ശാസ്ത്രരംഗത്തെ വനിതകൾക്കായുള്ള ദിനം - ഫെബ്രുവരി 11
ഫെബ്രുവരി 11 ‘ശാസ്ത്രരംഗത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള ദിന’മായി ആചരിക്കാൻ യു.എൻ. തീരുമാനിച്ചത് 2015-ലാണ്. കാലം പുരോഗമിച്ചിട്ടും ശാസ്ത്രരംഗത്തെ സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് ഈ ദിനാചരണം തുടങ്ങിയത്. ശാസ്ത്രത്തിലെ സ്ത്രീകളുടെ മികവും പങ്കാളിത്തവും ആഘോഷിക്കുക്കുന്നതിനും ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനും ശാസ്ത്രവും ലിംഗസമത്വവും കൈകോർത്തുവരണമെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനും ഒക്കെയായി ഈ ദിവസം ആഘോഷിക്കുന്നു.
"കോവിഡ് -19 നെതിരായ പോരാട്ടത്തിന്റെ മുൻനിരയിലുള്ള വനിതാ ശാസ്ത്രജ്ഞർ”എന്നതാണ് ഇക്കൊല്ലത്തെ തീം. ശാസ്ത്രരംഗത്ത് ഇന്നും മുപ്പതുശതമാനത്തോളമേ സ്ത്രീകളുള്ളൂ. പുതിയ സാങ്കേതികാവിദ്യാ സംരഭങ്ങളിൽ വെറും രണ്ടു ശതമാനത്തിൽ മാത്രമാണ് സ്ത്രീ പ്രാതിനിധ്യം ഉള്ളത് ഇത് മാറേണ്ടതുണ്ട്.
1901-ൽ നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു തുടങ്ങിയതുമുതൽ 2019 വരെ വൈദ്യശാസ്ത്രത്തിൽ 207 പുരുഷന്മാർ നൊബേലിന് അർഹരായപ്പോൾ, ഈ മേഖലയിൽ വെറും 12 സ്ത്രീകൾക്കാണ് നൊബേൽ ലഭിച്ചത്. രസതന്ത്രത്തിൽ 179 പുരുഷന്മാർ പുരസ്‌കാരം നേടി, സ്ത്രീകൾ വെറും അഞ്ചുപേർ മാത്രം. ഭൗതികശാസ്ത്രത്തിൽ 210 പുരുഷന്മാർ ജേതാക്കളായപ്പോൾ, വെറും മൂന്നുസ്ത്രീകൾ മാത്രമാണ് നൊബേലിന് അർഹരായത്. ശാസ്ത്രത്തിന് ലഭിച്ച നൊബേൽ പുരസ്‌കാരങ്ങളുടെ മൊത്തം എണ്ണം നോക്കിയാൽ ഇങ്ങനെ: പുരുഷന്മാർ 596, സ്ത്രീകൾ 20. ഇത് ഏതെങ്കിലും മേഖലയിൽ സ്ത്രീകൾക്ക് അർഹമായ കഴിവില്ലാഞ്ഞിട്ടോ അവർ ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്താത്തത് കൊണ്ടോ അല്ല മരിച്ചു ഇത്തരമേഖലകളിലേയ്ക്ക് കടന്നു വരുവാൻ ഇന്നും സമൂഹം അവർക്ക് കല്പിയ്ക്കുന്ന ഭ്രഷ്ട്ട് മൂലമാണ്.
Raman effect കണ്ടെത്തിയ കാര്യം ലോകമറിഞ്ഞത് 1928 ഫെബ്രുവരി 28-നാണ്. 1930-ലെ ഭൗതികശാസ്ത്ര നൊബേൽ രാമന് ലഭിച്ചു. ‘രാമൻ പ്രഭാവം’ കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ടാണ്, 1986 മുതൽ ദേശീയ ശാസ്ത്രദിനമായി ഫെബ്രുവരി 28 ആചരിക്കാൻ ആരംഭിച്ചത്.
1934-ൽ സി.വി. രാമന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരു കേന്ദ്രമായി നിലവിൽവന്ന ‘ഇന്ത്യൻ സയൻസ് അക്കാദമി’യിൽ, രാമന്റെ ക്ഷണം സ്വീകരിച്ച് 1935-ൽത്തന്നെ ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞ ഡോ. ഇ.കെ. ജാനകിഅമ്മാൾ അംഗമായി. അതേസമയം, രാമനെന്ന പ്രഗല്‌ഭ ശാസ്ത്രജ്ഞനുകീഴിൽ അധികം പെൺകുട്ടികൾ പഠിക്കാനെത്തിയില്ല. എത്തിയ സ്ത്രീഗവേഷകർക്കോ, അത്ര നല്ല അനുഭവമല്ല ഉണ്ടായതെന്ന്, ഇക്കാര്യം വിശദമായി പഠിച്ച ആഭ സുർ പറയുന്നു (Dispersed Radiance 2011).
രാമനുകീഴിൽ ആദ്യം പഠനം നടത്തിയ വിദ്യാർഥിനി ലളിതാ ചന്ദ്രശേഖർ ആയിരുന്നു (രാമന്റെ ജ്യേഷ്ഠന്റെ മകനും നൊബേൽ ജേതാവുമായ എസ്. ചന്ദ്രശേഖർ വിവാഹം കഴിച്ചത് ലളിതയെ ആണ്). മഹാരാഷ്ട്രയിലെ കൊങ്കിണിബ്രാഹ്മണ കുടുംബത്തിൽനിന്നുള്ള സുനന്ദ ബായി ആയിരുന്നു രണ്ടാമത്തെ വിദ്യാർഥിനി. കേരളത്തിൽ ഹൈറേഞ്ചിലെ പീരുമേട്ടിൽ മോഡയിൽ കുടുംബത്തിൽ ജനിച്ച അന്നാ മാണി മൂന്നാമത്തെ വിദ്യാർഥിനിയും.
വർഷങ്ങളെടുത്ത് രാമനുകീഴിൽ മികവോടെ ഗവേഷണം ചെയ്തിട്ടും ചില സാങ്കേതികത്വങ്ങൾ ചൂണ്ടിക്കാട്ടി സുനന്ദാ ബായിക്കും അന്നാ മാണിക്കും മദ്രാസ് സർവകലാശാല പിഎച്ച്.ഡി. ഡിഗ്രി നിഷേധിച്ചു. രാമന്റെ ചെറിയൊരു ഇടപെടൽകൊണ്ട് വേണമെങ്കിൽ പരിഹരിക്കാൻ കഴിയുമായിരുന്ന പ്രശ്‌നമായിരുന്നു അത്. അന്ന പിടിച്ചുനിന്നു, സുനന്ദാ ബായിക്ക് അതിനു കഴിഞ്ഞില്ല. പ്രായോഗിക ഭൗതികശാസ്ത്രത്തിൽ സ്വീഡനിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് പോകാൻ തയ്യാറായിരുന്ന സുനന്ദാ ബായി ജീവനൊടുക്കി. എന്തുകൊണ്ട് അത് സംഭവിച്ചു എന്നകാര്യം ഇപ്പോഴും അറിയില്ല.
പിഎച്ച്.ഡി. കിട്ടിയില്ലെങ്കിലും ഇംഗ്ലണ്ടിലെത്തി കാലാവസ്ഥാ ഉപകരണങ്ങളെക്കുറിച്ച് പഠിക്കാൻ അന്നാ മാണിക്ക് അവസരം ലഭിച്ചു. തിരികെ ഇന്ത്യയിലെത്തിയ ആ ഗവേഷക, നൂറിലേറെ കാലാവസ്ഥാ ഉപകരണങ്ങൾ രൂപകല്പന ചെയ്തു. കാലാവസ്ഥാ നിരീക്ഷണത്തിന്റെ കാര്യത്തിൽ സ്വതന്ത്രഇന്ത്യയെ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കാൻ സഹായിച്ച ഗവേഷകയാണ് അന്നാ മാണി. എന്നാൽ എല്ലാ സ്ത്രീകൾക്കും ഇത് പോലെ തങ്ങളുടെ ലക്ഷ്യത്തിലെത്താൻ സാധിയ്ക്കുന്നില്ല. എല്ലാ രംഗങ്ങളിലുമെന്നപോലെ സ്ത്രീകൾക്കും മതിയായ പ്രാതിനിധ്യം ലഭിയ്‌ക്കേണ്ട മേഖലയാണ് ശാസ്ത്രവും.