ഒ.വി. ഉഷ

സാഹിത്യം
O V Usha

മലയാളത്തിലെ പ്രശസ്തയായ ഒരു കവയിത്രിയാണ്‌ ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ എന്ന ഒ.വി. ഉഷ.കവിതകൾക്കു പുറമെ ചലച്ചിത്രങ്ങൾക്കു ഗാനങ്ങളും രചിച്ചിട്ടുണ്ട്.രണ്ടായിരത്തിലെ ഏറ്റവും നല്ല ചലച്ചിത്ര ഗാനരചനയ്ക്കുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡും ഏഷ്യാനെറ്റ്-ലക്‌സ് അവാര്‍ഡും ഭരതന്‍ സ്മാരക അവാര്‍ഡും ലഭിച്ചു.2015ൽ ഒ വി ഉഷയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

1948 നവംബർ 4-ന്‌ പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഉഷയുടെ ജനനം. അച്ഛൻ വേലുക്കുട്ടി മലബാർ സ്പെഷ്യൽ പോലീസിൽ സുബേദാർ മേജർ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. മലയാളത്തിലെ പ്രശസ്തസാഹിത്യകാരൻ ഒ.വി.വിജയന്റെ സഹോദരിയാണ്‌ ഒ.വി.ഉഷ. ഡൽഹി സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടാറ്റാ മക്ഗ്രോഹിൽ ബുക്ക്‌ കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തകപ്രസാധനശാലകളിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്‌, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്ത് മഹാത്മാഗാന്ധി സർവ്വകലാശാല ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണവകുപ്പിൽ അദ്ധ്യക്ഷയായി നിയമിതയായി. ഇപ്പോൾ ശാന്തിഗിരി റിസേർച്ച് ഫൗണ്ടഷേനിൽ എഡിറ്റർ ആയി പ്രവർത്തിക്കുന്നു. 

 2001 ഏപ്രിലില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തില്‍ (സൈപ്രസ്സ്) അസോസിയേഷന്‍ ഓഫ് കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റീസിന്റെ ക്ഷണമനുസരിച്ച്, കോമണ്‍വെല്‍ത്ത് സാഹിത്യത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത്, ''സര്‍വ്വകലാശാലയും സമൂഹവും നാളേക്ക് ഒരു കാഴ്ചപ്പാട്'' എന്ന വിഷയമവതരിപ്പിച്ചു.