പുത്തൂർ ആമിന
മാപ്പിളസാഹിത്യത്തിലെ പേരെടുത്ത കവയിത്രിയും കല്ല്യാണപ്പാട്ടുകാരിയുമാണ് പുത്തൂർ ആമിന. അറബിമലയാള സാഹിത്യത്തിലെ കല്യാണപ്പാട്ട്, കത്ത് പാട്ടു മേഖലകളിൽ ശക്തമായ സംഭാവനകൾ നൽകുക മാത്രമല്ല, വളരെ കാണപ്പെട്ട രീതിയിൽ സാമൂഹ്യ വിമർശനങ്ങളും നടത്തിയ എഴുത്തുകാരിയായിരുന്നു ഇവർ. 1921ലെ മലബാർ വിപ്ലവവും തുടർന്നുണ്ടായ സാമൂഹ്യാവസ്ഥയും ആമിനയുടെ കൃതികളെ സ്വാധീനിക്കുന്നത് കാണാം. അവർ ബാല്യത്തിൽത്തന്നെ നല്ല കവിതകൾ എഴുതിയിരുന്നു. പുത്തൂർ ആമിന ധാരാളം മംഗലപാട്ടുകളും ഖിസ്സ പാട്ടുകളും കത്തുപാട്ടുകളും രചിച്ചിട്ടുണ്ട്. അവർ ബാല്യത്തിൽത്തന്നെ നല്ല കവിതകൾ എഴുതിയിരുന്നു'' എന്ന് മഹത്തായ മാപ്പിളസാഹിത്യപാരമ്പര്യം എന്ന കൃതിയിൽ രേഖപ്പെടുത്തുന്നുണ്ട്.
ആമിനയുടെ ലഭ്യമായിട്ടുള്ള ചില കൃതികളിൽ പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യാവസ്ഥയെ കുറിച്ചുള്ള രൂക്ഷമായ പ്രതികരണങ്ങൾ കാണാം. കൊണ്ടോട്ടിക്കടുത്ത് പുത്തൂർ സ്വദേശിയായ അവർ അക്കാലത്ത് മാപ്പിളസമൂഹത്തിൽ നിലനിന്നിരുന്ന ബഹുഭാര്യത്വസമ്പ്രദായത്തെ തന്റെ രചനകളിലൂടെ എതിർത്ത ആദ്യത്തെ കവയിത്രിയാണ്. യാഥാസ്ഥിതികമുസ്ലിംവീക്ഷണങ്ങളെ എതിർക്കാനും വിപ്ലവാത്മകമായരീതിയിൽ കവിതകളെഴുതാനും അവർക്കുസാധിച്ചു. മുസ്ലിംസ്ത്രീസമൂഹത്തിന് ഒരു പുതിയ ഉണർവേകുന്നവയായിരുന്നു അവരുടെ കവിതകൾ. 1921ലെ മലബാർ വിപ്ലവവും തുടർന്നുണ്ടായ സാമൂഹ്യാവസ്ഥയും ആമിനയുടെ കൃതികളെ സ്വാധീനിക്കുന്നുണ്ട്.
പുത്തൂർ കുഞ്ഞഹമ്മദ് ആയിരുന്നു ആമിനയുടെ പിതാവ്. ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് ആമിനയുടെ പിതാവ് കുഞ്ഞഹമ്മദ് തടവുശിക്ഷയ്ക്ക് വിധേയനായി ബെല്ലാരി ജയിലിലായി. ആദ്ദേഹത്തിന് ആമിന ജയിലിലേക്ക് പാട്ടുരൂപത്തിൽ കത്തുകളയച്ചിരുന്നു.
അദ്ദേഹത്തോടൊപ്പം ജയിലിൽ ഉണ്ടായിരുന്ന അഹമ്മദ് എന്നയാൾ ആമിന ബാപ്പക്കെഴുതുന്ന ഈ കത്ത്പാട്ടിൽ ആകൃഷടനാകുന്നു.ജയിൽ ശിക്ഷകഴിഞ്ഞിറങ്ങിയ അഹമ്മദ്, പുത്തൂർ ആമിനയോട് വിവാഹാഭ്യർത്ഥനനടത്തുന്നു.ബെല്ലാരിയിൽ നിന്ന് കൊണ്ടുവന്ന വമ്പുകളും ഭീഷണികളും കയ്യിൽ തന്നെ വച്ചാൽ മതിയെന്നും, ആമിനയെ തന്റെ ഭാര്യയാകാൻ കിട്ടില്ലെന്നും കത്തുപാട്ടിവൂടെ തന്നെ ആമിന മറുപടിയും നൽകുന്നു. 'കല്യാണം കഴിക്കും' എന്ന വാഗ്ദാനത്തിൽ സ്ത്രീകളെ കുടുക്കുന്ന തന്നെപ്പോലുള്ള ക്രിമിനലുകളുടെ 'കീറ മാറാപ്പു' ചുമക്കാൻ കഴിയില്ല എന്നും ആമിന വ്യക്തമാക്കുന്നു. ഈ എഴുത്തിലെ സുപ്രധാനമായ ഒരു പദമാണ് ആമിന ഉപയോഗിക്കുന്ന 'കേടി' (Known Delinquent/ Known Dacoit) എന്നത്. ബ്രിട്ടീഷ് പോലീസ് സ്ഥിരം കുറ്റവാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച ഈ പദം പിന്നീട് മലയാളത്തിൽ സ്ഥിരമായി ഉപയോഗിക്കപ്പെടുന്നതായി കാണാം.
വിവാഹാഭ്യർത്ഥ്യന നിരസിച്ചുകൊണ്ടെുതിയ മറുപടിയുടെ രൂപത്തിലാണ് ഇന്ന് പുത്തൂർ ആമിനയുടെ കത്തുപാട്ട് ലഭ്യമായിട്ടുള്ളത്. 1920 നും 1930 നും ഇടയിൽ രചിക്കപ്പെട്ടതെന്നുകരുതുന്ന ഈ കത്തുപാട്ടിൽ സമകാലസാമൂഹ്യവ്യവസ്ഥയോടുള്ള അമർഷവും സ്ത്രീവിമോചനത്തിനുള്ള ത്വരയും കാണാം.
''ബെല്ലാരിജേലതീന്നു വരുമ്പോൾ കൊണ്ടു വന്നേ
വമ്പതിപ്പോൾ നടക്കുമോ വെറുതെന്തിനാ പിന്നെ - ഉമൈകളെ
ഭാര്യയാക്കീടുവാനൊരിക്കലും കിട്ടുമോ എന്നെ?
നല്ലെ മാരർ പിറപ്പ് നാരികളും പരപ്പ്
നാട്ടിലുണ്ട് തരംതരം ഉനൈ കയ്യിലിരിപ്പ് - അതുമതി
ഞാൻ വലിച്ചീടുന്നില്ല നിങ്ങളെ കീറമാറാപ്പ്.'' - കത്തുപാട്ടിലെ ചില വരികൾ.
References
ഗ്രന്ഥസൂചി
1. ഡോ. ഷംഷാദ് ഹുസൈൻ, സ്ത്രീവാദവും മുസ്ലീംസ്ത്രീ ഇടപെടലുകളും, ലിംഗപദവി വ്യത്യസ്തതയുടെ സൂചകങ്ങൾ, ,മലയാളപ്പച്ച റിസർച്ച് ജേർണൽ, ഭാഷ സാഹിത്യം സംസ്കാരം, 5-ാം ലക്കം.
2. മുംതാസ് പി കെ, കേരളത്തിലെ മുസ്ലീംഎഴുത്തുകാരികളുടെ പാരമ്പര്യവും പ്രതിനിധാനവും ഒരു വിമർശനാത്മക സമീപനം, കാലിക്കറ്റ് സർവ്വകലാശാലയിൽ ഡോക്ടർ ഓഫ് ഫിലോസഫി ബിരുദത്തിനുവേണ്ടി സമർപ്പിക്കുന്ന പ്രബന്ധം.
3. ഡോ പി കെ യാസർ അറഫത്ത്, പുത്തൂർ ആമിന: കേരളത്തിലെ ആദ്യ ഇസ്ലാമിക ഫെമിനിസ്റ്റ്
4.ഷംസാദ് ഹുസൈൻ, മാപ്പിളപ്പാട്ടിലെ സ്ത്രീ പങ്കാളിത്തം, ആരാമം മാസിക
5.കെ.പി. അമീൻ മമ്പാട് , മാപ്പിള കവികളും കൃതികളും, കേരള മുസ്ലീം ഹെറിറ്റേജ് ഫൗൺഡേഷൻ
6.കേരളത്തിലെ സാക്ഷരതയും മാപ്പിള സ്ത്രീയുടെ ഭാഷാ പ്രാവീണ്യവും, ഇസ്ലാം ഓൺവെബ്, https://islamonweb.net/ml/article-view/08-September-2020-2595