This is tvm. You will now hear the news read by Indira Poduval : ആള് ഇന്ത്യാ റേഡിയോയിലെ പ്രസിദ്ധമായ ഇംഗ്ലീഷ് വാര്‍ത്താപ്രക്ഷേപണം
തിരുവിതാംകൂർ ആകാശവാണിയുടെ തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമേ പ്രക്ഷേപണം ഉണ്ടായിരുന്നുള്ളൂ. വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിമുതൽ രണ്ടുമണിക്കൂറായിരുന്നു പ്രക്ഷേപണ സമയം. പിന്നീട് ആഴ്ചയിൽ നാലു ദിവസമായി മാറുകയായിരുന്നു. ‘പാളയത്ത് പഴയ എം എൽ എ ക്വോട്ടേഴ്സിലായിരുന്നു സ്റ്റേഷൻ. ടെലിഫോൺസ് ഡയറക്ടരായിരുന്ന രാമവർമ്മയായിരുന്നു സ്റ്റേഷൻ മേധാവി. റേഡിയോ പരിപാടികളിൽ പ്രധാന ആകർഷണം ഇംഗ്ലീഷ് വാർത്തയായിരുന്നു. പതിനഞ്ച് മിനിറ്റ്മാത്രമായിരുന്നു ഇംഗ്ലീഷ് വാർത്ത വായിച്ചിരുന്നത്. ഡല്‍ഹിയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടനിലെ ബി.ബി.സി മാതൃകയില്‍ സ്ഥാപിക്കപ്പെട്ട ആള് ഇന്ത്യാ റേഡിയോയിലെ പ്രസിദ്ധമായ ഇംഗ്ലീഷ് വാര്‍ത്താപ്രക്ഷേപണത്തിന്റെ രീതിയിലായിരുന്നു ഇവിടെയും അന്ന് ഇംഗ്ലീഷ് വാര്‍ത്താ അവതരണം.
1949ലാണ് തിരുവനന്തപുരം റേഡിയോനിലയത്തില്‍ നിന്ന് ആദ്യമായി ഇംഗ്ലീഷ് വാര്‍ത്ത പ്രക്ഷേപണം ചെയ്തുതുടങ്ങാന്‍ തീരുമാനിച്ചത്. ഇന്ദിരാപൊതുവാൾ എന്ന ഇന്ദിരാജോസഫ് വെണ്ണിയൂർ ആണ് ആദ്യമായി ഇംഗ്ലീഷിൽ വാർത്തകൾവായിക്കുന്നത്. ആദ്യമായി ഇംഗ്ലീഷ് വാര്‍ത്ത പ്രക്ഷേപണം ചെയ്തുതുടങ്ങാന്‍ തീരുമാനിച്ചപ്പോൾ തന്നെ അന്നത്തെ സ്റ്റേഷന് ഡയറക്ടറായിരുന്ന രാമവർമ്മ തിരുമേനി വാർത്തവായിക്കാൻ പ്രോഗ്രാം അനൗണ്സര് ഇന്ദിരാപൊതുവാളിനെ ചുമതലപ്പെടുത്തുകയായിരുന്നു. ശബ്ദമാധുര്യവും അക്ഷരസ്ഫുടതയുമൊക്കെക്കൊണ്ട്, അതിനകംതന്നെ ശ്രോതാക്കള്‍ക്ക് പ്രിയങ്കരിയായി മാറിക്കഴിഞ്ഞിരുന്നു ഇന്ദിരാപൊതുവാള്‍. ഡല്‍ഹിയില്‍നിന്നുള്ള, മെല്വിന് ഡിമല്ലോയുടെയും റോഷന് മേനോന്റെയും ഇംഗ്ലീഷ് വാര്‍ത്താവായന കേട്ട് അതുപോലായിത്തീരാന് കൊതിച്ച പെണ്‍കുട്ടിക്ക് ജീവിതസാഫല്യത്തിന്റെ അപൂര്‍വ്വ നിമിഷം കൂടിയായിരുന്നു അത്.
"1949 ല്‍ ഡയറക്ടര്‍ തിരുമേനി എന്നെ വിളിച്ചിട്ടുപറഞ്ഞു. നാളെ മുതല്‍ നമ്മള് ഇംഗ്ലീഷ് അനൗണ്‍സ്മെന്റ് തുടങ്ങാന്‍ പോകുന്നു എന്ന്. ഇന്ദിര വായിക്കണം. എനിക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നി. കാരണം അതെന്റെ സ്വപ്നമായിരുന്നു. 7 മുതല്‍ 7-15 വരെയാണ് ഇംഗ്ലീഷ് ന്യൂസ്. പിറ്റേന്ന് ഞാന്‍ തയ്യാറായി ചെന്നു. ഓഫീസിലാണ് എന്റെ റൂം. സമയമാകുമ്പോള്‍ സ്റ്റുഡിയോയിലേക്കുവരും അതാണ് പതിവ്. അന്ന് സ്റ്റുഡിയോയിലേക്ക് പോകുന്ന സ്റ്റെപ്പ് കയറിയിട്ട് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം നിറയെ ആള്ക്കാര് ന്യൂസ് കേള്‍ക്കാന്‍ നില്ക്കുന്നു.
അവിടെ ഒരു സ്പീക്കറുണ്ട്. അതിലൂടെയാണ് കേള്‍ക്കുന്നത്. വലിയ പണക്കാരുടെ വീടുകളിലും ഓഫീസര്‍മാരുടെ വീടുകളിലുമൊക്കെ മാത്രമേ അന്ന് റേഡിയോ ഉള്ളു. അതുകൊണ്ട് വാര്‍ത്ത കേള്‍ക്കേണ്ടവര്‍ സ്റ്റേഡിയത്തിലും മ്യൂസിയത്തിലുമൊക്കെ ഒത്തുകൂടുമായിരുന്നു. അത് കണ്ടിട്ട്, ഇത്രയും പേര് എന്നെ കേള്‍ക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് സന്തോഷം അടക്കാനായില്ല.
This is tvm. You will now hear the news read by Indira poduval എന്നുപറഞ്ഞുകൊണ്ടായിരുന്നു തുടക്കം. That is the end of todays news എന്നുപറഞ്ഞുകൊണ്ട് അവസാനിപ്പിക്കലും".
തിരുവിതാംകൂറിലെ ആര്‍ക്കിയോളജി- മ്യൂസിയം ഡയറക്ടറായിരുന്ന വാസുദേവപൊതുവാളിന്റെ മകളായി തൃശൂരിലെ പൊതുവാൾ കുടുംബത്തിൽ ജനിച്ച ഇന്ദിരപൊതുവാൾ 17ാമത്തെ വയസിലാണ് തിരുവനന്തപുരത്തെത്തുന്നത്. പെണ്മക്കള് ജോലിക്ക് പോകുന്നതിനോട് വലിയ താല്‍പ്പര്യമൊന്നും ഇല്ലായിരുന്നെങ്കിലും അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്കണമെന്നുള്ള കാര്യത്തില്‍ നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു വാസുദേവപൊതുവാള്‍. സാമ്പത്തികശാസ്ത്രം ഐച്ഛിക വിഷയമായെടുത്ത് അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്ദിരാപൊതുവാൾ ബി.എ. ഓണേഴ്സ് പാസ്സായി. പക്ഷേ ബിരുദം ലഭിച്ചുവന്ന മകളെ ഉദ്യോഗത്തിൽ പ്രവേശിക്കാൻ അച്ഛൻ അനുവദിച്ചില്ല. ജോലിക്കൊന്നും പോകാതെ വിട്ടിലിരുന്ന അവർ റേഡിയോ കേൾക്കുകപതിവായി - ഡൽഹിയിൽ നിന്നുള്ള ഇംഗ്ലീഷ് വാർത്ത കേൾക്കുകയും അതിൽ നിന്നും വാർത്ത വായിക്കാനുള്ള ആഗ്രഹവും ഉണ്ടാകുകയായിരുന്നു. റേഡിയോയിൽ ജോലിചെയ്യാനുള്ള അമിതമായ ആഗ്രഹം കാരണം അന്നത്തെ തിരു കൊച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂർ റ്റി കെ നാരായണപിള്ളയെ നേരിട്ട് കണ്ട് അപേക്ഷനൽകുകയായിരുന്നു. ഔപചാരികമായ നടപടിക്രമങ്ങലെല്ലാം കഴിഞ്ഞ് 1949ൽ ട്രാവൻകൂർ റേഡിയോയിൽ അനൗൺസറായി ഇന്ദിരാപൊതുവാളിനെ നിയമിച്ചു.
1951ൽ കോഴിക്കോട് നിലയം പ്രക്ഷേപണം തുടങ്ങി ഒരു വർഷത്തിനുശേഷം അവിടെ പ്രോഗ്രാം അസിസ്റ്റന്റായിയും ഇന്ദിരാപൊതുവാൾ പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം ആകാശവാണിയിൽ സഹപ്രവർത്തകനായിരുന്ന ഈ എം ജോസഫ് വെണ്ണിയൂരിനെ 1954 ജൂലൈ 4 ന് വിവാഹം കഴിച്ചു. അങ്ങനെ ഇന്ദിരാ പൊതുവാള് ഇന്ദിരാജോസഫ് വെണ്ണിയൂരായി.34 വര്‍ഷത്തെ ആകാശവാണി ജീവിതത്തിനൊടുവില്‍ 1984ല്‍ പ്രോഗ്രാം എക്സിക്യുട്ടീവായി ഇന്ദിരപൊതുവാള്‍ വിരമിച്ചു.
References
ഗ്രന്ധസൂചി
1. ടി.ആര്.രമ്യ; ഇന്ദിരാവാണി; മാതൃഭൂമി ഓൺലൈൻവാർത്ത. ജൂൺ 20, 2018, Read more at:
https://www.mathrubhumi.com/women/features/indira-poduval-1.2902865.
2. പി ജയചന്ദ്രൻ , ആള് ഇന്ത്യാ റേഡിയോയിലെ പെണ്‍ശബ്ദം -ഇന്ദിരാപൊതുവാള്‍ നാന വാരിക https://nanaonline.in/news-feeds/female-voice-
in-all-india-radio-indira-poduval/
3. തോട്ടം രാജസേഖരൻ ഈ എം ജോസഫ് വെണ്ണിയൂർ സ്മൃതിപഥം അഞ്ചലി ആര്യ ആർഷ കോംബിനേസ് തിരുവനന്തപുരം
4.രാഗം അറിയാം പാടാനറിയില്ല. ഒരു കാലത്തെ സ്വരമാധുര്യം, കാഞ്ചീരവം (ആകാശവാണി ശ്രോതാക്കളുടെ ആസ്വാദന പത്രിക),ഓണപ്പതിപ്പ് - ജൂലൈ - ഓഗസ്റ്റ് 2018.
5. ഇന്ദിരാ ജോസഫ് വെണ്ണിയൂര്‍: ആകാശവാണിയിലെ ആദ്യകാല ശബ്ദം, നാന സിനിമ വാരിക, https://nanaonline.in/news-feeds/keralasabdam-
indira-joseph-venniyoor-the-early-voice-of-akasavani/#respond.
6. Ravi Menon, “Call us Indira and Francesca”; how ‘Moby Dick’ united two souls separated by seas, Mar 2, 2019, mathrubhumi Read more at:https://english.mathrubhumi.com/books/books-news/-call-us-indira-and-fr…