കേരളത്തിലെ കുടിയേറ്റം; ചരിത്രവും വർത്തമാനവും

കുടിയേറ്റ ചരിത്രം കലഗണനാ ക്രമത്തിൽ

കുടിയേറ്റം മനുഷ്യാരംഭം മുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ആദിമ മനുഷ്യർ തൊട്ട് ഇന്നുള്ളവർ വരെയും കുടിയേറ്റത്തെ ഒരു ആശ്രയമായി പ്രാപിച്ചിരുന്നു എന്ന് കാണാം. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോക ജനസംഖ്യയുടെ 3.5 ശതമാനം ഇന്ന് കുടിയേറ്റക്കാരാണ്. യുദ്ധവും പട്ടിണിയും നിലനിൽക്കുമ്പോൾ കുടിയേറ്റം ഒരു ആശ്രമായി മാറുന്നുണ്ട്. കുടിയേറ്റത്തിന്റെ ചിരിത്രവും വർത്തമാനവും കേരളത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുമ്പോൾ ലോകത്തിലെ പ്രധാന കുടിയേറ്റ ചരിത്രങ്ങൾ ഇതിന്റെ ഭാഗമാകേണ്ടതുണ്ട്. കേരളത്തെ മനസിലാക്കുമ്പോൾ ലോകത്ത് കുടിയേറ്റത്തിനോട് എന്നും ആഭിമുഖ്യം പുലർത്തിയിരുന്ന ഒരു നാടാണ് കേരളമെന്ന് പറയാൻ സാധിക്കും. കുടിയേറുന്നവരുടെയും കുടിയേറ്റക്കാർക് ഇടമൊരുക്കുന്നവരുടെയും നാടാണ് കേരളം. കേരളത്തിന്റെ കുടിയേറ്റ ചരിത്രം ലോകത്തിലെ പ്രധാന കുടിയേറ്റങ്ങളുടെ പശ്ചാത്തലത്തിൽ വിവരിക്കുകയാണിവിടെ 
 
ആധുനിക മനുഷ്യന്റെ പൂർവികർ എന്നറിയപ്പെട്ടിരുന്ന ഹോമോ ഇറക്ടസ് ആഫ്രിക്കയിലായിരുന്നു ജീവിച്ചിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. 1 .5 ദശലക്ഷം മുതൽ 5000 ബിസിഇ വരെയുള്ള കാലയളവിൽ ഹോമോ ഇറക്റ്റസും ഹോമോ സാപിയൻസും മറ്റു ഭൂഖണ്ഡങ്ങളിലേക്ക് പാലായനം ചെയ്യാൻ തുടങ്ങി. കുടിയേറ്റത്തിന്റെ പ്രാഥമികമായ ലക്ഷ്യം  ഭക്ഷണവും താമസവും ആയിരിക്കാം.

ഇന്ത്യയിൽ നിലവിലുള്ള പ്രധാനപ്പെട്ട വംശീയ വിഭാഗങ്ങളിൽ ആറിൽ അഞ്ചെണ്ണവും ബിസി മൂന്നാം നൂറ്റാണ്ടിൽ തന്നെ ഇവിടെ ഉണ്ടായിരുന്നവരാണ്. ഇന്ത്യയിലെ ആദ്യ സമൂഹങ്ങൾ യഥാക്രമം നെഗ്രിറ്റോസ്, പ്രോട്ടോ-ആസ്ട്രലോയിഡ്, ദ്രാവിഡന്മാരുടെ പൂർവികന്മാരെന്ന് കരുതപ്പെടുന്ന മെഡിറ്ററേനിയൻ വിഭാഗം, വടക്കു കിഴക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്ന മംഗളോയ്‌ഡ്‌സ്, പടിഞ്ഞാറൻ പ്രദേശത്തെ ബ്രാചിസെഫലസ് (Brachycephals ) എന്നിവരാണ്. മെസപ്പെട്ടോമിയയിലെ എഴുത്തുകളിൽ ഹാരപ്പൻ ചരക്കുകൾ കുറിച് പ്രതിപാദിക്കുന്നതായിട്ട് കാണാം.
 
     പുരാതന ശിലായുഗ കാലഘട്ടത്തിലെ കേരളത്തിലെ മനുഷ്യവാസത്തെ കുറിച് അറിവുകളൊന്നും ലഭ്യമല്ല. എന്നാൽ നവീന ശിലായുഗത്തിൽ മനുഷ്യർ ഇവിടെ ജീവിച്ചു എന്നതിന് തെളിവുകൾ ഉണ്ട്. അക്കാലത്തെ ജനവിഭാഗം കാര്യമായി മാംസമാണ് ഭക്ഷണമാക്കിയിരുന്നത്. മരത്തിന്റെ തോലുകളും ഇലകളുമാണ് അവർ വസ്ത്രമായി ഉപയോഗിച്ചിരുന്നത്. ഈ ജീവിതരീതി പിന്തുടരുന്ന ചില ഗോത്രവിഭാഗങ്ങൾ ഇന്നും കേരളത്തിലുണ്ട്. കാണിക്കർ, മലവെട്ടാൻ, മലാപ്പണ്ടാരം തുടങ്ങിയ വിഭാഗങ്ങളാണിവ. നിലവിലുള്ള മനുഷ്യരുടെ സവിഷേതകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ പ്രധാനമായും നാല് വ്യത്യസ്ത ജനവിഭാഗങ്ങളാണുള്ളത്. അവ യഥാക്രമം നെഗ്രിറ്റോ, പ്രോട്ടോ-ആസ്ട്രലോയിഡ്, മെഡിറ്ററേനിയൻ, ആര്യൻ എന്നിവയാണ്. കേരളത്തിലെ നായർ വിഭാഗം കിഴക്കേ ഇന്ത്യയിലെ നാഗന്മാരുടെ പിന്തുടർച്ചക്കാരണെന്നും ഈഴവർ ശ്രീലങ്കയിൽ നിന്ന് കുടിയേറിയവരാണെന്നും പറയപ്പെടുന്നു. 
  കൃഷിയുടെ ഉത്ഭവത്തോടെ ജനങ്ങൾ നിശ്ചിത ഇടങ്ങളിൽ താമസമാക്കാൻ തുടങ്ങി. കൃഷി ചെയ്യുന്നതിനായി ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവ വേണ്ടി വന്നു. ഇത് എല്ലായിടത്തും ഒരു പോലെ ലഭ്യമായിരുന്നില്ല. ഇത് ശില്പികളുടെയും കച്ചവടക്കാരുടെയും കുടിയേറ്റത്തിന് വഴിവെച്ചു. കേരളത്തിന് മധ്യേഷ്യയുമായും പടിഞ്ഞാറുമായും കച്ചവട ബന്ധങ്ങൾ 3000  ബിസി മുതൽക്ക് തന്നെ ഉണ്ടായിരുന്നു. ഈജിപ്തിലേക്ക് മലബാറിൽ നിന്ന് കോട്ടൺ തുണിത്തരങ്ങൾ കയറ്റുമതി ചെയ്തിരുന്നതായി കാണാം. ഫോണീഷ്യക്കാർ 1000 ബിസിയിൽ ചന്ദനം സുഗന്ധവ്യഞ്ജനങ്ങൾ, ആനക്കൊമ്പ് എന്നിവക്കായി മലബാർ സന്ദർശിച്ചിരുന്നതായി പറയപ്പെടുന്നു. മുസ്‌രിസ് ഈ കാലഘട്ടത്തിലെ ഒരു പ്രധാന തുറമുഖമായിരുന്നു. ഇൻഡോ-റോമൻ വ്യാപാര ബന്ധത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു മുസ്‌രിസ്.  ഇന്ത്യയിലെ ഒരു പ്രധാന കുടിയേറ്റ വിഭാഗമാണ് തെക്കൻ റഷ്യയിൽ നിന്ന് കുടിയേറി വന്ന ആര്യന്മാർ. ആര്യന്മാർ ഇന്ത്യയുടെ തെക്കു ഭാഗത്തേക്കെത്തുന്നത് ബിസി 800 ടെയാണ്. തുടർന്ന് ദ്രാവിഡന്മാരുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മിൺസ്‌ ഈ ബ്രാഹ്മണ കുടിയേറ്റത്തിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു. 

     കേരളവും ഉത്തരേന്ത്യയും തമ്മിൽ വ്യാപാര ബന്ധമുണ്ടായിരുന്നതായി ചരിത്രത്തിൽ കാണാം. കേരളത്തിലെ ചില ഉത്പന്നങ്ങൾ സിന്ധു നദി തട സംസ്കാര ശേഷിപ്പുകളിൽ കാണുവാൻ സാധിക്കും. ഇവിടെ നിന്ന് ഈ ഉത്പന്നങ്ങൾ പശ്ചിമേഷ്യയിലേക്കും വിപണനം നടത്തിയിരുന്നു. ഇത് കേരളത്തോട് ഈ രാജ്യങ്ങൾക്കു പ്രിയമേറാൻ കാരണമായി. ആര്യന്മാർ ഇന്ത്യയിലേക്ക് ഘട്ടം ഘട്ടമായി വരികയും ഇന്ത്യൻ സമൂഹത്തിൽ ലയിക്കുകയുമായിരുന്നു എന്ന് വേണം കരുതാൻ. കാലക്രമേണ ഇറാനിയൻസ്, ഗ്രീക്കുകാർ, പാർഥിയൻസ്, ബാക്ട്രിയൻസ്, സ്കൈതിയൻസ്, ഹൺസ് (Huns), തുർക്കികൾ ( ഇസ്ലാമിന് മുമ്പ്), ആദിമ ക്രിസ്ത്യൻസ്‌, ജൂതന്മാർ, സൗരാഷ്ട്രിയർ എന്നിവർ യഥാക്രമം ഇന്ത്യയിലേക്ക് കുടിയേറുകയും ഇന്ത്യൻ സമൂഹത്തിൽ ലയിക്കുകയും ചെയ്തു. 

 മഹാഭാരതത്തിലും രാമായണത്തിലും കാളിദാസന്റെ രഘുവംശത്തിലും കേരളത്തെ പ്രതിപാധിച്ചത് ഉത്തരേന്ത്യൻ എഴുത്തുകാർക് കേരളം അന്യമായിരുന്നില്ല എന്ന് അനുമാനിക്കാം. ഈ രചനകൾ കേരളവും ഉത്തരേന്ത്യയും തമ്മിൽ അക്കാലത്ത് കുടിയേറ്റം നിലനിന്നിരുന്നു എന്നതിന് സാധുത നൽകുന്നു. ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്ക് കേരളത്തിലേക്ക് ക്രിസ്ത്യാനിറ്റിയും ജൂതായിസവും കടന്നുവന്നു. ഏഴാം നൂറ്റാണ്ടോടെ മക്കയിൽ ആവിർഭവിച്ച ഇസ്ലാം കേരളത്തിലേക്കെത്തുന്നത് പ്രവാചകന്റെ സമകാലികനായിരുന്ന മാലിക്ബ്നു ദിനാറിലൂടെയാണ്. ഇതേ തുടർന്ന് സാമൂതിരി രാജാവ് ചേരമാൻ പെരുമാൾ മക്കായിൽ പോകുകയും പ്രവാചകനെ കാണുകയും ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തതായി പറയപ്പെടുന്നു.

  ഏഴാം നൂറ്റാണ്ടിൽ കംബോഡിയയിൽ പണിത ഹിന്ദു ക്ഷേത്രവും ഒമ്പതാം നൂറ്റാണ്ടിൽ ഇന്തോനേഷ്യയിലെ ജാവയിലെ ശിവ ക്ഷേത്രവും അക്കാലത്തെ ഇന്ത്യയുടെ ഈ രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ സൂചിപ്പിക്കുന്നു. സഞ്ചാരികളുടെ എഴുത്തുകളിലൂടെയും മറ്റും കുടിയേറ്റത്തിന്റെ ചരിത്രം മനസ്സിലാക്കാൻ കഴിയും. മാർക്കോ പോളോയുടെയും ഇബ്നു ബത്തൂത്തയുടെയും ചരിത്രാഖ്യാനത്തിലൂടെ പതിനാലാം നൂറ്റാണ്ടിലെ കേരളത്തിന്റെ കുടിയേറ്റ ചരിത്രം മനസ്സിലാക്കി തരുന്നു. st ജോർജ് കോട്ടയുടെ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മാപ്പിളമാർ അറബ് കുടിയേറ്റക്കാരുടെ പിന്മുറക്കാരനണെന്ന് പറയപ്പെടുന്നു. അത് കൊണ്ട് തന്നെയാണ് കേരളത്തിലെ മുസ്ലിംകൾ, ഇന്ത്യയിലെ മറ്റ്‌ മുസ്ലിംകളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കാൻ കാരണം. അതെ പോലെത്തന്നെ  കേരളത്തിലെ മുസ്ലിംകളുടെ ആചാരാനുഷ്ടാനങ്ങൾ ഇന്ത്യയിലെ ഇതര മുസ്ലിംകളിൽ നിന്ന് വിഭിന്നമായി ഏറെക്കുറെ ഇന്തോനേഷ്യയിലെ മുസ്ലിംകളുടെ രീതികളോട് സമാനമാണ്. അതെ പോലെത്തന്നെ മലയ(മലേഷ്യ)യുമായി മലബാറിന് ബന്ധമുണ്ടായിരുന്നു എന്നതിന്ന് ഭാഷയിലെ ചില സാമ്യങ്ങൾ തെളിവ് നൽകുന്നു. 

  1498 'ൽ പോർച്ചുഗീസ് നാവികനായിരുന്ന വാസ്കോഡ ഗാമ കോഴിക്കോട് കപ്പലിറങ്ങിയതോടെ കേരളത്തിന്റെ കുടിയേറ്റ ചരിത്രത്തിന് മറ്റൊരു മുഖം കൈവന്നു. കേരള തീരത്ത്‌ അതുവരെ അറബികൾക്കുണ്ടായിരുന്ന ആധിപത്യത്തെ ഇല്ലാതാക്കി കൊണ്ടാണ് പോർച്ചുഗീസുകാർ കേരളത്തിൽ വേരുറപ്പിച്ചത്. പിന്നീട് ഡച്ചുകാർ, ഫ്രഞ്ചുകാർ, ബ്രിട്ടീഷുകാർ എന്നിവർ കുടിയേറ്റക്കാരായി ഇവിടെ വരികയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. 18  നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരണകൂടം രാജ്യത്തേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. ഇത് രാജ്യത്തിന്റെ അഭിവൃദ്ധിക്ക്   കരണമാവുമെന്ന് അവർ കരുതി. 18  ആം നൂറ്റാണ്ടോടെ അടിമ വ്യാപാരം ഏറെക്കുറെ അവസാനിച്ചതോടെ വ്യാവസായിക രാജ്യങ്ങളിൽ തൊഴിലാളികളെ ആവശ്യമായി വന്നു. ഇത് ഇന്ത്യൻ തൊഴിലാളികൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറാൻ കാരണമായി. ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യക്കാരുടെ കുടിയേറ്റം പ്രധാനമായും ബ്രിട്ടീഷ് കോളനികൾക്ക് കീഴിലുള്ള പ്രദേശങ്ങളിലേ.ക്കായിരുന്നു. അത് പ്രധാനമായും ശ്രീലങ്ക, മലേഷ്യ, ഫിജി, മൗറീഷ്യസ്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലേക്കായിരുന്നു.

  1920 'കളിൽ ഇന്ത്യക്കാർ സ്വന്തം ശ്രമത്താൽ ഈസ്റ്റ് ആഫ്രിക്ക, മിഡില് ഈസ്റ്റ് എന്നീ പ്രദേശങ്ങളിലേക്ക് വൈറ്റ് കോളർ ജോലി ലക്ഷ്യമിട്ട് കുടിയേറിയിരുന്നു. സ്വാതന്ത്ര്യത്തോടെ ഇന്ത്യക്കാർ വ്യാവസായിക രാജ്യങ്ങളായ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കുടിയേറാൻ തുടങ്ങി. പ്രധാനമായും ഉയർന്ന യോഗ്യതയുള്ളവരായിരുന്നു  അവരിലധികവും എണ്ണയുടെ കണ്ടെത്തലോടെ പശ്ചിമേഷ്യയിലെ പ്രധാനപെട്ട ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള എല്ലാ എണ്ണ കമ്പനികളിലും ഇന്ത്യക്കാർ ഉയർന്ന പദവികളിൽ കയറിപ്പറ്റിയിരുന്നു. അരികുവത്കരിക്കപ്പെട്ട സമൂഹങ്ങൾ കുടിയേറ്റം ഒരു പരിഹാരമാർഗമായി കണ്ടിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും. ബ്രിട്ടീഷ് ഭരണ കാലത്ത് തൊഴിലാളികളെ മൗറീഷ്യസിലേക്കും വെസ്റ്റിൻഡീസിലേക്കും കൃഷിയിടത്തിലേക്കും കൊണ്ട് പോയിരുന്നു. കേരളത്തിലെ പാലക്കാട്, തിരൂർ എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു ഇപ്രകാരം കുടിയേറിയവരിൽ പ്രധാനമായും ഉണ്ടായിരുന്നത്. 19 , 20  എന്നീ നൂറ്റാണ്ടുകളിൽ കേരളത്തിൽ നിന്നുള്ളവർ യഥാക്രമം ബർമയിലേക്കും സിംഗപ്പൂരിക്കും കുടിയേറിയിരുന്നു. 
 ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടിയേറ്റമാണ് 1947 ലെ  ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തോടെ സംഭവിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം രണ്ട് രീതിയിലുള്ള കുടിയേറ്റമാണ് കേരളത്തിൽ പ്രധാനമായും നിലനിൽക്കുന്നത്, അതിൽ ഒന്നാമതായി വ്യാവസായിക രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും എണ്ണ സമ്പുഷ്ടമായ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും.   ലോകത്ത് നിലവിലുള്ള കുടിയേറ്റക്കാരിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യൻ Diaspora ആണ് (17.5 Million). മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി ഇന്ത്യയിൽ ഒരു പ്രദേശത്തു നിന്ന് മറ്റൊരിയടത്തേക്കുള്ള ആഭ്യന്തര കുടിയേറ്റം ചുരുങ്ങിയ കാലത്തിനിടക്ക് വർധിച്ചിട്ടുണ്ട്. ഇത്തരത്തിൽ കുടിയേറുന്നവർ ജനസംഖ്യയുടെ 10 ൽ 2  ഭാഗമാണ്.