സുഗതകുമാരി അന്തരിച്ചു
പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവരെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ശ്വസന, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അലട്ടിയിരുന്ന സുഗതകുമാരി ഇന്ന് രാവിലെയോടെയാണ് അന്തരിച്ചത്. ഇന്നലെ വൈകീട്ടോടെ ഹൃദയാഘമുണ്ടായതിനെ തുടര്‍ന്ന് രാവിലെയോടെ ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശാന്തികവാടത്തില്‍ സംസ്ക്കാരം നടക്കും.
സ്വാതന്ത്രസമരസേനാനിയും എഴുത്തുകാരനുമായിരുന്ന ബോധേശ്വരന്റെയും പ്രശസ്ത സംസ്കൃതം പണ്ഡിതയായ വി. കെ. കാർത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 നാണ് ജനനം. തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപർ, സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, നവഭാരതവേദി വൈസ്പ്രസിഡന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള ഫിലിം സെൻസർ ബോർഡ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു.
കേരളത്തിന്റെ സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ സജീവപ്രവര്‍ത്തനം നടത്തിയ സുഗതകുമാരി കേരളത്തില്‍ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ'അഭയ' എന്ന സ്ഥാപനം ആരംഭിച്ചു. വനനശീകരണത്തിനെതിരെ ശബ്ദമയുർത്തിയ സുഗതകുമാരി, സൈലന്റ്വാലി, അട്ടപ്പാടി, ആറന്മുള എന്നിവിടങ്ങളിലെ പരിസ്ഥിതി പോരാട്ടങ്ങളിൽ ശ്രദ്ധേയ പങ്കു വഹിച്ചു.
സാഹിത്യത്തിനും സാമൂഹികസേവനത്തിനുമായി നിരവധി അംഗീകാരങ്ങൾ നേടി. 2006 ൽ പത്മശ്രീയും 2009 ൽ എഴുത്തച്ഛൻ പുരസ്കാരവും 2013 ൽ സരസ്വതി സമ്മാനും ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഒാടക്കുഴൽ അവാർഡ്, വള്ളത്തോൾ അവാർഡ്, ബാലാമണിയമ്മ അവാർഡ്, ലളിതാംബിക അന്തർജനം അവാർഡ്, ആശാൻ പ്രൈസ്, പി.കേശവദേവ് പുരസ്കാരം, കെ.ആർ. ചുമ്മാർ അവാർഡ്, ഒഎൻവി സാഹിത്യ പുരസ്കാരം, ജ്ഞാനപ്പാന പുരസ്കാരം, ജവഹർലാൽ നെഹ്റു പുരസ്കാരം, ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസ് അവാർഡ്, പനമ്പിള്ളി പ്രതിഭാ പുരസ്കാരം,പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം, ലൈബ്രറി കൗൺസിൽ പുരസ്കാരം, തോപ്പിൽഭാസി പുരസ്കാരം, സ്ത്രീശക്തി പുരസ്കാരം തുടങ്ങിയവ ലഭിച്ചു. കേന്ദ്രസർക്കാരിന്റെ ആദ്യത്തെ ‘വൃക്ഷമിത്ര’ അവാർഡ് സുഗതകുമാരിക്കായിരുന്നു.
1960-ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച 'മുത്തുച്ചിപ്പി' എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, വായാടിക്കിളി, കാടിനു കാവൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ വേലായുധന് നായരായിരുന്നു ഭര്‍ത്താവ്. ലക്ഷ്മി ഏകമകളാണ്.