കളരിമുറ്റത്തെ പെൺചുവടുകൾ

മീനാക്ഷി ഗുരുക്കൾ

മീനാക്ഷി ഗുരുക്കൾ

   കളരികളും കളരിപ്പയറ്റും ജീവശ്വാസമാക്കിയ കടത്തനാടിന്റെ കളരിപാരമ്പര്യത്തിൽ പുതു ചരിത്രം രചിക്കുകയാണ് മീനാക്ഷി രാഘവൻ എന്ന എഴുപത്തെട്ടുകാരി കളരിഗുരുക്കൾ. ഇന്ന് ജീവിച്ചിരിപ്പുള്ള ചുരുക്കം ചില കളരിഗുരുക്കളിൽ ഇവർ വേറിട്ട് നിൽക്കുന്നു. ആയോധനകലാരംഗത്ത് കേരളത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയും ഇവർ തന്നെയാണ്.

   ഏഴാം വയസിൽ തുടങ്ങിയ കളരിജീവിതം മീനാക്ഷിയമ്മയ്ക്ക് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. കോഴിക്കോട് വടകര പുതുപ്പണം കോട്ടക്കടവ് പരവൻ്റവിട ദാമു - മാതു ദമ്പതികളുടെ മകളായി  ജനിച്ച മീനാക്ഷിയ്ക്ക്  ചെറുപ്പത്തിൽ നൃത്തത്തോടായിരുന്നു കമ്പം. എന്നാൽ മീനാക്ഷിയുടെ മെയ് വഴക്കവും ശരീര വേഗവും കണ്ട നൃത്താധ്യാപകൻ കളരി പഠിക്കാനാണ്  ഉപദേശിച്ചത്. അങ്ങനെ ഏഴാം വയസിൽ കടത്തനാടൻ കളരി സംഘത്തിലെത്തിയതാണ് അവർ. ഇപ്പോൾ കേരളത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ കളരിഗുരുക്കളായി ഈരംഗത്ത് തുടരുന്നു.

    ഒതേനന്റേയും ഉണ്ണിയാർച്ചയുടെയും നാട്ടിൽ പിറന്ന കടത്തനാടൻ പെണ്ണ് കളരി അഭ്യസിക്കണം എന്നത് നാടിൻറെ ചിട്ടയാണ്. എന്നാൽ 13 വയസ് കഴിഞ്ഞാൽ  കളരിപഠനം നിർത്തണം. എന്നാൽ ഈ പ്രായം കഴിഞ്ഞിട്ടും അവർ കളരി ഉപേക്ഷിക്കാൻ തയ്യാറായില്ല. മെയ്പ്പയറ്റ്, കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നീ പയറ്റുമുറകളിലും കത്തി, ഉറുമി, വാൾ എന്നിവയുടെ പ്രയോഗത്തിലും അവർ ഒപ്പമുള്ള ആൺകുട്ടികളെക്കാളും മികച്ചു നിന്നു. പത്താം ക്ലാസ്സോടെ സ്കൂൾ പഠനം നിർത്തിയ അവർ 17 വയസിൽ ഗുരുവായ രാഘവനെ വിവാഹം കഴിച്ചു. പിന്നീടങ്ങോട്ട് അവർ കളരി ജീവിതമായിത്തന്നെ ഒപ്പംകൂട്ടി. കടത്തനാട്ട് ക്ഷേത്രങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ച്  നടത്താറുള്ള കളരി അഭ്യാസങ്ങളിൽ  ഇവർ ഒന്നിച്ചു പങ്കെടുത്തിരുന്നു. ചുവട് പിഴക്കാത്ത കളരി ദമ്പതികൾ എന്ന വിശേഷണം അങ്ങനെയാണ് ഇവർക്ക് ലഭിച്ചത്. ഭർത്താവിന്റെ മരണത്തോടെ കളരിയുടെ ചുമതല ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. സമകാലിക സാമൂഹിക അവസ്ഥകളിൽ പെൺകുട്ടികൾ നിർബന്ധമായും കളരി അഭ്യസിച്ചിരിക്കണം എന്ന അഭിപ്രായമാണ് ഇവർക്കുള്ളത്. ആയിരക്കണക്കിന് പെൺകുട്ടികൾ ഇവിടെ കളരിപഠനം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ  മൂന്ന് ബാച്ചിലായി നൂറ്റമ്പതിലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. നാലു മക്കളും അവരുടെ മക്കളും എല്ലാം കളരിയിൽ സജീവമാണ്.

   വാളും പരിചയും ഉറുമിയുമെല്ലാം നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന മീനാക്ഷിയമ്മയെ നാട്ടുകാർ സ്നേഹത്തോടെ സമുറായി അമ്മ എന്നും വിളിക്കുന്നു. കളരിയുടെ പ്രത്യേക വസ്ത്രം ഉപേക്ഷിച്ച് സാരിയിൽ തന്നെയാണ് കളരി ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും കളരിയിൽ  തന്നെ ചിലവഴിച്ചിട്ടും അവർക്ക്  ഒരിക്കലും   മടുപ്പ് തോന്നിയിട്ടില്ല. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി കളരിപ്രദർശങ്ങൾ നടത്തുന്നുണ്ട്. ആയോധനകല എന്നതിനപ്പുറം മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താനുള്ള ഉപാധികൂടിയാണ് കളരിജീവിതം എന്ന അഭിപ്രായമാണ് അവർക്കുള്ളത്. ആയോധന കലാരംഗത്തു നൽകിയ സംഭാവനകൾ മാനിച്ച് ആ കഴിവിനുള്ള അംഗീകാരമായി രാജ്യം പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ നൽകി അവരെ ആദരിച്ചു. കളരി ജീവിതമായി കാണുന്ന അവർ ഒരിക്കലും അതിനെ ജീവിതോപാധിയാക്കി മാറ്റില്ല എന്ന ദൃഢനിശ്ചയം എടുത്തിട്ടുണ്ട്. ആയോധനരംഗം പുരുഷന്റേത് മാത്രം എന്ന പരമ്പരാഗത ധാരണയെ തിരുത്തുന്നതാണ് മീനാക്ഷി രാഘവൻ എന്ന സ്ത്രീയുടെ ഈ രംഗത്തെ നേട്ടങ്ങൾ.

ഹേമലത ഗുരുക്കൾ

ഹേമലത ഗുരുക്കൾ

   കളരിയും  കളരിപ്പയറ്റും ആയോധനമുറകളും പുരുഷൻമാർക്ക് മാത്രം ഉള്ളതല്ല എന്നാണ് കോഴിക്കോട് ബാലുശ്ശേരി ഹേമലത ഗുരുക്കൾ ജീവിതം കൊണ്ട് തെളിയിക്കുന്നത്. ബാലുശ്ശേരിയിൽ സ്വന്തം വീടിനോട് ചേർന്നുള്ള കളരിയിൽ കടത്തനാടൻ അടവുകൾ അഭ്യസിപ്പിക്കുന്ന വനിതയാണ് ഹേമലതഗുരുക്കൾ. പാരമ്പര്യമായി കളരി പാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബത്തിൽ ജനിച്ച ഹേമലത ആറാം വയസിൽ തന്നെ കളരി അഭ്യസിക്കാൻ തുടങ്ങി. പെൺകുട്ടികൾ കൗമാരപ്രായം ആയാൽ  പിന്നെ കളരിയിൽ തുടരാറില്ല. എന്നാൽ ഹേമലത ഈ പതിവ് തെറ്റിച്ചു. പതിനേഴാം വയസിൽ ചേളന്നൂർ സുരേന്ദ്രൻ ഗുരുക്കളുമായി വിവാഹം കഴിഞ്ഞു. അതിനുശേഷം ഭർത്താവിന്റെ പ്രോത്സാഹനത്തിൽ ഹേമലത കളരി അഭ്യാസം തുടർന്നു.

   കളരി കൂടാതെ ഗുസ്തി, പഞ്ചഗുസ്തി, ജൂഡോ എന്നീ കായിക ഇനങ്ങളിലും ഇവർ പരിശീലനം നൽകുന്നുണ്ട്. 2003ൽ  ഭർത്താവിൻെറ ആകസ്മിക മരണത്തെ തുടർന്ന് ബാലുശ്ശേരി മുക്കിലെ ശ്രീശാസ്തകളരി ഹേമലത ഏറ്റെടുത്തു. ഇവിടെ ആൺപെൺ വ്യത്യാസം ഇല്ലാതെയാണ് കളരി അഭ്യാസിപ്പിക്കുന്നത്. കടത്തനാടൻ വടക്കൻ ശൈലിയിലും തെക്കൻ ശൈലിയിലും ഒരുപോലെ പരിജ്ഞാനം നേടിയിട്ടുണ്ടെങ്കിലും തെക്കൻ ശൈലിയാണ് ഹേമലത പിന്തുടരുന്നത്. കളരിചികിത്സയും ഇതിനൊപ്പം നടത്തുന്നുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ അവർ മാനസികമായും ശാരീരികമായും കരുത്ത് നേടേണ്ടതുണ്ടെന്നാണ് ഇവർ കരുതുന്നത്. അതിനാൽ സ്ത്രീകൾ കൂടുതലായി ഈ രംഗത്തേക്ക്  കടന്നുവരേണ്ടതാണ്. ഇതിനെ കാലത്തിന്റെ ആവശ്യകതയായിട്ടാണ് കരുതേണ്ടത്. സ്ത്രീപുരുഷ സമത്വം വാക്കുകളിൽ മാത്രം ഒതുങ്ങേണ്ടതല്ല എന്ന് ഹേമലതയുടെ പ്രവർത്തനങ്ങൾ ഓർമപ്പെടുത്തുന്നു .

മെറീന ഗുരുക്കൾ

മെറീന ഗുരുക്കൾ

    കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയഗാഥയാണ് ഫോർട്ട് കൊച്ചിയിലെ മെറീന ഗുരുക്കളുടേത്. ഫോർട്ട് കൊച്ചി വേളിയിലുള്ള ദക്ഷിണഭാരതക്കളരിയിലെ ഗുരുവാണ് മെറീന. വൈകല്യങ്ങളെ മനക്കരുത്ത് കൊണ്ടും മെയ്ക്കരുത്ത് കൊണ്ടും നേരിട്ട് നേടിയ വിജയമാണ് മെറീനയുടേത്. സ്വന്തം മക്കൾ ഉൾപ്പെടെ ധാരാളം  പെൺകുട്ടികൾ ഇവിടെ കളരി അഭ്യസിക്കുന്നു. പാരമ്പര്യത്തനിമ തീർത്തും കാത്ത് സൂക്ഷിച്ച് കൊണ്ടാണ് കളരിയുടെ പ്രവർത്തനം അവർ മുന്നോട്ട് കൊണ്ട് പോകുന്നത്. കളരിവിളക്ക്, ഗണപതിവണക്കം, അംഗസാധകം ഇങ്ങനെ കളരിയുടെ എല്ലാ ചടങ്ങുകളും തനത് രീതിയിൽ തന്നെ ഇവിടെ നടത്തുന്നു. മെയ്ത്താരി, കോൽത്താരി, അങ്കത്താരി ഇങ്ങനെ വിവിധ അഭ്യാസമുറകൾ, വടിപ്പയറ്റ്, കെട്ടുകാലിപ്പയറ്റ്, വാൾപയറ്റ്, ഗദ, കുന്തം, കത്തി, ഉറുമി എന്നീ ആയുധങ്ങൾ കൊണ്ടുള്ള പയറ്റുകൾ എന്നിവയൊക്കെ ഇവർ പെൺകുട്ടികളെ പഠിപ്പിക്കുന്നു. കളരിപ്പയറ്റിനൊപ്പം യോഗയും ഇവിടെ പഠിപ്പിക്കുന്നു. പഠിക്കുന്നതിന് പ്രായനിബന്ധനകളില്ല. ഏത് പ്രായത്തിലും  ഇവിടെ ചേർന്ന് പഠിക്കാനാകും. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരുന്ന സമകാലിക സാഹചര്യത്തിൽ കളരി ഒരു ശീലമാക്കി മാറ്റണം എന്നാണ് പെൺകുട്ടികളോടുള്ള  മെറീനയുടെ ഉപദേശം.

    പത്താം വയസിലാണ് മെറീന കളരി രംഗത്തേക്ക് വരുന്നത്. കുട്ടിക്കാലത്ത് കാലിന് അല്പം ബലക്കുറവും നടക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. അയൽവാസിയായ ശ്രീധരൻ ഗുരുക്കളുടെ നിർദേശപ്രകാരം കളരിപഠനം തുടങ്ങി. കാലിന്റെ ബലക്കുറവ്  ക്രമേണ പരിഹരിക്കപ്പെട്ടു. പതിയെ കളരിമുറകൾ അഭ്യസിച്ച് തുടങ്ങിയ മെറിൻ അധികം വൈകാതെ തെക്കൻ മുറകളിൽ പ്രാവീണ്യം നേടി. പിന്നീട് ഗുരുവിന്റെ നിർദേശപ്രകാരം മലപ്പുറത്തേക്ക് പോയി വിശ്വനാഥൻ ഗുരുക്കളുടെ ശിഷ്യത്വം സ്വീകരിച്ചു. അവിടെ നിന്ന് വടക്കൻ കളരി സമ്പ്രദായങ്ങൾ കൂടി പഠിച്ച്‌ തുടങ്ങി. പഠനം പൂർത്തിയാക്കി നാട്ടിൽ (ഫോർട്ട് കൊച്ചിയിൽ) എത്തി സ്വന്തമായി കളരി തുടങ്ങി. ഭർത്താവ് അശ്വിൻകുമാറിന്റെ പരിപൂർണമായ പിന്തുണയും മെറിനുണ്ടായിരുന്നു.

 

 

Video Link