റീമ കല്ലിങ്കൽ
മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയും നിർമ്മാതാവുമാണ് റീമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റീമയുടെ ആദ്യ ചിത്രം. ഒരു മാഗസിന്റെ കവർ ഗേളായി റീമ കല്ലിങ്കലിന്റെ ഫോട്ടോ കണ്ടിഷ്ടപ്പെട്ട സംവിധായകൻ ലാൽ ജോസ് Mazhai Varappoguthu എന്ന തമിഴ് സിനിമയിലേയ്ക്ക് തിരഞ്ഞെടുത്തു. പക്ഷേ ആ സിനിമ നടന്നില്ല. അതിനുശേഷമാണ് 2009-ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു വിൽ നായികയായി റീമ അഭിനയിയ്ക്കുന്നത്.2012-ൽ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ റീമ അവതരിപ്പിച്ച ടെസ്സ എന്ന കഥാപാത്രം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടി. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിനും അർഹയായി. റീമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.മലയാളം സിനിമകൾ കൂടാതെ തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
1984- ൽ തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ കല്ലിങ്കൽ വീട്ടിൽ കെ.ആർ. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ചു. കൂനൂർ സ്റ്റെയിൻസ് സ്കൂൾ, കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടി. ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റീമ, കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു.Taekwondo, Chao എന്നീ ആയോധനമുറകൾ റീമ അഭ്യസിച്ചിട്ടുണ്ട്. 2013 നവംബർ 1 -നായിരുന്നു റീമ കല്ലിങ്കലിന്റെ വിവാഹം. സംവിധായകൻ ആഷിക് അബുവിനെയാണ് റീമ വിവാഹം ചെയ്തത്.
ഏഷ്യാനെറ്റിന്റെ ഡാൻസ് റിയാലിറ്റിഷോയായ വൊഡാഫോൺ തകധിമിയിൽ സെമി ഫൈനലിസ്റ്റായിരുന്നു. ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റിഷോ അവതാരകയായും റീമ പ്രവർത്തിച്ചിട്ടുണ്ട്. 2014- ൽ "മാമാങ്കം" എന്ന പേരിൽ ഒരു ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചിയിൽ ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ റീമ കല്ലിങ്കൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. WCC (Women in Cinema Collective)യുടെ സ്ഥാപക അംഗം കൂടിയാണ് സാമൂഹികപ്രവർത്തകയായ റീമ കല്ലിങ്കൽ.