സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്

 

 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന അതിക്രമങ്ങളെ അതിജീവിച്ചവർക്കുള്ള പിന്തുണയും സഹായവും 24 മണിക്കൂറും ഉറപ്പുവരുത്തുന്ന  സെന്ററാണ് സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്. സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്  നിലവിൽ 14 ജില്ലകളിലും ആരംഭിച്ച് പ്രവർത്തനം നടത്തിവരുന്നു. സ്നേഹിതയിൽ സേവനത്തിനും പിന്തുണയ്ക്കുമായി എത്തുന്നവർക്ക് താത്കാലിക താമസ സൗകര്യവും കൗൺസിലിംഗും പുനരധിവാസ സഹായങ്ങളും മറ്റ് വകുപ്പുകളുമായി ചേർന്ന് നിയമപരിരക്ഷയും നൽകുന്നു. സെന്ററുകളിൽ 24 മണിക്കുറും പ്രവർത്തിക്കുന്ന ടെലി കൗൺസിലിങ്ങ് സേവനവും ലഭ്യമാണ്. വിവിധ സ്ക്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസിലിങ്ങ് പിന്തുണയും നൽകുന്നു. വിവിധ സർക്കാർ സർക്കാരിതര വകുപ്പുകളും ഏജൻസികളുമായും സംയോജിച്ചാണ് സ്നേഹിത പ്രവർത്തനങ്ങൾ നടത്തുന്നത്.  

ലക്ഷ്യം

 1. സമൂഹത്തിൽ ഒറ്റപ്പെട്ടവരും, നിരാലംബരും, പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവും താത്കാലിക അഭയവും നൽകുന്ന ഒരു ഇടമായിരിക്കും ഈ കേന്ദ്രം.
 2. സഹായം അഭ്യർത്ഥിച്ചു വരുന്ന സ്ത്രീകൾക്ക് വേണ്ട പിന്തുണയും നിർദ്ദേശവും നൽകി അനുയോജ്യമായ  സേവനദാതാക്കളുമായോ സ്ഥാപനങ്ങളുമായോ  ബന്ധപ്പെടുത്തി  തുടർ നടപടികൾ സ്വീകരിക്കുക.
 3. മാനസികവും ശാരീരികവുമായ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അവശ്യഘട്ടങ്ങളിൽ താത്ക്കാലിക അഭയകേന്ദ്രമായി പ്രവർത്തിക്കുക
  അതിക്രമത്തിനിരയായവരെ പ്രശ്നങ്ങളെ നേരിടുന്നതിന് മാനസികമായി സജ്ജരാക്കുക. സമത്വത്തെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും അവബോധമുള്ളവരാക്കുക.
 4. മറ്റ് സ്ഥലങ്ങളിൽ നിന്നും യാത്ര ചെയ്തുവരുന്ന സ്ത്രീകൾക്ക് അവശ്യ സന്ദർഭങ്ങളിൽ ആവശ്യമായ പിന്തുണാ നിർദ്ദേശങ്ങൾ നൽകുക (താമസം, സ്ഥലങ്ങൾ-സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ).
  ഉപജീവനം-അതിജീവനം-സുരക്ഷ തുടങ്ങിയവയ്ക്കായി ഏതെങ്കിലും സർക്കാർ-സർക്കാരേതര സ്ഥാപനങ്ങളുടെ സേവനം ആവശ്യമായ സ്ത്രീകൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു സർവീസ് സെന്ററായി പ്രവർത്തിക്കുക
  പരിശീലനകളരികളും, ബോധവത്ക്കരണ ക്ലാസ്സുകളും, കൗൺസിലിംഗും നൽകുക
 5. ഉപജീവനത്തിന് ആവശ്യമായ വ്യത്യസ്ത വൈദഗ്ദ്ധ്യങ്ങൾ നേടാൻ സഹായിക്കുകയും അവരുടെ വൈദഗ്ദ്ധ്യങ്ങൾക്ക് അനുസരിച്ച് ജീവിത നൈപുണ്യ പരിശീലനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുക.