ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവും സ്ത്രീകളും
സ്വത്തവകാശം ഇന്നും മതാധിഷ്ഠിതമാണ്. ഓരോ സമുദായത്തിലും അവരവരുടെ വ്യക്തിനിയമങ്ങള്‍ക്ക് അനുസരിച്ചാണ് സ്വത്തവകാശം. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വ്യവസ്ഥകളാണ് ഈ കുറിപ്പില്‍ വിഷയമാകുന്നത്. ഹിന്ദുകുടുംബ വ്യവസ്ഥയില്‍ മക്കത്തായവും(അച്ഛനിലൂടെയുള്ള അവകാശം) മരുമക്കത്തായവും(അമ്മ വഴിയുള്ള അവകാശം) നിലനിന്നിരുന്നു.
മരുമക്കത്തായികള്‍ സാമ്പത്തികമായി കൂടുതല്‍ സ്വതന്ത്രരായിരുന്നുവെന്ന് പറയാം. മരുമക്കത്തായത്തില്‍ അമ്മയ്ക്കും പെണ്‍മക്കള്‍ക്കും വലിയ സ്ഥാനം കല്‍പ്പിച്ചിരുന്നു. സ്തീകള്‍വഴി മാത്രം പിന്തുടര്‍ച്ചാവകാശികളെ നിശ്ചയിക്കുന്ന അവകാശക്രമമാണ് മരുമക്കത്തായം. ഒരു സ്ത്രീയുടെ മക്കളും അവരുടെ പെണ്‍മക്കളുടെ മക്കളും എന്ന ക്രമത്തിനുളള അംഗങ്ങളുടെ കൂട്ടായ കുടുംബത്തിന് മരുമക്കത്തായ തറവാട് എന്നു പറയുന്നു. തറവാട് ഭാഗിക്കുമ്പോള്‍ ഓരോ ശാഖകളോ താവഴികളോ ആയി പിരിയുന്നു. ശാഖയിലെ ഓരോ അംഗത്തിനും വീതം കൊടുക്കുന്നതാണ് ആളോഹരിഭഭാഗം. പ്രധാനമായും നായര്‍ കുടുംബങ്ങളാണ് മരുമക്കത്തായം പിന്തുടര്‍ന്നിരുന്നത്. മറ്റു ഹിന്ദുക്കള്‍ പ്രധാനമായും പിന്തുടര്‍ന്നത് മിതാക്ഷര നിയമമാണ്. അച്ഛനും ആണ്‍മക്കളും അവരുടെ ആണ്‍ സന്താനങ്ങളും അടങ്ങുന്ന മക്കത്തായ കുടുംബം. മിതാക്ഷര നിയമം സ്ത്രീകള്‍ക്ക് പുരുഷനു തുല്യമായ അവകാശം കൊടുത്തിരുന്നില്ല. സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വത്തില്‍ പൂര്‍ണാവകാശമില്ലായിരുന്നു.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം
1956ല്‍ നടപ്പില്‍ വന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമവും തുടര്‍ന്നുളള ഭേദഗതികളുംമൂലം മിതാക്ഷരനിയമത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. 1976 ഡിസംബര്‍ ഒന്നിന് കൂട്ടുകുടുംബം നിര്‍ത്തലാക്കല്‍ നിയമവും പ്രാബല്യത്തില്‍ വന്നു. മരുമക്കത്തായ സമ്പ്രദായവും ഏതാണ്ട് അവസാനിച്ചു. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമമനുസരിച്ചുളള അവകാശികള്‍ക്കാണ് ഇപ്പോള്‍ വീതപ്രകാരം സ്വത്തുക്കള്‍ കിട്ടുന്നത്. 1976 ഡിസംബര്‍ ഒന്നിനുശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് പൂര്‍വികമായി ഭാഗിക്കാതെ കിടക്കുന്ന കുടുംബസ്വത്തില്‍ അവകാശം ലഭിക്കുകയില്ല. എല്ലാ ഹിന്ദുക്കള്‍ക്കും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാണ്. ഹിന്ദു വിവാഹനിയമത്തിലെ ഹിന്ദുവിന്റെ നിര്‍വചനത്തില്‍പ്പെട്ടവര്‍ക്കെല്ലാം നിയമം ബാധകമാണ്. അതായത് ക്രിസ്ത്യാനികള്‍ക്കും മുസ്ലീമിനും പാഴ്സിക്കും ഈ നിയമം ബാധകമല്ല. മറ്റെല്ലാവര്‍ക്കും ബാധകമാണ്.
അവകാശികള്‍
അവകാശികളെ പ്രത്യേകം തരംതിരിച്ച് ഒരു പട്ടികയുണ്ടാക്കി ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവര്‍ ; മകന്‍ , മകള്‍ , വിധവ, അമ്മ, നേരത്തേ മരിച്ചുപോയ മകന്റെ മകനും മകളും, നേരത്തേ മരിച്ചുപോയ മകന്റെ ഭാര്യ, നേരത്തേ മരിച്ചുപോയ മകന്റെ മകനും നേരത്തേ മരിച്ചുപോയിട്ടുണ്ടെങ്കില്‍ മരുമകന്റെ മകനും മകളും വിധവയും. ഒരാള്‍ മരിച്ചാല്‍ മരിക്കുന്ന സമയത്ത് മേല്‍പ്പറഞ്ഞ പട്ടികയില്‍പ്പെട്ടവര്‍ക്ക് എല്ലാവര്‍ക്കുംകൂടി സ്വത്തു തുല്യമായി ലഭിക്കുന്നു. എന്നാല്‍ , മരിച്ചുപോയ മകളുടെ കാര്യത്തില്‍ അവരുടെ അവകാശികള്‍ക്ക് മകനോ മകള്‍ക്കോ കിട്ടുമായിരുന്ന ഒരു തുല്യ ഓഹരി മാത്രമേ കിട്ടുകയുളളൂ. ആദ്യത്തെ വിഭാഗത്തില്‍ അവകാശികള്‍ ആരും ഇല്ലെങ്കില്‍ രണ്ടാമത്തെ വിഭാഗത്തിലെ അവകാശികള്‍ക്ക് ക്രമമനുസരിച്ച് സ്വത്ത് ലഭിക്കും. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട അവകാശികളെ മുല്‍ഗണനാക്രമമനുസരിച്ച് താഴെ ചേര്‍ത്തിരിക്കുന്നു.
ഒന്ന്: അച്ഛന്‍
രണ്ട്: മകന്റെ മകളുടെ മകന്‍ , മകന്റെ മകളുടെ മകള്‍ , സഹോദരന്‍ , സഹോദരി
മൂന്ന്: മകളുടെ മകന്റെ മകന്‍ , മകളുടെ മകന്റെ മകള്‍ , മകളുടെ മകളുടെ മകന്‍ , മകളുടെ മകളുടെ മകള്‍
നാല്: സഹോദരന്റെ മകന്‍ , സഹോദരിയുടെ മകന്‍ , സഹോദരന്റെ മകള്‍ , സഹോദരിയുടെ മകള്‍ അഞ്ച്: അച്ഛന്റെ അച്ഛന്‍ , അച്ഛന്റെ അമ്മ
ആറ്: അച്ഛന്റെ വിധവ, സഹോദരന്റെ വിധവ ഏഴ്: അച്ഛന്റെ സഹോദരന്‍ , അച്ഛന്റെ സഹോദരി
എട്ട്: അമ്മയുടെ അച്ഛന്‍ , അമ്മയുടെ മാതാവ്
ഒമ്പത്: അമ്മയുടെ സഹോദരന്‍ , അമ്മയുടെ സഹോദരി.
മുന്‍ഗണനാക്രമം
രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണനാക്രമത്തിലാണ് അവകാശം ലഭിക്കുക. ആദ്യമായി സ്വത്ത് അച്ഛനു ലഭിക്കുന്നു. അച്ഛനില്ലെങ്കില്‍ അടുത്ത പട്ടികയില്‍പ്പെട്ട അവകാശികള്‍ക്ക് തുല്യമായി ലഭിക്കുന്നു. ഉദാഹരണമായി വിവാഹം കഴിക്കാതെ മരിക്കുന്ന ഒരാളുടെ സ്വത്ത് അമ്മയുണ്ടെങ്കില്‍ അമ്മയ്ക്ക് ലഭിക്കുന്നു. അമ്മയില്ലെങ്കില്‍ അച്ഛനു ലഭിക്കുന്നു. അച്ഛനും അമ്മയും ഇല്ലെങ്കില്‍ അവിവാഹിതനായി മരിച്ച ഒരാളിന്റെ സ്വത്ത് സഹോദരനും സഹോദരിക്കും ലഭിക്കുന്നു. അവകാശികളോ അടുത്ത ബന്ധുക്കളോ ഇല്ലെങ്കില്‍ സ്വത്ത് സര്‍ക്കാരിലേക്ക് ലയിക്കുന്നതാണ്. ഒരു ഹിന്ദു സ്ത്രീ സമ്പാദിക്കുന്ന സ്വത്തില്‍ അവര്‍ക്ക് പരിപൂര്‍ണ അവകാശം ഉണ്ടായിരിക്കും. സ്ത്രീയുടെ കാര്യത്തില്‍ അവകാശക്രമത്തിന് അല്‍പ്പം മാറ്റമുണ്ട്. സ്ത്രീ മരിച്ചാല്‍ അവരുടെ സ്വത്ത് മക്കളും (മരിച്ചുപോയ മക്കളുടെ മക്കള്‍ ഉള്‍പ്പെടെ) ഭര്‍ത്താവുംകൂടി തുല്യമായി വീതിക്കുന്നു. ഭര്‍ത്താവിനും മകനോ മകള്‍ക്കോ കിട്ടുന്ന ഓഹരി കിട്ടുന്നു. മക്കളും ഭര്‍ത്താവും ഇല്ലെങ്കില്‍ ഭര്‍ത്താവിന്റെ അനന്തരാവകാശികള്‍ക്ക് ഈ സ്വത്ത് ലഭിക്കും. ഭര്‍ത്താവിന്റെ അവകാശികള്‍ ആരുമില്ലെങ്കില്‍ അച്ഛനും അമ്മയ്ക്കുംകൂടി മരിച്ച സ്ത്രീയുടെ സ്വത്ത് കിട്ടും. അവരുമില്ലെങ്കില്‍ മരിച്ച സ്ത്രീയുടെ അമ്മയുടെ അവകാശികള്‍ക്ക് സ്വത്ത് ലഭിക്കും. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ അവകാശിയായി ഗര്‍ഭസ്ഥ ശിശുവുണ്ടെങ്കില്‍ ആ ശിശുവിനും വീതം ലഭിക്കും.