മാപ്പിളപ്പാട്ടിലെ സ്ത്രീ
മലയാളസാഹിത്യത്തിൻറെ പ്രമുഖ വിഭാഗമായ മാപ്പിളപ്പാട്ടുകൾ സ്ത്രീസ്വത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നിവയുടെ പ്രാധാന്യം രേഖപ്പെടുത്തുന്നതിലും ഉത്തരകേരളത്തിലെ മുസ്ലിം സ്ത്രീകളുടെ യഥാർത്ഥ ജീവിതം വരച്ചുകാട്ടുന്നതിലും വലിയ പങ്കു വഹിക്കുന്നു. മാപ്പിളപ്പാട്ടിന്റെ രംഗത്ത് വലിയ പരിവർത്തനങ്ങൾ സൃഷ്ടിച്ച മോയിൻകുട്ടി വൈദ്യരുടെ 'ബദറുൽ മുനീർ ഹുസ്സനുൽ ജമാൽ' എന്ന പ്രണയകാവ്യം ഏറനാട്ടിലെ മാപ്പിളപ്പെണ്ണിന്റെ ജീവിതം തികച്ചും യാഥാസ്ഥികമായിത്തന്നെ അവതരിപ്പിക്കുന്നു. ഏറനാട്ടിലെ മാപ്പിളപ്പെണ്ണിന്റെ അസ്വാതന്ത്ര്യവും വിദ്യാഭ്യാസമില്ലായ്മയും പെണ്ണിന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യവും അടുക്കളയിലെ കരിപുരണ്ട അന്തരീക്ഷത്തിൽ കരളുരുകിക്കഴിയുന്ന പെണ്ണിന്റെ നിസ്സഹായതയുമെല്ലാം പാട്ടിൽ തുറന്നുകാട്ടുന്നു. സ്ത്രീ വില്പനച്ചരക്കല്ല അവൾക്കു അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തിത്വമുള്ള കഥാപാത്രത്തിലൂടെ അദ്ദേഹം പറഞ്ഞുറപ്പിക്കുന്നു. ഹുസ്സനുൽ ജമാലിന്റെ ധീരതയും ചാരിത്ര്യം സംരക്ഷിക്കാൻ ചതിയനായ എതിരാളിക്കെതിരെ വാളൂരിച്ചാടുന്ന സാഹസികതയും പുറംലോകം കാണാനാകാതെ വീടിനുള്ളിൽ കഴിയുന്ന മാപ്പിള സ്ത്രീകളിൽ ചെലുത്തിയ സ്വാധീനം വലുതാണ്.
പ്രസിദ്ധമായ 'മറിയക്കുട്ടിക്കത്ത് ' എന്ന കത്തുപാട്ട് സ്ത്രീകളുടെ വ്യക്തിത്വ മഹത്വം രേഖപ്പെടുത്തുന്നതാണ്. മലബാർ ലഹളയിൽ ജയിലിൽ പോയവരുടെ ഭാര്യമാരെ വശത്തിലാക്കാൻ ശ്രമിക്കുകയും വഴങ്ങാതിരിക്കുന്ന സ്ത്രീകളെപ്പറ്റി അസംബന്ധങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുകയും ഭർത്താവിൽ നിന്നകറ്റുകയും ചെയ്യുന്നത് നിത്യസംഭവമായിരുന്ന കാലത്തു തന്റെ ചാരിത്ര്യശുദ്ധി തെളിയിക്കാൻ ധൈര്യപൂർവം ഇറങ്ങിപ്പുറപ്പെട്ട മറിയക്കുട്ടി അന്നത്തെ സ്ത്രീസമൂഹത്തിൽ പുതുവെളിച്ചം സൃഷ്ടിച്ചു. മലബാറിലെ വിദ്യാവിഹീനരായ മാപ്പിളപ്പെണ്ണിന്റെ അറിവില്ലായ്മയും അന്ധവിശ്വാസവും ചൂഷണം ചെയ്ത് അവരെ ലൈംഗികമായ അരാജകത്വത്തിലേക്കും നിസ്സഹായതകളിലേക്കും തള്ളിവിടുന്നതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു പുലിക്കോട്ടിൽ ഹൈദറിന്റെ 'തിരൂർ യാത്ര.'
മതശാസനകൾ കർശനമായി എതിർക്കുന്ന സ്ത്രീധന സമ്പ്രദായം സമൂഹത്തിൽ സ്ത്രീകളുടെ ജീവിതത്തെ നരകപൂർണമാക്കുന്നതിന്റെ യഥാർത്ഥ ചിത്രങ്ങൾ പുന്നയൂർക്കുളം ബാപ്പുവിന്റെ 'ശ്വസിക്കുന്ന ശവങ്ങൾ' എന്ന പാട്ടിൽ വരച്ചുകാട്ടുന്നു. അനീതികൾക്കെതിരെ ആഞ്ഞടിക്കുവാൻ അബലകളായ സ്ത്രീസമൂഹം ശക്തമായി രംഗത്തിറങ്ങട്ടെ എന്ന് കവി പ്രത്യാശിക്കുന്നു .
ഒലവക്കോട് മെഹറിന്റെ ഗാനങ്ങൾ അടിമവേല ചെയ്യുന്ന പാവപ്പെട്ടവരുടെ വീടുകളിലെ സ്ത്രീകളുടെ ചാരിത്ര്യ ധ്വംസനത്തിന്റെ കദന കഥകൾ വികാര തീവ്രമായി ആവിഷ്ക്കരിക്കുന്നു. മുസ്ലം സ്ത്രീകളുടെ ഇടയിൽ പരമ്പരയായി വിശ്വസിച്ചുവരുന്ന അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരം വലിച്ചുകീറി പ്രദർശിപ്പിക്കുന്ന കെ .ടി മുഹമ്മദിന്റെ 'ഇത് ഭൂമിയാണ്' എന്ന നാടകത്തിലെ ഗാനം മാപ്പിളസമൂഹത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചു. നാടകത്തിലെ തന്നെ സമൂഹഗാനം അടുക്കളച്ചുമരുകളുടെ ഇരുട്ടറകളിൽ കിടന്നു മനസ്സും ശരീരവും മരവിച്ച മാപ്പിളപ്പെണ്ണിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കുതിച്ചോട്ടത്തിന്റെ വിപ്ലവകരമായ ചിത്രം പ്രതിഫലിപ്പിക്കുന്നു.
മുസ്ലിം സ്ത്രീകളുടെ വേഷവിധാനത്തെ സ്വാധീനീച്ച കെ.എസ് ജലീലിന്റെ ഗാനം ഏറെ ജനശ്രദ്ധ നേടിയതാണ്.
സമൂഹത്തിൽ നിലനിന്നിരുന്ന ബാലവിവാഹങ്ങളെക്കുറിച്ചും പഴകി ജീർണിച്ച മാമൂലുകളെക്കുറിച്ചും പരിഹാസസ്വരത്തിൽ നിശിതമായി വിമർശിച്ച കവിയാണ് വി.കുഞ്ഞു മാപ്പിള. ഒരു കാലഘട്ടത്തിൽ മാപ്പിള സ്ത്രീകളുടെ ജീവിതത്തിന്റെ പച്ചയായ സത്യങ്ങൾ വിളിച്ചോതുകയും സ്വാതന്ത്ര്യത്തിലേക്കും സ്വത്വപൂർത്തിയിക്കലേക്കും എത്തും വിധം അവരെ പ്രബുദ്ധരാക്കുകയും ചെയ്യുന്നതിൽ മാപ്പിളപ്പാട്ടുകൾ വലിയൊരു സ്ഥാനം വഹിക്കുന്നുണ്ട് .