ലതിക (1963-
കൊല്ലം ജില്ലയിലെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ലതിക ചലച്ചിത്ര ഗാനരംഗത്തേയ്ക്ക് വരുന്നത്. അച്ഛൻ തന്നെയായിരുന്നു ലതികയുടേ ആദ്യഗുരു. അഞ്ചാം വയസ്സിൽ ഗാനമേളകളിൽ പാടിത്തുടങ്ങിയ അവർ മങ്ങാട് നടേശന്റെ കീഴിൽ സംഗീതം അഭ്യസിച്ചു.
പത്താം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ കണ്ണൂർ രാജന്റെ നാടകത്തിൽ ലതികയ്ക്ക് പാടാൻ അവസരം കിട്ടിയതോടെയാണ് സിനിമാരംഗത്തേയ്ക്കുള്ള വാതിൽ ലതികയ്ക്ക് മുന്നിൽ തുറന്നത്. ഐ. വി. ശശിയുടെ ‘അഭിനന്ദനം’(1976) എന്ന സിനിമയിൽ കണ്ണുർ രാജൻ സംഗീതം ചെയ്യുകയും ഒരു യുഗ്മഗാനം യേശുദാസിനൊപ്പം ലതികയും ആലപിച്ചു. ‘അഭിനന്ദന’ത്തിലെ ‘പുഷ്പതല്‍പ്പത്തില്‍ നീ വീണുറങ്ങീ സ്വപ്നമായ് നിദ്രയില്‍ ഞാന്‍ തിളങ്ങീ..” എന്ന ഗാനം ലതികയുടേ ആദ്യഗാനമായി മാറി. പിന്നീട് നിരവധി ഗാനമേളകളിലും സിനിമകളിലും ലതിക സജീവ സാന്നിധ്യമായി മാറി.
ചെന്നൈ മ്യൂസിക് അക്കാദമിൽ ചേർന്നു സംഗീത പഠനം തുടർന്ന അവർ അവിടെ നിന്ന് ഒന്നാം റാങ്കോടെ സംഗീത വിദ്വാൻ പാസ്സായി. സിനിമയിൽ അവസരങ്ങൾ നിൽക്കുമ്പോൾ തന്നെ സിനിമയിൽ സജീവമാകാതെ പാലക്കാട് സംഗീത കോളേജിൽ സംഗീതാദ്ധ്യാപികയായി ജോലിക്ക് കയറി.
മലയാളത്തിലും തമിഴിലും തെലുങ്കിലുമടക്കം മുന്നൂറിലേറേ ഗാനങ്ങൾ പാടിയ ലതിക ഇപ്പോൾ തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിൽ അദ്ധ്യാപികയാണ്. ഒപ്പം ഗാനമേളകളിലും പങ്കെടുക്കുന്നു.