കേരളത്തിലെ സ്ത്രീ കുടിയേറ്റങ്ങൾ

               മനുഷ്യര്‍ ജീവിക്കുന്നതിന് വേണ്ടിയും ജീവനോപാധി  കണ്ടെത്തുന്നതിന് വേണ്ടിയും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടത്തുന്ന പാലായനത്തെയാണ് കുടിയേറ്റമെന്ന് പറയുന്നത്. കുടിയേറ്റം ചരിത്രാതീത കാലം മുതൽ നിലനിൽകുന്ന ഒന്നാണ് മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനു വേണ്ടിയും നിർബന്ധിതമായ സാഹചര്യത്തിലുമാണ് കുടിയേറ്റം പ്രധാനമായും തിരഞ്ഞെടുക്കുന്നത്. ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് പ്രകാരം ലോക ജനസംഖ്യയുടെ മൂന്നര ശതമാനം ഇന്ന് കുടിയേറ്റക്കാരാണ്. ഇന്ത്യയിൽ നിന്ന് പ്രധാനമായും മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റങ്ങൾ മെച്ചപ്പെട്ട ജീവിതങ്ങൾ തേടിയുള്ളതാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനങ്ങളില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും വലിയ തോതിൽ നടക്കുന്നു. 

         കേരളത്തിന്‍റെ കുടിയേറ്റ ചരിത്രം ഏറെ പഴക്കമുള്ളതാണ്. കേരളത്തിൽ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും ഇന്ത്യക്ക് പുറത്തേക്കും കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അത്  ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. കേരളത്തിന് പുരാതന കാലം മുതൽക്ക് തന്നെ ലോക രാജ്യങ്ങളുമായി ബന്ധമുണ്ട്. ചൈനയുമായും അറേബ്യയുമായും കേരളത്തിന്‍റെ വ്യാപാര ബന്ധം പ്രസിദ്ധമാണ് ഇത്തരം ബന്ധങ്ങൾ കേരളത്തിന് മറ്റു പ്രദേശങ്ങളുമായി ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നതിൽ ഏറെ സാഹായകമായി. ആദ്യ കാല കേരള കുടിയേറ്റങ്ങൾ സിലോൺ (ശ്രീലങ്ക) മലേഷ്യ എന്നിവിടങ്ങളിലേക്കായിരുന്നു. 1960 കളോടെ കുടിയേറ്റത്തിന് വലിയ ചലനമുണ്ടായത് ഗൾഫ് കുടിയേറ്റങ്ങളോടെയാണ്, അത്തരത്തില്‍ തൊഴില്‍ തേടി പോയത് പുരുഷന്മാരായിരുന്നു. പ്രധാനമായും അവിദഗ്ദ തൊഴില്‍ മേഖലകളയിലായിരുന്നു  അവർ ജോലി ചെയ്തിരുന്നത്. ഗൾഫ് കുടിയേറ്റം കേരളത്തിൽ വലിയ രീതിയിലുള്ള സാമുഹിക സാമ്പത്തിക മാറ്റത്തിന് വഴിവെച്ചു. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുന്നതിലും സാമൂഹിക പുരോഗതി കൈവരിക്കുന്നതിലും കേരളത്തിന്‍റെ ഗൾഫ് കുടിയേറ്റം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് കേരള ജനസംഖ്യയുടെ പത്ത് ശതമാനം ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവിദഗ്ദ തൊഴിലില്‍ നിന്ന് മാറി വിദ്യാ സമ്പന്നരായ പുരുഷന്മാർക്ക് ഗൾഫ് രാജ്യങ്ങളിൽ ജോലി കിട്ടിയതോടെയാണ് സ്ത്രീ കുടിയേറ്റങ്ങൾ ആരംഭിക്കുന്നത്. ഇക്കാലയളവിൽ തന്നെ സ്ത്രീകൾ ഗൾഫ് രാജ്യങ്ങളിലേക്ക് വീട്ടു ജോലിക്കും മറ്റുമായി കുടിയേറി തുടങ്ങിയിരുന്നു. പിന്നീട് കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് വലിയ തോതിലുണ്ടായ മാറ്റത്തോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സ്ത്രീ കുടിയേറ്റങ്ങൾ വലിയതോതിൽ  വർദ്ധിക്കുകയാണുണ്ടായത്.

                   ഇതേ തുടർന്ന് ഗൾഫ് ഇതര രാജ്യങ്ങളിലേക്കും പ്രതേകിച്ച് യുറോപ്പ്യൻ രാജ്യങ്ങളിലേക്കും വലിയ തോതിലുള്ള സ്ത്രീ കുടിയേറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ആതുര സേവന രംഗങ്ങളിലാണ് സ്ത്രീകള്‍ പ്രധാനമായും ജോലി ചെയ്യുന്നത്.
 

                 കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളി കുടിയേറ്റം പ്രധാനമായും  തമിഴ് നാട്ടിൽ നിന്നാണ്. അടുത്ത കാലത്തായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജോലി ആവശ്യാർത്ഥമുള്ള കുടിയേറ്റം വർദ്ധിച്ചിട്ടുണ്ട്.  തമിഴ് നാട്ടിൽ നിന്നും തൊഴിൽ തേടി വരുന്നവർ പ്രധാനമായും കുടുംബത്തോടെയാണ്  വന്നിരുന്നത്. സ്ത്രീയും പുരുഷനും ഒരു പോലെ തൊഴിലിൽ ഏർപ്പെടുന്നു.  പ്രധാനമായും നിർമാണ മേഖല പോലുള്ള മേഖലകളിലാണ് ഇത്തരത്തിലുള്ള കുടിയേറ്റ തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നത്. പശ്ചിമ ബംഗാൾ, ഒഡിഷ, അസം പോലുള്ള പ്രദേശങ്ങളിൽ നിന്ന് കുറഞ്ഞ കാലത്തിനുള്ളിൽ തൊഴിലാളികളുടെ എണ്ണത്തിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. സ്ത്രീ കുടിയേറ്റം ഇതിൽ താരതമ്യേന കുറവാണ്. എന്നാലും കേരളത്തിലേക്കു വരുന്ന സ്ത്രീകളിൽ ഏറിയ പങ്കും കുടുംബത്തോടൊപ്പമാണ് വരുന്നത്. സ്ത്രീകൾ പുരുഷന്മാരെ പോലെ തൊഴിലിൽ ഏർപ്പെടുകയും ചെയ്യുന്നു. 

               അതെ പോലെ വായിക്കപ്പെടേണ്ടതാണ് കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റങ്ങൾ. പ്രധാനമായും പഠനത്തിനും ആതുര മേഖല, ഐ ടി മേഖല തുടങ്ങിയ മേഖലകളിലെ  ജോലികൾക്കും, വിവാഹബന്ധത്തോടെയും ഉണ്ടാകുന്ന കുടിയേറ്റങ്ങളുമാണ്  കേരളത്തിൽ നിന്നുള്ള മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സ്ത്രീ കുടിയേറ്റങ്ങൾ.