എം. കെ. കമലം

Actress M.K. Kamalam

എം. കെ. കമലം (1923-2010)

1899-ൽ കോട്ടയം കുമരകത്തായിരുന്നു എം. കെ. കമലത്തിന്റെ ജനനം. സംഗീതാദ്ധ്യാപകനും നാടകാദ്ധ്യാപകനുമായ അച്ഛൻ തന്നെ സംഗീതത്തിന്റേയും നാടകത്തിന്റെയും ബാലപാഠാങ്ങൾ പകർന്നുകൊടുത്തു. തുടർന്ന് തോമസ് പുന്നൻ, നാരായണൻ ഭാഗവതർ, ഓച്ചിറ രാമൻ ഭാഗവതർ, കൊട്ടാരം ശങ്കുണ്ണിനായർ എന്നിവരുടെ കീഴിൽ പഠിച്ചു. ഏഴുവയസ്സുമുതൽ നാടകാഭിനയം തുടങ്ങി. നാടക നടനും, നാടകകൃത്തുമായ അച്ഛന്റെ നാടകത്തിൽ ബാലതാരത്തെ കിട്ടാനില്ലാത്തതിനെത്തുടർന്നാണ്‌ കമലം നാടക രംഗത്ത് എത്തിച്ചേരുന്നത്. 

അല്ലിറാണി എന്ന നാടകത്തിലൂടെ നാടകാഭിനയരംഗത്തേയ്ക്ക് വന്ന അവർ പിന്നീട് സത്യവാൻ സാവിത്രി, പാരിജാത പുഷ്പാഹരണം, ഗായകൻ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. കോട്ടയത്തെ ആര്യ ഗാനനടനസഭയുടെ വിചിത്ര വിജയം നാടകത്തിൽ അഭിനയിക്കുമ്പോഴാണ് പതിനഞ്ചാമത്തെ വയസ്സിൽ മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലനിൽ അഭിനയിയ്ക്കാൻ -അവസരം കിട്ടുന്നത്. അഭിനയത്തോടൊപ്പം തന്നെ മൂന്നു ഗാനങ്ങൾ കൂടി കമലം ഈ ചിത്രത്തിൽ ആലപിച്ചിട്ടുണ്ട്. ബാലനു ശേഷം ഭൂതരായര്‍ എന്ന ചിത്രത്തിൽ വേഷമിട്ടെങ്കിലും ചിത്രം പുറത്തുവന്നില്ല. 

24 വയസ്സു മുതൽ 40 വയസ്സുവരെ ഒരു കാഥികയായിട്ടായിരുന്നു കമലം അറിയപ്പെട്ടത്. ആദ്യം അരങ്ങിൽ അവതരിപ്പിച്ച കഥ ഉള്ളൂരിന്റെ മൃണാളിനി ആയിരുന്നു. തുടർന്ന് വയലാറിന്റെ ആയിഷ, വള്ളത്തോളിന്റെ മഗ്ദലന മറിയം, എസ്.എൽ.പുരത്തിന്റെ മറക്കാത്ത മനുഷ്യൻ തുടങ്ങിയ രചനകൾ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചു.

2000ല്‍ ശയനം എന്ന ചിത്രത്തിലും 2001-ൽ വിനോദ്കുമാർ സംവിധാനം ചെയ്ത ഒരു ഡയറിക്കുറിപ്പ് എന്ന ഡോക്യുമെന്ററിയിലും 2006-ൽ മൺസൂൺ എന്ന ചിത്രത്തിലും കമലം അഭിനയിച്ചിട്ടുണ്ട്. 

2010 ഏപ്രിൽ 20 നു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കമലം അന്തരിച്ചു.