അധ്യാപക യോഗ്യത പരീക്ഷകൾ

നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET)
NET

നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET)  

               ഇന്ത്യയിൽ പി.എച്ച്.ഡി. ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതിനും സർവ്വകലാശാലാതലത്തിൽ അധ്യാപകമേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നതിനും വേണ്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ വിജയിച്ചിരിക്കേണ്ട ദേശീയ നിലവാരത്തിലുള്ള യോഗ്യതാപരീക്ഷയാണ്  നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET). ഹ്യുമാനിറ്റീസ്, ആർട്സ് വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനാണ് (UGC) യു.ജി.സി.-നെറ്റ് എന്ന പേരിൽ ഈ പരീക്ഷ നടത്തുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ക്കാണ് ഇപ്പോൾ പരീക്ഷ നടത്തിപ്പ് ചുമതല. സയൻസ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻ്റസ്ട്രിയൽ റിസർച്ചും (CSIR) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും ചേർന്ന് സി.എസ്.ഐ.ആർ-യു.ജി.സി-നെറ്റ് എന്ന പേരിലാണ് പരീക്ഷ നടത്തുന്നത്. ആർട്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ 95 വിഷയങ്ങളിൽ പരീക്ഷകൾ നടക്കുന്നു, MCQ രീതിയിൽ കമ്പ്യൂട്ടർ ബെയ്‌സ്ഡ് പരീക്ഷയാണ് ഇപ്പോൾ നടക്കുന്നത്. 50 ചോദ്യങ്ങൾ അടങ്ങിയ ജനറൽ പേപ്പറിന് 100 മാർക്കും 100 ചോദ്യങ്ങൾ അടങ്ങിയ സബ്ജക്ട് പേപ്പറിന് 200 മാർക്കും വീതമാണ് ലഭിക്കുക. CSIR നടത്തുന്ന പരീക്ഷ ഫിസിക്കൽ സയൻസ്, ലൈഫ് സയൻസ്, എർത്ത് സയൻസ്, കെമിക്കൽ സയൻസ്, മാത്തമറ്റിക്കൽ സയൻസ് എന്നിങ്ങനെ 5 വിഷയങ്ങളിലാണ് നടത്തപ്പെടുന്നത്. തെറ്റായി രേഖപ്പെടുത്തുന്ന ഓരോ ഉത്തരത്തിനും നെഗറ്റീവ് മാർക്കും ലഭിക്കുന്നു. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 55 % മാർക്ക് ജനറൽ വിഭാഗത്തിനും മറ്റുള്ളവർക്ക് 50% മാർക്കും നേടിയാൽ പരീക്ഷ എഴുതാം. ഓരോ വിഷയങ്ങളിലും അതാതു പരീക്ഷക്ക് ശേഷം യുജിസി നല്കുന്ന കട്ട് ഓഫ് മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് പ്രൊഫസർഷിപ്പിനും ജൂനിയർ റിസർച് ഫെല്ലോഷിപ്പിനുമുള്ള യോഗ്യത തീരുമാനിക്കുന്നത്.
  
വെബ് വിലാസം: ആർട്സ് - https://ugcnet.nta.nic.in/, സയൻസ് - https://csirnet.nta.nic.in/

സെൻട്രൽ ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റ് 

                 ആർ‌ടി‌ഇ നിയമത്തിലെ സെക്ഷൻ 23 ലെ ഉപവകുപ്പ് (1) ലെ വ്യവസ്ഥകൾ‌ക്ക് അനുസൃതമായി  നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ‌സി‌ടി‌ഇ) വിജ്ഞാപന പ്രകാരം അധ്യാപന ജോലിക്ക് മിനിമം യോഗ്യതകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയാ സ്‌കൂളുകള്‍, സി.ബി.എസ്.ഇ. അംഗീകരിച്ചിട്ടുള്ള വിവിധ വിദ്യാലയങ്ങള്‍ എന്നിവയില്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയാണ് സി-ടെറ്റ്. ഒന്ന് മുതൽ 5 വരെ പരീക്ഷ എഴുതാന്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ സീനീയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ ജയിക്കണം. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള എലിമെൻ്ററി എഡ്യൂക്കേഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് എലിമെൻ്ററി എഡ്യൂക്കേഷന്‍ അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ എഡ്യൂക്കേഷന്‍ ഡിപ്ലോമ (സ്പെഷ്യല്‍ എഡ്യൂക്കേഷന്‍) എന്നീ കോഴ്സുകള്‍ പാസായവരോ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവരോ ആകണം. കുറഞ്ഞത് 45 ശതമാനം മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറിയോ തത്തുല്യ പരീക്ഷയോ ജയിച്ചശേഷം രണ്ടുവര്‍ഷ എലിമെൻ്ററി എഡ്യൂക്കേഷന്‍ ഡിപ്ലോമ ജയിച്ചവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എലിമെൻ്ററി എഡ്യൂക്കേഷന്‍ ഡിപ്ലോമയുള്ള ബിരുദധാരികള്‍ക്കും പരീക്ഷ എഴുതാം. 

                   ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ അധ്യാപകരാകാനുള്ളവര്‍ക്കുള്ള പേപ്പര്‍ രണ്ട് എഴുതുന്നതിന് ബിരുദവും രണ്ടുവര്‍ഷ എലിമെൻ്ററി എഡ്യൂക്കേഷന്‍ ഡിപ്ലോമയും വേണം. അല്ലെങ്കില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദവും ഒരുവര്‍ഷ ബിഎഡും അല്ലെങ്കില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറിയും നാലുവര്‍ഷ ബിഎ/ബിഎസ്സി-ബിഎഡ്, ബിഎഎഡ്, ബിഎസ്സിഎഡ് എന്നിവയിലൊന്നും പാസാകണം. OMR മാതൃകയില്‍ ആണ് പരീക്ഷ. ഓരോ പേപ്പറിനും സമയം 150 മിനുട്ട്. ആകെ മാര്‍ക്ക് 150 ഉം  ജയിക്കാന്‍ 90 മാർക്കുമാണ് വേണ്ടത്. മൈനസ് മാർക്ക് ഇല്ല. വിദ്യാഭ്യാസ അവകാശനിയമം എലിമെൻ്ററി തലത്തിന് (1 മുതല്‍ 8 വരെ ക്ലാസ്സുകള്‍) വേണ്ടിയുള്ളതായതിനാല്‍ ഈ ഘട്ടത്തിലുള്ള അധ്യാപകരുടെ യോഗ്യത നിര്‍ണയിക്കാനാണ് CTET നടത്തുന്നത്. എലിമെൻ്ററി ഘട്ടം ഒന്നുമുതല്‍ അഞ്ചുവരെയുള്ള ലോവര്‍ പ്രൈമറിയായും ആറുമുതല്‍ എട്ടുവരെയുള്ള അപ്പര്‍ പ്രൈമറിയായും വേര്‍തിരിക്കുന്നു. ലോവര്‍ പ്രൈമറി  (LP) വിഭാഗത്തിന് ഒന്നാം പേപ്പറും അപ്പര്‍ പ്രൈമറി (UP) വിഭാഗത്തിനായി  രണ്ടാം പേപ്പറുമാണ് CTET നുള്ളത്.

വെബ് വിലാസം: www.ctet.nic.in,

കെ-ടെറ്റ് 

               വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ ഭാഗമായി അധ്യാപകരുടെ ഗുണ നിലാവരം ഉയർത്തുന്നതിന് CTET മാതൃകയിൽ ഇന്ത്യയിൽ സ്കൂൾ അധ്യാപകരുടെ യോഗ്യത പരിശോധിക്കുന്ന ഒരു പരീക്ഷയാണ് ടെറ്റ് എന്ന് പേരിൽ അറിയപ്പെടുന്ന ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടി.ഇ.ടി). ഓരോ സംസ്ഥാനങ്ങളും പ്രത്യേകം ടെറ്റ് പരീക്ഷകൾ നടത്തുന്നുണ്ട്. കേരളത്തിൽ ഒന്ന് മുതൽ 10  വരെയുള്ള ക്ലാസ്സുകളിലേക്കുള്ള അധ്യാപക യോഗ്യത പരീക്ഷയാണ് കെ-ടെറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്. കേരള സംസ്ഥാന പാഠ്യപദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷ Kerala Teacher Eligibility Test (KTET) നാല് വിഭാഗമായാണ് (Category) നടക്കുന്നത്. Ph.D., M.phil, M.Ed., NET, SET, CTET പരീക്ഷകള്‍ ജയിച്ചവരെ KTET ല്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പരീക്ഷ ഭവനാണ് പരീക്ഷ നടത്തുന്നത്. 

കാറ്റഗറി   I - LP അധ്യാപക യോഗ്യതാ നിര്‍ണയത്തിന്.
കാറ്റഗറി  II - UP അധ്യാപക യോഗ്യതാ  നിര്‍ണയത്തിന്.
കാറ്റഗറി III - HS അധ്യാപക യോഗ്യതാ  നിര്‍ണയത്തിന്.
കാറ്റഗറി IV - UP സ്‌കൂളുകളില്‍ KER നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളോടെ നിയമിക്കപ്പെടുന്ന ഭാഷാധ്യാപകര്‍, പ്രവൃത്തി പരിചയകലകായികാധ്യാപകര്‍ എന്നിവര്‍ക്കുള്ള യോഗ്യതാ നിര്‍ണയത്തിന്.

വെബ് വിലാസം: https://ktet.kerala.gov.in/