അന്ന മാണി
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പദവിയിലെത്തിയ ഏക സ്ത്രീയാണ് അന്ന മാണി എന്ന മലയാളി ഗവേഷക. കാലാവസ്ഥാ നിരീക്ഷണത്തിലും പ്രവചനത്തിലും ലോകനിലവാരത്തിലേയ്ക്കും സ്വയംപര്യാപ്തതയിലേക്കും ഇന്ത്യയെ എത്തിച്ചതിൽ അന്ന മാണിയുടെ പങ്ക് ചെറുതല്ല.
ഹൈറേഞ്ചിലെ പീരുമേട്ടിൽ 1918 ഓഗസ്റ്റ് 23 ന്, മോഡയിൽ കുടുംബത്തിൽ എം.പി. മാണിയുടെയും അന്നാമ്മയുടെയും എട്ടുമക്കളിൽ ഏഴാമത്തെ കുട്ടിയായി അന്ന ജനിച്ചു. അമ്മ അന്നാമ്മ അദ്ധ്യാപികയായിരുന്നു. തിരുവിതാംകൂർ പൊതുമരാമത്ത് വകുപ്പിൽ സിവിൽ എഞ്ചിനിയറായിരുന്നു പിതാവ് മാണി.
മദ്രാസ്സിലെ പ്രസിഡൻസി കോളേജിൽ നിന്നും 1939 ൽ ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ബി.എസ്.സി. ഓണേഴ്സ് ബിരുദം നേടിയ അന്നാ മാണി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ സി.വി.രാമന്റെ ശിക്ഷണത്തിൽ ഗവേഷണം നടത്തി. അന്നവിടെ ഗവേഷകനായിരുന്ന മലയാളിയായ പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞൻ കെ.ആർ.രാമനാഥനും അന്നയുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകി. ഓണേഴ്സ് ഡിഗ്രി പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രിയായി കണക്കാക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അന്നയ്ക്ക് മദ്രാസ് സർവ്വകലാശാല ഡോക്ടറേറ്റ് നൽകാൻ വിസമ്മതിച്ചു. എന്നാൽ ഗവേഷണത്തിന്റെ മൗലികത കണക്കിലെടുത്ത് ഇപ്പോഴും ബാംഗ്ലൂരിലെ രാമൻ ആർക്കൈവ്സിൽ അന്നയുടെ പ്രബന്ധം സൂക്ഷിച്ചിട്ടുണ്ട്.
ഓസോൺ പാളിയെ സംബന്ധിച്ചു നടത്തിയ ഗവേഷണങ്ങളാണ് അന്നാ മാണിയുടെ മറ്റൊരു പ്രധാനപ്പെട്ട സംഭാവന. അന്തരീക്ഷ ഘടനയിൽ ഓസോണിനുള്ള പ്രാധാന്യത്തെപ്പറ്റി അന്നാ മാണി നടത്തിയ നിരീക്ഷണങ്ങൾ ശാസ്ത്രലോകം തിരിച്ചറിഞ്ഞത് പിന്നെയും രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം മാത്രമായിരുന്നു. അന്നാ മാണിയുടെ സംഭാവനകൾക്കുള്ള അംഗീകാരമായി അവരെ അന്താരാഷ്ട്ര ഓസോൺ കമ്മീഷനിൽ അംഗത്വം നൽകി ബഹുമാനിക്കുകയുണ്ടായി.
(Anna Mani in Payeme, Switzerland, 1956. | World Meteorological Organization)
സൗരോർജ്ജ വികിരണത്തെ സംബന്ധിച്ച് അന്നാ മാണി രചിച്ച രണ്ട് ഗ്രന്ഥങ്ങൾ (Hand Book of Solar Radiation Data for India 1980, Solar Radiation Over India 1981) ഇന്നും ഈ വിഷയത്തിൽ ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്ര ഗ്രന്ഥങ്ങളാണ്. ഇന്ത്യയിലെ പവനോർജ്ജ സാധ്യതയെ സംബന്ധിച്ച് അവർ ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥവും (Wind Energy Data of India 1983) പ്രസിദ്ധീകരിച്ചിരുന്നു. കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ച് ഇന്ത്യയിലെ സൗര–പവനോർജ ലഭ്യതാ പ്രദേശങ്ങൾ അവർ തിട്ടപ്പെടുത്തി. എഴുനൂറോളം പവനോർജ സാധ്യതാ കേന്ദ്രങ്ങൾ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി അവർ അടയാളപ്പെടുത്തുകയുണ്ടായി. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ബാംഗ്ലൂരിൽ സൗരോർജവും പവനോർജവും അളക്കുന്നതിനുള്ള ലളിതമായ ഉപകരണങ്ങൾ നിർമിക്കുന്നതിനുള്ള ഒരു ഫാക്ടറി അവർ സ്ഥാപിച്ചിരുന്നു. ഇന്റർനാഷണൽ റേഡിയേഷൻ കമ്മീഷൻ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് എന്നിവയിൽ അംഗമായിരുന്നതിന് പുറമേ അവർ അഞ്ചുവർഷത്തോളം കറന്റ് സയൻസ് അക്കാദമി പ്രസിഡന്റുമായിരുന്നു.
ഇന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നും ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച അന്നാ മാണി അന്തരീക്ഷപഠനത്തിൽ മികച്ച സംഭാവന നൽകിയിരുന്നു. 1963 ൽ തുമ്പയിൽ നിന്നും ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തുന്ന അവസരത്തിൽ വിക്രം സാരാഭായിയുടെ ക്ഷണപ്രകാരം കേരളത്തിലെത്തിയ അന്നാ മാണിയും സഹപ്രവർത്തകരുമാണ് വിക്ഷേപണത്തിനാവശ്യമായ അന്തരീക്ഷപഠന സംവിധാനങ്ങൾ ഒരുക്കിയത്.
(Mani and a colleague work on a radiosonde, a balloon-borne weather-measuring equipment. Credit: World Meteorological Organization)
യുക്തിപൂർവ്വം വേണം കാര്യങ്ങളെ സമീപിക്കാനെന്ന് അന്നയുടെ പിതാവ് മാണി ചെറുപ്പം മുതലേ കുട്ടികളെ ഉപദേശിച്ചു. 'സ്വന്തം നിലയ്ക്ക് പരീക്ഷിച്ചു തെളിയിക്കാൻ കഴിയാത്ത ഒരു പ്രസ്താവനയും സ്വീകരിക്കരുത് എന്നദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. അത്തരമൊരു കുടുംബത്തിൽ പിറക്കാനായതിൽ ഞാൻ ഭാഗ്യവതിയാണ്'-പിൽക്കാലത്ത് ഒരു അഭിമുഖത്തിൽ (WMO Bulletin, 1991) അന്ന പറഞ്ഞു.
അന്തരീക്ഷത്തിലെ ഓസോണിന്റെ തോതളക്കാനുള്ള ബലൂൺ ഉപകരണമായ ഓസോൺസോണ്ട് സ്വന്തമായി അന്നയും സഹപ്രവർത്തകരും കൂടി നിർമ്മിച്ചതോടെ സ്വന്തംനിലയ്ക്ക് ഓസോൺ പഠനം നടത്താൻ കഴിവുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. മൂന്നു പതിറ്റാണ്ടുകാലം നടത്തിയ ഓസോൺ പഠനത്തിന് 'ഇൻർനാഷണൽ ഓസോൺ കമ്മിഷൻ' പ്രശസ്തിപത്രം നൽകി അന്നയെ ആദരിച്ചു. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ 'കെ.ആർ. നാമനാഥൻ മെമ്മോറിയൽ മെഡലും' അന്നയ്ക്ക് ലഭിച്ചു.
1969 ൽ ഐ.എം.ഡി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഇൻസ്ട്രുമെന്റസ്) ആയി ഡെൽഹിയിലേക്ക് മാറിയ അന്ന, 1976 ൽ കാലാവസ്ഥാ വകുപ്പിൽ നിന്ന് വിരമിച്ചു. അവിവാഹിതയായിരുന്ന അവർ 1994 ൽ 76 വയസ്സുള്ളപ്പോൾ മസ്തിഷ്ക്കാഘാതത്തെ തുടർന്ന് അന്നയുടെ ജീവിതം വീൽചെയറിലാവുകയും തുടർന്ന് 2001 ഓഗസ്റ്റ് 16 ന് അവർ മരിയ്ക്കുകയുമായിരുന്നു.
(Anna Mani. Photo credit: Raman Research Institute Digital repository.)
ഇന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നും ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച അന്നാ മാണി അന്തരീക്ഷപഠനത്തിൽ മികച്ച സംഭാവന നൽകിയിരുന്നു. 1963 ൽ തുമ്പയിൽ നിന്നും ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തുന്ന അവസരത്തിൽ വിക്രം സാരാഭായിയുടെ ക്ഷണപ്രകാരം കേരളത്തിലെത്തിയ അന്നാ മാണിയും സഹപ്രവർത്തകരുമാണ് വിക്ഷേപണത്തിനാവശ്യമായ അന്തരീക്ഷപഠന സംവിധാനങ്ങൾ ഒരുക്കിയത്.
സാമൂഹ്യപ്രശ്നങ്ങളോട് സജീവമായി പ്രതികരിച്ചിരുന്ന ഒരു മനസ്സിന്റെ ഉടമ കൂടിയായിരുന്നു അന്നാ മാണി. വളരെ ചെറുപ്രായത്തിൽ തന്നെ വൈക്കം സത്യാഗ്രഹസമരം അവരെ സ്വാധീനിച്ചിരുന്നു. ഗാന്ധിജിയുടെ ഒരു ആരാധികയായിരുന്ന അന്ന സ്വജീവിതത്തിൽ ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടർന്നിരുന്നു. ജീവിതാവസാനം വരെ ഖദർ വസ്ത്രം മാത്രമേ അവർ ഉപയോഗിച്ചിരുന്നുള്ളൂ. പിൽക്കാലത്ത് അവർ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് കൂടുതൽ ആഭിമുഖ്യം കാണിച്ചു. തികച്ചും മതേതര മൂല്യങ്ങൾ സ്വജീവിതത്തിൽ പുലർത്തിയിരുന്ന അന്ന ഒരു അജ്ഞേയ വാദിയായി അറിയപ്പെടാനാണ് ആഗ്രഹിച്ചിരുന്നത്. 2001 ആഗസ്റ്റ് 16നു ആ മഹാപ്രതിഭ തിരുവനന്തപുരത്ത് വച്ച് നിര്യാതയായി. അവരുടെ ആഗ്രഹ പ്രകാരം മരണാനന്തരം മതപരമായ ചടങ്ങുകളില്ലാതെയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.