അന്താരാഷ്ട്ര വനിതാദിനം: സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും വൈകിട്ട് 4ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാരാചരണത്തിന്റെ ഏഴാം ദിനമായ (ശക്തി) മാര്‍ച്ച് 7-ാം തീയതി ശനിയാഴ്ച സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വണ്‍ ഡേ ഹോം: തമ്പാനൂര്‍ ബസ് ടെര്‍മിനല്‍: രാവിലെ 10 മണി

സംസ്ഥാനത്തെ ആദ്യ വണ്‍ ഡേ ഹോമിന്റെ ഉദ്ഘാടനം തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ എട്ടാം നിലയില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. പെണ്‍കുട്ടികള്‍, അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കായായാണ് തലസ്ഥാനത്ത് വണ്‍ ഡേ ഹോം ആരംഭിച്ചത്. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വണ്‍ഡേ ഹോമാണ് സജ്ജമാക്കിയിരിക്കുന്നത്. മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. രാജ്യത്ത് തന്നെയുള്ള ആദ്യ സംരംഭമാണിത്.

വനിതാദിന സംസ്ഥാനതല ഉദ്ഘാടനം: നിശാഗന്ധി: വൈകുന്നേരം 4 മണി

വൈകുന്നേരം 4ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 2019 വര്‍ഷത്തെ വനിതാരത്‌ന പുരസ്‌ക്കാരം, സര്‍ഗ അവാര്‍ഡ്, നൈറ്റ് വാക്ക് അവാര്‍ഡ്, വെബ്‌സൈറ്റ് ഉദ്ഘാടനം, വിമണ്‍ പോര്‍ട്ടല്‍, ആനിമേഷന്‍ സീരീസ് ലോഞ്ച്, പത്മശ്രീ നേടിയ വനിതകളെ ആദരിക്കല്‍, മികച്ച വനിതാ സംരംഭകരെ ആദരിക്കല്‍, ഐസിഡിഎസ് അവാര്‍ഡ്, മറ്റ് കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.


രാത്രിനടത്തം, നൈറ്റ് ഷോപ്പിംഗ്: നിശാഗന്ധി: രാത്രി 10 മുതല്‍

രാത്രി 10 മണിക്ക് നിശാഗന്ധിയില്‍ നിന്നും കിഴക്കേകോട്ട ഗാന്ധി പാര്‍ക്കിലേക്ക് രാത്രി നടത്തം ഉണ്ടായിരിക്കുന്നതാണ്. ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ ആരംഭിച്ച രാത്രി നടത്തം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരികയാണ്. ജില്ലാ വനിത ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി കൂട്ടായ്മ, റസിഡന്‍സ് അസോസിയേഷന്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ രാത്രി നടത്തം സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം നൈറ്റ് ഷോപ്പിംഗും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും നൈറ്റ് വാക്ക് ഉണ്ടായിരിക്കുന്നതാണ്.

രാത്രി നടത്തം സമാപനം, വനിതാ പുലരി: ഗാന്ധി പാര്‍ക്ക്: രാത്രി 11 മുതല്‍

രാത്രി 11 മണിയോടെ രാത്രി നടത്തം ഗാന്ധിപാര്‍ക്കില്‍ എത്തുന്നു. വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് മാര്‍ച്ച് എട്ടിന് വനിതാ പുലരി ആഘോഷങ്ങളോടെയാണ് വനിതാ വാരാചരണത്തിന്റെ സമാപനം.