ഭാർഗവി തങ്കപ്പൻ

Bhargavi Thankappan

ഭാർഗവി തങ്കപ്പൻ 1942 -

കേരളത്തിൽ നിന്നുള്ള ആദ്യ ദളിത് എം.പി.യാണ് ഭാർഗവി തങ്കപ്പൻ. 1971-ല്‍ പട്ടികജാതി സംവരണ മണ്ഡലമായിരുന്ന അടൂരിൽ നിന്നാണ് കോൺഗ്രസ് നേതൃത്വം നൽകിയ മുന്നണിയിൽ നിന്നും സ്ഥാനാർത്ഥിയായി ഭാർഗവി തങ്കപ്പൻ മത്സരിച്ചത്. സിപിഐ ടിക്കറ്റിൽ മത്സരിച്ച ഭാർഗവി സിപിഐഎം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ലോക്സഭയിലെത്തുമ്പോൾ അവർക്ക് പ്രായം 29 വയസ്സായിരുന്നു. ഇതോടെ കേരളത്തിൽ നിന്നും ലോക്സഭയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റെക്കോർഡ് അവർക്ക് സ്വന്തമായി. 

ബിരുദാനന്തര ബിരുദധാരിയായ ഭാർഗവി കേരള മഹിളാ സംഘം, നാഷണൽ ഫെഡറേഷൻ ഏഫ് ഇൻഡ്യൻ വുമൺ, സി.പി.ഐ നാഷണൽ കൗൺസിൽ എന്നിവിടങ്ങളിൽ ഭാരവാഹിയായിരുന്നിട്ടുണ്ട്. അഞ്ചും ആറും ഏഴും എട്ടും പത്തും നിയമസഭകളില്‍ കിളിമാനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച ഭാര്‍ഗവി തങ്കപ്പന്‍ എട്ടാം കേരള നിയമ സഭയില്‍ ഡെപ്യൂട്ടി സ്പീക്കറായി. 2002 ല്‍ കല്ലുവാതുക്കല്‍ മദ്യദുരന്തകേസിലെ പ്രതിയായിരുന്ന മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് സി.പി.ഐ. ജില്ലാ കൗണ്‍സിലില്‍ നിന്ന് ഭാര്‍ഗവി തങ്കപ്പനെ പുറത്താക്കി. മാസപ്പടി വാങ്ങിയതിനു തെളിവുണ്ടെന്ന് കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച ജസ്‌ററിസ് വി.പി. മോഹന്‍കുമാര്‍ കമ്മീഷൻ കണ്ടെത്തിയിരുന്നു. പാര്‍ട്ടി നടപടിക്കു പിന്നാലെ അവർ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി.