാട് പുസ്തകങ്ങളും വായിക്കാനുള്ള അന്തരീക്ഷവും ഉണ്ടായിരുന്നതുകൊണ്ട് അത്യാവശ്യം വായിക്കുകയുംചെയ്തിരുന്നു. കൂടുതലും ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു. വായനയ്ക്കിടയിൽ മുളച്ച ഒരു കഥ അപ്പനും അമ്മയും അറിയാതെ സാറ "മനോരമ'യ്ക്ക് അയച്ചു. അന്ന് മനോരമയേ ഉണ്ടായിരുന്നുള്ളൂ. പ്രസിദ്ധീകരിക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചുകൊണ്ട് അവർ അത് കൃത്യമായി തിരിച്ചയച്ചു. മകളുടെയുള്ളിൽ ഒരു എഴുത്തുകാരി വളരുന്നുണ്ടെന്ന് അങ്ങനെയാണ് അപ്പനറിഞ്ഞത്. അപ്പൻ സാറയുടെ അമ്മച്ചിയെ വിളിച്ച് പറഞ്ഞു, മകളെ സൂക്ഷിച്ചോളണം. ഇത് വല്ലാത്ത പ്രായമാണ്. ഈ പ്രായത്തിൽ പെൺകുട്ടികളുടെ മനസ്സ് ഇങ്ങനെ കാട് കയറാൻ വിടരുത്. അവളോട് എഴുത്ത് നിർത്താൻ പറയണം. ഇവിടെ ഒരുപാട് പുസ്തകങ്ങൾ ഉണ്ടല്ലോ. അതെല്ലാം ഇഷ്ടംപോലെ വായിച്ചോളൂ. പക്ഷേ, ഒന്നും എഴുതരുത്. അത് നമ്മളെപ്പോലുള്ളവർക്ക് പറഞ്ഞതല്ല. കുട്ടിയായിരുന്ന സാറ അപ്പന്റെ ഉപദേശം അപ്പാടെ സ്വീകരിച്ചു. പിന്നീട് കുറെക്കാലത്തേക്ക് ഒന്നും എഴുതിയില്ല. പക്ഷേ, എഴുത്തിന്റെ നാമ്പുകൾ അറിയാതെ മനസ്സിൽ അവിടവിടെ മുളപൊട്ടുന്നുണ്ടായിരുന്നു. പിന്നീട് 1968ൽ മുപ്പത്തിനാലാമത്തെ വയസ്സിലാണ് അവർ ആദ്യനോവലായ "ജീവിതമെന്ന നദി' എഴുതുന്നത്. സാറാ തോമസ് എന്ന കൃതഹസ്തയായ എഴുത്തുകാരിയുടെ കടന്നുവരവായിരുന്നു അത്. നാർമടിപ്പുടവ, ദൈവമക്കൾ, മുറിപ്പാടുകൾ, വേലക്കാർ തുടങ്ങി വായനക്കാർ ഓർത്തുവയ്ക്കുന്ന കുറെ കൃതികൾ പിന്നീട് അവരുടേതായി ഉണ്ടായി. നാർമടിപ്പുടവയ്ക്കും സമഗ്ര സംഭാവനയ്ക്കുമായി രണ്ടുതവണ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മുറിപ്പാടുകളും (മണിമുഴക്കം) അസ്തമയവും പവിഴമുത്തുമൊക്കെ ചലച്ചിത്രങ്ങളുമായി.(ആരവങ്ങളില്ലാതെ ഒരു എഴുത്തുജീവിതം, ദേശാഭിമാനി ,ടി ആർ ശ്രീഹർഷൻ).

ദൈവമക്കളിൽ ദളിതർ അനുഭവിച്ച കടുത്ത അനീതിയെക്കുറിച്ചും സാമൂഹിക അസമത്വത്തെക്കുറിച്ചുമൊക്കെയാണ് പറഞ്ഞത്. നാർമടിപ്പുടവയിൽ അഗ്രഹാരങ്ങളിലെ സ്ത്രീജീവിതത്തെക്കുറിച്ചായിരുന്നു. എന്നാൽ, ദളിത് എഴുത്തുകാരി എന്നോ പെണ്ണെഴുത്തുകാരി എന്നോ എന്നെ വേർതിരിക്കുന്നതിനോട് താൽപ്പര്യമില്ല. ഞാൻ എഴുത്തിലെ ജനറൽ സർജനാണ്. സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം. എന്നാൽ, "സ്പെഷ്യലിസ്റ്റു'കളോട് എനിക്ക് വിരോധവുമില്ല. എല്ലാം വേണം. ചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് ഞാൻ. വെട്ടിയൊതുക്കിയ ചിറകുകളുമായാണ് ഞാൻ വളർന്നത്. കുടുംബിനിയായിനിന്നേ എഴുതിയിട്ടുള്ളൂ. എഴുത്തിന് എപ്പോഴും രണ്ടാംസ്ഥാനമാണ് കൊടുത്തത്. അതിന്റെ കോട്ടം എന്റെ എഴുത്തിലുണ്ട് എന്ന് ആരേക്കാളും നന്നായി എനിക്കറിയാം. വീട്ടിൽ എല്ലാവരും ഉറങ്ങിയശേഷമാണ് എഴുതിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതുപോലും. എന്നാൽ, ഒട്ടും സങ്കടമില്ല. ഒരു ജീവിതത്തിൽ എല്ലാം കിട്ടില്ലല്ലോ. പക്ഷേ, ചെറുപ്പത്തിൽ അനുഭവിച്ച അസ്വാതന്ത്ര്യത്തെക്കുറിച്ചോർത്ത് പിന്നീട് ദുഃഖം തോന്നിയിട്ടുണ്ട്. സാറാ തോമസിന്റെ വാക്കുകളാണിവ.