അന്താരാഷ്ട്ര വനിതാ ദിനത്തിൽ കർഷക സമരത്തെ സ്ത്രീകൾ നയിയ്ക്കും

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാസങ്ങളായി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​രം അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് സ്ത്രീകൾ നയിയ്ക്കും. 

പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 40,000ത്തോ​ളം സ്ത്രീകളാണ് ഡൽഹി അതിർത്തിയിൽ സമരത്തിന്റെ ചുക്കാൻ ഏറ്റെടുക്കാനായി എത്തിയിട്ടുളളത്ത്. സ്വയം ട്രാക്ടറോടിച്ചും മറ്റു വാഹനങ്ങളിലുമായി ഇന്നലെ തന്നെ സ്ത്രീകൾ ദൽഹി അതിർത്തിയിലേക്ക് എത്തിയിരുന്നു. ചെറിയ വാഹനങ്ങൾക്കു പുറമെ 500 ബസുകളും 600 മിനി ബസുകളും 115 ട്രക്കുകളുമാണ് വനിതകൾക്ക് എത്താനായി ഏർപ്പാടാക്കിയിട്ടുള്ളത്. തിങ്കളാഴ്ച അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകൾ വീടുകളിലേക്ക് മടങ്ങുമെന്നും കർഷക സംഘടനാ നേതാക്കൾ അറിയിച്ചു.

ടോൾ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകൾ നേതൃത്വം നൽകും. ഇത് അവരുടെ ദിവസമാണ്- സ്വരാജ് ഇന്ത്യ അധ്യക്ഷൻ യോഗേന്ദ്ര യാദവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.