'തൊഴിലാളികൾക്ക് ബോണസ്' - കെ മീനാക്ഷിയുടെ വാക്കുകൾ

ബോണസ് എന്ന തത്വം അം​ഗീകരിക്കുക ബോണസ് തരിക

K Meenakshi

ബോണസ് എന്ന തത്വം അം​ഗീകരിക്കുവാനും ബോണസ് തരിക എന്നീ ആവശ്യങ്ങൾക്കായി 1945 ൽ ആലപ്പുഴയിൽ വച്ചു നടന്ന സ്റ്റേറ്റ് ലേബർകമ്മീഷണർ വി കെ വേലായുധന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉന്നതതല കോൺഫറൻസിൽ യൂണിയനെ പ്രതിനിധീകരിച്ചുള്ള കെ മീനാക്ഷിയുടെ വാക്കുകൾ.
 
  " 1945 ൽ ആലപ്പുഴ വച്ചു. സ്റ്റേറ്റ് ലേബർ കമ്മിഷണർ വി. കെ. വേലായുധന്റെ നേതൃത്വത്തിൽ ഒരു ഉന്നതതല കോൺഫറൻസ് നടത്തി. യൂണിയനെ പ്രതിനിധികരിച്ച് ഞാനാണതിൽ പങ്കെടുത്തത്. മുതലാളിപ്രതിനിധികളും വന്നു. ചർച്ച ആരംഭിക്കുന്നതിനു മുമ്പ് പലതിനെപറ്റിയും പറഞ്ഞതിനു ശേഷം എന്റെ പേരു വിളിച്ചിട്ട് ലേബർ ആഫീസർ ബ്രിട്ടനിലേയും അമേരിക്കയിലേയും ജർമ്മനിയിലേയും തൊഴിലാളിബന്ധത്തെപ്പറ്റി വിശദീകരിച്ചു. കുറേ വിശദീകരണം കേട്ടപ്പോൾ ഞാൻ പറഞ്ഞു: “സാർ ഞങ്ങൾ ആലപ്പുഴയിലെ തൊഴിലാളികൾ ബ്രിട്ടൻ, അമേരിക്ക, ജർമ്മനി എന്നി രാജ്യങ്ങളിലെ മുതലാളിമാർക്കു വേണ്ടി പണിയെടുക്കുന്നില്ല. ആലപ്പുഴയിലെ മുതലാളിമാർക്കു കൊള്ളലാഭമെടുക്കാൻ ചോര നീരാക്കി പണിയെടുക്കുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്കു ചില വാർഷികാവശ്യങ്ങളുണ്ട്. ഞങ്ങൾ കിടക്കുന്ന പുരമേയണം, ഞങ്ങളുടെ കുഞ്ഞുങ്ങൾക്കു സ്കൂളിൽ പോകാൻ വസ്ത്രം വാങ്ങണം, പുസ്തകം വാങ്ങണം. ഇതിനായാണു ഞങ്ങൾ പണിയെടുക്കുന്നത്. ഈ ആവശ്യം മുതലാളിമാർ നിറവേറ്റണം. മറ്റു കാര്യങ്ങൾ എനിക്കു കേൾക്കണ്ട. അതുകൊണ്ട് ബോണസ് തത്വം അംഗീകരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ആവശ്യം, ലക്ഷ്യം. ഇതുകേട്ട് പെട്ടെന്ന് ലേബർ കമ്മീഷണർ എന്റെ മുഖത്തു നോക്കിപ്പറഞ്ഞു. നിങ്ങളുടെ പ്രസംഗം കേട്ടു. ഗവണ്മെന്റ് എന്നെ വിട്ടിരിക്കുന്നത് ബോണസ് വേണ്ട എന്നു നിങ്ങൾ അംഗീകരിക്കാത്ത പക്ഷം നിങ്ങൾ നടത്തുന്ന എല്ലാ സമരവും അടിച്ചമർത്തി ചോരയിൽ മുക്കിക്കൊല്ലുമെന്ന കാര്യം അറിയിക്കാനാണ് എന്ന്.

ഇതു കേട്ടപ്പോൾ എന്റെ ചോര തിളച്ചു. അതിനു തക്ക മറുപടി ഞാൻ കൊടുത്തു. ഹേ സാർ, നിങ്ങൾ ഞങ്ങളുടെ ഏറ്റവും മിതവും ന്യായവുമായ ആവശ്യം നേടിയെടുക്കാൻ ഞങ്ങൾ സ്വീകരിക്കുന്ന എല്ലാ സമരമാർഗ്ഗങ്ങളേയും അടിച്ചമർത്തുമെങ്കിൽ അവയെ അതിജീവിച്ചുകൊണ്ടുള്ള എല്ലാ സമരമാർഗ്ഗങ്ങളും അടവുകളും തന്ത്രങ്ങളും ഞങ്ങൾ ഉപയോഗിക്കും. ഞങ്ങളുടെ അവകാശങ്ങൾ ഞങ്ങൾ പിടിച്ചുവാങ്ങുകതന്നെ ചെയ്യും. മേശപ്പുറത്തു ഇടിച്ചുകൊണ്ടാണ് ഞാനിത് പറഞ്ഞത്. അങ്ങയുടെ ഗവണ്മെന്റിനെ ഇതറിയിക്കാൻ യൂണിയൻ സെക്രട്ടറി എന്ന നിലയിൽ ഞാൻ താങ്കളെ ചുമതലപ്പെടുത്തുന്നു. രണ്ടു നിമിഷം ദീർഘശ്വാസം മാത്രം. ആരും മിണ്ടിയില്ല. “മീനാക്ഷി നമുക്കു പിരിയാം.' "ആൾ റൈറ്റ്' ഞാനും പറഞ്ഞു. "

References

References

ഒരുമ്പെട്ടവർ, പോരാട്ടങ്ങളിലെ സ്ത്രീജീവിതം - അലോഷ്യസ് ഡി ഫെർണാന്റസ്,ഡെൽസൺ എം സ്കറിയ