സ്ത്രീ സാഹിത്യം: ലഘുചരിത്രം
സ്ത്രീസാഹിത്യം
പുരുഷാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനും നിലനിർത്താനുമായി കാലങ്ങളായി പുരുഷൻ സൃഷ്ടിച്ച സാഹിത്യത്തിൽ നിന്നും വ്യത്യസ്തമാണ് സ്ത്രീപക്ഷസാഹിത്യം അഥവാ പെണ്ണെഴുത്ത്. പുരുഷാധീശത്വത്തെ വളർത്താനും നിലനിർത്താനുമായി പുരുഷൻ സൃഷ്ടിച്ച ഭാഷാവ്യവഹാരങ്ങൾ കാലങ്ങളോളം സ്ത്രീയെ എന്നപോലെ അവളുടെ എഴുത്തിനെയും തളച്ചിട്ടിരുന്നു. ഈ ചട്ടക്കൂടിനുള്ളിൽ നിന്നും പുറത്തു കടക്കാനായി അവൾ നടത്തുന്ന ശ്രമങ്ങളായി സ്ത്രീപക്ഷ സാഹിത്യത്തെ നിർവചിക്കാം. സ്ത്രീവാദസാഹിത്യം, പെണ്ണെഴുത്ത് ഇവ സമാനാർത്ഥത്തിൽ ഉപയോഗിച്ച് വരുന്ന പദങ്ങളാണ്. സാറാജോസഫിന്റെ പാപത്തറ എന്ന കഥാസമാഹാരത്തിന് സച്ചിദാനന്ദൻ എഴുതിയ ആമുഖപഠനത്തിലാണ് പെണ്ണെഴുത്ത് എന്ന പദം മലയാളത്തിൽ ആദ്യമായി ഉപയോഗിച്ചിട്ടുള്ളത്. മലയാളത്തിൽ സ്ത്രീപക്ഷ രചനകൾ വളരെ മുന്നേ തന്നെ ഉണ്ടായിരുന്നു. ലളിതാംബിക അന്തർജ്ജനത്തിലും കെ.സരസ്വതി അമ്മയിലും ആരംഭിച്ച സ്ത്രീവാദസാഹിത്യം മാധവിക്കുട്ടിയിലൂടെയും ഗ്രേസിയിലൂടെയും അഷിതയിലൂടെയും ഒക്കെ വളർന്നു ഇന്ന് മലയാളസാഹിത്യത്തിൻറെ ശക്തമായ ശാഖയായി മാറിക്കഴിഞ്ഞിരിക്കുന്നു .
സ്ത്രീകൾ സമൂഹത്തിന്റെയും സാഹിത്യത്തിന്റെയും മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തപ്പെട്ടിരുന്ന ഒരു കാഴ്ചയാണ് കേരളസമൂഹത്തിൽ കണ്ടിരുന്നത്. പുരുഷൻ നോക്കിക്കണ്ട സ്ത്രീഭാവങ്ങളും വികാരങ്ങളുമാണ് മലയാളസാഹിത്യത്തിലും ആധിപത്യം പുലർത്തിപ്പോന്നത്. എങ്കിലും 19-ാം നൂറ്റാണ്ട് മുതൽക്കേ സ്ത്രീകളുടെ രചനകൾ വെളിച്ചം കണ്ടിരുന്നു. പുരുഷാധിപത്യ നിലപാടുകളോടുള്ള വിയോജിപ്പ് അവരുടെ രചനകളിൽ പ്രത്യക്ഷമായും പരോക്ഷമായും പ്രകടമായിരുന്നു. പ്രമേയത്തിലും അവതരണത്തിലും ധീരമായ നിലപാടുകൾ സ്വീകരിക്കാൻ സരസ്വതി അമ്മയെ പോലെ ഉള്ളവർ ശ്രമിച്ചിരുന്നു.
അറിവും അക്ഷരവും സ്ത്രീകൾക്കെന്നതു പോലെ അവർണർ എന്ന് മുദ്ര കുത്തപെട്ടവർക്കും അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും ആരംഭിച്ച യാത്രയാണ് മലയാള സാഹിത്യത്തിനും പ്രത്യേകിച്ച് പെണ്ണെഴുത്തിനും ഉള്ളത്. നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളോടും വ്യവസ്ഥകളോടും ഉള്ള കലഹം എന്ന നിലയിലാണ് എഴുത്തുകാരികൾ സാഹിത്യത്തെ സമീപിച്ചത്. . എങ്കിലും സാമൂഹികമായ പ്രശ്നങ്ങളിൽ നിന്നും അകന്നു നിൽക്കാനാണ് കൂടുതൽ എഴുത്തുകാരികളും ശ്രമിച്ചത്. സാമൂഹിക പ്രശ്നങ്ങളോട് അവരിൽ മിക്കവരും ആഭിമുഖ്യം പുലർത്തിയിരുന്നില്ല. സാഹിത്യരംഗത്ത് കൂടുതൽ കാലം നിൽക്കുവാൻ ആരും തയ്യാറായിരുന്നില്ല. സ്ത്രീയുടെമേൽ ഏല്പിക്കപ്പെടുന്ന കുടുംബസംബന്ധിയായ വിവിധ ഉത്തരവാദിത്വങ്ങളാണ് സ്ത്രീകളെ ഈ മേഖലയിൽ നിന്നും അകറ്റി നിർത്തുന്നത് .
ഇരയിമ്മൻ തമ്പിയുടെമകളായ കുട്ടിക്കുഞ്ഞുതങ്കച്ചി, കടത്തനാട്ടെ ലക്ഷ്മിത്തമ്പുരാട്ടി, തോട്ടക്കാട്ട് ഇക്കാവമ്മ എന്നിവർ ഇക്കാലത്തു ഉയർന്നു വന്നു. തോട്ടക്കാട്ട് ഇക്കാവമ്മയുടെ സുഭദ്രാർജുനം നാടകം പ്രസിദ്ധമാണ്. “ഭാമ യുദ്ധം ചെയ്തു, സുഭദ്ര തേര് തെളിക്കുന്നു ,വിക്ടോറിയ രാജ്യം ഭരിക്കുന്നു....” “എങ്കിൽ ചൊല്ലേറും കവിതയ്ക്കു മാത്രമവരാളല്ലെന്നു വന്നീടുമോ?"എന്നാണ് സാഹിത്യത്തിൽ പുരുഷാധിപത്യം നിലനിന്ന കാലത്ത് അവർ ഉയർത്തിയ വെല്ലുവിളി. പ്രസിദ്ധ നിരൂപകനായ സി .പി അച്യുത മേനോൻ സ്ത്രീ ജാതിയിലെ എഴുത്തച്ഛൻ എന്നാണ് ഇക്കാവമ്മയെ വിശേഷിപ്പിച്ചത്. എന്നാൽ ഇവരൊക്കെ മലയാള സാഹിത്യ ചരിത്രങ്ങളിൽ നിന്നും തമസ്ക്കരിക്കപ്പെട്ടുപോയി. സ്ത്രീകൾ രചിച്ച നിരവധി നോവലുകൾ സ്വകാര്യ ശേഖരത്തിൽ ഉണ്ടായിട്ടും തന്റെ സാഹിത്യ ചരിത്രത്തിൽ ഇവയെ പരാമർശിക്കാൻ ഉള്ളൂരും കൂട്ടാക്കിയില്ല. ചരിത്രത്തിന്റെ മുഖ്യധാരയിൽ നിന്നും സ്ത്രീ ആവിഷ്കാരങ്ങളെ ഒഴിവാക്കാനുള്ള സാഹിത്യചരിത്രകാരന്മാരുടെ ഇത്തരം ശ്രമങ്ങൾ സാഹിത്യചരിത്രത്തിനും പെണ്ണെഴുത്തിനും നഷ്ടം തന്നെയാണ് . ലളിതാംബിക അന്തർജ്ജനം, സരസ്വതിഅമ്മ, മാധവിക്കുട്ടി, ഗ്രേസി, അഷിത മുതൽ ഇങ്ങോട്ടുള്ള പുതുതലമുറയിലെ എഴുത്തുകാരികൾ വരെ ഈ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരായി സാഹിത്യവൃത്തിയിൽ ഏർപ്പെട്ടവരാണ്. വി.ടി ഭട്ടതിരിപ്പാടിന്റെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്', എം ആർ ബി യുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം" പ്രേംജിയുടെ 'ഋതുമതി "എന്നീ നാടകങ്ങളെ കൊണ്ടാടിയവർ ഇതേ രീതിയിൽ ചേർത്ത് വായിക്കേണ്ട അന്തർജനത്തിന്റെ "സാവിത്രി അഥവാ വിധവ വിവാഹം" എന്ന നാടകത്തെ അവഗണിച്ചു.1993ൽ ആർ ബി രാജലക്ഷ്മി കണ്ടെടുക്കുന്നത് വരെ ആ നാടകം ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഒരു ബാലവിധവയുടെ കഥയാണ് ഈ നാടകത്തിന്റെ വിഷയം. അക്കാലത്തു ബ്രാഹ്മണ സമുദായത്തിൽ നിലനിന്നിരുന്ന ഒരു അനാചാരമായിരുന്ന ബാലവിവാഹത്തിനെതിരെ പ്രതികരിക്കാൻ തയ്യാറായ സ്ത്രീയുടെ ചരിത്രം സമൂഹം അറിയാതിരിക്കേണ്ടത് പുരുഷസമൂഹത്തിന്റെ ആവശ്യമായിരുന്നു എന്നാണ് ഈ അവഗണനയെ മനസിലാക്കേണ്ടത്.
നവോത്ഥാനാനന്തരം കേരള സമൂഹത്തിലുണ്ടായ മാറ്റങ്ങൾ സ്ത്രീ ജീവിതത്തിലും പ്രതിഫലിച്ചു. കൈകൊട്ടിക്കളിപ്പാട്ടും ദൈവസ്തുതിയും മാത്രമാണ് സ്ത്രീക്ക് പറഞ്ഞിട്ടുള്ള സാഹിത്യ പ്രവർത്തനം എന്ന സ്ഥിതിയ്ക് മാറ്റം വരാൻ കാരണം അവൾ നേടിയ വിദ്യാഭ്യാസമാണ്. മേരിജോൺ തോട്ടം, മേരി ജോൺ കൂത്താട്ടുകുളം, മുതുകുളം പാർവതിയമ്മ, കടത്തനാട്ട് മാധവിയമ്മ, ബാലാമണിയമ്മ, ലളിതാംബിക അന്തർജനം എന്നിവർ ഈ കാലത്താണ് എഴുതി തുടങ്ങിയത്. ഒൻപത് നോവലുകൾ എഴുതിയ കെ ഭാരതിയമ്മ, ആറ് നോവലുകൾ എഴുതിയ ആനി തയ്യിൽ ഇവരെയൊന്നും സാഹിത്യ ലോകം ശ്രദ്ധിക്കാതിരുന്നത് അവർ സ്ത്രീകൾ ആയതുകൊണ്ട് മാത്രമാണ് .
വിവാഹം സ്ത്രീയ്ക്ക് തടവറയാണെന്ന് പുരുഷാധിപത്യ ലോകത്തോട് വിളിച്ച പറഞ്ഞ കെ സരസ്വതിയമ്മ അൻപതുകളിലും അറുപതുകളിലും സാഹിത്യലോക ത്തുണ്ടാക്കിയ കോളിളക്കം ചെറുതല്ലായിരുന്നു. പെൺബുദ്ധി, കനത്ത മതിൽ, കീഴ് ജീവനക്കാരി, ചോലമരങ്ങൾ, ഒരുക്കത്തിന്റെ നടുവിൽ, വിവാഹ സമ്മാനം, സ്ത്രീജന്മം, ചുവന്ന പൂക്കൾ, കലാമന്ദിരം, പ്രേമപരീക്ഷണം, എല്ലാം തികഞ്ഞ ഭാര്യ, ഇടിവെട്ട് തൈലം എന്നീ കഥാ സമാഹാരങ്ങളും, പുരുഷന്മാരില്ലാത്ത ലോകം എന്ന ലേഖനവും പ്രേമഭാജനം, പൊന്നിൻകുടം എന്നീ നോവലുകളും ദേവദൂതി എന്ന നാടകം എന്നിവ കെ സരസ്വതിയമ്മയുടെ കൃതികളാണ്.
അഗ്നിസാക്ഷി എന്ന ഒറ്റ നോവലിലൂടെ സ്ത്രീ ചിന്തയ്ക്കു പുതുവെളിച്ചം പകർന്ന എഴുത്തു കാരിയാണ് ലളിതാംബിക അന്തർജ്ജനം. അനേകം ചെറുകഥകളിലൂടെ സ്ത്രീ ജീവിതങ്ങൾക്ക് പുതുജീവൻ പകരാൻ അവർക്കായി. മനുഷ്യ പ്രകൃതിയിൽ സഹജമായ സംഘർഷങ്ങൾക്ക് ഇതിഹാസാഖ്യാനങ്ങളിലൂടെ പുതുമാനം നൽകിയ കവയിത്രിയാണ് ബാലാമണിയമ്മ. മാതൃത്വത്തിന്റെ കവയിത്രി എന്ന ചട്ടക്കൂടിനുള്ളിൽ പെടുത്തി അവരുടെ ഗൗരവമേറിയ രചനകളെ പോലും ലഘൂകരിച്ചുകാണാനേ നിരൂപകർ ശ്രമിച്ചുള്ളൂ. സ്ത്രീയോടും പ്രകൃതിയോടുമുള്ള മനുഷ്യന്റെ ക്രൂരതകൾക്കെതിരെ നിരന്തരം എഴുതുന്ന കവയിത്രിയാണ് സുഗതകുമാരി. പ്രണയവും കൃഷ്ണനും പ്രകൃതിയും ഒരുപോലെ അവരുടെ കവിതയിൽ കടന്നു വരുന്നു. ഗ്രാമശ്രീയുടെ കവയിത്രിയായിരുന്ന കടത്തനാട്ട് മാധവിയമ്മയും ഇവിടെ സ്മരണീയയാണ്.
സ്വന്തം പീഡകളെ അടിസ്ഥാനമാക്കി കഥകളെഴുതിയ കഥാകാരിയും നോവലിസ്റ്റുമാണ് രാജലക്ഷ്മി. 1956-ൽ മാതൃഭൂമി ആഴ്ച്പ്പതിപ്പ് പ്രസിദ്ധീകരിച്ച മകൾ എന്ന നീണ്ടകഥയിലൂടെയാണ് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. 1965 ജനുവരി 18-ന് രാജലക്ഷ്മി ആത്മഹത്യചെയ്തു. കേരളത്തിൽ വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോയ എഴുത്തുകാരിയാണ് മാധവിക്കുട്ടി. സ്ത്രീകൾ ആവശ്യത്തിലധികം സദാചാരവാദികളും പതിവ്രതകളും ആയിരിക്കണം എന്ന് ശഠിക്കുന്ന കേരളസമൂഹത്തിനു അവരുടെ എഴുത്തിന്റെ ശക്തി തിരിച്ചറിയാനായില്ല. സ്ത്രീകളുടെ വൈകാരിക സ്വാതന്ത്ര്യത്തെ വിളംബരം ചെയ്യുന്ന അവരുടെ കൃതികൾ ഒരു ഭ്രാന്തിയുടെ ജല്പനങ്ങളായി മാത്രമേ ചിലർക്കെങ്കിലും കാണാൻ കഴിഞ്ഞുള്ളു. എഴുതിയ രചനകളുടെ പേരിൽ ഇത്രയധികം കല്ലെറിയപ്പെട്ട എഴുത്തുകാരികൾ വേറെ ഉണ്ടായിട്ടില്ല . കേരളസമൂഹം ഇനിയും എത്രമാത്രം മാറേണ്ടതുണ്ടെന്നാണ് മാധവിക്കുട്ടിയുടെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. പ്രണയവും വികാരങ്ങളും ലൈംഗികതയും തുറന്നെഴുതാൻ പുരുഷൻ മാത്രം മതി എന്ന നിലപാടിനോടുള്ള ശക്തമായ വെല്ലുവിളിയായിരുന്നു അവരുടെ രചനകൾ. തന്റെ പിൻഗാമികളെ സ്വതന്ത്രമായി ചിന്തിക്കാനും എഴുതാനും പ്രാപ്തരാക്കിയത് മാധവിക്കുട്ടിയും അവരുടെ രചനകളുമാണ് .
വയനാട്ടിലെ ആദിവാസിജീവിതത്തിന്റെ പശ്ചാത്തലത്തിൽ ധാരാളം എഴുതിയ പി.വത്സല സ്ത്രീ എഴുത്തുകാരിൽ വേറിട്ട ശബ്ദമാണ്. സമൂഹത്തിൽ നിന്നും സ്ത്രീകളും മേലാളൻ എന്ന് സ്വയം കരുതുന്നവരിൽ നിന്നും ആദിവാസികളും അനുഭവിക്കുന്ന യാതനകളുടെ നേർ ചിത്രമാണ് അവരുടെ കൃതികളിൽ കാണുന്നത്. നെല്ല്','ആഗ്നേയം','കൂമൻകൊല്ലി', "നിഴലുറങ്ങുന്ന വഴികൾ', 'പാളയം', 'ചാവേർ', "ആരും മരിക്കുന്നില്ല', 'ഗൗതമൻ' മുതലായ നോവലുകളും ,പേമ്പി, 'അനുപമയുടെ കാവൽക്കാരൻ' തുടങ്ങിയ കഥാസമാഹാരങ്ങളും രചിച്ച പി.വത്സല ആദിവാസി ജീവിതത്തിന്റെ ഇരുളടഞ്ഞ കാഴ്ചകളിലേക്കാണ് അനുവാചകരെ കൈപിടിച്ചു നടത്തിയത്. ആദ്യകാല സാഹിത്യകാരികളുടെ രചനകളെ അതിവൈയക്തികതയും അമിത വൈകാരികതയും സങ്കുചിത രചനാമണ്ഡലങ്ങളും ആരോപിച്ചു. തള്ളിക്കളയുന്നതും, കുറ്റമാരോപിച്ചു താങ്ങാനാകാത്ത സംഘർഷങ്ങൾ അടിച്ചേൽപിക്കുന്നതും നടപ്പുരീതിയായിരുന്ന കാലത്തിന്റെ ബാക്കിപത്രമാണ് പ്രസിദ്ധ കഥാകാരിയായിരുന്ന രാജലക്ഷ്മിയുടെ ആത്മഹത്യ, കഥകളും നോവലുകളും രചിച്ച് ശ്രദ്ധേയയായ കാലത്തു തന്നെയാണ്. സ്ത്രീക്ക് വേണ്ടി പോരാടാതെ അവളുടെ ജീവിതം യാഥാർഥ്യ ബോധത്തോടെ ആവിഷ്കരിക്കാൻ ശ്രമിച്ച എഴുത്തുകാരിയാണ് സാറാ തോമസ്. ഇണങ്ങാത്ത മുഖങ്ങൾ,ഒറ്റപ്പെട്ട നിമിഷങ്ങൾ, ഗണിതം തെറ്റിയ കണക്കുകൾ, എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരുഷാധിപത്യ പ്രത്യയ ശാസ്ത്രത്തോട് പൊരുത്തപ്പെടാതെ സ്ത്രീയുടെ സ്വതന്ത്ര വ്യക്തിത്വത്തെ വിളംബരം ചെയ്യുന്നവയാണ് ഗ്രേസിയുടെ രചനകൾ പുരുഷനെയല്ല പുരുഷാധിപത്യ മൂല്യങ്ങളെയാണ് അവർ അംഗീകരിക്കാതിരുന്നത്. സ്ത്രീപുരുഷന്മാർക്കിടയിൽ വളർന്നുവരേണ്ട ശക്തമായ സൗഹൃദത്തെയാണ് അവർ സ്വാഗതം ചെയ്തത് പടിയിറങ്ങിപ്പോയ പാർവതി,നരകവാതിൽ ,മൂത്രത്തീക്കര ,ഭ്രാന്തൻപൂക്കൾ ,പനികണ്ണ് ,രണ്ട് സ്വപ്നദർശികൾ, പ്രണയം അഞ്ചടി ഏഴിഞ്ച് എന്നിവ കഥാസമാഹാരങ്ങൾ. അധീശവർഗമൂല്യങ്ങളെയും പുരുഷാധിപത്യ പ്രത്യശാസ്ത്രത്തെയും നിരന്തരം ചോദ്യം ചെയ്യുന്ന എഴുത്തുകാരിയായ സാറാജോസഫ് സ്ത്രീയെ മഹത്വവൽക്കരിക്കുന്ന മൃദുലഭാവങ്ങളെയും അംഗീകരിക്കുന്നില്ല. സാമൂഹികാസമത്വങ്ങൾ അധീശ വർഗ്ഗത്തിന്റെ സൃഷ്ടിയാണെന്ന് അവർ കരുതുന്നു. സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ സാക്ഷാത്കാരത്തിലൂടെയേ മനുഷ്യ വിമോചനം സാധ്യമാകൂ എന്ന പ്രായോഗിക വീക്ഷണമാണ് അവരുടേത്. പാപത്തറ, കാടിന്റെ സംഗീതം, മനസ്സിലെ തീ മാത്രം, നിലാവ് അറിയുന്നു, ഒടുവിലത്തെ സൂര്യകാന്തി,കാടിതു കണ്ടായോ കാന്ത എന്നീ കഥാ സമാഹാരങ്ങളും ഊരുകാവൽ, അലാഹയുടെ പെണ്മക്കൾ, ആളോഹരി ആനന്ദം എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീജീവിതത്തിലെ പൊള്ളുന്ന മുഹൂർത്തങ്ങൾ വികാരവത്തായി ആവിഷ്കരിക്കുന്ന എഴുത്തുകാരിയാണ് അഷിത. വിസ്മയചിഹ്നങ്ങൾ,അപൂർണവിരാമങ്ങൾ,നിലാവിന്റെ നാട്ടിൽ, ഒരുസ്ത്രീയും പറയാത്തത്, അഷിതയുടെ കഥകൾ എന്നിവ കഥാ സമാഹാരങ്ങൾ .ജാലവിദ്യ , അന്തർധാര ,മേഘ്ന ഈ കഥകളുടെ രചയിതാവായ ശോഭവാര്യരുടെ കൃതികളുടെ അന്തർധാരയും പെണ്ണെഴുത്താണ്. ഗ്രാമസർഗ്ഗ ചാരുതയോടെ കഥ പറയുന്ന എഴുത്തുകാരിയാണ് ചന്ദ്രമതി. സങ്കീർണമായ ജീവിതപ്രശ്നങ്ങൾ അവതരിപ്പിക്കാതെ സ്ത്രീയുംപുരുഷനും ചേർന്നുകഴിയുന്ന കുടുംബവൃത്തത്തിനുള്ളിലെ വ്യവഹാരങ്ങൾ തെളിമയോടെ അവർ അവതരിപ്പിക്കുന്നു. ദേവീഗ്രാമം, ആര്യാവർത്തനം, റെയ്ൻഡിയർ, ദൈവം സ്വർഗത്തിൽ, തട്ടാരക്കുടിയിലെ വിഗ്രഹങ്ങൾ തുടങ്ങിയവയാണ് കഥാ സമാഹാരങ്ങൾ .
വീടിന്റെ അകത്തളങ്ങളിൽ പുരുഷന്റെ അടിമയായി അസ്വതന്ത്രയായി കഴിഞ്ഞിരുന്ന മുസ്ലിം സ്ത്രീകളുടെ വേദനകളെയും ദുരിതങ്ങളെയും സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയ കഥാകാരിയാണ് ബി .എം സുഹ്റ. സ്ത്രീ സ്വാതന്ത്ര്യത്തിനു വിലങ്ങു തടിയാകുന്ന പുരുഷാധിപത്യത്തെ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്ന കഥയാണ് ഭ്രാന്ത്. കുടുംബ ബന്ധങ്ങളിലെ ആർദ്രതയും ദാമ്പത്യ ബന്ധങ്ങളിലെ പൊരുത്തക്കേടുകളും അനുഭവവേദ്യമാക്കുന്നവയാണ് മാനസിയുടെ കഥകൾ. ഇടിവാളിന്റെ തേങ്ങൽ, മഞ്ഞിലെ പക്ഷി എന്നിവ കഥാ സമാഹാരങ്ങൾ. കുടുംബത്തിനകത്തും പുറത്തും സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന സംഘർഷങ്ങൾ അവതരിപ്പിക്കുന്നവയാണ് കെ.ആർ മല്ലികയുടെ കഥകൾ. സ്ത്രീപ്രശ്നങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും സ്ത്രീപക്ഷ വീക്ഷണങ്ങളെ കണ്ണടച്ച് അംഗീകരിക്കുന്നില്ല. സ്ത്രീ യാതനകൾക്ക് കാരണമാകുന്ന പുരുഷന്റെ നിലപാടുകളെയാണ് അവർ വിമർശിക്കുന്നത്. ഫെമിനിസത്തിന്റെയോ മറ്റേതെങ്കിലും പ്രത്യയ ശാസ്ത്രത്തിന്റെയോ സഹായം കൂടാതെ ഒരു സ്ത്രീ എന്ന നിലയിലുള്ള അനുഭവങ്ങളെ സത്യസന്ധമായി ആവിഷ്കരിക്കുന്നഎഴുത്തുകാരി ആയിരുന്നു ഗീതാ ഹിരണ്യൻ. ഹൃദയത്തിന്റെ ഉള്ളറകൾ തുറക്കുന്ന രീതിയിലുള്ള പ്രതിപാദനമായിരുന്നു അവരുടെ രചനകൾ. അസംഘടിത ,ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മ സത്യം ഇവ കൃതികൾ. പുരുഷമേധാവിത്വത്തോടുള്ള തികഞ്ഞ പ്രതിഷേധമായിരുന്നു ഉഷ നമ്പ്യാരുടെ രചനകൾ. മണിമുഴങ്ങുന്നു എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെണ്ണെഴുത്തിനെക്കുറിച്ച മുന്നേ തന്നെ ഉണ്ടായിരുന്ന ധാരണകളെ ഉപേക്ഷിച്ച കൊണ്ട് എഴുത്തിൽ സ്വതന്ത്രമായ വഴി സ്വീകരിച്ച എഴുത്തുകാരിയാണ് പ്രിയ എ.എസ്. സ്ത്രീപുരുഷ ബന്ധങ്ങളും കാമനകളും അവതരിപ്പിക്കുമ്പോൾ ഫെമിനിസത്തിന്റെ അതിർത്തികൾക്ക് പുറത്തേക്ക് വികസിക്കുന്നവയാണ് പ്രിയയുടെ കഥകൾ. പുരുഷനെ അംഗീകരിക്കുമ്പോൾ തന്നെ അവന്റെ കൈവശവസ്തുവായി മാറാതിരിക്കാനും അവർ കഥകളിൽ ശ്രമിക്കുന്നുണ്ട്. ഒഴുക്കിൽ ഒരില, ഓരോരോ തിരിവുകൾ, മഞ്ഞ മരങ്ങൾ ചുറ്റിലും, ജാഗരൂക, ചിത്രശലഭങ്ങളുടെ വീട് എന്നിവ കഥ സമാഹാരങ്ങൾ .
മലയാള കഥയിലെ ഫെമിനിസ്റ്റ് ധാരയിലേക്ക് പുതിയൊരു ഭാവുകത്വവുമായി കടന്നുവന്ന കഥാകാരിയാണ് സിതാര എസ്. സ്ത്രീയെ പ്രണയത്തിന്റെയും ലൈംഗികതയുടെയും കർത്തൃ സ്ഥാനത്തേക്ക് കൊണ്ട് വരുന്നവയാണ് അവരുടെ രചനകൾ. മെഹ്ബൂബ, അഗ്നി തുടങ്ങിയ കഥകൾ ഉദാഹരണങ്ങൾ . സ്ത്രീശക്തിക്ക് മുന്നിൽ പരാജയപ്പെടുന്ന പുരുഷത്വത്തെ കവയിത്രിയും കൃഷിക്കാരനും എന്ന കഥയും അവതരിപ്പിച്ചിട്ടുണ്ട് . ഫെമിനിസ്റ്റ് ആശയ ധാരയെ പൂർണമായും അംഗീകരിക്കാത്ത കഥാകാരി സ്ത്രീയെ സ്ത്രീയായും പുരുഷനെ പുരുഷനായുംതിരിച്ചറിയാൻ കഴിയുന്ന കാലത്തെയാണ് അവർ സ്വപ്നം കാണുന്നത്. വേഷപ്പകർച്ച, അഗ്നിയും കഥകളും,കറുത്ത കുപ്പായക്കാരി എന്നിവ കൃതികൾ. ആകാശചാരികൾ ,ചോലമരങ്ങളില്ലാത്ത വഴി, സ്നേഹസ്പർശങ്ങൾ, അതീതം ,സഹയാത്രിക തുടങ്ങിയവ കഥാസമാഹാരങ്ങൾ .മറ്റുള്ളവർ കടന്നുപോയ വഴിയേ പോകാതെ എഴുത്തിൽ തന്റേതായ മാർഗം കണ്ടെത്തിയ എഴുത്തുകാരിയാണ് കെ .പി സുധീര. ഉദ്യോഗസ്ഥയും വീട്ടമ്മയുമായ സ്ത്രീകൾ കുടുംബത്തിനകത്തുനേരിടുന്ന സംഘർഷങ്ങൾ, ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകൾ എന്നിവ തൻമയത്വത്തോടെ അവതരിപ്പിക്കുന്നവയാണ് സുധീരയുടെ കഥകൾ. സമൂഹം പുരോഗതിയുടെ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ വീട്ടിനുള്ളിൽ ഭർത്താവ് എന്ന അധികാരിക്കും ഉടമയ്ക്കും മുന്നിൽ സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് മാറ്റമില്ല എന്ന തിരിച്ചറിവാണ് അവരുടെ മിക്ക കഥകൾക്കും അടിസ്ഥാനം. അറിവും വിദ്യാഭ്യാസവും കഴിവുകളും സമൂഹത്തിൽ മാന്യമായ സ്ഥാനവും ഉള്ള സ്ത്രീകൾ പോലും ദാമ്പത്യം എന്ന തടവറയ്ക്കുള്ളിൽ അകപ്പെട്ടു പോകുന്നത്തിന് മുഖ്യ കാരണം അവളുടെ അധികാരി എന്ന ബോധം പുലർത്തുന്ന പുരുഷനാണെന്ന് അവരുടെ കഥകൾ തിരിച്ചറിയുന്നു .
ഏതെങ്കിലും പ്രസ്ഥാനത്തിന്റെയോ ആശയങ്ങളുടെയോ പിന്നാലെ പോകുന്നതിലെ അർത്ഥമില്ലായ്മ തിരിച്ചറിഞ്ഞു മാനുഷികവും വൈകാരികവുമായ തലങ്ങളിലൂടെ എഴുത്തിനെ സമീപിച്ച എഴുത്തുകാരിയാണ് കെ.ആർ മീര. പുരുഷൻ സാഹിത്യത്തിൽ ആവിഷ്ക്കരിച്ച ഏകപക്ഷീയമായ പ്രണയത്തെ പുറന്തള്ളി സ്ത്രീകളുടേതായ പ്രണയലോകം സാക്ഷാൽക്കരിക്കുന്നവയാണ് മീരയുടെ കഥകൾ. സ്ത്രീയുടെ പ്രണയവും ദാഹവും ബന്ധങ്ങളിൽ നിന്നും മുക്തമാകണം എന്ന കാഴ്ച്ചപ്പാടാണ് മീരയ്ക്കുള്ളത്. പുരുഷനെ തോൽപ്പിക്കുകയല്ല സ്ത്രീയുടെ സ്വത്വത്തെ സാഹിത്യത്തിൽ ഉറപ്പിക്കുകയായിരുന്നു മീരയുടെ കഥകൾ .ഓർമ്മകളുടെ ഞരമ്പ്, ആവേ മരിയ ,മോഹമഞ്ഞ ,എന്നീ കഥാ സമാഹാരങ്ങളും ആരാച്ചാർ, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്നീ നോവലുകളും പ്രസിദ്ധീകരിച്ചു. മലയാളസാഹിത്യത്തിന്റെ പരമ്പരാഗത മാർഗത്തിൽ നിന്നകന്ന് തന്റേതായ മാർഗത്തിൽ ചെറുകഥയെ സമീപിച്ച കഥാകാരിയാണ് സിൽവിക്കുട്ടി. പെണ്ണെഴുത് എന്നതിലുപരി പെണ്ണവസ്ഥകളെപ്പറ്റിയുള്ള എഴുത്തായി അവരുടെ രചനകളെ വിലയിരുത്താം. അന്നയും കർത്താവും എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീയെ സംബധിച്ചിടത്തോളം നഷ്ടക്കച്ചവടമായ വിവാഹം പുരുഷന് എന്തുകൊണ്ടും ലാഭകരമായ ഒരേർപ്പാടാണ് എന്ന് കഥകൾ സൂചിപ്പിക്കുന്ന. ഇത് കഥാകാരിയുടെ തന്നെ തിരിച്ചറിവാണ് .സ്ത്രീയവസ്ഥകൾ നിർണയിക്കുന്ന അധികാരി എന്ന നിലയിലുള്ള പുരുഷന്റെ സമീപനങ്ങളെ വിമർശിക്കുന്നവയാണ് അവരുടെ രചനകൾ. സ്നേഹം എന്നത് മനസിന്റെ മാത്രം ആവശ്യമാണെന്ന പരമ്പരാഗത ധാരണയെ തിരുത്തിക്കൊണ്ട് അത് ശരീരത്തിന്റെ കൂടി ആവശ്യമാണെന്ന് തിരിച്ചറിയുന്നവയാണ് ഇന്ദുമേനോന്റെ കഥകൾ. പുരുഷന്റെ സ്നേഹം പിടിച്ചുപറ്റിക്കൊണ്ടും അവനു വിധേയയായിക്കൊണ്ടും ഒരു പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഇന്ദുവിന്റെ കഥകളുടെ ലക്ഷ്യം. എന്നാൽ പുരുഷാധിപത്യമൂല്യങ്ങൾ പലപ്പോഴും അവരുടെ കഥകളിൽ അപനിർമ്മിക്കപ്പെടുന്നു. കന്യക, ആൺവണ്ടികളിലെ ഊർമ്മിള, യോഷിതയുറക്കങ്ങൾ തുടങ്ങിയ കഥകളിലെല്ലാം പുരുഷനെ ഭോഗാതുരതയുടെയും സ്വാർത്ഥതയുടെയും പ്രതീകങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. ലൈംഗിതയിലും പ്രണയത്തിലും കർതൃസ്ഥാനത് നിലകൊണ്ടിരുന്ന പുരുഷനെ നീക്കം ചെയ്ത സ്ത്രീയെ പ്രതിഷ്ഠിക്കുകയായിരുന്നു ഇന്ദുമേനോന്റെ കഥകൾ .
സ്ത്രീയുടെ വ്യക്തിത്വവും പ്രണയവും ലൈംഗികതയും പുതിയ ഒരു കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നവയാണ്. സി.എസ് ചന്ദ്രികയുടെ രചനകൾ. ആണിന്റെയും പെണ്ണിന്റെയും ജീവിതാനുഭവങ്ങൾ ഒരേ തരത്തിലുള്ളവ അല്ലെന്നും സ്ത്രീയ്ക്കും പുരുഷനും സ്വയം ആവിഷ്ക്കരിക്കാൻ അവരുടേതായ മാർഗ്ഗങ്ങളും അവകാശവും ഉണ്ടെന്നും കഥാകാരി വിശ്വസിക്കുന്നു. ഭൂമിയുടെ പതാക, ലേഡീസ് കംപാർട്മെന്റ് എന്നിവ കഥാ സമാഹാരങ്ങൾ. സ്ത്രീ സ്വത്വത്തിന്റെ സ്വഭാവങ്ങൾ സാമൂഹികവും സാംസ്കാരികവുമായ അനുഭവ മേഖലയിൽ നിന്നും വിലയിരുത്തുന്നവയാണ് കെ രേഖയുടെ കഥകൾ. മറ്റുള്ള എഴുത്തുകാരിൽ നിന്നും വ്യത്യസ്തമായി ആണധികാരത്തിന്റെ മർദനങ്ങൾക്ക് സ്ത്രീയെ വിധേയമാക്കുന്ന ഇടം എന്ന സങ്കൽപ്പത്തിൽ നിന്നും വീടിനെ സ്വതന്ത്രമാക്കാൻ രേഖ ആഗ്രഹിക്കുന്നുണ്ട്. പുരുഷനിൽ നിന്നും സ്നേഹവും പുരുഷനൊപ്പം തുല്യതയുമാണ് രേഖയുടെ സ്ത്രീ കഥാപാത്രങ്ങൾ വിഭാവനം ചെയ്യുന്നത്. മാലിനി തീയേറ്റേഴ്സ് ,ജുറാസിക് പാർക്ക് ,ആരുടെയോ ഒരു സഖാവ് ,കന്യകയും പുല്ലിംഗവും തുടങ്ങിയവ കഥാസമാഹാരങ്ങൾ. ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളിൽ നിന്നകന്ന് സ്ത്രീയവസ്ഥകളുടെ സത്യസന്ധമായ ആവിഷ്ക്കാരമാണ് ശ്രീബാല കെ മേനോന്റെ കഥകൾ. സ്ത്രീയുടെ വിവാഹജീവിതസ്വപ്നങ്ങൾ വിവാഹശേഷം പുരുഷന് എങ്ങനെയെല്ലാം മാറ്റിമറിക്കുന്നു എന്നന്വേഷിക്കുന്ന കഥയാണ് "ദാമ്പത്യം".സ്ത്രീ ഇങ്ങനെയൊക്കെ ആയിരിക്കണം എന്ന പുരുഷന്റെ ചിന്താഗതിയെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവയാണ് ശ്രീബാലയുടെ കഥകൾ സ്ത്രീയവസ്ഥകളുടെ വിവിധ ചിത്രങ്ങൾ ആവിഷ്ക്കരിക്കുന്നവയാണ് പവിത്ര എം പി .യുടെ രചനകൾ ."വിശ്വാസങ്ങളിലെ ചില സ്വപ്ന ദൃശ്യങ്ങൾ" എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് .സർഗാത്മകമായ കഴിവുകൾ ഉള്ള സ്ത്രീകളെ ഭ്രാന്തി എന്ന് മുദ്ര കുത്തുന്ന പുരുഷനെ "വെറുതെ ചില കളി നിയോഗങ്ങൾ "എന്ന കഥയിൽ അവതരിപ്പിച്ചിരിക്കുന്നു .
പുരുഷന്റെ കുത്തകയായിരുന്ന സാഹിത്യത്തിൽ പുരുഷനിർവചനങ്ങൾക്കുള്ളിൽ അകപ്പെട്ടു പോയിരുന്ന സ്ത്രൈണസത്തയും ആദർശാത്മക പരിവേഷങ്ങളിൽ അവതരിപ്പിക്കപ്പെട്ട പുരുഷസത്തയും യാഥാർഥ്യത്തിൽ നിന്നും ഏറെ അകലെയാണെന്നും സ്ത്രീകൾ പുരുഷന്റെ പൊയ്മുഖങ്ങൾ തിരിച്ചറിയുന്നതോടൊപ്പം സ്വയം തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു മലയാളത്തിലെ എഴുത്തുകാരികൾ