മഹിളാപ്രസ്ഥാനത്തിന്റെ തുടക്കവും രൂപീകരണവും
ഫാക്ടറികളിൽ നിന്നും തൊഴിലാളികളെ കൂട്ടം കൂട്ടമായി പിരിച്ചുവിടുന്ന കാലത്ത് സ്ത്രീകളെ അണിനിരത്തി നടത്തിയ സമരം തൊഴിലാളി സ്ത്രീകളുടെ ചെറുത്തുനിൽപ്പിന്റെ തുടക്കമായിരുന്നു. അവിടെ നിന്നുമാണ് മഹിളാപ്രസ്ഥാനം രൂപീകരിക്കാനുള്ള പ്രവർത്തനം തുടങ്ങിയത്. ആദ്യം താലൂക്ക് അടിസ്ഥാനത്തിലും പിന്നീട് തിരുക്കൊച്ചി മഹിളാസംഘവും അതിനെത്തുടർന്ന് കേരളാമഹിളാസംഘവും രൂപികരിക്കപ്പെടുകയായിരുന്നു. പിൽക്കാലത്ത് അഖിലേന്ത്യാ മഹിളാഅസോസിയേഷനായി ഈ സംഘടന മാറുകയായിരുന്നു.
1942ൽ ആലപ്പുഴയിൽ ഒരു ലോഡ്ജ് വാടകക്കെടുത്ത് കെ ദേവയാനിയും കെ. മീനാക്ഷിയും ആര്യാട്ടെ ദാക്ഷായണിയും ചുങ്കത്തുള്ള ഭവാനിയും ഒരുമിച്ച് താമസിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഓരോരുത്തർക്കും ഓരോ പ്രദേശത്തിന്റെ ചുമതലയായിരുന്നു വാർഡുകൾതോറും മഹിളാ സംഘടനാക്കമ്മറ്റികൾ രൂപീകരിച്ചു, പിന്നീടത് താലൂക്ക് അടിസ്ഥാനത്തിലുള്ള കമ്മിറ്റികളായി ഉയർന്നു. അമ്പലപ്പുഴ താലൂക്ക് മഹിളാസംഘത്തിന്റെ ആദ്യ സെക്രട്ടറിയായി കെ.ദേവയാനിയും, പ്രസിഡന്റായി കാളിക്കുട്ടി ആശാട്ടിയെയും തെരഞ്ഞെടുത്തു. കെ മീനാക്ഷിക്ക് കയർ ഫാക്ടറികളിലെ സ്ത്രീകളെ സംഘടിപ്പിക്കുന്നതിന്റെ ചുമതലയായിരുന്നു. കെ. മീനായോടാപ്പം രത്നമ്മ, കാളക്കുട്ടി ആശാട്ടി, റോസമ്മ പുന്നൂസ്, സുശീലാഗോപാലൻ, കെ.ആർ.ഗൗരിയമ്മ, ഭൈമി, അനസൂയ, പി കെ മേദിനി തുടങ്ങിയവരും ചേർന്നാണ് മഹിളാപ്രസ്ഥാനത്തിന് കരുത്ത് പകർന്നത്. എന്നാൽ സ.കെ. ദേവയാനിയുടെ പവർത്തനമേഖല മലബാറിലേക്ക് മാറ്റിയപ്പോൾ മഹിളാസംഘത്തിന്റെ പൂർണ്ണ ചുമതല കെ. മീനാക്ഷിയിൽ എത്തപ്പെട്ടു. കെ. മീനാക്ഷി സെക്രട്ടറിയും അഡ്വ.വിശ്വലക്ഷ്മി പ്രസിഡന്റുമായി ടൗൺ കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് കൊല്ലത്തും വയലാറും മുഹമ്മയിലും ചേർത്തലയിലും മറ്റും മഹിളാ സംഘടന - പ്രവർത്തനം ആരംഭിച്ചു.
സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന മദ്യവിരുദ്ധ ക്യാമ്പിലും, വിദേശവസ്ത്ര ബഹിഷ്ക്കരണ സമരത്തിലും മറ്റു സത്യാഗ്രഹങ്ങളിലെല്ലാം സ്ത്രീകളുടെ പങ്കാളിത്തം അവഗണിക്കാൻ കഴിയാത്തതായിരുന്നു. വാർഡു കമ്മറ്റികൾ, ടൗൺ കമ്മറ്റികൾ, താലൂക്ക് കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കുകയും പിന്നീട് കോട്ടയത്ത് വച്ച് തിരു-കൊച്ചി സംസ്ഥാന മഹിളാസമ്മേളനവും ചേരുകയുമുണ്ടായി. ഇതിനകം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഹിളാപ്രസ്ഥാനങ്ങൾ പ്രാദേശികമായി ഉയർന്നു വരികയും കേരളപ്പിറവിക്കുശേഷം അതിന് ഒരു പൊതുരൂപം ഉണ്ടാകണമെന്ന് ആശയം ശക്തമാകുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ 1957 ൽ കൊടുങ്ങല്ലൂർ വെച്ച് തിരു-കൊച്ചിയിലെയും മലബാറിലെയും മഹിളാ സംഘടനകൾ ഒത്തുചേരുകയും "കേരള മഹിളാ സംഘം” രൂപീകരിക്കുകയും ചെയ്തു. സുശീലാഗോപാലൻ സെക്രട്ടറിയായും തങ്കമ്മഗംഗാധരൻ പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.ഭരണഘടനാ
1964ന്റെ അവസാനത്തിൽ രാജ്യരക്ഷാനിയമപ്രകാരം കൂട്ട അറസ്റ്റ് നടന്നപ്പോൾ സുശീലാഗോപാലനും കെ . ആർ. ഗൗരിയമ്മയും ശാരദാമ്മയും അടക്കമുള്ള മുൻനിര നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു മറ്റുള്ളവർ ഒളിവിൽ പോയി. പിന്നീട് തടങ്കലിൽ നിന്നും പുറത്തു വന്ന നേതാക്കൾ നിർജീവമായ സംഘടന പുനർജീവിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. അതിന്റെ ഭാഗമായി 1968 ഡിസംബർ 31 ന് “കേരള മഹിളാ ഓർഗനൈസിംഗ് കമ്മിറ്റിക്ക്” രൂപം നൽകി. കഴിവതും വേഗം ജീവനക്കാരികൾ സംഘടിച്ച് സംസ്ഥാന സമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും പൂർണ്ണാവസ്ഥയിൽ വിജയം കണ്ടില്ല. എങ്കിലും 1971 ൽ എറണാകുളത്ത് വച്ച് സംസ്ഥാന സമ്മേളനം ചേരുമ്പോൾ 70,000 ൽ പരം അംഗങ്ങളുള്ള സംഘടനയായി മാറുവാനും ആലപ്പുഴ, എറണാകുളം ത്യശൂർ, കോഴിക്കോട്, കണ്ണൂർ, എന്നിവടങ്ങളിൽ ജില്ലാക്കമ്മിറ്റികളും, കൊല്ലം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ പ്രാദേശിക കമ്മറ്റികളും നിലവിൽ വരുത്തുന്നതിനും കഴിഞ്ഞു. തുടർന്ന് അദ്ധ്വാനിക്കുന്ന സ്ത്രീകളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് അവരുടെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളിൽ പങ്കെടുത്തു രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ ചലനം സൃഷ്ടിക്കാൻ കഴിയുന്ന ഒരു സംഘടനയായി “കേരളാ മഹിളാ ഫെഡറേഷൻ വളരാൻ തുടങ്ങി.
ആലപ്പുഴ കമ്പനിച്ചിറയിലെ ഭൂമിപിടിച്ചെടുക്കൽ സമരം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. അക്കാലത്ത് ആലപ്പുഴ നെഹ്റുട്രോഫി വാർഡിൽ നടന്ന കൂട്ട ബലാൽസംഗം മനുഷ്യത്വമുള്ളവരെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു..ബലാത്
ഇതു സംബന്ധിച്ച് വി.എസ്.അച്യുതാനന്ദൻ നിയമസഭ യിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയം
സർ,
ഇന്നലെ രാത്രി ഏതാണ്ട് ഒരുമണിയോടുകൂടി ആലപ്പു ഴയിൽ നിന്നു കിട്ടിയ ടെലഗ്രാം അനുസരിച്ച് ഞാൻ സ്ഥലത്തു പോയി നേരിട്ട് അന്വേഷിച്ചതിൽ എനിക്കു കിട്ടിയ വിവരങ്ങൾ ഞാൻ പറയുകയാണ്. ആലപ്പുഴ ടൗണിനു കിഴക്കുവശമുളള പ്രസിദ്ധമായ നെഹറുട്രോഫി വാർഡിൽ കർഷകതൊഴിലാളികളും മുതലാളിമാരും തമ്മിൽ കൂലിയെ സംബന്ധിച്ചും ജോലി സമയത്തിന്റെ കാര്യത്തിലും ഉണ്ടായിരുന്ന തർക്കം ഒത്തു തീർപ്പിലെത്തുകയുണ്ടായി. അതനുസരിച്ച് അവിടെ വേലസമയം 6 മണിക്കൂറാണ്. 6 മണിക്കൂർ വേലസമയമായും സ്ത്രീ തൊഴിലാളിക്ക് മൂന്നേ കുക്കാൽ രൂപ കൂലിയും പരസ്പരം അംഗീകരിച്ച വ്യവസ്ഥയനുസരിച്ച് ഒരു മാസത്തോളമായി അവിടെ തൊഴിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഈ അടുത്ത കാലത്തുണ്ടായ ചില സംഘടനകൾ, ജോലിസമയം അഞ്ചരമണിക്കൂറായിട്ടാണ് തങ്ങൾ അംഗീകരിച്ചിരിക്കുന്നത് എന്നും, അതുകൊണ്ട് അഞ്ചര മണിക്കൂർ മാത്രമേ ജോലി ചെയ്യാവു എന്നും തൊഴിലാളികളോട് പറയുകയും പാടശേഖരങ്ങളിൽ ചെന്ന് അവരുടെ
കൊടിയുയർത്തി നിർബന്ധിക്കുകയും ചെയ്തു. തൊഴിലാളി സമരകാലങ്ങളിൽ മുതലാളിമാരുടെ കൂടെയും പോലീസു ബോട്ടിലും കണ്ടിട്ടുള്ള ഇവരുടെ നിർദ്ദേശത്തെ തൊഴിലാളികൾ കൂട്ടാക്കാതെ അവരുടെ യൂണിയനുമായുണ്ടായിട്ടുള്ള വ്യവസ്ഥപ്രകാരമുള്ള 6 മണിക്കുർതന്ന പണി തുടരുകയും ചെയ്തു. അങ്ങനെ ചെയ്തതിനെത്തുടർന്ന് എട്ടു ദിവസം മുമ്പ് മാർകിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള കർഷകതൊഴിലാളി യൂണിയനിലെ പങ്കജാക്ഷൻ എന്ന പ്രവർത്തകൻ ഉൾപ്പെടെ ചില തൊഴിലാളി പ്രവർത്തകരെയും ഇക്കൂട്ടർ
കൈയേറ്റം നടത്തി. ഇതു കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ മറിച്ച് പകരം വീട്ടുകയും തുടർന്ന് അവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയുമാണ്. ആ സംഘർഷാവസ്ഥ നിൽക്കുന്നതിനാൽ പോലീസ് രണ്ടുഭാഗത്തുമുളള ആളുകളുടെ മേൽ കേസ് എടുക്കുകയുണ്ടായി. ആ കേസിനെ സംബന്ധിച്ച് അന്വേഷണം നടത്താനെന്ന വ്യാജേന ഈ മാസം രണ്ടാം തീയതി രാതി ഉദ്ദേശം 11 മണിയോടുകൂടി 50 പേരടങ്ങുന്ന ഒരു പോലീസ് സംഘം നെഹ്റുട്രോഫി വാർഡിൽ ചെല്ലുകയും പുരുഷൻമാരെ ആകെ ഭയപ്പെടുത്തിയും മർദ്ദിച്ചും ഓടിച്ചശേഷം കുടിലുകളിൽനിന്ന് സ്ത്രീകളെ വലിച്ച് പുറത്തിട്ട് മാനഭംഗപ്പെടുത്തുകയുണ്ടായി. ആ സ്ത്രീകളിൽ സരോജിനി എന്നു പേരായ ഒരു സ്തീ പോലീസിന്റെ ക്രൂരതയിൽനിന്നും മൽപ്പിടുത്തത്തിൽനിന്നും കുതറി ഓടുകയുണ്ടായി. ഏതാണ്ട് മുക്കാൽ മൈൽ ദൂരം വസ്ത്രങ്ങളില്ലാതെ, നൂൽബന്ധം പോലുമില്ലാതെ ആ സഹോദരി ഓടി മറഞ്ഞതുകൊണ്ടാണ് അവളെ ഇപ്പോൾ ജീവനോടുകൂടി കാണാൻ കഴിയുന്നത്. സരോജിനിയുടെ വീടിനു സമീപമുളള 65 വയസ്സുളള മാധവി എന്നു പറയുന്ന ഒരു വ്യദ്ധസ്ത്രീ ഞാൻ ഇന്നലെ അവിടെ ചെന്നപ്പോൾ കരഞ്ഞു കൊണ്ട് എന്നോടു പറയുകയുണ്ടായി. സരോജിനി, തങ്കമ്മ, ഭാനുമതി എന്നു പറയുന്ന 3 സ്ത്രീകളും ഇന്ന് ആലപ്പുഴ ആശുപത്രിയിൽ വേദന കടിച്ചിറക്കിക്കൊണ്ട് അപമാനം സഹിച്ചുകൊണ്ടു കഴിയുകയാണ്. പോലീസിന്റെ ക്രൂരമായ മർദ്ദനമേറ്റൊരു സഹോദരിയും ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിൽ ഉണ്ട്. അങ്ങനെ നാലുപേർ ആശുപത്രിയിലാണ്. സർ, തൊഴിൽ പ്രശ്നത്തെ സംബന്ധിച്ച് കേസുണ്ടാകുകയും അന്വഷണം നട ത്തുകയും ചെയ്യുക എന്നുളളതു മനസിലാക്കാം. എന്നാൽ നിരപരാധികളായ സ്തീകളെ ഈ വിധത്തിൽ ഉപദ്രവിക്കുക എന്നു പറയുന്നത് ഈ സ്വതന്ത്രഭാരതത്തിൽ, അതും ഒരു മഹിളാമണി രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ഇൻഡ്യാരാജ്യത്ത് ആ മഹിളാമണിയുടെ കക്ഷിക്കാർ മൂക്കുകയർ പിടിക്കുന്ന അച്യതമേനോൻ മന്ത്രിസഭയുടെ കീഴിൽ നടക്കുക എന്നു പറയുന്നത് ലജ്ജാകര മാണ്. കാൽ നൂറ്റാണ്ടിനു മുമ്പ് നാസി ഹിറ്റ്ലറുടെ കീഴിൽ ജർമ്മനിയിലോ ടോജോയുടെ കീഴിൽ ജപ്പാനിലോ, മുസോളിനിയുടെ ഇറ്റലിയിലോ നടന്നിട്ടുള്ളതാണ് ഇവിടെ ഇപ്പോൾ നടന്നത്. നമ്മൾ ജീവിക്കുന്നത് ജർമ്മനിയിലോ, ഇറലിയിലോ അല്ല, സ്വതന്ത്രഭാരതത്തിലാണ്. ഇവിടെ കാക്കി ഉടച്ചു ധരിച്ച ഈ കാട്ടാളന്മാർ നടത്തിയ ഈ വൈശാചികമായ നടപടി ഇനിയൊരിക്കലും തുടരാൻ നാം അനുവദിക്കുമോ എന്ന കാര്യം ഗൗരവമായി പരിണിക്കേണ്ടിയിരിക്കുന്നു. അതു സംബന്ധിച്ച് ഈ സഭയുടെ എല്ലാ ഭാഗത്തുമുള്ള മെമ്പർമാരുടെ അഭിപ്രായങ്ങൾ കേൾക്കാൻ എനിക്ക് സന്തോഷമുണ്ട്, ഈ കാര്യം തീർച്ചയായിട്ടം ഗൗരവമുള്ളതായി പരിഗണിച്ച് കുറ്റവാളികളുടെമേൽ സതസ്വര നടപടി കൈക്കൊള്ളണമെന്നും, മേലിൽ ഈ മാതിരി സംഭവങ്ങളുണ്ടാകാതിരിക്കാൻ അടിയന്തിര നടപടികളെടുക്കണമെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ അനുമതി നൽകണമെന്നും
ഞാൻ അപേക്ഷിക്കുകയാണ്. - (കേരള നിയമസഭ പ്രൊസീഡിംഗ്സ് 1970 നവംബർ-1)
ഇതോടുകൂടി മഹിളാ സംഘടന ജനകീയ പ്രശ്നത്തിൽ നേരിട്ട് ഇടപെടുകയും സമരങ്ങൾ നടത്തുന്നതിനു തയ്യാറാകുകയും സംസ്ഥാനത്തൊട്ടാകെ കാര്യമായി പ്രവർത്തിക്കുന്ന ജില്ലാക്കമ്മിറ്റികൾ നിലവിൽ വരുകയും ചെയ്തു. 1973 ൽ തിരുവനന്തപുരത്തുവച്ച് നടന്ന സംസ്ഥാന സമ്മേളനം സ്ത്രീകളുടെ ശക്തി വിളിച്ചറിയിക്കുന്നതായിരുന്നു.
1973 - ൽ നിന്ന് 1978 - ൽ എത്തിയപ്പോൾ സംഘടന ഒരുലക്ഷത്തിലധികം അംഗങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. 1981 മാർച്ചിൽ വിവിധ സംസ്ഥാനങ്ങളിലെ സമാനചിന്താഗതിയുൾക്കൊള്ളുന്ന മഹിളാസംഘടനകളെ സംയോജിപ്പിച്ച് ഇന്നുകാണുന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) രൂപീകരിക്കുകയുണ്ടായി.