സിസ്റ്റർ മേരി ബനീഞ്ഞ (മേരി ജോൺ തോട്ടം)

Sister Marry

കേരളത്തിലെ ഒരു കവയിത്രിയും  അദ്ധ്യാപികയുമായിരുന്നു സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടം."ഗീതാവലി" എന്ന ആദ്യ കവിതാ സമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു.സന്ന്യാസി മഠത്തിൽ ചേരുന്നതിന് മുൻപായി രചിച്ച "ലോകമേ യാത്ര" എന്ന കവിത പ്രസിദ്ധമാണ്.1928 ജൂലൈ 16 ന് കർമ്മലീത്താ സന്യാസിനീ സഭയിൽ അംഗമായി ചേർന്ന് സിസ്റ്റർ മേരി ബനീഞ്ഞയായി. 1971-ൽ സാഹിത്യത്തിലെ സംഭാവന പരിഗണിച്ച് മാർപ്പാപ്പ "ബെനേമെരേന്തി" എന്ന ബഹുമതി നൽകി ആദരിച്ചു. കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ 1981 ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ജയെ ആദരിച്ചു. 

മേരി ജോൺ തോട്ടം എന്ന പേരിൽ ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യ സമാഹാരം “തോട്ടം കവിതകൾ” 1973 ലും രണ്ടാമത്തെ സമാഹാരം “ലോകമേ യാത്ര” മരണാനന്തരം 1986 ലും പ്രസിദ്ധീകരിച്ചു. ആത്മകഥയായ “വാനമ്പാടി”യും 1986 ലാണ് പുറത്തു വന്നത്. 

     1899 നവംബർ 6 ന് ഇലഞ്ഞിയിൽ തോട്ടം കുടുംബത്തിൽ ജനിച്ചു. ഉലഹന്നാൻറെയും മാന്നാനം പാട്ടശ്ശേരിയിൽ മറിയാമ്മയുടെയും മകൾ.ആശാൻ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്കൂളിലും, മൂത്തോലി കോൺവെന്റ് സ്കൂളിൽ നിന്നും വെർണാക്കുലർ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.തുടർന്ന് വടക്കൻ പറവൂരിലെ സെന്റ് തോമസ് പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. രണ്ടു വർഷത്തിനു ശേഷം കൊല്ലം ഗവൺമെൻറ് മലയാളം സ്കൂളിൽ ചേർന്ന് മലയാളം ഹയർ പരീക്ഷ പാസ്സായി. തുടർന്ന് വടക്കൻ പറവൂരിൽ തന്നെ ഇംഗ്ലീഷ് മിഡിൽ സ്കൂൾ അധ്യാപികയായും 1922 ൽ കുറവിലങ്ങാട് കോൺവെൻറ് മിഡിൽ സ്കൂളിൽ അധ്യാപികയായും പിറ്റേവർഷം മുതൽ പ്രഥമാധ്യാപികയായും സേവനമനുഷ്ഠിച്ചു.1961 ൽ ജോലിയിൽ നിന്ന് വിരമിച്ചു. 1985 മെയ് 21 ന് നിര്യാതയായി.