വനിതാസംഘടന

കുമാരി സരസ്വതി

"സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുക.... അടിമത്വം അനുഭവിക്കുന്ന മനുഷ്യരാശികളെ സംഘടിക്കുക...... സംഘടിക്കുക.....”

ലോകത്തിന്റെ ഒരു കോണിൽ നിന്നും ഈ കുഴൽവിളിയുയർന്നു. നവപുലരിയുടെ കോഴികൂവലുമായി കേട്ട ഈ ശബ്ദം ലോകമെമ്പാടും പ്രതിധ്വനിച്ചു. ഈ അലർച്ചയിൽ ഉണ്ടായ കൊടുങ്കാറ്റും എങ്ങും ചുഴറ്റിയടിച്ചു. അങ്ങനെ ഈ കാറ്റേറ്റ് ഓരോ രാജ്യവും, ഈ കുഴൽവിളി കേട്ട ഓരോ ജനസമൂഹവും ഉണർന്നെഴുന്നേറ്റു. എരിവെയിലത്തു പൊരിഞ്ഞുകൊണ്ടു പണിയെടുക്കുന്ന കർഷകനും അഹോരാത്രം ചോരനീരാക്കുന്ന തൊഴിലാളിയും വർഗ്ഗബോധത്തോടെ സംഘടിച്ചും, അതുകണ്ട് അടിമത്വത്തിന്റെ ചങ്ങല പൊട്ടിക്കാൻ സംഘടനയ്ക്ക് കഴിവുണ്ടെന്നു മനസ്സിലായപ്പോൾ എല്ലാ ജനവിഭാഗങ്ങളും - അധ്യാപകനും, വിദ്യാർത്ഥിയും, തണ്ടാനും താവാനും, ജി.ഓയും എൻ.ജി.ഓയും ജന്മിയും മുതലാളിയും എന്തിനു എല്ലാ ജനവിഭാഗവും- സംഘടിച്ചു. ഇനി സംഘടിക്കേണ്ടതായിട്ടുണ്ടെങ്കിൽ അതു എക്സ് മന്ത്രിമാർ മാത്രമാണ്. ബാക്കി എല്ലാവരും സംഘടിച്ചുകഴിഞ്ഞു. അതിൽ ഏറ്റവും ഒടുവിൽ എന്നു തന്നെ പറയട്ടെ- ഏറ്റവും ഒടുവിൽ സംഘടിച്ചത് വനിതകളാണ്. അബലകളായ വനിതകൾ. വനിതകൾ സംഘടിക്കുന്നു, സഹോദരിയും പുത്രിയും അടിമത്വത്തിന്റെ ചങ്ങല പൊട്ടിക്കുന്നു എന്നു കേട്ടപ്പോൾ പുരുഷൻ ഞെട്ടിക്കാണും. മേധാവിത്വത്തിന്റെ ഘനഗാംഭീര്യത്തോടെ അവൻ ചവുട്ടിയിരുന്ന കാൽചുവട് ഭൂകമ്പം സംഭവിച്ചതുപോലെ കുടുങ്ങിക്കാണും. ഇതു ശ്രവിച്ച ആ ആദ്യത്തെ നിമിഷം പ്രപഞ്ചം അതിശീഘ്രം കറങ്ങുന്നതായി അവനു തോന്നിയിട്ടുണ്ട്. അവന്റെ അടിവയറ്റിൽ നിന്നും ഒരു “റാക്കറ്റ്” പൊട്ടി മുകളിലോട്ട് ഉയരുകയും .

സ്തംഭിച്ചു നിശ്ചേഷ്ടനായി നിന്ന പുരുഷൻ, ആ നിൽപ്പിൽ തന്നെ ആത്മഗതത്തിൽ ചോദിച്ചിട്ടുണ്ട്. “ഹും, നിങ്ങൾ വനിതകളും സംഘടിക്കുന്നുവോ! ആരോടാണ് നിങ്ങൾക്കു എതിർപ്പ്! ഇന്നത്തെ വ്യവസ്ഥിതിയോടോ, ഈ വ്യവസ്ഥിതിയിൽ പുലരുന്ന പുരുഷനോടോ...” ഞങ്ങൾ ഒരേ ശബ്ദത്തിൽ ലോകം പൊട്ടുമാറു വിളിച്ചു പറഞ്ഞു. “ഞങ്ങൾക്ക് ഈ വ്യവസ്ഥിതിയോടും ഇന്നത്തെ പുരുഷനോടും എതിർപ്പുണ്ട്. ശക്തിയായ എതിർപ്പ്.” പക്ഷെ പുരുഷന്മാർ ഇന്നു ഭാഗ്യവാന്മാരാണ്. ഇന്ന് എന്നാൽ നാളെ....? കാരണം ഞങ്ങൾക്കിന്നു ഒരു സംഘടനയില്ല. ഞങ്ങളുടേതായ ഒരു സംഘടന. ഇതു ഞാൻ പറയുമ്പോൾ ഒരായിരം സെക്രട്ടറിമാരും പ്രസിഡണ്ടുമാരും വനിതാ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് എന്റെ നേരെ ആക്രോശിച്ചു വീഴും. അതുകണ്ടുകൊണ്ടു തന്നെയാണ് ഞാൻ വീണ്ടും പറയുന്നു: ഞങ്ങൾക്കു ഞങ്ങളുടേതായ ഒരു സംഘടനയില്ല. ഞങ്ങളുടെ അടിമത്വം മാറ്റുന്നതിനും അവശത നീക്കുന്നതിനും കരുത്തും കാര്യശേഷിയും ഉള്ള ഒരു സംഘടനയില്ലാതന്നെ. ഇല്ല. ഇതു കേൾക്കുമ്പോൾ കൈയിൽ ഫയലുമായി നിൽക്കുന്ന സംഘടനാ ഉദ്യോഗസ്ഥകൾ പറയും. 'ഇവൾ തന്റേടക്കാരിയായ ഒരു പൊല്ലാപ്പുകാരി'യാണെന്ന്. ഇന്നാട്ടിൽ വനിതാ സംഘടനകൾ ശക്തിയായി പ്രവർത്തിക്കുന്നുണ്ടെന്നുള്ളതിന് ആ ഫയലുകൾ ചൂണ്ടിക്കാട്ടി അവർക്കു തെളിവു തരാൻ സാധിക്കും. ഞാനതു സമ്മതിക്കാം. ഇന്നാട്ടിൽ വനിതാ സംഘടനകൾ ഏറെയുണ്ട്. പത്രപ്പുറം മറിക്കുന്ന ഏവർക്കും അതറിയാം. വനിതാസംഘം, വനിതാമുന്നണി, മഹിളാസമാജം, മഹിളാ സേവാസംഘം, വിമൻസ് അസോസിയേഷൻ എന്നിങ്ങനെ പല പേരിൽ പ്രവർത്തിക്കുന്നുണ്ട്. ഇതുകളുടെ ഒക്കെ പ്രവർത്തനരീതി, അഥവാ പരിമിതിയും അപര്യാപ്തതയും ചൂണ്ടിക്കാണിക്കുന്നതിനാണ് ഈ ലേഖനം കൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത്. മേൽപ്പറഞ്ഞ ഈ സംഘടനകൾ വനിതകളുടെ പേരിൽ നിന്നു കൊണ്ടു അവരെ വഞ്ചിക്കുകയാണ്. ചൂഷണം ചെയ്യുകയാണ് ചെയ്യുന്നതും. ഈ സംഘടനകൾക്കു സ്ത്രീകളുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടത്താനോ അവരുടെ കൈച്ചങ്ങല പൊട്ടിക്കുന്നതിനോ കഴിയുമെന്നു വിചാരിക്കുന്നതു വെറും മൗഢ്യമാണ്. ഈ സംഘടനകൾ ഉള്ളതും ഇല്ലാത്തതും വനിതകളെ സംബന്ധിച്ചിടത്തോളം ഒന്നുപോലെയാണ്. അതുകൊണ്ടുതന്നെയാണ് വനിതകൾക്കു അവരുടേതായ ഒരു സംഘടനയില്ലെന്ന് വാദിക്കുന്നതും. അതു ഇനി ഉണ്ടാകേണ്ടിയിരിക്കുകയാണ്.

എന്റെ നാട്ടിലും വനിതാസംഘടനകൾ ഉണ്ട്. ഒന്നല്ല. മൂന്നെണ്ണം. അതിന്റെ ഒക്കെ പ്രവർത്തനങ്ങൾ കണ്ടുപഠിച്ചിട്ടാണ് ഞാനിതു പറയുന്നത്. ഒരു പീടിക ചുമരിൽ ഒട്ടിച്ചിരിക്കുന്ന വാൾപോസ്റ്റർ ജനാലയിൽകൂടി കണ്ടു കൊണ്ടാണു ഇതു കുറിക്കുന്നതും. വനിതാമുന്നണി അടുത്തു നടത്താൻ പോകുന്ന വാർഷികത്തിന്റെ വാൾപോസ്റ്റർ.

ഇതിനുമുൻപും ഇതുപോലെ വാർഷികങ്ങൾ പലതു നടത്തിയിട്ടുണ്ട്. ഒരു ദന്തഗോപുര നിലവാരത്തിലാണെങ്കിലും അതിലെ ചടങ്ങുകൾ ഞാൻ ശ്രദ്ധയോടെ നോക്കി പഠിച്ചിട്ടുണ്ട്. ഒരു മൈതാനമധ്യത്ത് നാട്ടിയിരിക്കുന്ന ചെങ്കൊടിയുടെ കീഴിൽ- കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നമുള്ള ചെങ്കൊടിയുടെ കീഴിൽ-അന്തിമ സൂര്യൻ മാമരങ്ങളിൽ ചെങ്കതിർ പരത്തുമ്പോൾ, പാടത്തും തൊഴിൽശാലയിലും പണി നിർത്തുമ്പോൾ ഈ മുന്നണിക്കാർ യോഗം കൂടും. നിശ്ശബ്ദനിശ്ചലമായ അന്തരീക്ഷത്തിൽ മൈക്കിൽനിന്നും ലളിതഗാനങ്ങൾ തെറിച്ചു വീഴുമ്പോൾ, അതു കേട്ട് കരൾ കുളുർക്കുന്ന തരുണികളും മുത്തശ്ശിമാരും ഉണർന്നു ആ മൈതാനത്തു തിങ്ങികൂടും. കമ്യൂണിസ്റ്റു പാർട്ടിയിലെ ഒരു സജീവ പ്രവർത്തകയായിരിക്കും അധ്യക്ഷത വഹിക്കുന്നത്. മറ്റു പ്രാസംഗികരും ഒന്നുകിൽ തികഞ്ഞ കമ്യൂണിസ്റ്റുകാരോ അല്ലെങ്കിൽ അവരുടെ പുത്തൻകൂറ്റുകാരോ ആയിരിക്കും. ഘോരഘോരം ഇവർ പ്രസംഗിക്കും. നിലവിലിരിക്കുന്ന ഗവർമെന്റിന്റെ മർദ്ദനനയത്തെപ്പറ്റിയും മുതലാളിയുടെ ചൂഷണത്തെപ്പറ്റിയും അതിനെതിരെയുള്ള പാർട്ടിയുടെ മുന്നേറ്റത്തെപ്പറ്റിയും ആയിരിക്കും ആ പ്രസംഗത്തിൽ കൂടുതലും മുഴങ്ങി കേൾക്കുന്നത്. സ്ത്രീകളെപ്പറ്റി ഒന്നും പറയുകയില്ല എന്നു ഞാൻ പറയുന്നില്ല. വല്ലതുമൊക്കെ വിരളമായി പറഞ്ഞേക്കും. ചില ഉപദേശങ്ങൾ “സ്ത്രീകൾ പണ്ടത്തെപ്പോലെ പുരയ്ക്കുള്ളിൽ ഇരുന്നാൽ പോരാ. പുരുഷനോടൊപ്പം സ്വന്തം ഭർത്താവിന്റെയും സഹോദരന്റെയും സമരത്തിൽ ധീരമായി പങ്കെടുക്കണം.... മുതലാളിയുടെ കൊള്ളരുതായ്മയെ ധീരമായി നിന്നു ചെറുക്കണം...” എന്നിങ്ങനെ. എന്നാലും പൊതുവെ നോക്കിയാൽ അതു ഒരു രാഷ്ട്രീയയോഗമായി തന്നെ ആർക്കും കാണാൻ കഴിയും. സ്ത്രീയുടെ നീറുന്ന പ്രശ്നങ്ങളേക്കാൾ രാഷ്ട്രീയകാര്യങ്ങളായിരിക്കും അതിൽ കൂടുതൽ വീറോടും വികാരത്തോടും കൂടി വാദിക്കുന്നത്. ഈ വനിതാമുന്നണിയുടെ ഔദ്യോഗികപ്രവർത്തകർ തന്നെ പാർട്ടിയുമായി ഉറ്റ സമ്പർക്കം പുലർത്തുന്ന യുവതികളായിരിക്കും. പ്രചരണങ്ങളും മറ്റും ഏറ്റെടുത്തു നടത്തുന്നത് പാർട്ടിസഖാക്കളായിരിക്കും. പാർട്ടി നടത്തുന്ന തൊഴിൽ സമരങ്ങളിൽ ഈ വനിതാ മുന്നണിയും സജീവമായി പങ്കെടുക്കുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്യും. “മെയ്ഡെ” പോലുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള ദിവസങ്ങളിൽ ഈ മുന്നണിക്കാരും യോഗം നടത്തുകയും പ്രമേയം പാസ്സാക്കുകയും ചെയ്യും. അങ്ങനെ ഇവരുടെ പ്രവർത്തനരംഗങ്ങൾ ഒന്നൊന്നായി കോർത്തിണക്കി നോക്കിയാൽ തനി രാഷ്ട്രീയത്തിന്റെ പരിമിതിക്കുള്ളിൽ ഒതുങ്ങുന്നതായി കാണാം. ചുരുക്കത്തിൽ ഈ വനിതാമുന്നണിയെന്നു പറയുന്നത് ഒരു രാഷ്ട്രീയമായ സംഘടനയുടെ വനിതാവിഭാഗം മാത്രമാണ്. ഈ മുന്നണിക്കു വനിതകളുടേതായ യാതൊരു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുകയില്ല. കാരണം ഇതു പുരുഷന്മാരുടെ സഹായത്തിലും സംരക്ഷണയിലും വളരുന്ന ഒന്നാണ്. പുരുഷന്റെ താല്പര്യങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രബലപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഒരുപകരണമായി ഈ സംഘടന അധപതിച്ചിരിക്കുകയാണ്. മാത്രമല്ല, ഈ മുന്നണിക്കു എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കാൻ കഴിയുകയും ഇല്ല. ഇന്നാട്ടിൽ സ്ത്രീകളിൽ നല്ലൊരു പങ്ക് ഇതിൽ നിന്നും ഒഴിഞ്ഞുമാറി നിൽക്കുകയാണ്. സമുദായത്തിലെ താഴ്ന്ന നിലവാരത്തിലുള്ള, അതായതു പണിയെടുക്കുന്നവരാണിതിൽ പ്രവർത്തിക്കുന്നത്. പണിയെടുക്കുന്നവരിൽ തന്നെ മൂന്നിൽ ഒരു ഭാഗം ആളുകളെ മാത്രമേ ഈ മുന്നണിക്കു പ്രതിനിധീകരിക്കാൻ സാദ്ധ്യമാവൂ. കമ്യൂണിസ്റ്റു പാർട്ടിയെ അന്ധമായും അർദ്ധമായും വിശ്വസിക്കുന്നവർ മാത്രം. ഭർത്താവും സഹോദരന്മാരും കാമുകനും വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പാർട്ടിയുടെ വളർച്ചയ്ക്കു ഉപോൽബലകമാണെന്നുള്ള ഏകകാരണത്താൽ ബോധപൂർവ്വം ഇതിൽ പ്രവർത്തിക്കുന്നവരും ധാരാളം ഉണ്ട്. അങ്ങനെ വനിതകളുടെ പേരിൽ സംഘടിപ്പിച്ചിട്ടു, ഒരു രാഷ്ട്രീയകക്ഷിയുടെ നാവായി പ്രവർത്തി ക്കുന്ന ഈ വനിതാമുന്നണിക്കു വനിതകളെ ഒന്നടങ്കം പ്രതിനിധീകരിക്കാനും അവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനും സാധ്യമാവുകയില്ലെന്നും ഇപ്പോൾ പകൽപോലെ വ്യക്തമായല്ലോ?

അടുത്തതായി “വനിതാസംഘ'മാണ്. ഇതിൽ കുറച്ചുകാലം ഞാൻ ഒരു എളിയ പ്രവർത്തകയായിരുന്നു. അന്നത്തെ അനുഭവങ്ങളാണ് ഞാൻ കുറിക്കുന്നത്. മേൽപറഞ്ഞ വനിതാമുന്നണിയും വനിതാസംഘവും തമ്മിൽ വളരെ അന്തരമുണ്ട്. മുന്നണി മൈതാനമധ്യത്തുവെച്ചു നാലുചുറ്റും ചെറുപ്പക്കാർ വളഞ്ഞു തിങ്ങി നിൽക്കവേ യോഗം നടത്തുന്നു. എന്നാൽ വനിതാസംഘം ഏതെങ്കിലും പബ്ലിക് ഹാളിലോ തീയേറ്ററിലോ വച്ച്, പുരുഷന്മാർക്കു പ്രവേശനം നിരോധിച്ചു കൊണ്ട്, വനിതകൾ മാത്രമായി യോഗം കൂടുന്നു. ഈ അന്തരം ഇവരുടെ എല്ലാ പ്രവൃത്തിയിലും കാര്യത്തിലും ഉടനീളം കാണാം, വനിതാസംഘത്തിന് പതാകയില്ല, പക്ഷേ അവർ ധരിക്കുന്ന ബാഡ്ജിന് ദേശീയപതാകയോട് അല്പം അടുപ്പമുണ്ട്. ഇതിലെ മിക്ക പ്രവർത്തകരും പെൻഷൻ പറ്റിയ ഉദ്യോഗസ്ഥകളും ഉന്നത ബിരുദധാരിണികളായ മധ്യവയസ്കരുമായിരിക്കും. അധികാരവർഗ്ഗത്തിന്റെ പാർശ്വവർത്തികളും ഇതിൽ പറ്റിക്കൂടിയിട്ടുണ്ടാവും. നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ ധീരധീരം പോരാടിയ വീരയോദ്ധാക്കളുടെ ജനനമരണദിവസങ്ങളെ യഥാക്രമം കൊണ്ടാടുന്നതൊക്കെയാണു ഇവരുടെ പ്രവർത്തനരംഗങ്ങളും ചടങ്ങുകളും. ഇവർ പ്രസംഗത്തിനും മറ്റും ക്ഷണിക്കുന്ന അതിഥികൾ സമുദായത്തിലെ ഉന്നതനിലവാരത്തിൽ ഉള്ളവരായിരിക്കും. അതായത് ലേഡി ഡോക്ടർ, കോളേജ് ലക്ചറർ, സാഹിത്യകാരികൾ മുതലായവർ. ഇവരൊക്കെ തീപ്പൊരി ചിതറുന്ന പ്രസംഗങ്ങൾ നടത്താറില്ല. അവരുടെ സംസാരം കാര്യമാത്രപ്രസക്തമായിരിക്കും. “ഒരു ഭാര്യ പുരുഷനു ഭാരമാകാതിരിക്കാൻ അവർ പുറത്തു പണിയെടുക്കാൻ പോകുമ്പോൾ സ്ത്രീയും എന്തെങ്കിലും കൈത്തൊഴിൽ ചെയ്യണം. വീട്ടാവശ്യങ്ങൾക്കുള്ള വെണ്ട, വഴുതനങ്ങ, കത്തിരി, മുളക് മുതലായ പച്ചക്കറികൾ നട്ടുവളർത്തണം. കുഞ്ഞുങ്ങൾക്കുള്ള കുട്ടി ഉടുപ്പുകൾ സ്വന്തമായി തുന്നണം. ശിശുക്കളെ രോഗം പിടിപെടാതെ ശുചിയായി സൂക്ഷിക്കണം. പരിഷ്ക്കാരത്തെ മറന്ന് കുഞ്ഞിനു സ്വന്തം മുലകൊടുത്തു തന്നെ വളർത്തണം.” ഇതൊക്കെ ആയിരിക്കും അവരുടെ പ്രസംഗത്തിൽ നാം ഉടനീളം കേൾക്കുന്നത്. ഇതൊക്കെയാണോ ഇന്നത്തെ സ്ത്രീയുടെ നീറുന്നപ്രശ്നങ്ങൾ....? അവളെ വീർപ്പു മുട്ടിക്കുന്ന വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലേ. ഉണ്ട്.... പക്ഷേ അതു കാണാനുള്ള കണ്ണു ഇവർക്കില്ല. നാടു ഭരിക്കുന്ന പുരുഷനു എതിരെ ശബ്ദമുയർത്താൻ ഇവർക്കു കരുത്തില്ല. അങ്ങനെ അന്നന്നത്തെ ഭരണമേധാവികളായ പുരുഷന്മാരുടെ ചേരിയിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന ഈ വനിതാസംഘത്തിന് എല്ലാ സ്ത്രീകളേയും ഉൾക്കൊള്ളാൻ കഴിയുന്നില്ല. സമുദായത്തിലെ ഏകദേശം മൂന്നിലൊന്നു വരുന്ന ഉന്നതനിലവാരത്തിൽ കഴിയുന്ന കുറെ പേർ മാത്രമേ ഈ സംഘടനയിൽ ഉള്ളു. അതു കാണ്ടു ഈ സംഘടനയ്ക്കും സ്ത്രീക്കുവേണ്ടി തക്കതായ യാതൊന്നും ചെയ്യുന്നതിനും നേടുന്നതിനും സാധ്യമല്ല. ഇതൊക്കെ കൂടാതെ ഗവർണ്മെന്റിന്റെ സാമൂഹ്യവികസനപദ്ധതി കൂടുതൽ വിജയപ്രദമായി മുന്നോട്ടു കൊണ്ടുപോവുന്നതിൽ മേൽപറഞ്ഞതുപോലുള്ള സംഘടനകളുടെ സഹായം അത്യാവശ്യമാണെന്നു കണ്ട് ഗവർമെന്റ് ഈ സംഘടനകൾക്കു വേണ്ട ധനസഹായവും മറ്റു പ്രോത്സാഹനങ്ങളും  ചെയ്ത് കൊടുക്കുന്നതു കണ്ടപ്പോൾ, മഴയത്തു കൂണുകുരുക്കുന്നതുപോലെ ഇന്നു വനിതാസംഘടനകൾ രൂപം പ്രാപിക്കുന്നുണ്ട്. ഇക്കൂട്ടത്തിലുള്ള ഒരു സംഘടന - മഹിളാസേവാസംഘം - ഇന്നാട്ടിൽ ഉടലെടുത്തിട്ടുണ്ട്. ഇവരുടെ ലക്ഷ്യവും സ്ത്രീവർഗ്ഗത്തിന്റെ പുരോഗതിയല്ല. സ്വന്തം കാര്യം സിന്ദാബാദ് എന്നതാണ്. ഗവർമെന്റിൽ നിന്നും കിട്ടുന്ന സഹായങ്ങളും ആനുകൂല്യങ്ങളും തങ്ങളുടെ ഉയർച്ചയ്ക്കുള്ള ഉപാധിയാക്കാനാണു ഇവരുടെ ഉദ്ദേശം. ഇതു വിശ്വാസമാകണമെങ്കിൽ ചില “ഭർത്താക്കന്മാരുടെ വനിതാസംഘട“നയ്ക്കുള്ള ശ്രമം വീക്ഷിച്ചാൽ മതി. സംഘടനയുടെ കേന്ദ്രം കെട്ടുന്നതിനും ഗ്രാൻഡ് കിട്ടുന്നതിനും ഈ പുരുഷന്മാർ പെടുന്ന പാടു കാണുമ്പോൾ ഏവരും ചിരിച്ചു പോവും. ഇങ്ങനെയുള്ള ഈ അല്പപ്രാണികളായ സംഘടനകൾക്കും വനിതകളുടെ യാതൊരു പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ സാധ്യമല്ല. 

ഇതൊക്കെ കൂടാതെ ഈ സംഘടനകളുടെ പരിധിക്കുള്ളിൽ ഒന്നും ഒതുങ്ങാതെ, പുരുഷനൊത്തു മണവറയിൽ സുഖമായി രമിക്കുന്ന തങ്ങളെ കല്ലും മുള്ളും വാരി എറിഞ്ഞു ശല്യപ്പെടുത്തുന്ന ഒരുകൂട്ടം പിശാചുക്കളാണ് ഈ വനിതാസംഘടനക്കാർ എന്നു കരുതി അവരെ തെറിവിളിക്കുന്ന സ്ത്രീകളും ഇന്നു ധാരാളമുണ്ട്. ഈ സ്ത്രീകൾ പുരുഷനെ അന്ധമായി വിശ്വസിക്കുകയും അടിമയെപ്പോലെ സ്നേഹിക്കുകയും ചെയ്യുന്നു. അവരുടെ മുഖസ്തുതിയിലും മണിമന്ത്രത്തിലും മയങ്ങിയ സ്ത്രീ തന്റെ അടിമത്വത്തെപ്പറ്റി ഓർക്കുന്നില്ല. കൈച്ചങ്ങല കാണുന്നില്ല. ഈ കാണുന്ന ജീവിതം തന്നെ സ്വർഗ്ഗമെന്നു അവൾ വിശ്വസിക്കുന്നു. 

ചുരുക്കത്തിൽ സ്ത്രീയിന്നു കല്ലിലടിച്ച പൂങ്കുലപോലെ ഒറ്റയ്ക്കും ഒരുമിച്ചും യാതൊരു ഐക്യബോധവും സംഘടനാശക്തിയും ഇല്ലാതെ കിടക്കുകയാണ്. ഈ അവസ്ഥയിൽ കിടന്നാൽ സ്ത്രീക്കു അവളുടെ കൈച്ചങ്ങല പൊട്ടിക്കാനും പുരുഷമേധാവിത്വം തട്ടിമാറ്റാനും ഒരിക്കലും സാധ്യമാവുകയില്ല. ഇത്തരുണത്തിൽ നാം എന്താണിനി ചെയ്യേണ്ടത് ? നാം ഏവരും ചിന്തിക്കേണ്ട കാര്യമാണ്.
ഞാനൊന്നു ചോദിച്ചോട്ടെ. വനിതാമുന്നണിയിലെ സ്ത്രീകൾക്കും വനിതാസംഘത്തിലെ സ്ത്രീകൾക്കും പ്രത്യേകം പ്രത്യേകം വല്ല അടിമത്വമോ അവശതയോ ഉണ്ടോ...? ഒരേ നാട്ടിൽ ഉള്ള സ്ത്രീകൾ വിഭിന്നമായ അടിമത്വമാണോ അനുഭവിക്കുന്നത്..? ഞങ്ങൾക്കു സ്ത്രീവർഗ്ഗത്തിനു ഒന്നായ അടിമത്വമല്ലേ ഉള്ളത്...? ആ നിലയ്ക്കു ഞങ്ങൾക്കു ഒരു നാട്ടിൽ എന്തിന് സങ്കുചിതമായ ഒന്നിലധികം സംഘടനകൾ. അതിനേക്കാൾ സുശക്തവും സുരക്ഷിതവുമായ ഒരു സംഘടനയല്ലേ നല്ലത്...?. ഞങ്ങൾ ചിന്നിച്ചിതറി പല കോണിൽ നിൽക്കുന്നതിനേക്കാൾ ഐക്യബോധത്തോടെ ഒറ്റക്കെട്ടായി നിൽക്കുന്നതല്ലേ കൂടുതൽ ബലം... ചിന്തിച്ചു നോക്കൂ...

എന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടെങ്കിൽ എനിക്കു ഇത്ര മാത്രമാണു പറയാനുള്ളത്. ഒരു നാട്ടിൽ ഒരു നിശ്ചിത അതിർത്തിക്കുള്ളിൽ, അതായതു പ്രകൃതിയുടെയോ താലൂക്കിന്റെയോ അടിസ്ഥാനത്തിൽ ഒരു സംഘടനയും അതിന്റെ കമ്മിറ്റിയും. ഈ കമ്മറ്റിക്കു അതിന്റെ മേൽഘടകത്തോട് ബന്ധമുണ്ടായിരിക്കണം. ഇങ്ങനെ സംസ്ഥാനമൊട്ടുക്കു ഈ വിധം സംഘടിക്കുകയും, ഈ കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു കേന്ദ്ര കമ്മറ്റി രൂപീകരിക്കുകയും ചെയ്യുക. ഈ സംഘടനയിൽ പ്രവർത്തിക്കുന്നതിനു ചുറുചുറുക്കുള്ള യുവതികളെ തെരഞ്ഞെടുക്കണം. അപ്പോൾ ഉറച്ച് സംഘടന കെട്ടിപ്പടുക്കാനും സാധിക്കും. ആ സംഘടനയിൽ കൂടി പുരുഷ മേധാവിത്വത്തോട് പോരാടാനുള്ള കഴിവും കരുത്തും ഞങ്ങൾക്കുണ്ടാവും. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയും. അതുകൊണ്ട് അടിമത്വത്തിന്റെ ചങ്ങല പൊട്ടിച്ച്, മനുഷ്യരായി ജീവിക്കണമെന്നു കൊതിക്കുന്ന എല്ലാ പേരുടെയും ശ്രദ്ധ ഇതിൽ പതിയണമെന്നു ഞാൻ അഭ്യർത്ഥിച്ചു കൊള്ളുന്നു.
 

കൗമുദി ആഴ്ചപ്പതിപ്പ്, വനിതാ പംക്തി, 9 മെയ് 1955, വാള്യം 6 (10). വന്ന ലേഖനം

References

References

കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ ആണരശുനാട്ടിലെ കാഴ്ചകൾ.... എഡിറ്റർ : ജെ ദേവിക മെയ് 2006 , കറന്റ് ബുക്ക്സ്