ആദ്യ നായിക പി. കെ. റോസി
സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്ത് സധൈര്യം മലയാള സിനിമാ ലോകത്തേയ്ക്ക് മുന്നോട്ടുവന്ന സ്ത്രീയാണ് പി. കെ. റോസി. അതിലുപരി അവര്‍ണ സമൂഹങ്ങള്‍ക്ക് വഴിയിലൂടെ നടക്കാനോ, പൊതു ഇടങ്ങളിലേക്കു പ്രവേശിക്കാനോ പോലും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ മുന്നോട്ടു വന്ന വഴികാട്ടിയായ മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യന്‍ വനിത. ആദ്യമലയാള ചലച്ചിത്രമായ വിഗതകുമാരനിലൂടെയാണ് രാജമ്മ എന്ന പി.കെ. റോസി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. ആങ്ങനെ വിഗതകുമാരിനിലെ നായികയായ പി കെ റോസി മലയാള സിനിമയിലെ ആദ്യ നായികയായി . 1928ലാണ് ചിത്രീകരണം തുടങ്ങിയത്. രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ദാനിയേൽ ആണ്. സരോജം എന്ന നായികാ കഥാപാത്രത്തെയാണ് പി കെ റോസി വിഗതകുമാരനിൽ അവതരിപ്പിച്ചിരിക്കുന്നത്. . ഇതൊരു നിശ്ശബ്ദചിത്രം ആയിരുന്നു. റോസി കാക്കാരിശ്ശി കലാകാരി കൂടിയാണ്.
1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോള്‍ തിയേറ്ററിലായിരുന്നു ആദ്യ നിശ്ശബ്ദസിനിമയായ വിഗതകുമാരൻ ആദ്യ പ്രദർശനം. സിനിമയിലെ സവർണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താല്‍ തിയേറ്ററിൽ നായികയായ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്.പി കെ റോസി അവതരിപ്പിച്ച സരോജിനി എന്ന നായികാ കഥപാത്രം തലയിലണിഞ്ഞ പൂവ്, നായകൻ ചന്ദ്രകുമാർ എടുക്കുന്ന രംഗം അന്നത്തെ കാണികളെ വല്ലാതെ പ്രകോപിപ്പിച്ചു. സിനിമ പ്രദര്‍ശിപ്പിച്ച സ്ക്രീന്‍ കുത്തിക്കീറുക വരെ ചെയ്ത കാണികള്‍ നായിക റോസിയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി. നായിക സരോജിനിയുടെ സദാചാരമില്ലായ്മയോടുള്ള അരിശം നായികയെ അവതരിപ്പിച്ച നടിക്കു നേരേയും ഉണ്ടായി. റോസിയുടെ ജീവിതം ദുസ്സഹമായിത്തീർന്നു. റോസിയെ ആക്രമിക്കുകയും അവരുടെ വീടിനു നേർക്ക് കല്ലേറു നടത്തുകയും, ഒടുവിൽ അവരുടെ വീടിനു തീ വെയ്ക്കുകയും ചെയ്തു കൊണ്ടാണ് സദാചാരത്തിന്റെ കാവൽമാലാഖമാരായ മലയാളി കലാസ്വാദകർ അവരെ സ്വീകരിച്ചത്. സിനിമയുടെ നിര്‍മാതാവായിരുന്ന ജെ.സി.ഡാനിയേല്‍ റോസിക്ക് രാജാവിന്റെ സംരക്ഷണം നേടിക്കൊടുക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും, നായര്‍ ഭൂപ്രഭുക്കള്‍ സംഘടിച്ചെത്തുകയും റോസിയുടെ കുടില്‍ തീവെച്ച് നശിപ്പിക്കുകയും അവരെ ഗ്രാമത്തില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്തു. . പി.കെ റോസി എന്ന ദലിത് സ്ത്രീയെ സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ പിന്നീട് ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തുകയായിരുന്നു.
വീട് വളഞ്ഞ് സ്വന്തം മാതാപിതാക്കളെയും , കൂടപ്പിറപ്പുകളെയും തല്ലിച്ചതക്കുകയും , വീടിനു തീയിടുകയും ചെയ്ത ശേഷം അതെ തീ സ്വന്തം ശരീരത്തില്‍ പകരാന്‍ ശ്രമിക്കുകയും ചെയ്ത അന്നത്തെ സവര്‍ണ്ണ വര്ഗ്ഗപിണിയാളുകളില് നിന്ന് ഓടി രക്ഷപ്പെട്ട റോസി തിരുവനതപുരം -നാഗര്‍കോവില്‍ റോഡില്‍ കരമനയാറിന് സമീപമെത്തിയപ്പോള്‍ അതുവഴി വന്ന തമിഴ്നാട്ടുകാരനായ ലോറിഡ്രൈവർ കേശവപിള്ള വണ്ടി നിർത്തി റോസിയെ വണ്ടിയിൽ കയറ്റി തമിഴ്നാട്ടിലേക്കു കൊണ്ടു പോയി, റോസിയിൽ നിന്നും വിവരം മനസ്സിലാക്കിയ കേശവപിള്ള റോസിയെ പിന്നീട് വിവാഹം കഴിച്ചു,രാജമ്മാൾ എന്ന തമിഴ് പേർ സ്വീകരിച്ചു. എന്നും, നാഗർകോവിലിലെ ഓട്ടുപുരത്തെരുവിൽ അവർ ഭർത്താവുമൊന്നിച്ച് കുറേക്കാലം കഴിഞ്ഞിരുന്നു എന്നും പറയപ്പെടുന്നു.
വിഗതകുമാരനിലേയ്ക്ക് നായികയെ കണ്ടെത്താനായി നാടെമ്പാടും നടന്ന ജെ സി ദാനിയെൽ ബോംബേയിലെ ലാന എന്ന ആംഗ്ലോ ഇന്ത്യൻ യുവതിയെ വളരെ ഉയർന്ന പ്രതിഫലത്തിന് നായികയായി ഉറപ്പിച്ച്,കേരളത്തിലേയ്ക്ക് വന്ന ലാന ഇവിടെ തനിയ്ക്ക് ലഭിച്ച ആഡംബരങ്ങളുടേയും സൗകര്യങ്ങളുടേയും കുറവിനെച്ചൊല്ലി ദാനിയേലിനോട് ഉരസുകയും പിണങ്ങിപ്പോകുകയും ചെയ്തു. തുടർന്ന് വിഗതകുമാരനിലെ മറ്റൊരു നടനായ ജോൺസൺ റോസിയെ ദാനിയലിനു പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു. വയലിലെ കൂലിപ്പണിക്കാരിയും, പുല്ലു വിൽപ്പനക്കാരിയും ആയിരുന്നത്രേ റോസമ്മ എന്ന റോസി. പുലയസമുദായത്തിൽ നിന്നും കൃസ്തീയമതത്തിലേയ്ക്ക് മാറിയ ഇവരുടെ അച്ഛൻ പൗലോസ് അന്നത്തെ പള്ളിയിലെ വിദേശമിഷനറി റവ: ഫാ: പാർക്കൻ സായ്വിന്റെ ബട്ലറായിരുന്നു. കാക്കരിശ്ശി നാടകത്തിൽ അന്ന് വരെ പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന സ്ത്രീ വേഷം അവതരിപ്പിക്കാൻ രംഗത്തെത്തുന്നതോടെയാണ് റോസി കലാരംഗത്ത് എത്തിപ്പെടുന്നത്. അവിടെ നിന്നാണ് ജോൺസൺന്റെ ശുപാർശ പ്രകാരം റോസി അഭിനയിക്കാനായി സ്റ്റുഡിയോയിൽ പാടത്ത് പണിയ്ക്കു പോകുന്നതു പോലെത്തന്നെ പിച്ചള തൂക്കുപാത്രത്തിൽ ചോറുമായി എത്തുന്നത്. വിഗതകുമാരനിൽ അഭിനയിക്കാൻ റോസിയ്ക്ക് അന്ന് കൊടുത്തിരുന്ന പ്രതിഫലം ഒരു ദിവസത്തേയ്ക്ക് അഞ്ച് രൂപ ആയിരുന്നു. അങ്ങനെ ഷൂട്ടിംഗ് കഴിയുമ്പോൾ അവർക്ക് ലഭിച്ചത് അൻപത് രൂപയും ഒരു മുണ്ടും നേരിയതും പിന്നെ ചിത്രീകരണ സമയത്ത് അണിഞ്ഞിരുന്ന വസ്ത്രങ്ങളും. എന്നാൽ 1928-ൽ വിഗതകുമാരൻ റിലീസ് ചെയ്തപ്പോൾ അവർക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. (പി കെ റോസി: https://m3db.com/artists/23170)
വിഗതകുമാരന് എന്ന സിനിമ തന്നെ പുറംലോകം കാണാതെ പെട്ടിയ്ക്കുള്ളിലായി. തന്റെ സിനിമയിലൂടെ ഒരു നായരായി സ്വയം പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ച ജെ.സി.ഡാനിയേല്‍ എന്ന കീഴ്ജാതി നാടാര്‍ ക്രിസ്ത്യനും, ഈ സംരംഭത്തെ മുന്നോട്ട് കൊണ്ട് പോകാൻ ആയില്ല. അയാൾക്കും സിനിമാരംഗം വിടേണ്ടി വന്നു. മാത്രമല്ല, അതിലൂടെ കനത്ത സാമ്പത്തിക നഷ്ടം സംഭവിച്ച അദ്ദേഹം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. റോസി ഒരു മേല്‍ജാതി ലോറി ഡ്രൈവറെ വിവാഹം കഴിച്ചതായും, ഒരു ടവ്വല്‍ ഫാക്ടറിയില്‍ ജോലി ചെയ്ത് ബാക്കി ജീവിതം ചെലവഴിച്ചതായും പറയപ്പെടുന്നു.
സവർണ്ണാധിപത്യത്തിന്റെ ദുഷിച്ചു നാറിയ സാമൂഹ്യസ്ഥിതി യുടെ ഭാഗമായ അനാചാരത്തിന്റെ ഫലമായി ക്രിസ്തുമതത്തിലേക്കു മതപരിവർത്തനം ചെയ്ത തിരുവനന്തപുരം നന്തൻകോട് ആമതറ വയലിനു സമീപം(ഇന്നത്തെ കനകനഗർ) താമസിച്ചിരുന്ന പൗലോസ് കുഞ്ഞി പുലയദമ്പതികൾക്കു 1903-ലാണ് മകൾ റോസമ്മ എന്ന പി.കെ.റോസി ജനിച്ചത്.
പൊതുജനത്തിന്റെ കണ്ണില്‍ നിന്നുമകന്ന്, തീര്‍ത്തും ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന ജെ.സി.ഡാനിയേലിനെ തേടിപ്പിടിച്ച് കണ്ടെത്തി അദ്ദേഹവുമായി അഭിമുഖം നടത്തുകയും റോസിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്ത കുന്നുകുഴി എസ്. മണിയെ പോലെയുള്ള ദലിത് ബുദ്ധിജീവികളുടെ പരിശ്രമങ്ങള്‍ ഒന്നുകൊണ്ടു മാത്രമാണ് നമുക്കിതിനു സാധിക്കുന്നതെന്ന കാര്യം ഓര്‍മയില്‍ ഉണ്ടാവേണ്ടതുണ്ട്. ജെ.സി.ഡാനിയേലിന്റെ ചരിത്രം എഴുതിയ ചെലങ്ങാട്ട് ഗോപാലകൃഷ്ണന്, റോസിയെ കുറിച്ച് പുസ്തകം എഴുതിയ വിനു എബ്രഹാം തുടങ്ങിയ മുഖ്യധാര ബുദ്ധിജീവികളെ ഇന്ന് കുടുതല്‍ ആളുകള്‍ അറിയുമെങ്കിലും, കുന്നുകുഴി എസ്.മണിയുടെയും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ച ദലിത് ഗ്രൂപ്പുകളുടെയും അശ്രാന്ത പരിശ്രമങ്ങളായിരുന്നു എന്നെന്നേക്കുമായി മറവിയിലേക്ക് വലിച്ചെറിയപ്പെട്ട റോസിയെ തിരികെ ഓര്‍മയിലേക്ക് കൊണ്ടുവരുന്നതിന് യഥാര്‍ഥത്തില്‍ സഹായകരമായി വര്‍ത്തിച്ചത്. ഈ ദലിത് ബുദ്ധിജീവികളുടെയും പൊതുപ്രവര്‍ത്തകരുടെയും നിതാന്ത പരിശ്രമങ്ങള്‍ കാരണമാണ് മലയാള സിനിമയുടെ ചരിത്രത്തില്‍ പി.കെ.റോസി എന്ന പേര് ചേര്‍ക്കപ്പെട്ടത്.(ജോനി റൊവീന :പി.കെ റോസിയെ സ്ഥാനപ്പെടുത്തുമ്പോൾ: മലയാള സിനിമയില്‍ ഒരു ദലിത് സ്ത്രീക്ക് നായര്‍ സ്ത്രീ കഥാപാത്രം അവതരിപ്പിക്കാന്‍ സാധിക്കുമോ?)
ചേലങ്ങാട് ഗോപാലകൃഷ്ണൻ മറഞ്ഞതിൽ പിന്നീട് അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തിനകത്താണ് റോസിയുടെതെന്ന് കരുതപ്പെടുന്ന ഛായാപടം അദ്ദേഹത്തിന്റെ മകൻ കണ്ടെത്തുന്നത്. മാതൃഭൂമിയുടെ ആലപ്പുഴ ലേഖകൻ ജോയ് വർഗ്ഗീസിനാണത് ആ ചിത്രം കൈമാറുന്നത്. റോസിയുടെ ചിത്രം കണ്ടെത്തി എന്ന് പറഞ്ഞ് ഉടൻ അത് പ്രസിദ്ധീകരിച്ചില്ല. എന്നാൽ റോസിയുടെ ഫോട്ടോ തിരുവനന്തപുരത്ത് ഒരു സ്റ്റുഡിയോവിൽ കണ്ടിട്ടുണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന കുന്നുകുഴി മണിയുടെ ഓർമ്മയായിരുന്നു ആകെയുള്ള ആശ്രയം. ആ ഓർമ്മ കൈമുതലായാണ് ഇന്ന് റോസിയുടെതെന്ന് ഉറപ്പിച്ച ചിത്രം മാതൃഭൂമി പത്രത്തിലും ചിത്രഭൂമിയിലും പിന്നെ ചരിത്രത്തിലും റോസിയുടെ പ്രതിച്ഛായയായി മാറിയത്. ഏതായാലും 2004 ൽ ആർട്ടിസ്റ്റ് പ്രദീപ് സ്വന്തം ഭാവനയിൽ വരച്ചതുമായി ഏറെ സാദൃശ്യമുണ്ട് കണ്ടെടുക്കപ്പെട്ട റോസിയുടെ ഛായാപടത്തിന് എന്നത് യാദൃശ്ചികമാവാം .
റോസിയുടെ ജീവിതത്തെ ഇതിവൃത്തമാക്കി വിനു അബ്രഹാം രചിച്ച കഥയാണ് "നഷ്ടനായിക". വിനു അബ്രഹാമിമിന്റെ നഷ്ടനായിക എന്ന കഥയേയും ചേലങ്ങാട്ട് ഗോപാലകൃഷണന്റെ സിനിമയുടെ ചരിത്രം എന്ന സിനമാചരിത്ര ഗ്രന്ഥത്തേയും ആസ്പദിച്ച് കമൽ സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ സെല്ലുലോയ്ഡ് എന്ന ചിത്രവും റോസിയുടെ വിഗതകുമാരനിലെ നായികയെ ചിത്രീകരിക്കുന്നു. 2016-ൽ റോസിയുടെ ജീവിതം ആസ്പദമാക്കി പാലാ കമ്മ്യൂണിക്കേഷൻസ് മധുരനൊമ്പരപ്പൊട്ട് എന്ന നാടകം അരങ്ങിലെത്തിച്ചു. 2016-ലെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരം ഈ നാടകത്തിനു ലഭിച്ചു.പി.കെ റോസിയുടെ പേരില്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്, ഒരു ഫിലിം സൊസൈറ്റി തന്നെ രൂപീകരിക്കുകയും ചെയ്തു. ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ സിനിമാ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണ്ണ സ്വത്വങ്ങളാൽ മാറ്റി നിർത്തപ്പെട്ടവരോടൊപ്പം നിൽക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ഒരെളിയ ശ്രമമാണ് വിമെൻ ഇൻ സിനിമ കളക്ടീവ് നടത്തുന്നത്.
References
1.ദിലീപ് വിശ്വനാദ്,കിരൺ: പി കെ റോസി: https://m3db.com/artists/23170
2. ജെനി റൊവീന : പി.കെ റോസിയെ സ്ഥാനപ്പെടുത്തുമ്പോൾ: മലയാള സിനിമയില്‍ ഒരു ദലിത് സ്ത്രീക്ക് നായര്‍ സ്ത്രീ കഥാപാത്രം അവതരിപ്പിക്കാന്‍ സാധിക്കുമോ? :ഉത്തരലോകം : http://utharakalam.com/pk+rosy+memorial+talk+
3. പ്രേംചന്ദ് :പി കെ റോസി ഫിലിം സൊസൈറ്റി; മലയാള സിനിമയിലെ ആൺ ചരിതത്തിന് ഒരു തിരുത്ത് :https://www.kairalinewsonline.com/2019/09/12/289027.html
4. സാജു ചേലങ്ങാട്:അനന്തരം പി കെ റോസിക്ക് എന്തു സംഭവിച്ചു?: https://www.thejasnews.com/culture/movies/what-happened-to-first-malaya…
5.എസ് ശാരദകുട്ടി : പി കെ റോസി ഒരു പ്രക്ഷോഭത്തിന്റെ പേര് :ഉണർത്തെഴുത്ത് : Read more: https://www.deshabhimani.com/women/news-women-22-09-2019/823407
6പി.കെ. റോസി :http://ayyo.in/Cinema_more.php?page=246
7.പി.കെ.റോസി അവാര്‍ഡ് / പി.കെ.റോസിക്ക് എന്ത് സംഭവിച്ചു ?: ചില വെറും ചിന്തകള്‍ : https://thenewfilmcritic.wordpress.com/2013/06/25/
8.പി.കെ.റോസി : മലയാള സിനിമയിലെ ആദ്യ നായിക : Kerala Pulayar Mahasabha - KPMS :https://www.facebook.com/KPMSOfficial/photos/a.384386154987587/41971824…
9.മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിച്ച് ഡബ്ല്യൂ.സി.സി : https://www.mediaonetv.in/entertainment/2019/09/12/p-k-rosy-film-societ…
.