സാറ അൽ അമീരി: യുഎഇയുടെ ചൊവ്വ സ്വപ്നങ്ങൾക്ക് പിന്നിലെ സ്ത്രീ
ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ ‘ഹോപ് പ്രോബ്’ ഭ്രമണപഥത്തിലെത്തിയതോടെ യുഎഇ ബഹിരാകാശ ഗവേഷണ രംഗത്തു വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായ യുഎഇയുടെ നേട്ടത്തിന് മുൻപ് നേട്ടം കൈവരിച്ച രാഷ്ട്രങ്ങളെക്കാൾ തിളക്കമുണ്ട്.
‘ഹോപ് മിഷ’ന്റെ മുൻനിരയിൽ പ്രവർത്തിച്ച ശാസ്ത്രസംഘത്തിൽ 80% വനിതകളായിരുന്നു. ശാസ്ത്രേതര ജീവനക്കാരുൾപ്പെടെ ദൗത്യത്തിൽ പങ്കെടുത്തവരെല്ലാം ചേർന്നാൽ അതിൽ 34% സ്ത്രീകൾ. ഈ സംഘത്തെ നയിച്ചതോ, രാജ്യത്തിന്റെ നൂതന സാങ്കേതികവിദ്യാ വകുപ്പ് മന്ത്രി സാറ ബിൻത് യൂസഫ് അൽ അമിരിയും. ഇത്രയേറെ വനിതാ പങ്കാളിത്തമുള്ള ബഹിരാകാശ ദൗത്യമെന്നല്ല, ഒരു ശാസ്ത്രദൗത്യവും മുൻപുണ്ടായിട്ടില്ല. പ്രതീക്ഷയെന്ന് അർത്ഥം വരുന്ന അൽ അമൽ (ഹോപ്പ് പ്രോബ്) ചൊവ്വയിലെത്തുമ്പോൾ അത് സാറയുടെ വിജയം കൂടിയാകുന്നു.
‘എത്രയധികം യോഗ്യതകളുണ്ടെങ്കിലും ഹിജാബ് ധരിച്ചതിന്റെ പേരിൽ ലോകം ഞങ്ങളെ പിന്തള്ളിയിട്ടുണ്ട്. എന്നാലിപ്പോൾ അവർക്കെല്ലാം മുൻപിൽ ഞങ്ങളാരെന്നും ഞങ്ങൾക്ക് എന്തൊക്കെ കഴിയുമെന്നും തെളിയിച്ചു’വെന്നാണ് ഹോപ് പ്രോബിന്റെ അൾട്രാവയലറ്റ് സ്പെക്ട്രോമീറ്റർ വികസിപ്പിച്ച സംഘാംഗമായ കെമിക്കൽ എൻജിനീയർ ഫത്മ ലൂത ദൗത്യവിജയത്തിനു ശേഷം പ്രതികരിച്ചത്.
ചെറിയൊരു രാജ്യം, വെറും ആറു വർഷം കൊണ്ടു വിജയപഥത്തിലെത്തിച്ച വലിയൊരു ദൗത്യത്തിനു ചുക്കാൻ പിടിച്ച വനിതയായ സാറ അൽ അമിരി വെറും 34 വയസ്സിൽ എത്തിയ ഉയരങ്ങൾ ചെറുതൊന്നുമല്ല. പഠനത്തിനു ശേഷം 2009ൽ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ ജോലിക്കു ചേർന്ന സാറ, മാർസ് മിഷൻ ആരംഭിക്കുമ്പോൾ അതിന്റെ ഡപ്യൂട്ടി പ്രോജക്ട് മാനേജരായിരുന്നു. മൂന്നു വർഷം മുൻപ് മന്ത്രിസഭയിൽ അംഗമായി. വിജയമുറപ്പിച്ച ദൗത്യത്തിന്റെ നേതൃസ്ഥാനത്തെ പ്രകടനം കഴിഞ്ഞ ഓഗസ്റ്റിൽ സാറയെ യുഎഇ സ്പേസ് ഏജൻസിയുടെ ചെയർപേഴ്സൺ സ്ഥാനത്തെത്തിച്ചു. ഇതിനെല്ലാം പുറമേ യുഎഇ കൗൺസിൽ ഓഫ് സയന്റിസ്റ്റ്സ് ചെയർപേഴ്സൺ കൂടിയാണു സാറ.
കഴിവു മാത്രം മാനദണ്ഡമാക്കി സാറ രൂപീകരിച്ച ദൗത്യസംഘത്തിലെ അംഗങ്ങളുടെ ശരാശരി പ്രായം 27 വയസ്സാണ്. ‘ഇതെന്താ കുട്ടിക്കളിയാണോ? നടക്കാൻ പോകുന്നില്ല’ എന്ന പരിഹാസമാണു തുടക്കത്തിൽ കേൾക്കേണ്ടി വന്നതെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബഹിരാകാശ ശാസ്ത്രമേഖലയിൽ യുഎഇ ചുവടുറപ്പിക്കുന്നത് ലോകത്തിനു മുഴുവൻ സഹായകമാകുന്ന സംരംഭത്തിലൂടെയാകണമെന്ന നിശ്ചയദാർഢ്യമാണു തങ്ങളെ നയിച്ചതെന്നും സാറ പറയുന്നു.
യു.എ.ഇ വിക്ഷേപിച്ച 12ൽപരം ഉപഗ്രഹങ്ങൾക്ക് പിന്നിലും ഇവരുടെ കൈകളുണ്ട്. അതുകൊണ്ടാണ് ബിബിസി ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടിക തയാറാക്കിയപ്പോൾ സാറ അതിൽ ഇടംപിടിച്ചത്. പട്ടികയിലെ ഏക അറബ് വനിതയായിരുന്നു സാറ അൽ അമീരി. നാലു വർഷം മുമ്പാണ് ഇവർ യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിൻറെ ചുമതലക്കാരിയായി നിയമിതയായത്.ചൊവ്വാദൗത്യത്തെ കുറിച്ച് സ്പേസ് ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നത് ഇങ്ങനെയാണ്;
ഇത് സൂപ്പർ എക്സൈറ്റിങ് ആണ്. അതേ, അർധരാത്രിയൊക്കെ ഞാൻ ഞെട്ടിയെണീറ്റ് ഇരുട്ടിലേക്ക് നോക്കും. ആലോചിക്കും. രണ്ടു മൂന്നു ദിവസമായി എല്ലാവരും ചിരിക്കുന്നു. അഭിവാദ്യം ചെയ്യുന്നു. എല്ലാവരും സന്തോഷത്തിലാണ്. ഞങ്ങളുടെ പ്രാർത്ഥന എല്ലായ്പ്പോഴും നിങ്ങൾക്കൊപ്പമുണ്ടെന്ന് അവരെന്നോട് പറയുന്നു.