ഇന്ദിര ഗാന്ധി

Why did former Prime Minister Indira Gandhi impose Emergency on June 25,  1975 | India News | Zee Newsഇന്ദിര ഗാന്ധി (1917 -1984 )

ഇന്ത്യയിലെ ഒരേ ഒരു വനിതാ പ്രധാനമന്ത്രിയും നാല് തവണ ആ പദവിയിലെത്തുകയും ചെയ്ത സ്ത്രീയാണ് ഇന്ദിര പ്രിയദർശിനി നെഹ്‌റു എന്ന ഇന്ദിര ഗാന്ധി. നെഹ്രുവിനു ശേഷം ഏറ്റവുംകൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ഇന്ദിര, ദീർഘവീക്ഷണമുള്ളതും അതിശക്തയായ ഒരു ഭരണാധികാരിയുമായിരുന്നു. 

1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട ഇന്ദിര, നെഹ്റുവിന്റെ മരണ ശേഷം രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്   ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ വാർത്താവിതരണ, പ്രക്ഷേപണ മന്ത്രിയായി ഇന്ദിര അധികാരമേറ്റെടുത്തു. 1966 ജനുവരി 24-ന് ലാല്‍ബഹാദുര്‍ ശാസ്ത്രിയുടെ മരണശേഷം ഇന്ദിര രാജ്യത്തെ മൂന്നാമത് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തു. ഇന്ദിരയുടെ ഭരണകാലയളവിൽ രാജ്യത്തെ വിവിധ മേഖലകൾ ദേശസാത്ക്കരിയ്ക്കപ്പെട്ടു. ബാങ്കുകളുടെ ദേശസാത്ക്കരണം ഇത്തരത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്. 

ഉത്തർ പ്രദേശിലെ റായ് ബറേലിയിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപെട്ട ഇന്ദിര രണ്ടാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1967 മുതൽ 71 വരെയുള്ള ഈ കാലഘട്ടത്തിനു ശേഷം ഇന്ദിര വീണ്ടും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപെടുകയും മൂന്നാംവട്ടവും പ്രധാനമന്ത്രി ആവുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അലഹബാദ് ഹൈക്കോടതി റദ്ദാക്കുകയും തുടർന്ന് ഇന്ദിര രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിയ്ക്കുകയും ഒരു ഏകാധിപതിയായി പെരുമാറുകയും ചെയ്തു. അടിയന്തിരാവസ്ഥയെക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരയും കോൺഗ്രസ്സിസ് പാർട്ടിയും പരാജയപെട്ടു. എന്നാൽ തുടർന്ന് വന്ന സർക്കാരിന് അധികനാൾ ആയുസ്സുണ്ടായിരുന്നില്ല. 

ഏഴാമത് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇന്ദിരയും കോൺഗ്രസ്സും വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരികയും ഇന്ദിര നാലാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇത്തവണ ഇന്ദിര ആന്ധ്രാപ്രദേശിൽ നിന്നുള്ള മേദക് ലോക്സഭാ മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടിയത്. 

ഇന്ത്യ എന്നാൽ ഇന്ദിരയെന്നും ഇന്ദിര എന്നാൽ ഇന്ത്യയെന്നുമുള്ള മുദ്രാവാക്യങ്ങൾ അക്കാലത്തു സജീവമായിരുന്നു. ഇന്ത്യ പാക്ക് യുദ്ധവും, ബംഗ്ളാദേശ് രൂപീകരണവും എല്ലാം ഇന്ദിരയ്ക്ക് രാജ്യത്ത് ഒരു പ്രത്യക പരിവേഷം ഉണ്ടാക്കിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സംഭവങ്ങളായിരുന്നു. 

ഖാലിസ്ഥാൻ വാദവും തുടർന്നുണ്ടായ സംഭവങ്ങളും ഇന്ദിരയുടെ കൊലയിൽ ആണ് കലാശിച്ചത്. ഖാലിസ്ഥാൻ വാദികൾ പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ കടന്നുകൂടുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇന്ദിര ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തുകയും പഞ്ചാബികൾ പുണ്യസ്ഥലമായി കരുതുന്ന സുവർണ്ണക്ഷേത്രത്തിൽ പട്ടാളക്കാർ കടക്കുകയും അത് വലിയതോതിലുള്ള പ്രതിഷധങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. 

ഓപ്പറേഷൻ ബ്ലൂസ്റ്റാറിനു ശേഷം സിഖുകാരിൽ നിന്ന് ഇന്ദിരാഗാന്ധിക്കു നേരെ അക്രമണമുണ്ടാകാൻ സാധ്യതയുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് ഐബിയിൽ നിന്ന് വന്നിരുന്നു. പ്രധാനമന്ത്രിയുടെ വസതിയ്ക്കരികിൽ ഡ്യൂട്ടിയിലുള്ള എല്ലാ സിഖ് ഭടന്മാരെയും അവിടെ നിന്ന് മാറ്റണം എന്നും അവർ നിർദേശിച്ചിരുന്നു. എന്നാൽ, ഇങ്ങനെയൊരു നിർദേശവും വഹിച്ചുകൊണ്ടുള്ള ഫയൽ ഇന്ദിരയുടെ മേശപ്പുറത്ത് എത്തിയപ്പോൾ ഒരൊറ്റ ചോദ്യമാണ് ഇന്ദിര ചോദിച്ചത്, " നമ്മൾ മതേതരത്വം ഉയർത്തിപ്പിടിക്കുന്നവരല്ലേ..? " സിഖ് സുരക്ഷാ സൈനികരെ ഡ്യൂട്ടിയിൽ നിന്ന് നീക്കുക എന്ന നിർദേശത്തിന് ഇന്ദിര വഴങ്ങിയില്ല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മതേതരത്വമൂല്യങ്ങൾ അതിലംഘിച്ചുകൊണ്ട് അങ്ങനെയൊരു വിവേചനം കാണിക്കാൻ അവർ വിസമ്മതിച്ചു. ഒടുവിൽ ആ 'വിസമ്മത'ത്തിന് സ്വന്തം ജീവൻ തന്നെ വിലയായി നൽകുകയും ചെയ്തു. 

1984 ഒക്ടോബർ 31നു പ്രധാനമന്ത്രിയുടെ വസതിയിൽ നിന്നും പുറത്തിറങ്ങിയ ഇന്ദിര നേരത്തെ തീരുമാനിച്ചുറപ്പിച്ച അഭിമുഖത്തിനായി  പീറ്റർ ഉസ്തിനോവ് എന്ന ഇംഗ്ലീഷ് ചലച്ചിത്രകാരൻ തയ്യാറായി ഇരിപ്പുണ്ടായിരുന്നു. ഉസ്തിനോവിന്റെ അടുത്തേയ്ക്ക് നടന്നു കൊണ്ടിരുന്ന ഇന്ദിരയുടെ നേർക്ക് വിക്കറ്റ് ഗേറ്റിനടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഭടൻ ബിയാന്ത് സിങ്ങ് തന്റെ റിവോൾവറെടുത്ത് നിറയൊഴിച്ചു. വെടിയുണ്ട ഇന്ദിരയുടെ വയറ്റിൽ തുളച്ചുകയറി. ഇന്ദിര തന്റെ വലതുകൈ ഉയർത്തിക്കൊണ്ട് മുഖം മറച്ചു. അപ്പോഴേക്കും, അടുത്തേക്ക് വന്നു കഴിഞ്ഞ ബിയാന്ത് സിങ്ങ് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് രണ്ടുതവണ കൂടി വെടിയുതിർത്തു. ഈ ഉണ്ടകൾ ഇന്ദിരയുടെ നെഞ്ചിലും, ചുമലിലും തറച്ചു. 
ഈ സംഭവം നടക്കുന്നതിന് അഞ്ചടി അകലെയായി മറ്റൊരു സുരക്ഷാ ഗാർഡായ സത്‌വന്ത് സിങ്ങ് തന്റെ തോംസൺ ഓട്ടോമാറ്റിക് ഗണ്ണുമായി നിൽപ്പുണ്ടായിരുന്നു. ആദ്യത്തെ വെടിയേറ്റ് ഇന്ദിരാഗാന്ധി വീണപ്പോൾ തന്നെ സത്‌വന്ത് ആകെ പകച്ചുപോയി. അടുത്ത നിമിഷം ബിയാന്ത് സിംഗിന്റെ ഘോരശബ്ദം മുഴങ്ങി, " സത്‌വന്ത്, ഗോലി ചലാവോ..." ഞെട്ടിയുണർന്ന സത്‌വന്ത് സിംഗ് തന്റെ യന്ത്രത്തോക്കിലെ ഇരുപത്തഞ്ചുണ്ടകളും ഇന്ദിരാഗാന്ധിയുടെ ദേഹത്തേക്ക് നിറയൊഴിച്ചു. അപ്പോഴേക്കും ബിയാന്ത് സിംഗിന്റെ റിവോൾവറിൽ നിന്ന് ആദ്യ ഉണ്ട പോയിട്ട് 25  സെക്കൻഡ് നേരം കഴിഞ്ഞിരുന്നു. മറ്റു സുരക്ഷാ ഭടന്മാർക്ക് അതുവരെ തിരിച്ച് ഒരു വെടിപോലും പൊട്ടിക്കാനായിരുന്നില്ല. 

പെട്ടെന്ന് തന്നെ ഇന്ദിരയുടെ അനുചരരെല്ലാം അവിടേക്ക് ഓടിയെത്തി. വെടിയുണ്ടകളേറ്റ് അരിപ്പപോലെ ആയിരുന്ന ഇന്ദിരയുടെ ശരീരം കണ്ടു പരിഭ്രാന്തരായ അവർ പരസ്പരം ആജ്ഞകൾ നൽകാൻ തുടങ്ങി. അപ്പോഴേയ്ക്കും ബിയാന്ത് സിംഗും സത്‌വന്ത് സിംഗും തങ്ങളുടെ ആയുധങ്ങൾ നിലത്തിട്ടു. "ഞങ്ങൾക്ക് ചെയ്യാനുള്ളത് ഞങ്ങൾ ചെയ്തുകഴിഞ്ഞു, ഇനി നിങ്ങൾക്ക് ചെയ്യാനുള്ളത് നിങ്ങൾ ചെയ്തോ..! " എന്ന് പറഞ്ഞു അവർ കീഴടങ്ങി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ദിര മരണപെട്ടു. 

1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഇന്ദിരയെ, പ്രസിഡണ്ട് വി.വി. ഗിരി രാജ്യത്തെ പരമോന്നത പുരസ്കാരമായ ഭാരതരത്നം നൽകി ആദരിച്ചു. 2011-ൽ ബംഗ്ലാദേശ് സർക്കാർ അവരുടെ പരമോന്നത ബഹുമതിയായ, ബംഗ്ലാദേശ് ഫ്രീഡം ഹോണർ മരണാനന്തരമായി ഇന്ദിര ഗാന്ധിയ്ക്ക് നൽകി ആദരിച്ചിട്ടുണ്ട്.

ഇന്ദിരാഗാന്ധിയുടെ ചരമദിനമായ് ഒക്ടോബർ 31 ഇന്ത്യയിൽ ദേശീയ പുനരർപ്പണ ദിനം അഥവാ രാഷ്ട്രീയ സങ്കല്പ് ദിനമായി ആചരിക്കുന്നു.