കേരളീയ ഹിന്ദുസ്ത്രീകളോട് ഒരഭ്യർത്ഥന വടക്കേച്ചെരുവിൽ പി കെ കല്യാണി

വടക്കേച്ചെരുവിൽ പി കെ കല്യാണി

വൈക്കത്തു നടക്കുന്ന സത്യാഗ്രഹം മനുഷ്യന്റെ പ്രാഥമികാവകാശങ്ങളിലൊന്നായ സഞ്ചാരസ്വാതന്ത്യത്തിനു വേണ്ടിയുള്ള ഒരു സമരമാണല്ലോ. രണ്ടുമൂന്നു ശതം ജനങ്ങളുടെ ജീവച്ഛക്തിയിൽ ഒരു വലിയ ഭാഗം ഇതിലേക്കു വേണ്ടി ഈ ചുരുങ്ങിയ കാലത്തിനിടയ്ക്ക് ഇവിടെ ചെലവായിരിക്കുന്നു. യേശുക്രിസ്ത, പ്രഹ്ലാദൻ? മുതലായ ചരിത്രപുരുഷന്മാരുടെ സംഗതി മാത്രം നമുക്ക് കേട്ടുകേൾവിയുള്ള ഉത്കൃഷ്ടമായ ത്യാഗം ഇന്ന് നാം വൈക്കത്ത് കാണുന്നുണ്ട്. സത്യത്തിലും ധർമത്തിലും യഥാർത്ഥമായി വിശ്വസിച്ചുകൊണ്ട് കൊടുംക്ലേശങ്ങളെ ലവലേശം വകവെക്കാതെ തങ്ങളുടെ ജീവച്ഛക്തി മുഴുവൻ അകമമൂർത്തിയുടേയും അനാവശ്യഭാന്തിയുടെയും കൂരദംഷ്ട്രങ്ങളിൽ ബലികഴിച്ചുകൊണ്ടിരിക്കുന്ന ത്യാഗികളെയാണ് ഇന്ന് നാം ഇവിടെ കാണുന്നത്. നമ്മുടെ വിജയം അടുത്ത ഭാവിയിലാണെന്നതിനു യാതൊരു സംശയവുമില്ല.

പ്രിയ സഹോദരികളെ ഈയവസരത്തിൽ നമ്മുടെ കടമയെന്താണ്? സഞ്ചാരസ്വാതന്ത്യം ആർക്കും ലഭിക്കേണ്ടതല്ലയോ? വഴിനടക്കേണ്ടതു സ്ത്രീകളുടെയും ആവശ്യമാണല്ലോ. സ്ത്രീകളിൽ ഒരു വലിയ ഭാഗത്തിനുള്ള ഈ അസ്വാതന്ത്യം നീക്കിക്കൊടുക്കേണ്ടത് മറ്റുള്ളവരുടെ കടമയല്ലയോ? നമ്മുടെ പുരുഷന്മാർ ഈ സംഗതികളിൽ നമ്മുടെ മാർഗദർശികളായിരിക്കുന്നുണ്ട്. മനുഷ്യസഞ്ചാരസ്വാതന്ത്ര്യത്തെ നശിപ്പിക്കുന്ന നിയമങ്ങളെയും ആചാരങ്ങളെയും ഉച്ചാടനം ചെയ്യേണ്ടതു നമ്മുടെയും കടമയല്ലയോ? മഹാത്മജിയുടെ ആദർശപ്രകാരം നോക്കിയാൽ നമ്മുടെ കടമയെ നിറവേറ്റുന്നതിനു നാം തന്നെ വേല ചെയ്യേണ്ടിയിരിക്കുന്നു. “മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ, തേർ തെളിച്ചില്ലേ പണ്ടു സുഭദ്ര, പാരിതു ഭരിച്ചില്ലയോ വിക്ടോറിയൻ'' എന്നൊക്കെയുള്ള ഉദാഹരണങ്ങളെ ആശ്രയിച്ചു നിൽക്കേണ്ട കാലമല്ല ഇത്. നേരുപറഞ്ഞാൽ വൈക്കം സത്യാഗ്രഹത്തിനു സ്ത്രീകളിൽ നിന്നുണ്ടായിട്ടുള്ള സഹായം വളരെ ലഘുവാണ്. നാം അതിനുവേണ്ടി ത്യാഗം സഹിച്ചിട്ടേ ഇല്ല. ലഘുവായിട്ടെങ്കിലും സഹായം ഉണ്ടായിട്ടുണ്ടെന്നു പറയാൻ, മയ്യനാട്ടുകാരായ മാന്യസഹോദരിമാരുടെ പ്രവൃത്തിയാണ് ഇടയാക്കിയത്. മറ്റു പല കാര്യങ്ങളിൽ എന്നതുപോലെ അവരുടെ പിടിയരി ഏർപ്പാട് ഇക്കാര്യത്തിലും നമുക്ക് ഉദാഹരണമായിരിക്കുന്നു. ഇവിടെ വാളന്റിയറായി പ്രവൃത്തി ചെയ്യാൻ പലപ്പോഴും നമ്മുടെ നാട്ടുകാരെക്കാളധികം തമിഴ്നാട്ടുകാർ വന്നിട്ടുണ്ട്. മിസ്സിസ് രാമസ്വാമി നായ്ക്കർ മിസ്റ്റർ നായ്ക്കരെപ്പോലെത്തന്നെ ഇക്കാര്യത്തിൽ ഉത്സാഹമുള്ളവരായി കാണുന്നു. അവരുടെ ത്യാഗം നമുക്ക് ഒരു വലിയ മാതൃകയാകത്തക്കതു പോലെ അത്ര ശ്രേഷ്ഠമാണ്. എത്ര വലിയ മഴയായാലും തണുപ്പായാലും അവർ ഞങ്ങളെ കൂടെ ഉത്സാഹിപ്പിക്കത്തക്കതു പോലെ കഷ്ടത സഹിക്കാൻ ഇറങ്ങും. മിസ്സിസ് ചാന്നാരും എത്രയും ത്യാഗശീലത്തോടുകൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ അവർക്കു സുഖമില്ലാതിരിക്കയാണ്. ക്ഷേത്രത്തിന്റെ നാലു നടയ്ക്കലും ഒരു പ്രാവശ്യം സത്യാഗ്രഹമനുഷ്ഠിക്കുന്നതിന് പതിനഞ്ചുപേർ ആവശ്യമാണ്.

സവർണരിലും അവർണരിലും കൂടിയാണ് പതിനഞ്ച് പേർ ഉണ്ടായിരിക്കേണ്ടത്. കേരളത്തിലെ സവർണ വനിതകൾ ആരും സത്യാഗ്രഹം അനുഷ്ഠിക്കുന്നതിന് ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. അതുകൊണ്ട് നമുക്ക് എത്രത്തോളം അഭിമാനക്കുറവുണ്ടെന്ന് ഓർക്കുന്നില്ലായിരിക്കാം. ഇപ്പോൾ പടിഞ്ഞാറും വടക്കും ഭാഗങ്ങളിൽ മാത്രമേ ഞങ്ങൾ സത്യാഗ്രഹം അനുഷ്ഠിക്കുന്നുള്ളൂ. പത്തു പേർ കൂടി നാലുഭാഗത്ത് ഒരു പ്രാവശ്യം സ്ത്രീകൾക്കുമാത്രം സത്യാഗ്രഹം അനുഷ്ഠിച്ചു നമ്മുടെ അഭിമാനം രക്ഷിക്കാവുന്നതാണ്. മനുഷ്യരക്തമാണല്ലോ നമ്മുടെ ശരീരത്തിലും ഓടുന്നത്. നമുക്ക് എന്തു കൊണ്ട് ഇറങ്ങി പ്രവർത്തിച്ചുകൂടാ. സത്യാഗ്രഹത്തിനും ധർമത്തിനും വേണ്ടി ത്യാഗം സഹിക്കാൻ ഇടയാകുന്നത് എത്രയോ ഭാഗ്യമാണ്. എത്ര ഉയർന്നവരാണോ ത്യാഗം സഹിക്കാൻ ഇറങ്ങുന്നത്, അത്ര വൃത്തിക്കു ഫലവുമുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസം കൊണ്ടും മറ്റും നിലയും വിലയും സിദ്ധിച്ച കുറേപ്പേർ ഉടനെ ഈ സംഗതിക്ക് ഇറങ്ങണം. 

ധനസംബന്ധമായി ചെലവു മുഴുവൻ സ്ത്രീകൾക്ക് വഹിക്കാവുന്നതാണ്. പിടിയരി ഏർപ്പാട് നടത്തി ഈഴവസമുദായം വകയായി സത്യാഗ്രഹ ഭക്ഷണശാല നടത്താൻ അവർ നിശ്ചയിച്ചു. ഇതാ കർക്കടകം ഒന്നാം തീയതി മുതൽ ഭക്ഷണശാല തുറന്നിരിക്കുന്നു. ഈഴവസ്ത്രീകൾ ഒരു നുള്ളുവീതം ശേഖരിച്ച് അരികൊണ്ട് ഭക്ഷണശാല നടത്തുന്നു എങ്കിൽ മറ്റുള്ള ഹിന്ദു സ്ത്രീകൾ വിചാരിച്ചാൽ സത്യാഗ്രഹത്തിന്റെ മറ്റു ഭാഗത്തുവരുന്ന ചെലവു വളരെ നിസ്സാരമായി നടത്താവുന്നതാണ്. മയ്യനാട്ടുകാർ പിടിയരിയിൽ നിന്നു കാതം യാതൊരു പ്രയാസവും കൂടാതെ ഒരു നല്ല സംഖ്യ ഇവിടെ അയച്ചു കൊണ്ടിരിക്കുന്നു. ഒന്നുണർന്നു പ്രവർത്തിച്ചാൽ ഒരു മഹാകാര്യം എത്രയും നിസ്സാരമായി നമുക്ക് സാധിക്കാം. തിരുവിതാംകൂറുകാർ മാത്രമായാലും നിസ്സാരമാണ്. കേരളത്തിലെ ഹിന്ദുസ്ത്രീ 'ഒരു നുള്ള്' അരികൊണ്ട് വൈക്കം സത്യാഗ്രഹം നടത്തിക്കൊണ്ടുപോകുന്നു എന്നറിഞ്ഞതിൽ മഹാത്മജി എത്രമാത്രം സന്തോഷിക്കും. അതുകൊണ്ട് ഉത്കൃഷ്ടമായ ഒരു സംഗതിക്കുവേണ്ടി പ്രവർത്തിക്കുവാൻ കിട്ടിയ ഈ സന്ദർഭത്തെ -ജീവിതോദ്ദേശത്തെ സഫല മറക്കുവാൻ കിട്ടിയ ഈ അവസരത്തെ- നാം ബുദ്ധിപൂർവം ഉപയോഗപ്പെടുത്തണമെന്ന് ഉൽബോധിപ്പിച്ചുകൊള്ളുന്നു. എല്ലാ സഹോദരികളുടെയും (ശദ്ധയെ ഈ സംഗതിയിൽ ക്ഷണിച്ചുകൊള്ളുന്നു.
(മലയാള മനോരമ 1924 ജൂലായ് 24)
 

കുറിപ്പുകൾ | 

1. കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടത്തിലെ ഒരു പ്രധാന സംഭവമായ വൈക്കം സത്യാഗ്രഹം (1924-25) പ്രത്യേകമായും “തീണ്ടൽ” എന്ന അനാചാരത്തിനെതിരെയായിരുന്നു ലക്ഷ്യമിട്ടത്. ദലിതുകൾ സവർണ ഹിന്ദുക്കളിൽ നിന്നും ഒരു പ്രത്യേകദൂരം പാലിക്കണമെന്നതായിരുന്നു തൊട്ടുകൂടായ്മ. ഈഴവർ 16 അടി, പുലയർ 72 അടി എന്നിങ്ങനെയായിരുന്നു ഇത്. തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നായ വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിലൂടെ അവർണജാതിക്കാരായ ഹിന്ദുക്കൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതേ സമയം അവ അഹിന്ദുക്കൾക്ക് തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. കൂടുതൽ വിശദാംശങ്ങൾക്ക് മേനോൻ 1972 116-35, രവീന്ദ്രൻ 1975 എന്നിവ കാണുക. വൈക്കം സത്യാഗ്രഹത്തിലെ സ്ത്രീ പങ്കാളിത്തത്തെക്കുറിച്ച് ഒരു ചെറിയ വിവരണം വേലായുധൻ 1999, 493-95ൽ ലഭ്യമാണ്.

2. വിഷ്ണുവിന്റെ നരസിംഹാവതാരകഥയിൽ അസുരരാജാവായ സ്വയം ദൈവമായി പ്രഖ്യാപിച്ച ഹിരണ്യകശിപുവിന്റെ മകനാണ് പ്രഹ്ലാദൻ. പക്ഷേ, പ്രഹ്ലാദൻ വിഷ്ണുഭഗവാന്റെ ഉത്തമഭക്തനായിരുന്നു. ഹിരണ്യകശിപുവിന്റെ പേര് വിഷ്ണുവിനു പകരം ജപിയ്ക്കണമെന്ന പിതാവിന്റെ ആജ്ഞ നിരസിച്ചതിനാൽ ഒട്ടേറെ പീഡനങ്ങൾ സഹിക്കേണ്ടി വന്നെങ്കിലും പ്രഹ്ലാദൻ ഭക്തി കൈവിട്ടില്ല. 
3. തോട്ടക്കാട്ട് ഇക്കാവ് അമ്മ (1864-195 ) സുഭദ്രാർജുനം (1891) എന്ന തന്റെ വിഖ്യ നാടകത്തിൽ എഴുതിയ ഒരു ശ്ലോകത്തെ സൂചിപ്പിക്കുന്നു. സ്ത്രീകൾ പൊതുവിടത്തിലേക്ക് പ്രവേശിക്കുന്നതിനെ ന്യായീകരിക്കുന്ന ഈ ശ്ലോകം ധാരാളമായി ഇത്തരം രചനകളിൽ ഉദ്ധരിക്കാറുണ്ട്. 
4.തെക്കൻ കേരളത്തിൽ കൊല്ലത്തിനടുത്ത ഒരു ഗ്രാമം. ഈഴവ സമുദായ പരിഷ്കർത്താക്കളായ സി വി കുഞ്ഞുരാമൻ, സി കേശവൻ എന്നിവരുടെ ജന്മദേശം 
5. ഈഴവ സമുദായ പരിഷ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സ്ത്രീകൾ പ്രസിദ്ധീകരിച്ചിരുന്ന മാസിക "സഹോദരി' (1, 1, 1925 ലക്കം പു 30) പിടിയരി പോലുള്ള ഫണ്ട് ശേഖരണത്തിന് അഭ്യർത്ഥന നടത്തിയിരുന്നു (എല്ലാ ദിവസവും ദാനം ചെയ്യാനായി ഒരു പിടി അരി മാറ്റിവെയ്ക്കുന്നത്.) പിൽകാലത്ത് ദേശീയ സ്വാതന്ത്യസമര പ്രസ്ഥാനത്തിൽ പ്രശസ്തയായ ടി എൻ കല്യാണിക്കുട്ടി അമ്മയാണ് ആലപ്പുഴയിലെ ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. (കേരളത്തിലെ സ്വാതന്ത്യസമരസേനാനികളുടെ വിവരങ്ങൾ 1975: 190) കേരളത്തിൽ മുൻകാലത്ത് ഒരു പൊതു ആവശ്യത്തിനായി ഫണ്ട് ശേഖരിക്കാനുള്ള സ്ത്രീകളുടെ തനിമയാർന്ന രീതിയായിരുന്നു. "പിടിയരി' ശേഖരണമെന്ന് കാണം. ഉദാഹരണമായി 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സുറിയാനി കൃസ്ത്യാനികളുടെ ചങ്ങനാശ്ശേരി രൂപതയിലെ ആദ്യത്തെ വികാരിയായ മാർ ചാൾസ് ലാവി "പിടിയരി' വഴി ശേഖരിച്ച ഫണ്ട് പെൺകുട്ടികൾക്കായുള്ള സ്കൂളുകൾ നടത്തുന്ന കന്യാസ്ത്രീമഠത്തിന് നൽകണമെന്ന് നിർദേശിച്ചിരുന്നു. (പെരുന്തോട്ടം, 1999: 91) 
6. തമിഴ്നാട്ടിൽ ബ്രാഹ്മണ്യത്തിനെതിരെ പോരാടിയ സാമൂഹ്യപരിഷ്കർത്താവും പ്രചാരകനുമായ പെരിയാർ എന്നും അറിയപ്പെട്ട ഇ വി രാമസ്വാമി നായ്ക്കരുടെ ഭാര്യ. ബ്രാഹ്മണ വിരുദ്ധ നിലപാടെടുത്തിരുന്നതുകൊണ്ട് തന്റെ പേര് രാമസാമി എന്നായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. ഇവിടെ ലേഖിക രാമസ്വാമി എന്നാണ് എഴുതിയിരിക്കുന്നത്. 
7. സമ്പന്ന ഈഴവ കുടുംബമായ ആലുമ്മൂട്ടിലെ ഒരു പുത്രവധുവിനെ ആയിരിക്കാം ഇവിടെ സൂചിപ്പിക്കുന്നത്. കുടുംബാംഗങ്ങളുടെ അഭിപ്രായപ്രകാരം അത് സത്യഗ്രഹങ്ങളിൽ സജീവ പങ്കാളിയായിരുന്ന മിസ്സിസ് ഗോവിന്ദദാസ് ആവാനാണ് സാധ്യത. ആലുമൂട്ടിൽ ചാന്നാർ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തിരുവിതാംകൂറിലെ തന്നെ ഏറ്റവും സമ്പന്നന്മാരിൽ ഒരാളായിരുന്നു. തിരുവിതാംകൂറിൽ ആകെയുണ്ടായിരുന്ന വളരെ കുറച്ച് മോട്ടോർ കാറുകളിൽ ഒരെണ്ണം സ്വന്തമായുണ്ടായിരുന്ന വ്യക്തിയുമായിരുന്നു ഇദ്ദേഹം. കാറിന്റെ ഡ്രൈവർ മുസ്ലീമായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ റോഡിലെത്തുമ്പോൾ ചാന്നാർ കാറിൽ നിന്നിറങ്ങി കുറച്ചധികം ദൂരം നടക്കും. ഡ്രൈവർ കാറുമായി ക്ഷേതം റോഡിലൂടെ യാത്രചെയ്ത് പുറത്ത് കാത്തുനിൽക്കും.

8. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കേരള സാമൂഹ്യ അവസ്ഥയിൽ അവർ ജാതി വ്യവസ്ഥയ്ക്ക് പുറത്തായിരുന്നു. ഇവിടെ സൂചിപ്പിക്കുന്നത് ഇന്ന് ദളിതരും ഈഴവരടക്കമുള്ള അക്കാലത്തെ "തൊട്ടുകൂടാത്തവരു 'മാണ്. 
9. സ്ത്രീകളോട് മാത്രമായി പ്രത്യേകം ആഹ്വാനങ്ങൾ നടത്തുന്ന രീതി പിൽക്കാലങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യപ്രവർത്തനങ്ങളുടെ പതിവ് സ്വഭാവമായി മാറി. ഉദാഹരണമായി നിസ്സഹകരണ പ്രസ്ഥാനകാലത്ത് ടി സി കൊച്ചു കുട്ടിയമ്മ സ്ത്രീകളോട് നടത്തിയ അഭ്യർത്ഥന (1930 മാർച്ച് 18, മാതൃഭൂമി), നിവർത്തന പ്രക്ഷോഭകാലത്ത് കെ ഗോമതി എഴുതിയ "സ്ത്രീകളും നിവർത്തനവും' എന്ന അഭ്യർത്ഥന (1933 ഏപ്രിൽ 20, മലയാള മനോരമ), തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ചെലവിൽ ബ്രാഹ്മണർക്ക് ഉദാരമായി ആതിഥ്യമരുളിയിരുന്ന മുറജപവുമായി ബന്ധപ്പെട്ട് കെ ആർ നാരായണി അമ്മ "സ്ത്രീകളോടൊരപേക്ഷ' (1929 നവംബർ 11, മലയാള മനോരമ), ക്ഷേത്രപ്രവേശന വിളംബരത്തോടനുബനുന്ധിച്ച് രത്നമയിദേവി “ക്ഷേത്രപ്രവേശനത്തിന് എതിരഭിപ്രായമുള്ള സനാതനികളോട്” എന്ന പേരിൽ നടത്തിയ അഭ്യർത്ഥന (1937, മഹിള 17, 3: 90-99) എന്നിവ.
വടക്കേച്ചെരുവിൽ പി. കെ. കല്ല്യാണി

വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത ചുരുക്കം ചില സ്ത്രീകളായ സത്യഗ്രഹികളിൽ ഒരാളെന്ന് കരുതപ്പെടുന്നു. വൈക്കം പോലീസ് ഇൻസ്പെക്ടർ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് കൊല്ലവർഷം 24-10 1099 (1924 ജൂൺ 7ന്) അയച്ച റിപ്പോർട്ടിൽ പരാമർശിക്കുന്ന കല്യാണി ഇവർ തന്നെയാവാം. ഇൻസ്പെക്ടർ പറയുന്നത് മാവേലിക്കരയിൽ നിന്നും ലക്ഷ്മി, കാർത്തൂ കുഞ്ഞ്, കല്ല്യാണി എന്നീ മൂന്ന് ഈഴവ സ്ത്രീകൾ സത്യഗ്രഹികളായി എത്തിയിട്ടുണ്ട് എന്നാണ്. (വൈക്കം സത്യഗ്രഹ ഫയൽ വാല്യം 3, 625/1020).

References

References

ദേവിക ജെ, കല്പനയുടെ മാറ്റൊലി (സ്ത്രീപുരുഷഭേദവും ആദ്യകാല മലയാളിസ്ത്രീരചനകളും 1898-1938),ജനുവരി 2011, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്