എ. നബീസ ഉമ്മാൾ
എ. നബീസ ഉമ്മാൾ
അദ്ധ്യാപിക, പ്രഭാഷക, സാമൂഹിക പ്രവര്‍ത്തക, ജനപ്രതിനിധി എന്നീ നിലകളില്‍ കഴിവു തെളിയിച്ച വ്യക്തിത്വമാണ് പ്രഫ. എ. നബീസാ ഉമ്മാള്. കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ നിന്ന് 1987-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു നിയമസഭയിലെത്തിയ പ്രൊഫസർ എ. നബീസ ഉമ്മാൾ പക്ഷേ 91-ലെ തെരഞ്ഞെടുപ്പിൽ സി.എം.പി.യിലെ എം. വി. രാഘവനോട് പരാജപെട്ടു. തുടർന്ന് 1995-ൽ നെടുമങ്ങാട് നഗരസഭയിലേയ്ക്ക് മത്സരിയ്ക്കുകയും ചെയർപേഴ്സൺ സ്ഥാനത്തെത്തുകയും ചെയ്തു. കേന്ദ്ര സർക്കാർ സ്ത്രീ ശാക്തീകരണത്തിന് നൽകുന്ന പുരസ്ക്കാരം 2000-ൽ അവരെത്തേടിയെത്തി.
തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഇന്റർമീഡിയേറ്റും ബി.എ. ഇക്ണോമിക്സും പൊളിറ്റിക്കൽ ആന്റ് ഇന്ത്യൻ ഹിസ്റ്ററിയിൽ ഡിസ്റ്റിംഗ്ഷനും നേടി പഠനത്തിൽ മികവ് പുലർത്തിയ നബീസ ഉമ്മാൾ അതെ കോളേജിൽ തന്നെ അദ്ധ്യപികയായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ മലയാളം പ്രൊഫസറായും കോളേജ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് നബീസ ഉമ്മാൾ. സംസ്ഥാന ആസൂത്രണ ഉപദേശകസമിതി, ഐ. എം. ജി. ഗവേണിംഗ് ബോഡി, പരീക്ഷാ ബോര്‍ഡ്, പബ്ലിക് ലൈബ്രറി കമ്മിറ്റി, പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റി, പി.എസ്.സി ക്വസ്റ്റ്യന്‍ മേക്കിംഗ് കമ്മിറ്റി തുടങ്ങിയവയില്‍ അംഗമായിരുന്നു നബീസ ഉമ്മാൾ.