വനിതാ മാധ്യമപ്രവർത്തന ചരിത്രം

ഗീതാ നസീർ
കടപ്പാട് : http://www.malayalam.dutchinkerala.com/stories_015.php

എഴുതിയത്  : ഗീതാ നസീർ

വനിതാമാധ്യമ പ്രവർത്തനവും സ്വാതന്ത്ര്യസമരവും

     ഇതിഹാസം, ഭക്തികേന്ദ്രീകൃതവും സംസ്കൃതഭാഷാ വിശകലനം അടിസ്ഥാനമാക്കിയുമുള്ള  സാഹിത്യാസ്വാദനങ്ങൾ, സ്ത്രീപ്രശ്നങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അതുവരെ നടന്ന മാസിക വാരിക പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു ശൈലി കേരളത്തിൽ ഉദയം ചെയ്തതിന് പ്രധാനമായും കാരണമായത് കോൺഗ്രസ്സിന്റെ നേത്യത്വത്തിൽ ശക്തിപ്രാപിച്ച സ്വാതന്ത്ര്യസമര പോരാട്ടങ്ങളും, ഒപ്പം രൂപീകൃതമായ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളുമായിരുന്നു. കെ. കല്ല്യാണികുട്ടിയമ്മ, എ.വി.കുട്ടിമാളുവമ്മ, യശോദടീച്ചർ എന്നിവർ പത്രപ്രവർത്തനം രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയവരാണ്. ഡോക്ടറായ മുത്തേടത്ത് കൃഷ്ണമേനോന്റെയും കോച്ചാട്ടിൽ കൊച്ചുകുട്ടി അമ്മയുടെയും മകളായി ജനിച്ച കല്ല്യാണികുട്ടിയമ്മയുടെ ഉന്നത വിദ്യാഭ്യാസം മദ്രാസിലെ ക്വീൻ മേരീസ് കോളേജിലായിരുന്നു. വിദ്യാഭ്യാസപരമായും ചിന്താപരമായും ഉയർന്നു നിൽക്കുന്ന കുടുംബാന്തരീക്ഷത്തിൽ വളർന്ന കല്ല്യാണികുട്ടിയമ്മ സ്വതന്ത്രയും ധീരയുമായാണ് വളർന്നത്. അഡയാറിലെ ബ്രഹ്മവിദ്യാസംഘത്തിലെ പ്രവർത്തനം മഹാത്മാഗാന്ധി, ആനിബസന്റ്, ജിദുകൃഷ്ണമൂർത്തി, റൊമെയിൻ റോളണ്ട്, വി.കെ.കൃഷ്ണമേനോൻ, സുഭാഷ്ചന്ദ്രബോസ് തുടങ്ങിയവരുമായി അടുത്തിടപഴകാനും സൗഹൃദമുണ്ടാക്കാനും അവസരം നൽകി. കോൺഗ്രസ്സ് പ്രവർത്തകനായ കുട്ടൻനായരുമായുള്ള വിവാഹശേഷം സ്ത്രീസംഘടനകളിൽ കല്ല്യാണികുട്ടിയമ്മ സജീവമാവുകയുണ്ടായി. 

     അഖിലേന്ത്യാമഹിളാസമ്മേളനങ്ങളിലും വിദ്യാഭ്യാസ സമ്മേളനങ്ങളിലും അവർ പങ്കെടുത്തു. കോൺഗ്രസ്സിന്റെ 1929ലെ ബോംബെ  സമ്മേളനത്തിലും 1932 ലെ ബാംഗ്ലൂർ സമ്മേളനത്തിലും അവർ സജീവസാന്നിദ്ധ്യമായിരുന്നു. 1935 മേയ് മാസത്തിൽ കല്ല്യാണികുട്ടിയമ്മ ഉൾപ്പെടെ 20 പേർ അടങ്ങുന്ന സംഘം കപ്പലിൽ യൂറോപ്യൻ പര്യടനത്തിന് പോവുകയുണ്ടായി. ഈ പര്യടനത്തെപറ്റി ഹിന്ദുസ്ഥാൻ ടൈംസിൽ അവർ എഴുതിയ ലേഖന പരമ്പര മലയാളത്തിൽ വിവർത്തനം ചെയ്ത് മനോരമ, ഗോമതി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചു. രാഷ്ട്രീയത്തടവുകാരനായി ഭർത്താവ് വിയ്യൂർ സെൻട്രൽ ജയിലിലായപ്പോഴും അവർ ലേഖനങ്ങളിലൂടെ കോൺഗ്രസ്സ് രാഷ്ട്രീയ നിലപാടുകൾ ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു.
    എ.വി.കുട്ടിമാളുവമ്മയും ഇതേ രീതിയിലുള്ള സംഭാവനകളാണ് കേരളത്തിന് നൽകിയത്.  സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്ന അവർ മാതൃഭൂമിയുടെ ഡയറക്ടറായിരുന്നു. പത്രത്തിന്റെ വളർച്ചയിലും വികസനത്തിലും ഭർത്താവ് കോഴിപ്പുറത്ത് മാധവമേനോനോടൊപ്പം അവർ പ്രവർത്തിച്ചു. 1947 ജൂലൈയിലാണ് ആദ്യമായി ഡയറക്ടറായി സ്ഥാനമേൽക്കുന്നത്. ഇടക്കാലത്ത് അല്പകാലം വിട്ടുനിന്നശേഷം വീണ്ടും 1965ൽ ഡയറക്ടറായി മരണം വരെ ആ പദവിയിൽ തുടർന്നു.
    ഇവരിൽ നിന്നും തികച്ചും വിഭിന്നയായിരുന്നു യശോദടീച്ചർ. കമ്മ്യൂണിസ്റ്റുപാർട്ടി പ്രവർത്തക എന്ന നിലയിൽ  അവർക്ക്  വേറിട്ട രാഷ്ട്രീയ അനുഭവങ്ങളാണുണ്ടായിരുന്നത്. ജന്മികൾ നിരന്തരം വേട്ടയാടുന്ന കമ്മ്യൂണിസ്റ്റുകാരുടെ ഒളിവു പ്രവർത്തനകാലങ്ങളിലാണ് അവർ സ്വയം വാർത്താലേഖികയാകുന്നത്. പൊലീസുംജന്മിഗുണ്ടകളും ഒരു പോലെ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്നകാലത്ത് കർഷകരുടേയും തൊഴിലാളികളുടേയും സംഘടനാപ്രവർത്തനവും ക്രൂരമർദ്ദന കഥകളും ചെറുകുറിപ്പുകളായി ദേശാഭിമാനി പത്രത്തിനുവേണ്ടി തയ്യാറാക്കുന്ന ജോലിയാണ് ടീച്ചർ ഏറ്റെടുത്തത്. കേരളത്തിലെ പത്രപ്രവർത്തന ചരിത്രത്തിലെ ആദ്യത്തെ സ്വന്തം ലേഖിക അവരായിരുന്നു. ആദ്യസ്വലേ... ഇതിനിടയിൽ പരാമർശിക്കേണ്ട ചില പേരുകൾകൂടിയുണ്ട്. ' സഹോദരൻ' പത്രത്തിന്റെ പത്രാധിപർ അയ്യപ്പന്റെ സഹധർമ്മിണി പാർവ്വതി, അന്നചാണ്ടി, ആനി തയ്യിൽ,ഹലീമബീവി, പ്രിയദത്ത കല്ലാട്ട്, എന്നിവരാണവർ. 
  സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി 'സ്ത്രീ' എന്ന മാസികയാണ് പാർവ്വതി അയ്യപ്പൻ പ്രസിദ്ധീകരിച്ചിരുന്നത്. അത് പക്ഷേ അധികകാലം നിലനിന്നില്ല. ഇന്ത്യയിലെ ആദ്യസ്ത്രീവാരികയായ 'ശ്രീമതിയുടെ' മുഖ്യപത്രാധിപരായിരുന്നു അന്നാചാണ്ടി. തരവത്ത് അമ്മാളുവമ്മ ഉൾപ്പെടെ നാലുപേരാണ് 'ശ്രീമതി' പത്രാധിപസമിതിയിൽ ഉണ്ടായിുന്നത്. ജോസഫ് മുണ്ടശ്ശേരിയോടൊപ്പം ചേർന്ന് 1945-46 കാലത്താണ് ആനിതയ്യിൽ 'പ്രജാമിത്രം' എന്ന സായാഹ്നപത്രം നടത്തിയത്. പത്രാധിപ, പ്രസാധക, പ്രഭാഷക, സ്വാതന്ത്രസമര സേനാനി എന്നീനിലകളിൽ പ്രശസ്തയായ ഹലീമ ബീവിയാണ്  ആദ്യ മുസ്ലീം വനിതാമാസികയായ "മുസ്ലീം വനിത' (1938) പ്രസിദ്ധീകരിച്ചത്. ഭാരത ചന്ദിക ആഴ്ചപ്പതിപ്പ് (1946) ഭാരത ചന്ദ്രിക ദിനപത്രം (1947) എന്നീ പത്രമാസികകൾ കൂടി ഹലീമയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഹലീമ ബീവി മാനേജിംങ് എഡിറ്ററും പ്രാസാധകയുമായിരുന്ന ഭാരത ചന്ദ്രികയിൽ വൈക്കം മുഹമ്മദ് ബഷീർ, വക്കം അബ്ദുൾ ഖാദർ, വെട്ടൂർ രാമൻ നായർ എന്നിവരായിരുന്നൂ സബ് എഡിറ്റർമാർ. മുൻമുഖ്യമന്ത്രി സി. അച്ചുതമേനോന്റെ നേതൃത്വത്തിൽ "മുന്നണി' എന്നൊരു പത്രം തൃശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. 1947 ൽ തുടങ്ങിയ പത്രത്തിൽ പാലിയം സമരനായിക പ്രിയദത്ത കല്ലാട്ട് ജോലി ചെയ്തിരുന്നു. കമ്മ്യൂണിസ്റ്റു പാർട്ടി 1948 ൽ നിരോധിച്ചതോടെ പത്രം നിലച്ചു,  പ്രിയദത്തയ്ക്ക് ജോലിയും പോയി.

 ചരിത്രത്തിലെ മാധ്യമസ്ത്രീ  


    വാർത്തകൾ അറിയണമെങ്കിൽ പുറംലോകവുമായി സംവദിക്കാൻ മനുഷ്യനാകണം. അതിന് കഴിയാതിരുന്ന സ്ത്രീ സമൂഹം അവരുടേതായ പരിമിതമായ രീതിയിൽ വാർത്തകൾ അറിയാനും, അറിയിക്കാനും ശ്രമിച്ച ചരിത്രം ഏറെ കൗതുകമുള്ളതാണ്. വീടുകളിൽ ഒതുങ്ങിക്കൂടിയ സ്ത്രീകളിൽ ചിന്താശേഷിയും ബുദ്ധിപരമായ ഒൗന്നിത്യവും കാല്പനിക ബോധവും ഉള്ളവരാണ് ഇത്തരത്തിൽ മുന്നോട്ട് വരാൻ ഉൽസാഹം കാട്ടിയത്.അവർക്കതിനുള്ള സാമൂഹ്യ ഭൗതികസാഹചര്യങ്ങൾ ഉണ്ടായിരുന്നു. പക്ഷേ പാണ്ഡിത്യവും വിവരവുമൊക്കെയുള്ള ഇൗ സ്ത്രീകൾക്ക് വേണ്ടി ആദ്യമായി ഒരു പ്രസിദ്ധീകരണം തുടങ്ങുന്നത് പുരുഷൻമാരാണ്. തിരുവന്തപുരത്ത് നിന്നും 1885-ൽ ആരംഭിച്ച പ്രസിദ്ധീകരണത്തിന്റെ  പേർ 'കേരളീയ സുഗുണ ബോധിനി'എന്നായിരുന്നു. ആറു മാസത്തോളം പ്രസിദ്ധീകരണം നടത്തിയശേഷം അത് നിലച്ചു പിന്നീട് 1892-ൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ച സമയത്ത് അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് പ്രസാധകർ എഴുതിയത് ഇങ്ങനെയാണ് 
    കേരളത്തിൽ മലയാള ഭാഷയിൽ അനേകം വർത്തമാന പത്രങ്ങളും മാസികാപുസ്തകങ്ങളും ഒാരോ മഹാൻമ്മാരാൽ ശളാഘനീയമായ വിധത്തിൽ നടത്തപ്പെട്ടു വരുന്നുണ്ട്.എന്നാൽ അവയെല്ലാം കേരളീയ പുരുഷൻമ്മാരെ ഉദ്ദേശിച്ചു പ്രസിദ്ധം ചെയ്യപ്പെട്ടു വരുന്നവയാകുന്നു. സ്ത്രീ ജനങ്ങളുടെ ജ്ഞാനവർദ്ധനവിനും വിനോദത്തിനുമായി പ്രത്യേകിച്ച് ഒരു പുസ്തകമാവട്ടെ 'കേരളീയ സുഗുണബോധിനി'.

    ഈ മാസിക പ്രസിദ്ധീകരിച്ച കാലത്ത് മഹാറാണി എന്നൊരു മലയാള മാസിക മദ്രാസിൽ നിന്ന് റാവുബഹദൂർ കൃഷ്ണമാചാരിയുടെ ഉടമസ്ഥത്വയിലും പത്രാധിപത്യത്തിലുമായി സ്ത്രീകളെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ചിരുന്നു. ദൈ്വമാസികയായാണ് അത് പ്രസിദ്ധീകരിച്ചിരുന്നത്. അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെന്ന് കണ്ടാണ് മുടങ്ങിക്കിടന്ന സുഗുണബോധിനി പുന:പ്രസിദ്ധീകരിക്കാൻ കേരളവർമ്മ  വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ 1892-ൽതയ്യാറായത്. കെ. ചിദംബരവാധ്യാർ ബിഎ,എംസിനാരായണപിള്ള ബി എ ,എന്നിവരായിരുന്നു ഇതിന്റെ പത്രാധിപൻമാർ. കേളവർമ്മവലിയകോയിതമ്പുരാന്റെ 'സ്ത്രീവിദ്യാഭ്യാസം' എന്ന കവിത ആമുഖമായി കൊടുത്തുകൊണ്ടാണ് സുഗുണബോധിനി പ്രസിദ്ധീകരിക്കപ്പെട്ടത്. അതിൽ ഒരു ശ്ലോകം ഇങ്ങനെയായിരുന്നു-
    "കേരളീയ ഗുണ ബോധിനിമൂലം
സാരളീ ഭവിതമായതി വേലം
    കേരളീയ വനിതാ ജനജാലം
    സാരലീന മതിയായ് ഭവിതാലം''
    എന്നാൽ ഇൗ മാസികയിലെ എഴുത്തുകാരിൽ സ്ത്രീകളായി  ആരും തന്നെ ആദ്യകാലത്ത് ഉണ്ടായതായി കാണുന്നില്ല.അതൊരു വനിതാമാസിക എന്നതിലുപരി ഒരു സാഹിത്യമാസികയായാണ് നിലനിന്നിരുന്നത്.

    രണ്ടാമത്തെ വനിതാമാസികയായി കണക്കാക്കുന്നത് 'ശാരദയാണ്' .1904-ൽതൃപ്പൂണിത്തുറയിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ഇൗമാസികയുടെ ഉടമസ്ഥനു മാനേജരും കെ. നാരായണമേനോൻ ആണെങ്കിലും പൂർണ്ണമായും മാസികയുടെ മറ്റ് പ്രവർത്തകരെല്ലാം തന്നെ സ്ത്രീകളായിരുന്നു. റാണി സേതു ലക്ഷ്മിഭായി, റാണി പാർവ്വതീഭായി, ഇക്കുവമ്മ തമ്പുരാട്ടിഎന്നിവർ രക്ഷാധികാരികളും ടി. സി കല്ല്യാണിയമ്മ ടി. അമ്മുക്കുട്ടിയമ്മ ബി. കല്ല്യാണിയമ്മ എന്നിവർ പ്രസാധകരും ആയിരുന്ന ശാരദ അച്ചടിച്ചത് ഭാരതീവിലാസം പ്രസ്സിലാണ്. ടി. സി കല്ല്യാണിയമ്മയും , ടി.അമ്മുക്കുട്ടിയമ്മയും എറണാകുളത്തുനിന്നും ബി.കല്ല്യാണിയമ്മ തിരുവന്തപുരത്തു നിന്നുമാണ് ശാരദയുമായി സഹകരിച്ച് പ്രവർത്തിച്ചത്. ഇത് വാസ്തവത്തിൽ ഒരപൂർവ്വ സംഗമമായിരുന്നൂ. ശാരദ തുടങ്ങാൻ ടി.സി കല്യാണിയമ്മ ചിന്തിച്ച അതേകാലയളവിൽ തന്നെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്നി ബി.കല്ല്യാണിയമ്മ തിരുവന്തപുരത്ത് നിന്നും അത്തരമൊരു മാസിക തുടങ്ങാൻ ആലോചിക്കുന്നത്.
    ബി.കല്യാണിയമ്മ ബി. എ പരീക്ഷ കഴിഞ്ഞ് മദ്രാസിൽനിന്ന് മടങ്ങുന്നവഴി എറണാകുളത്ത് ടി. സി.കല്യാണി അമ്മയുടെ അതിഥിയായി തങ്ങാൻ ഇടവന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇവർ തങ്ങളുടെ ആഗ്രഹം പരസ്പരം പറയുകയും ഒരുമിച്ച് സ്ത്രീകൾക്കായി ഒരു മാസിക തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തത്.
    ശാരദയുടെ ലേഖനങ്ങൾ സ്ത്രീകൾക്ക് വേണ്ടിയും സ്ത്രീകളെക്കുറിച്ചും സ്ത്രീകൾ തന്നെ എഴുതുകയായിരുന്നു. ആ അർത്ഥത്തിൽ ഇത് മലയാള മാധ്യമരംഗത്തെ ആദ്യത്തെ വനിതാമാസികയായി കണക്കാക്കപ്പെടുന്നൂ. സ്ത്രീധർമ്മം, ഭതൃശുശ്രൂഷ, വീട്ടുവേല,സ്ത്രീകളുംവൈദ്യവും,ഗർഭിണികൾ അറിഞ്ഞിരിക്കേണ്ടവ,  സ്ത്രീവിദ്യാഭ്യാസം, ചാരിത്ര്യം, മാതൃസ്നേഹം, കുടുംബസൗഖ്യം,ആഭരണ ഭ്രമം തുടങ്ങിയ വിഷയങ്ങളാണ് . 

   ആദ്യവനിതാമാസികയ്ക്ക് പലപ്രത്യേകതകളും ഉണ്ടായിരുന്നു. ആ മാസിക തുടക്കമിട്ട പല പംക്തികളുമാണ് ഇന്നും വനിതാ മാസികകളും വാരികകളും രൂപം മാറ്റി പല തലക്കെട്ടുകളോട് കൂടിപ്രസിദ്ധീകരിക്കുന്നത്. വനിതകൾ പ്രസാധകരായ വനിതാമാസികയിൽ അക്കാലത്തെ എണ്ണപ്പെട്ട പല സാഹിത്യകാരൻമാരും അവരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. കേരളവർമ്മ, എൻ വേലുപിള്ള, സി രാമുണ്ണി മേനോൻ, എം ഉദയവർമ്മ രാജ, കെ. നാരായണ മേനോൻ, ടി.കെ. കൃഷ്ണമേനോൻ, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള, സി. ഗോവിന്ദൻഎളേടം, കുഞ്ഞിക്കുട്ടൻ തമ്പുരാൻ,കെ.സി കേശവപിള്ള, എം.രാജരാജ വർമ്മ,സി.എസ്. സുബ്രഹ്മണ്യം പോറ്റി, ഏവൂർ എൻ വേലുപ്പിള്ള, കെ.നാരായണ കുരുക്കൾ, കൊട്ടാരത്തിൽ ശങ്കുണ്ണി എന്നിവർ ഇവരിൽ പ്രമുഖർ. തോട്ടയ്ക്കാട് ഇക്കാവമ്മയുടെ നളചരിതം ഭാഷാനാടകം ഖണ്ഡ:ശ പസിദ്ധീകരിച്ചതും "ശാരദ'യിലാണ്. "സുഭദ്രാജ്ജുനം'എന്ന നാടകരചനയിലൂടെ ചരിത്രം സൃഷ്ടിച്ച ഇക്കാവമ്മ ടി. സി.കല്ല്യാണിയമ്മയുടെ  ഭതൃസഹോദരികൂടിയായിരുന്നു.ഇത്തരത്തിൽ ഉന്നത നിലവാരം പുലർത്തിയ ഏതാണ്ട് പൂർണ്ണമായും വനിതകളുടെ നേതൃത്വത്തിൽ പ്രസിദ്ധീകൃതമായ ഇൗ മാസിക അക്ഷരാർത്ഥത്തിൽ മാധ്യമരംഗത്ത് ചരിത്രം സൃഷ്ടിച്ചു എന്നതാണ് യാഥാർത്ഥ്യം. ഇതിൽ ഭാഗമായ മുഴുവൻ സ്ത്രീകളും വരേണ്യവർഗ്ഗത്തിൽ പെട്ടവർ കൂടിയായിരുന്നൂ എന്ന കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്.ശാരദ പ്രസിദ്ധീകൃതമാകുന്ന  1904-ാംവർഷത്തിലും വിദ്യാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും സ്ത്രീകൾക്ക് കിട്ടാക്കനി തന്നെയായിരുന്നു. പ്രത്യേകിച്ചും അധ:സ്ഥിത വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക്. സമ്പന്ന കുടുംബങ്ങളിൽ പെട്ട പുരോഗമന ചിന്തയുള്ളവർക്ക് മാത്രം ലഭിക്കുന്ന ഇത്തരം അവസരങ്ങൾ വഴി സമർത്ഥരും  മിടുക്കരുമായ സ്ത്രീകൾ ചില ചരിത്രനേട്ടങ്ങൾ സൃഷ്ടിച്ചു എന്നതാണ് വസ്തുത. അതാകട്ടെ സ്ത്രീകൾക്ക് തികച്ചും അന്യമായ ഒരു മേഖലയ്ക്ക് മുതൽകൂട്ടാകുകയും ചെയ്തു. 
    ശാരദയുടെ ആദ്യലക്കത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു
       1 കൈരളീപ്രശസ്തി-കേരളവർമ്മ വലിയകോയിതമ്പുരാൻ 
       2 സ്ത്രീ വിദ്യാഭ്യാസം (തുടർച്ച) -ടി.അമ്മുക്കുട്ടിയമ്മ 
       3 സേതുസ്നാനം (തുടർച്ച)-കെ. ലക്ഷ്മികുട്ടിയമ്മ 
       4 പാചകവിദ്യ- എൻ.വേലുപ്പിള്ള
       5 ആരോഗ്യരക്ഷ (തുടർച്ച) -സി.രാമുണ്ണിമേനോൻ 
       6 ഒരു കഴുതയുടെ കഥ- (തുടർച്ച) ടി. സി കല്ല്യാണിയമ്മ (ഡബ്ല്്യൂ
          സെറ്റഡിന്റെ ഫെയറി ടെയിൽസ് ഫ്രം ഇന്ത്യയുടെ പരിഭാഷ)
       7 ആഭരണഭ്രമം -ഒരു വാരിഷ്ടൻ
       8 സൗന്ദര്യം- എൻ എം 
       9 നളചരിതം ഭാഷാനാടകം-തോട്ടയ്ക്കാട് ഇക്കാവമ്മ. 

ഇതിൽ പാചകവും സൗന്ദര്യവും സംബന്ധിച്ച കോളം കൈകാര്യം ചെയ്തിരുന്നത് പുരുഷൻമാരായിരുന്നു എന്നത് ഏറെ കൗതുകമുളളകാര്യം. 

      ഡമ്മി 1/4ൽ 20 പേജുകളോടുകൂടി ഇറങ്ങിയിരുന്ന ശാരദ ഒരു കൊല്ലം കഴിഞ്ഞ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ മുപ്പത്തിരണ്ട് പേജുകളായാണ് പുന:പ്രസിദ്ധീകരണം  ആരംഭിച്ചത്. ശാരദയെ കൂടാതെ "കേരളൻ'"വിദ്യാർത്ഥി'എന്നീ രണ്ടു മാസികകളും സ്വദേശാഭിമാനി പത്രത്തോട് ഒപ്പം നടത്തുന്നുണ്ടായിരുന്നു. ബി. കല്ല്യാണിയമ്മയുടെ നേതൃത്വത്തിൽ ശാരദ തുടർന്ന് കൊണ്ട് പോകാൻ അത് കൊണ്ടുതന്നെ വളരെ ബുദ്ധിമുട്ടേണ്ടി വന്നൂ. എന്നിരുന്നാലും ശ്രദ്ധേയമായ പല ലേഖനങ്ങളും പംക്തികളും കൊണ്ടു ശാരദ മികച്ച മാസികയായിത്തന്നെ നിലകൊണ്ടു. 
 
    ആരോഗ്യശാസ്ത്രം എന്ന പേരിൽ കല്ല്യാണിയമ്മ ഇസ്ബൽ ബ്ലാണ്ടർ എഴുതിയ ടാക്സ് ഓൺ ഹെൽത്ത് 'എന്ന പുസ്തകം തർജിമ ചെയ്ത് ഖണ്ഡശ പ്രസിദ്ധീകരിച്ചത് എടുത്ത് പറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ് . അത് പിന്നീട് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച് 1910 മുതൽ തിരുവിതാംകൂറിലെ വിദ്യാലയങ്ങളിൽ നാലും അഞ്ചും ക്ലാസുകളിൽ പാഠ്യപുസ്തകമായിരുന്നു. ഒടുവിൽ 1910 സെപ്തംബർ 26-ാം തീയതി സ്വദേശാഭിമാനി പത്രവും പ്രസ്സും തിരുവിതാംകൂർ രാജഭരണകൂടം കണ്ടു കെട്ടുകയും പത്രാധിപരെ നാടുകടത്തുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ കല്ല്യാണിയമ്മക്കും ഭർത്താവിനൊപ്പം പോകാതെ തരമില്ലെന്ന് വന്നു. കല്ല്യാണിയമ്മയുടെ ആരോഗ്യ ശാസ്ത്രം അച്ചടി പൂർത്തിയായദിവസമായിരുന്നു പ്രസ് കണ്ടു കെട്ടിയത്. ശാരദ പ്രസിദ്ധീകരണം നിലച്ചു. ഇതിനിടെ പുനലൂരിൽനിന്ന് 1913ൽ ശാരദ എന്ന പേരിൽ ഒരു മാസിക ആരംഭിച്ചു . തെക്കേക്കുന്നത്ത് (ടി കെ )കല്യാണികുട്ടിയമ്മയുടെ പത്രാധിപത്യത്തിൽ ഇൗ വനിതാമാസിക അഞ്ചു കൊല്ലം പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാൽ പേരിൽ മാത്രമേ പഴയ"ശാരദ'യുമായി ബന്ധമുണ്ടായിരുന്നുള്ളൂ. അങ്ങനെ വനിതാമാധ്യമരംഗത്ത് "മൂന്ന് കല്ല്യാണി'മാർ ചരിത്രം രചിച്ചു എന്ന് വേണം അനുമാനിക്കാൻ. പുനലൂരിൽ നിന്നുതന്നെ 1915-ൽ"ഭാഷാ ശാരദ' എന്ന പേരിൽ അഞ്ചൽ ആർ. വേലുപിള്ളയുടെ പത്രാധിപത്യത്തിൽ സാഹിത്യ മാസിക പ്രസിദ്ധീകരിച്ചിരുന്നൂ. ഇതിൽ സ്ത്രീകൾ എഴുതുക പതിവായിരുന്നൂ. 
    ആദ്യകാല വനിതാ പത്രാധിപരായിരുന്ന  ടി സി കല്ല്യാണിയമ്മയുടെയും,ബി. കല്ല്യാണിയമ്മയുടെയും സംഭാവനകൾ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.  ഇവരാരായിരുന്നൂ എന്ന് അറിഞ്ഞാൽ മാത്രമേ ഇവരുടെ മാധ്യമ സംഭാവനകളുടെ ആഴവും പരപ്പും, വൈദഗ്ധ്യവും മനസ്സിലാക്കാനാകൂ. 
    ടി. സി കല്ലാണിയമ്മ തെക്കേകറുപ്പത്ത് നാരായണിയുടെയും വടയോട് മിത്രൻ ഭട്ടതിരിയുടെയും മകളാണ്  ശാരദയുടെ പ്രാസാധക കൂടിയായ ഇവർ പേരെടുത്ത വിവർത്തക കൂടിയാണ്. ഡബ്ല്യൂ സ്റ്റെഡിന്റെ ഫെയറി ടെയിൽസ് ഫ്രം ഇന്ത്യ എന്ന പുസ്തകം "ഒരു കഴുതയുടെ കഥ'എന്ന പേരിൽ കുട്ടികൾക്കായി വിവർത്തനം ചെയ്തു്."ഇസോപ്പിന്റെ സാരോപദേശ കഥകൾ തർജ്ജമചെയ്തു.മലയാള ഭാഷയിൽ ബാലസാഹിത്യം എന്നപേർ കേൾക്കാത്ത  കാലത്താണ് "ഇൗ ദൃശകൃതികൾ' എന്ന പേരിൽ കുട്ടികൾക്കായി അവർ കഥകൾ വിവർത്തനം ചെയ്തു. ബങ്കിംചന്ദ്രചാറ്റർജിയുടെ 'വിഷവൃക്ഷം' കൃഷ്ണ കാന്തിന്റെ "മരണ പത്രം'എന്നീ നോവലുകളം മലയാളത്തിലേയ്ക്ക് വിവർത്തനം  ചെയ്യുകയുണ്ടായി. സാഹിത്യ നിപുണൻ ടി.കെ കൃഷ്ണ മേനോന്റെ പത്നികൂടിയാണ് കല്ല്യാണിയമ്മ. എട്ടാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിക്കാൻ നിർബന്ധിതയായ കല്ല്യാണിയമ്മയെ ഇംഗ്ലീഷും മറ്റ് വിഷയങ്ങളും പഠിപ്പിച്ചത് ഇദ്ദേഹമാണ്.
     തിരുവനന്തപുരം കുതിരവട്ടത്ത് കുഴിവിളാകത്ത് ഭഗവതി അമ്മയുടെയും കോട്ടയ്ക്ക കത്ത് സുബ്ബരായർ പോറ്റിയുടെയും മകളായി 1884ലാണ് ബി. കല്ല്യാണിയമ്മ ജനിച്ചത്. 1902-ൽ മെട്രിക്കുലേഷൻ പാസായശേഷം വിമൻസ് കോളേജിൽ ചേർന്നു. അവിടെ പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ്  സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ വിവാഹം ചെയ്യുന്നത്. ശാരദയുടെ പ്രസാധകരിൽ പ്രമുഖ. നിരവധി പുസ്തകങ്ങൾ രചിക്കുകയുണ്ടായി. വ്യാഴവട്ട സ്മരണകൾ,കർമ്മഫലം,ഒാർമ്മയിൽ നിന്ന് എന്നിവ കൂടാതെ രവീന്ദ്രനാഥടാഗോറിന്റെ 'എറ്റ് ഹോം ആന്റ് ഔട്ട്സൈഡ് 'വീട്ടിലും പുറത്തും ' എന്ന പേരിലും ഇസ്ബൽ ബ്രാണ്ടൻ എഴുതിയ ടാക്സ് ഓൺ ഹെൽത്ത്'ആരോഗ്യ ശാസ്ത്രം എന്ന പേരിലും വിവർത്തനം ചെയ്യുകയുണ്ടായി. മദ്രാസിൽ നിന്നും എഫ് എ പരീക്ഷ പാസ്സായശേഷമാണ് ശാരദയുടെ പ്രസാധകപദവി ഏറ്റെടുക്കുന്നത്. അധ്യാപികയായും പ്രവർത്തിക്കുകയുണ്ടായി.

   എല്ലാ മേഖലയിലുമെന്നപോലെ മാധ്യമരംഗത്ത് സ്ത്രീകൾ ഇല്ലാതെ പോയതിന്റെ സാമൂഹ്യസാഹചര്യത്തിന്റെയും  ആ പ്രതികൂലസാഹചര്യത്തിലും വീണുകിട്ടുന്ന അനുകൂല അവസരങ്ങൾ സ്ത്രീകൾ പ്രയോജനപ്പെടുത്തിയതിന്റേയും ഒരു രേഖാചിത്രം ഈ ചരിത്രവായനയിൽ  ലഭിക്കും. ശാരദയെക്കുറിച്ച്് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള നടത്തിയ പരാമർശം അതിന് തെളിവാണ്. ""പത്രങ്ങൾ ഒരു രാജ്യത്തിലെ വിദ്യാഭ്യാസപ്രചാരത്തെക്കുറിക്കുന്ന അടയാളങ്ങളാണെങ്കിൽ, കേരളദേശത്ത് സ്ത്രീജനങ്ങളുടെ ഉപയോഗത്തിനായി സ്ത്രീജനങ്ങളാൽ നടത്തപ്പെടുന്ന ഒരു പത്രിക നടന്നുപോകുന്നത് വിസ്മയ പ്രദമല്ലതന്നെ. ഇന്ത്യയിലെവിടെ നോക്കിയാലും, സ്ത്രീവിദ്യാഭ്യാസ വിഷയത്തിൽ, കേരളദേശത്തെപ്പോലെ പ്രാഥമ്യത്തെ അർഹിക്കുന്ന നാടുകൾ ചുരുക്കമാകുന്നു. മാതൃഭാഷയിൽ നല്ലവണ്ണം പാണ്ഡിത്യമുള്ള പല കേരളീയ സ്ത്രീകളുമുള്ളപ്പോൾ, 'ശാരദയെപ്പോലെ ഒരു സ്ത്രീജന പത്രികയുടെ ജീവിതം മുമ്പുതന്നെ സിദ്ധമായ ഒരു അനുമാനമത്രേ! കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളിൽ, 'ശാരദ'യിൽ ചേർത്തുകണ്ട പല സ്ത്രീജനങ്ങളുടേയും ലേഖനങ്ങൾ, കേരളത്തിൽ സ്ത്രീകളാൽ തന്നെ പ്രസിദ്ധങ്ങളായും സ്ത്രീകളുടെ തന്നെ സ്വത്തുക്കളായും സ്ത്രീകൾതന്നെ കൈകാര്യം ചെയ്യുന്നവയായും ഉള്ള പത്രികകൾ ഉണ്ടായിരിക്കുവാൻ ധാരാളം അവകാശം ഉണ്ടെന്ന് വിളിച്ചു പറയുന്നു''എന്നാണ്.
    നേരത്തെ സൂചിപ്പിച്ചതുപോലെ വാർത്താമാധ്യമങ്ങൾ ഇന്നത്തെ രീതിയിൽ അവതരിയ്ക്കും മുൻപ് നിലനിന്ന സാഹിത്യപ്രവർത്തനങ്ങൾ ഒരർത്ഥത്തിൽ അതാതുകാലത്തെ വെളിവാക്കപ്പെടേണ്ട പല വസ്തുതകളും തുറന്നു കാട്ടുന്നവയായിരുന്നു. വനിതാമാസിക രൂപപ്പെടും മുൻപ് സാഹിത്യരംഗത്തും സാമൂഹ്യഎഴുത്തിന്റെ രംഗത്തും അത്തരം  പ്രവർത്തനം നടത്തിയ സ്ത്രീകളെ നമുക്ക്  ഓർക്കേണ്ടതായിട്ടുണ്ട്.
    മനോരമത്തമ്പുരാട്ടി, കെ.എം. കുഞ്ഞിലക്ഷ്മി കെട്ടിലമ്മ, തോട്ടയ്ക്കാട് ഇക്കാവമ്മ, തരവത്ത് അമ്മാളുവമ്മ തുടങ്ങിയവർ അവരിൽ ചിലരാണ്. കോഴിക്കോട് സാമൂതിരി കുടുംബത്തിൽ ജനിച്ച പ്രശസ്ത സംസ്തൃക ഭാഷാ പണ്ഡിതയാണ് മനോരമത്തമ്പുരാട്ടി.  1760 ൽ ജനിച്ച് 1828 ൽ അന്തരിച്ചു. ഹൈദാരാലിയുടെ ആക്രമണത്തെതുടന്ന് ചിതറിപ്പോയ രാജകുടുംബാംഗമെന്ന നിലയിൽ മനോരമയുടെ ബാല്യകാലം സംഘർഷങ്ങളും പ്രയാസങ്ങളും നിറഞ്ഞതായിരുന്നു. മൂന്നു വയസ്സിൽ അമ്മ നഷ്ടപ്പെട്ട മനോരമ വളർന്നതും വിദ്യഅഭ്യസിച്ചതും പൊന്നാനിയിലെ വാകയൂർ കോവിലകത്താണ്. പിന്നീട് ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ചതോടെ സാമൂതിരി കോവിലകത്തെ അംഗങ്ങൾ തിരുവിതാംകൂറിലേയ്ക്ക് പലായനം ചെയ്തു. മനോരമത്തമ്പുരാട്ടി ഭർത്താവ് പാക്കത്ത് ഭട്ടതിരിയോടും മക്കളോടുമൊത്ത് ധർമ്മരാജാവിന്റെ മധ്യ തിരുവിതാംകൂറിലെ എണ്ണയ്ക്കാട്ട് കോവിലകത്ത് ഏതാണ്ട് ഒരു വ്യാവഴട്ടക്കാലം താമസിക്കുകയുണ്ടായി. സംസ്കൃതഭാഷയിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന തമ്പുരാട്ടി സംസ്കൃതപണ്ഡിതരോടും മഹാരാജാവിനോട് പോലും ശ്ലോകങ്ങളിലൂടെയായിരുന്നു കത്തിടപാടുകൾ  നടത്തിയിരുന്നത്. മലബാറും തിരുവിതാംകൂറും  തമ്മിലുള്ള സാംസ്കാരിക ഏകീകരണത്തിന് മനോരമത്തമ്പുരാട്ടി വഹിച്ച പങ്ക് നിസ്തുലമാണ്.
    ''കേരളത്തിലെ സ്ത്രീജനങ്ങളിൽ കിഴക്കേ കോവിലകത്തെ മനോരമത്തമ്പുരാട്ടിയെപ്പോലെ വൈദുഷ്യം സമ്പാദിച്ചവരായി ആരെയും നാം അറിയുന്നില്ല.'' എന്നാണ് മഹാകവി ഉള്ളൂർ ഇവരെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
    കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ മലബാറിലെ കോട്ടയം താലൂക്കിൽ കണ്ണാരത്തു മല്ലോളിൽ തറവാട്ടിൽ 1877 ലാണ് ജനിച്ചത്. പ്രശസ്ത അഭിഭാഷകൻ കൊയ്യോടൻ കുന്നത്തു കണ്ണൻ നമ്പിയാരുടേയും ലക്ഷ്മിയമ്മയുടേയും മകളായി ജനിച്ച കുഞ്ഞിലക്ഷ്മിക്ക് ഏറ്റവും നല്ല വിദ്യാഭ്യാസമാണ് അവർ നൽകിയത്. കാവ്യനാടകങ്ങളും അലങ്കാര വൃത്തങ്ങളും ഹൃദിസ്ഥമാക്കിയ കുഞ്ഞിലക്ഷ്മി സ്വന്തമായി സദാശിവസ്തോത്രം ഓടാട്ടിൽ കേശവമേനോന്റെ നവരത്ന മാലികയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ചന്ത്രോത്ത് കുഞ്ഞിയനന്തൻ വലിയ നമ്പിയാരുമായുള്ള വിവാഹം 19-ാം വയസ്സിലാണ് നടന്നത്. അതിനുശേഷവും സംസകൃതപഠനം തുടരുകയുണ്ടായി. ഭതൃകുടുംബവുമായുണ്ടായ വ്യവഹാരതർക്കം മൂലം വിവാഹബന്ധം വേർപ്പെടുത്തിയ കുഞ്ഞിലക്ഷ്മി നീലകണ്ഠൻ തിരുമുമ്പിനെ വിവാഹം ചെയ്തു. അതോടെ കുട്ടമത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ  അയൽവാസിയായി. ഇത് കുഞ്ഞിലക്ഷ്മിയുടെ സാഹിത്യവാസന പരിപോഷിപ്പിച്ചു. സംസ്കൃതത്തിൽ രചിച്ച പ്രാർത്ഥനാജ്ഞലി, മലയാളത്തിൽ രചിച്ച സാവിത്രിവൃത്തം കൈകൊട്ടിക്കളിപ്പാട്ട്, കൗസല്യാദേവി, പുരാണചന്ദ്രിക എന്നീ കാവ്യങ്ങൾ, കടാംകോട്ടുമാക്കം കിളിപ്പാട്ട് എന്നിവയാണ് വിഖ്യാതകൃതികൾ. കവനകൗമുദി, ആത്മപോഷിണി, സമുദായ ദീപിക, ശാരദ എന്നീ മാസികകളിൽ കുഞ്ഞിലക്ഷ്മി ലേഖനങ്ങളും കാവ്യങ്ങളും എഴുതുകയുണ്ടായി. കുഞ്ഞിലക്ഷ്മിയുടെ ഏറ്റവും വലിയ സംഭാവന 1916 ൽ അവരുടെ പ്രസാധനത്തിൽ ഇറങ്ങിയ മഹിളാരത്നം മാസികയാണ്. ശാരദയ്ക്കുശേഷം സ്ത്രീപ്രസാധക എന്ന ഖ്യാതി അവർ നേടുകയുണ്ടായി.
    സ്ത്രീകൾ പൊതുവെ കടന്നുവരാൻ മടിച്ചിരുന്ന നാടക രചനാരംഗത്തേയ്ക്ക് ധീരമായി കടന്നു വന്ന ആദ്യ സ്ത്രീ എന്നതാണ് തോട്ടയ്ക്കാട്ട് ഇക്കാവമ്മയെ ശ്രദ്ധേയയാക്കുന്നത്. 'സുഭദ്രാർജജുനം' നാടകം രചിക്കുക മാത്രമല്ല അതിൽ അഭിനയിക്കുകയും ചെയ്തു. സ്ത്രീവേഷം പുരുഷൻ ചെയ്യുന്ന കാലത്താണ് ഇൗ ധീരത അവർ കാട്ടിയത്. അതും പുരുഷവേഷം ധരിച്ച്. 1892 ൽ തൃശ്ശൂരിൽ സംഗീതനൈഷധം നാടകത്തിൽ അവർ നളനായി വേഷമിട്ടു-അമ്പാട്ടുഗോവിന്ദമേനോൻ ദമയന്തിയും. എറണാകുളത്ത് തോട്ടയ്ക്കാട്ട് വീട്ടിൽ കുട്ടിപ്പാറു അമ്മയുടെയും ഇരിങ്ങാലക്കുട നന്തിക്കര വീട്ടിൽ ചാത്തുപണിക്കരുടേയും മകളായി 1864 ൽ ആണ് ഇക്കാവമ്മ ജനിക്കുന്നത്. നല്ല കഥകളി നടനും സംഗീതത്തിലും സാഹിത്യത്തിലും ശിൽപകലയിലും പ്രഗത്ഭനായിരുന്ന പിതാവ് ചാത്തുപണിക്കർ തന്നെയായിരുന്നു ഇക്കാവമ്മയുടെആദ്യഗുരു. വ്യാകരണവും പഞ്ചാംഗ ഗണനവും കാവ്യനാടകവും മറ്റും അതോടൊപ്പം അവർ അഭ്യസിച്ചു.
    താൻ നേടിയ അറിവുകൾ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും അവർ എന്നും തയ്യാറായിരുന്നു. കാരണം സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് വിദ്യാസമ്പന്നകളായ സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്നവർ ഉറച്ചു വിശ്വസിച്ചിരുന്നു. സ്ത്രീകൾ കൈയ്യാളാൻ മടിയ്ക്കുന്ന ശൃംഗാരസാഹിത്യത്തിൽ ഇക്കാവമ്മ നടത്തിയ ഇടപെടലുകൾ ധീരവും ഉജ്വലവുമായിരുന്നു. വെൺമണിസാഹിത്യം കൈകാര്യം ചെയ്തിരുന്ന ഇൗ കവയിത്രിയെ അശ്ലീലച്ചുവ കലർന്ന ഇൗരടികളാൽ ആക്ഷേപിച്ചപ്പോഴൊക്കെ ഉരുളക്ക് ഉപ്പേരിപോലെ അവർ അതിന് കവിതയിൽ തന്നെ ചുട്ടമറുപടി നൽകി പുരുഷവിമർശകരെ നിർവീര്യമാക്കിയത് സാഹിത്യചരിത്രത്തിലെ തിളങ്ങുന്ന ഏടുകളാണ്. സ•ാർഗോപദേശം ഓട്ടൻതുള്ളൽ, രാസക്രീഡ കുറത്തിപ്പാട്ട്, പുരാണശ്രവണ മാഹാത്മ്യം കിളിപ്പാട്ട് (വിവർത്തനം) കൽക്കിപുരാണം കിളിപ്പാട്ട്, നളചരിതം നാടകം തുടങ്ങി നിരവധികൃതികൾ ഇക്കാവമ്മ രചിയ്ക്കുകയുണ്ടായി. ഇതിൽ നളചരിതം നാടകം 'ശാരദ'യിൽ ഖണ്ഡ:ശ പ്രസിദ്ധീകരിച്ചിരുന്നു. സുഭദ്രാർജ്ജുനം നാടകം കരമന കേശവശാസ്ത്രി സംസ്കൃതത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
    സ്ത്രീകളെ ഇടിച്ചു താഴ്ത്തുന്ന എല്ലായിടത്തും ഇക്കാവമ്മ ശക്തമായി പ്രതികരിച്ചിരുന്നു. ഒരിക്കൽ 'കേരളനന്ദിനി'യിൽ സമസ്യയ്ക്കു വന്ന പൂരണം സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് കണ്ടതോടെ അതിശക്തമായ സ്ത്രീപക്ഷവരികളോടെ ഇക്കാവമ്മ മറു പൂരണം നൽകിയത് അക്കാലത്തെ സജീവ സാഹിത്യചർച്ചാ വിഷയമായിരുന്നു. 'സുഭദ്രാർജ്ജുന'ത്തിലെ സ്ത്രീശക്തി വിളിച്ചോതുന്ന വരികൾ ഇന്നും പ്രസക്തം.
    

     മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ?
    തേർതെളിച്ചില്ലേ പണ്ട്്് സുഭദ്ര?
    പാരിതു ഭരിക്കുന്നില്ലേ വിക്ടോറിയ ?
    മല്ലാക്ഷി മണിമാർക്കു പാടവമിവ
    യ്്ക്കെല്ലാം ഭവിച്ചീടുകിൽ
    ചെല്ലേറും കവിതയ്ക്കു മാത്രമിവരാള
    ല്ലെന്ന് വന്നിടുമോ?    


  പതിനാലാമത്തെ വയസ്സിൽ കാരയ്ക്കാട്ട് നാരായണമോനോനെ വിവാഹം കഴിച്ച ഇക്കാവയ്ക്ക് ആറു പെൺമക്കളും നാല് ആൺമക്കളുമുണ്ടായിരുന്നു. ഇവർക്കെല്ലാം ഉന്നതവിദ്യാഭ്യാസം നൽകുന്നതിൽ ഇക്കാവമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൊച്ചിൻ സർക്കാർ സർവ്വീസിൽ    പേഷ്ക്കാ്രുദ്യോഗം വരെ ഉയർന്ന ഇക്കാവമ്മയുടെ സംഭബഹുലമായ ജീവിതം 1902ൽ അവസാനിച്ചു.
    കൊടുവായൂർ ചിങ്ങച്ചംവീട്ടിൽ ശങ്കരൻ നായരുടേയും തരവത്ത് കുമ്മിണിയമ്മയുടെയും മകളായി 1973ലാണ് തരവത്ത് അമ്മാളുവമ്മ ജനിക്കുന്നത്. തോട്ടയ്ക്കാട് ഇക്കാവമ്മയ്ക്കുശേഷം മധ്യകേരളം കണ്ട ഏറ്റവും വലിയ പണ്ഡിതയും പത്രപ്രവർത്തകയുമായിരുന്നു അമ്മാളുവമ്മ. ടിപ്പുസുൽത്താന്റെ ആക്രമണകാലത്ത് വടക്കേ മലബാറിൽ നിന്ന് പാലക്കാട്ടു വന്ന് അഭയം പ്രാപിച്ചവരായിരുന്നു അമ്മാളുവമ്മയുടെ പൂർവ്വികർ. അതുകൊണ്ട് മലയാളത്തിൽ മാത്രമല്ല സംസ്കൃതത്തിലും തമിഴിലും ഇവർക്ക് നല്ല അറിവുണ്ടായിരുന്നു. കൂടാതെ സംഗീതത്തിലും ഗണിതശാസ്ത്രത്തിലും അമ്മാളുവമ്മ മിടുക്കുള്ളവരായിരുന്നു. പതിനൊന്ന് ഗ്രന്ഥങ്ങൾ അമ്മാളുവമ്മ രചിച്ചു. ഭക്തമാല (3 ഭാഗങ്ങൾ) ശിവഭക്തവിലാസം, ലീല, ബാലബോധിനി, കൃഷ്ണഭക്തി ചന്ദ്രിക, ബുദ്ധചരിതം, ബുദ്ധഗാഥ, കോമളവല്ലി (2 ഭാഗങ്ങൾ) സർവ്വവേദാന്തസിദ്ധാന്ത സംഗ്രഹം, ഒരു തീർത്ഥയാത്ര, ശ്രീ ശങ്കരവിജയം എന്നിവയാണ് പ്രധാന രചനകൾ.സംസ്കൃതത്തിൽ നിന്ന് വിവർത്തനം ചെയ്ത കൃതികളാണ് ഭക്തമാലയും ശിവശക്തിവിലാസവും. സർ എഡ്വിൻ അർനോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി രചിച്ച ഗദ്യപുസ്തമാണ് 'ബുദ്ധചരിതം'. തമിഴിൽ നിന്നുള്ള വിവർത്തനഗ്രന്ഥങ്ങളാണ് ശ്രീ ശങ്കരവിജയവും ലീലയും. അമ്മാളുവമ്മയാണ് സാഹിത്യപരിഷത്തിൽ സജീവമായ ആദ്യ വനിത. പരിഷത്തിന്റെ 31.12.1927 ൽ തൃശൂരിൽ വെച്ച് നടന്ന യോഗത്തിൽ അവർ അദ്ധ്യക്ഷയായിരുന്നു അന്നാചാണ്ടിയുടെ നേതൃത്വത്തിലുള്ള ആദ്യ മലയാളം വാരിക ശ്രീമതിയുടെ പത്രാധിപ സമിതി അംഗമായിരുന്നു ഇവർ.

    സ്ത്രീകളും പുരുഷന്മാരോടൊപ്പമോ അതിൽ കൂടുതലോ സാഹിത്യബോധവും രചനാപാടവുമുള്ളവരാണെന്ന് ഉറച്ചു വിശ്വസിച്ച അമ്മാളുവമ്മ അക്കാലത്തെ മാസികകളിലും പത്രങ്ങളിലും ഗഹനമായ സാഹിത്യവിഷയങ്ങളെക്കുറിച്ചും സ്ത്രീപക്ഷനിലപാടുകളെക്കുറിച്ചും എഴുതുമായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും പത്നി ബി കല്ല്യാണിയമ്മയുമായുള്ള സൗഹൃദം അമ്മാളുവമ്മയ്ക്ക് തന്റെ സാഹിത്യപത്രപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും ഊർജ്ജവും നൽകിയിരുന്നു.
    മേൽപ്പറഞ്ഞ നാലു വനിതകളും ഭാഷയിലും മറ്റ് വിഷയങ്ങളിലും  അസാമാന്യ കഴിവ് തെളിയിച്ചവരായിരുന്നു. ഇവരുടെ രചനകൾ പലതും വെളിച്ചം കണ്ടത് അക്കാലത്തെ സാഹിത്യമാസികകളിലൂടെയും പത്രപ്രവർത്തനവേദികളിലൂടെയുമാണ്. ഇവരുടെ ധീരമായ എഴുത്തും നിലപാടുകളും പിൽക്കാലത്തെ വനിതാമാധ്യമ പ്രവർത്തനത്തിനും സ്ത്രീപോരാട്ടങ്ങൾക്കും ഉൗർജ്ജമായിട്ടുണ്ട് എന്നതാണ് വസ്തുത.
    ശാരദയ്ക്കുശേഷം 1916 ലാണ് ഒരു വനിതാ മാസിക പ്രസിദ്ധീകരിക്കപ്പെുന്നത് ; കെ.എം കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ എന്ന മഹാപണ്ഡിതയുടെ പ്രസാധനത്തിൽ 'മഹിളാരത്നം' എന്ന പേരിൽ അവരെക്കുറിച്ച് നമ്മൾ നേരത്തെ പരാമർശിച്ചിരുന്നു. വനിതാമാസികയാണെങ്കിലും ഇതിൽ എഴുത്തുകാർ ഒട്ടുമിക്കവരും  പുരുഷന്മാരായിരുന്നു. മൂർക്കോർത്ത്, ഒടുവിൽ,  കോയിപ്പള്ളി, പന്തളം, കുമാരനാശാൻ, ഉള്ളൂർ തുടങ്ങിയവർ - പ്രസാധകയ്ക്കു പുറമെ കെ.ചിന്നമ്മ, തൈക്കുന്നത്ത് കല്ല്യാണികുട്ടിയമ്മ, മയ്യനാട് ഇക്കാവമ്മ എന്നിങ്ങനെയുള്ള ചില സ്ത്രീകളും 'മഹിളാരത്ന'ത്തിൽ എഴുതിയിരുന്നു. ചെങ്ങന്നൂർ മഹിളാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ' മഹിള'യാണ് ഏറ്റവുമധികകാലം പ്രസിദ്ധീകരിക്കപ്പെട്ട വനിതാമാസിക.1921 ൽ തുടങ്ങി ഏതാണ്ട് 20 വർഷക്കാലം അത് നിലനിന്നു. ആറ്റുകാൽ നീലകണ്ഠപിള്ളയുടെ പത്നി ബി. ഭാഗീരഥിയമ്മയായിരുന്നു അതിന്റെ പ്രസാധക. സുമംഗല, വനിതാമിത്രം, സ്ത്രീസഹോദരി, മുസ്ലീംവനിത, വനിതാകുസുമം തുടങ്ങി ആ കാലത്ത് പല വനിതാമാസികകളും പ്രസിദ്ധീകരണം നടത്തുകയുണ്ടായി. ഇവയിൽ സ്ത്രീസ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി ശക്തമായി നിലകൊണ്ട മാസിക 'വനിതാകുസുമ'മാണ്. 1927 ൽ കോട്ടയത്തു നിന്നും ' പ്രതിദിനം' ദിനപത്രത്തിന്റെ പത്രാധിപർ വി.സി.ജോണിന്റെ നേതൃത്വത്തിലാണ് 'വനിതാകുസുമം' പ്രസിദ്ധീകൃതമായത്. കവറുൾപ്പെടെ 42 പേജുണ്ടായിരുന്ന മാസികയുടെ വാർഷിക വരിസംഖ്യ 2 രൂപയായിരുന്നു. രണ്ടായിരത്തിലേറെ വരിക്കാർ അന്നീ മാസികയ്ക്കുണ്ടായിരുന്നു. ഇത് സ്വതന്ത്ര സ്ത്രീപക്ഷനിലപാടുകൾ അന്ന് കേരളത്തിലെ സ്ത്രീകൾ എങ്ങിനെയാണ്  സ്വീകരിച്ചത് എന്നുള്ളതിന്റെ ഒരു ഉദാഹരണം കൂടിയാണ്.
    വനിതകൾ മാസികകൾ മാത്രമല്ല വാരികയും നടത്തിയിരുന്നു. തിരുവനന്തപുരത്തുനിന്നും സി. കാർത്ത്യായനിയമ്മയുടെ നേതൃത്വത്തിൽ 'ശ്രീമതി ' എന്ന പേരിലാണ് വാരിക നടത്തിയത്. 1935 ൽ ഒരു വിശേഷാൽ പ്രതിയുൾപ്പെടെ നാലുകൊല്ലം വാരിക പ്രസിദ്ധീകരിക്കുകയുണ്ടായി.

 
സ്വാതന്ത്ര്യാനന്തരകാലം  

 
    രാജ്യം സ്വാതന്ത്ര്യം നേടി പിന്നീടുള്ള ഒരു വ്യാഴവട്ടക്കാലം മാധ്യമരംഗത്തെ സ്ത്രീസാന്നിദ്ധ്യസാധ്യതകളും സംഭാവനകളും തീരെ ദുർബ്ബലമായിരുന്നു. ഇക്കാലത്തെക്കുറിച്ച് വസ്തുനിഷ്ഠാപരമായ ഒരന്വേഷണം എങ്ങും നടന്നതായി കാണുന്നില്ല. സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ പൊതുവെ നിലനിന്ന പോരാട്ടവീര്യവും സമരാന്തരീക്ഷവും അക്കാലത്തെ സ്ത്രീമുന്നേറ്റങ്ങൾക്ക് ഊർജ്ജം പകർന്നിരുന്നു. അതിന്റെ ഫലമായി ഉയിർത്തെഴുന്നേറ്റ സ്വത്വബോധവും അവകാശബോധവും സ്ത്രീ സമൂഹത്തെ അതുവരെ എത്തിപ്പെടാത്ത പല മേഖലകളിലേയ്ക്കും സധൈര്യം കടന്നു ചെല്ലാനും കീഴടക്കാനും അവരെ സന്നദ്ധരും കെൽപുള്ളവരുമാക്കി. മാധ്യമരംഗത്തെ സ്ത്രീപ്രവേശവും അങ്ങനെ സംഭവിച്ചതാണ്.
    എന്നാൽ സ്വാതന്ത്ര്യാനന്തരകേരളം പിന്നീട് മുൻഗണന നൽകിയത് പുതിയൊരു ലോകം കെട്ടിപ്പടുക്കാനുള്ള പദ്ധതികൾക്കും പരിപാടികൾക്കുമാണ്. എെക്യകേരളം രൂപപ്പെടുന്നത് 1956 നവമ്പർ 1 നാണ്. അതിനുശേഷം ആദ്യമായി നടന്ന ജനാധിപത്യതെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റു മന്ത്രിസഭ സ്ത്രീകളുടെ ഉന്നമനം  ലക്ഷ്യമിട്ടു കൊണ്ടുവന്ന പൊതുവിദ്യാഭ്യാസനിയമം, ആരോഗ്യനിയമം എന്നിവ പെൺകുട്ടികളുടെ അടിസ്ഥാനവിദ്യാഭ്യാസവും അടിസ്ഥാന ആരോഗ്യവും ഊട്ടിയുറപ്പിക്കാൻ സഹായകമായി. ജാതീയമായ തീണ്ടലും തൊട്ടുകൂടായ്മയും ഇല്ലാതാക്കാൻ കൂടി ഈ പരിഷ്ക്കരണങ്ങൾക്ക് കഴിഞ്ഞു. പിന്നീട് വന്ന സമ്പൂർണ്ണ സാക്ഷരതായജ്ഞമുൾപ്പെടെ പല പദ്ധതികളും ഉദ്ദേശലക്ഷ്യങ്ങളൊക്കെ കൈവരിച്ചെങ്കിലും സ്ത്രീകളുടെ സാമൂഹ്യമായ അവസ്ഥ മറ്റുചില വെല്ലുവിളികളെ നേരിടുന്നുണ്ടായിരുന്നു. കൂട്ടുകൂടുംബവ്യവസ്ഥയുടെ തകർച്ച, കാർഷികമേഖലയിലെ അനിശ്ചിതത്വം എന്നിവ പുതിയൊരു സാമൂഹ്യസംസ്ക്കാരത്തിന് വഴി തുറന്നപ്പോൾ സ്ത്രീയുടെ സ്വത്വബോധചിന്തകൾ പല സന്ദർഭങ്ങളിലും അനാഥമാക്കപ്പെട്ടു. ഒരു പരിഭ്രമവും അന്താളിപ്പും സ്ത്രീസമൂഹത്തിൽ ഉണ്ടായി എന്നതാണ് സാമൂഹിക യാഥാർത്ഥ്യം. ഇൗ ഘടനാമാറ്റത്തിൽ തരിച്ചിരുന്നുപോയ സ്ത്രീകൾ പല മേഖലകളിലും മുന്നേറ്റം നടത്തുമ്പോഴും അടിസ്ഥാനസ്ത്രീവിഷയങ്ങളിൽ കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ടായിരുന്നു.
    സർക്കാർ സ്കൂളുകൾ ധാരാളമായുണ്ടായി. വ്യവസ്ഥകളും നിയമങ്ങളുമുണ്ടായി. ആരോഗ്യപരിപാലനത്തിൽ ശുഷ്ക്കാന്തി കൊണ്ടുവന്നു. എന്നാൽ കുടുംബങ്ങളുടെ ഘടനയിലെ അധികാര സമവാക്യം പൊതു ഇടങ്ങളിലെ എന്ന പോലെ സ്ത്രീവിരുദ്ധമായി ഇതിനിടയിൽ എന്നതാണ് യാഥാർത്ഥ്യം. സ്വാതന്ത്ര്യപോരാട്ടത്തിലും ഐക്യകേരള സമരവീഥികളിലും കയ്യും മെയ്യും മറന്ന് മാറ്റത്തിന് വേണ്ടി പുരുഷന്മാരോടൊപ്പം എല്ലാവെല്ലുവിളികളും സധൈര്യം നേരിട്ട സ്ത്രീക്ക് ഇൗ സമരങ്ങളൊക്കെ വിജയിച്ചതോടെ രാഷ്ട്രീയമായും സാമൂഹ്യമായും വലിയ തിരിച്ചടിയാണ് നേരിട്ടത്. അധികാരകേന്ദ്രങ്ങളിലേക്ക്് സ്ത്രീസമൂഹത്തിന്റെ കടന്നു വരവ് ഒരർത്ഥത്തിൽ സംഘടിതമായി ചെറുത്തു തോൽപിക്കപ്പെട്ടു.
     ഈയൊരു പിന്നോട്ടടി ഏറ്റവും  പ്രകടമായി അനുഭവപ്പെട്ടത് മാധ്യമരംഗത്താണ്. മാധ്യമരംഗം ഇതിനകം സാങ്കേതികമായും ഘടനാപരമായും കൂടുതൽ വിപുലീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. സ്വകാര്യപത്രങ്ങളുടെ എണ്ണം വർദ്ധിച്ചു. പല രാഷ്ട്രീയ പാർട്ടികൾക്കും സ്വന്തമായി പത്രങ്ങൾ വന്നു. മലയാള മനോരമ, മാതൃഭൂമി, ദീപിക പോലുള്ള വൻകിട പത്രങ്ങളോട് കിടപിടിക്കാൻ കഴിയില്ലെങ്കിൽപോലും ദേശാഭിമാനി, ജനയുഗം, വീക്ഷണം പോലുള്ള പത്രങ്ങൾ അവരുടെ സാന്നിദ്ധ്യം വാർത്താലോകത്ത് അടയാളപ്പെടുത്തുക തന്നെ ചെയ്തു. 1985 ജനുവരി 1 ന് 'ദൂരദർശൻ' വരുന്നതു വരെ കേരളത്തിൽ അച്ചടിമാധ്യമങ്ങൾ ആയിരുന്നു മുഖ്യവാർത്താവിതരണ ഉപാധി. തീർച്ചയായും ആകാശവാണി നിലവിലുണ്ടായിരുന്നു. അതിലേയ്ക്ക് പിന്നീട് വരാം. എന്നാൽ 1985 വരെയുള്ള അച്ചടി മാധ്യമ രംഗത്തെ വനിതാസാന്നിദ്ധ്യം എന്തായിരുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.
    

ശൂന്യകാലം 
    

   രാജ്യം സ്വതന്ത്രമായശേഷമുള്ള 1950തുകളിലെ പത്രമാധ്യമ ചരിത്രം പരിശോധിച്ചാൽ കേവലം വിരലിലെണ്ണാവുന്ന സ്ത്രീകളേ ഇൗ രംഗത്തുണ്ടായിരുന്നുള്ളൂ  എന്ന് മനസ്സിലാക്കാം. കെ. പദ്മം, അമ്പാടി കാർത്ത്യായിനിയമ്മ, വി. പാറുകുട്ടിയമ്മ, കെ. തങ്കം മേനോൻ എന്നിവർ അവരിൽ ചിലർ. 'ന്യൂ ഏജ്' ലെ ധാരാളം ലേഖനങ്ങൾ നവയുഗത്തിനുവേണ്ടി 1950തുകളിൽ തർജ്ജമ ചെയ്തത് കെ. പത്മമായിരുന്നു. ഭർത്താവ് കെ. ദാമോദരനെ പത്രപ്രവർത്തനരംഗത്ത് സഹായിച്ചുകൊണ്ടാണ് പത്മയും പത്രരംഗത്ത് വരുന്നത്. ജനയുഗത്തിൽ വരുന്ന ലേഖനങ്ങൽ പലതും പ്രൂഫ് നോക്കിയിരുന്നതും പത്മമായിരുന്നു. ഏതാണ്ട് 1980 തുവരെ അമ്പാടി കാർത്ത്യായിനിയമ്മ വിദ്യാഭ്യാസ പരിഷ്ക്കരണം, സ്വതന്ത്രഭാരതത്തിലെ സ്ത്രീകൾ, ബാലസാഹിത്യനിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ ധാരാളം ലേഖനങ്ങൾ ഗൃഹലക്ഷ്മിഅടക്കമുള്ള ആനുകാലികങ്ങളിൽ എഴുതിയിരുന്നു
    പ്രസാധകരും പത്രാധിപരും, ലേഖകരും വിവർത്തകരും പ്രൂഫ് വായനക്കാരുമൊക്കെയായി അതുവരെ മാധ്യമരംഗത്ത് പ്രവർത്തിച്ച സ്ത്രീകളിൽ നിന്നും തങ്കം മേനോനെ വ്യത്യസ്തയാക്കുന്നത് വനിതാ ന്യൂസ് എഡിറ്ററായി ഒരു പത്രത്തിൽ ആദ്യമായി സേവനമനുഷ്ഠിച്ചു എന്നതാണ്. മാതൃഭൂമിയിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതിപ്പോന്ന തങ്കം മേനോൻ 1973 ൽ കുറച്ചുകാലം ന്യൂസ് എഡിറ്ററുടെ ചുമതല വഹിച്ചിരുന്നു. പിന്നീട് 1976 ൽ ്അസിസ്റ്റന്റ് എഡിറ്ററായി. തങ്കം മേനോന്റെ സഹപാഠിയായിരുന്ന വി പാറുകുട്ടിയമ്മ 1968 ൽ മാതൃഭൂമിയിൽ ലൈബ്രേറിയനായി ജോലി ചെയ്യുകയുണ്ടായി. 
    1970 മുതൽ 1990വരെയുള്ള ഇരുപത് വർഷത്തെ മാധ്യമചരിത്രംപരിശോധിച്ചാൽ വനിതകളുടെ സാന്നിദ്ധ്യം നാമമാത്രമായിരുന്നു എന്ന് കാണാം. ഇക്കാലത്താണ് വനിതാമാസികകൾ കൂടുതലായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. മനോരമയുടെ "വനിത', മാതൃഭൂമിയുടെ "ഗൃഹലക്ഷ്മി'കുങ്കുമത്തിന്റെ "കുമാരി' എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗൃഹലക്ഷ്മി 1979ൽതുടങ്ങുമ്പോൾ മുതൽ അതിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ച ഡോ.പി.ബി.ലാൽക്കർ പിന്നീട് അതിന്റെ സ്വതന്ത്ര ചുമതല ഏറ്റെടുത്തൂ. എന്നാൽ 1976മുതൽ1979 വരെ "വീക്ഷണംപത്രത്തിൽ സേവനം അനുഷ്ടിച്ചിരുന്നു. "ലാൽക്കർ 'എന്ന പേരിൽ ഒരു ഹിന്ദി മാസിക അവർ സ്വന്തമായി പ്രസിദ്ധീകരിക്കുകയുണ്ടായി. 1995 മുതൽ ഗൃഹലക്ഷ്മിയിൽ നിന്ന് മാറി മാതൃഭൂമിയുടെ വാരാന്ത്യത്തിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു. 1999മുതൽ മാതൃഭൂമി ദിനപത്രത്തിലേക്ക് മാറി.അവിടെ നിന്ന് വിരമിച്ചു.
    ദേശാഭിമാനിയിൽ തുളസി ഭാസ്ക്കർ സബ് എഡിറ്ററായി ചേരുന്നത് 1984ലാണ്. ദേശാഭിമാനി ദിനപത്രത്തിൽ ന്യൂസ് എഡിറ്ററായ ആദ്യ വനിതയാണിവർ. ജനയുഗം ദിനപത്രത്തിൽ 1976 മുതൽ1978 വരെ മൂന്ന് വനിതകൾ സബ്എഡിറ്റർ ട്രെയിനികളായി ജോലിക്ക് ചേർന്നു.  പി. എസ്. നിർമ്മല, ഷൈല സി.ജോർജ് , ഗീതാ നസീർ എന്നിവർ ഇതിൽ പിഎസ് നിർമ്മല പിന്നീട് മാതൃഭൂമിയിൽ ചേർന്ന് ഡപ്യൂട്ടി ന്യൂസ് എഡിറ്റർ പദവി വരെയെത്തിയിട്ട് വിട്ട്പോയ ഗീതാ നസീർ 1979ന് ശേഷം 1983 മുതൽ1985 വരെയും പിന്നീട് ജനയുഗം പുന:പ്രസിദ്ധീകരിച്ച ശേഷം 2012 മുതൽ 2018 വരെയും
ന്യൂസ് ഡസ്ക്കിൽ ജോലിചെയ്ത്  ഡപ്യൂട്ടി കോ ഓർഡിനേറ്റിംഗ് എഡിറ്ററായി വിരമിച്ചു. ഇൗ കാലയളവിൽ എഡിറ്റർ ഫീച്ചർ പേജുകളുടെ ചുമതല വഹിച്ചു. പത്രത്തിൽ മുഖ പ്രസംഗം  എഴുതുകയും ചെയ്യുമായിരുന്നു. മാതൃഭൂമിയിൽ 1985ൽ എ എം പ്രീതി, 1987ൽ ബിലീന തുടങ്ങിയവർ സബ് എഡിറ്റർമാരായി തുടങ്ങി സ്പെഷ്യൽ കറസ് പോണ്ടന്റ വരെ എത്തി ഇപ്പോഴും ജോലിയിൽ തുടരുന്നു.
  കേരളകൗമുദിയിൽ പത്രപ്രവർത്തകയായി 1987ൽ ജോലിയിൽ പ്രവേശിച്ച കെ. എ ബീന ദൂരദർശനിലും, ആകാശവാണിയിലും  ന്യൂസ് എഡിററർ ആയി ജോലി  ചെയ്യുകയുണ്ടായി.  ഇരുപത്തി ഏഴോളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ബീന. കലാകൗമുദി വിമൻസ് മാഗസീൻ, ഗൃഹലക്ഷ്മി എന്നിവയിൽ പ്രവർത്തിക്കുകയുണ്ടായി ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ 1991ൽചേർന്നതോടെയാണ് ഒൗദ്യോഗിക വാർത്താ മാധ്യമങ്ങളിൽ വാർത്തകളുടെ ചുമതലക്കാരിയായത് . 
 
   ദേശാഭിമാനിയിൽ 1989ലാണ് ആർ.പാർവ്വതീദേവി സബ് എഡിറ്ററായി ചേരുന്നത്. നിയമസഭാറിപ്പോർട്ടിംഗ്  അടക്കമുളള ജോലിയിൽ സ്ത്രീയായി ആദ്യം വരുന്നത് പാർവ്വതിയാണ്. സീനിയർ സബ് എഡിറ്ററായിരിക്കുമ്പോഴാണ് ഏഷ്യാനെറ്റിലേക്ക് മാറുന്നത്. കൈരളി അടക്കമുളള വാർത്താചാനലുകളിൽ ന്യൂസ് ബ്യൂറോയുടെ നേതൃത്വം ഏറ്റെടുത്ത  ആദ്യ വനിതകൂടിയായിരുന്നു പാർവ്വതി. കെ. ആർ മീര 1993ലാണ് മനോരമയുടെ എഡിറ്റോറിയൽ വിഭാഗത്തിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിക്കുന്നത്. 2006 വരെ അവിടെ തുടർന്ന ശേഷം മുഴുവൻ സമയഎഴുത്തിലേക്ക് പോവുകയായിരുന്നു. ലീലാ മേനോൻ പ്രേമ മ•്ഥൻ തുടങ്ങിയവർ ഇംഗ്ലീഷ് പത്രങ്ങളിൽ ന്യൂസ് എഡിറ്റർമാരായി  പ്രവർത്തിക്കുകയുണ്ടായി. 1978ൽ ഇന്ത്യൻ എക്സ്പ്രസ്സിൽ ചേർന്ന ലീലാ മേനോൻ 2000വരെ വിവിധ തസ്തികകളിൽ ജോലി ചെയ്തു. വിട പറയുമ്പോൾ അവർ "ജ•ഭൂമി' പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നൂ. ഇതിനിടയിൽ കുറച്ചധികം പെൺകുട്ടികൾ പത്ര മാധ്യമരംഗത്ത് സബ് എഡിറ്ററായും റിപ്പോർട്ടർമാരായും വരികയും ചിലർ തുടരുകയും മറ്റുചിലർ വിട്ടു പോവുകയുമുണ്ടായി.
    മാധ്യമ പ്രവർത്തനം കൂടുതൽ കരുത്ത് ആർജിച്ച ഇൗ ഇരുപത് വർഷക്കാലം  ഈ മേഖലകളിലെ വിരലിൽ എണ്ണാവുന്ന സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചത്. 


 സ്ത്രീപക്ഷ വാർത്തകൾ 

    മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെപ്പറ്റിയുള്ള ചരിത്രപരമായ ഒരു വിശകലനമാണ് ഇതുവരെ നടത്തിയത്. ഒപ്പം അവർ നേരിടുന്ന പ്രശ്നങ്ങളും നമ്മൾ കണ്ടു. എന്നാൽ മാധ്യമലോകം സ്ത്രീകളെ എങ്ങനെ അടയാളപ്പെടുത്തി എന്നതുകുടി പരിശോധിക്കേണ്ടതുണ്ട്. ഒരു വാർത്ത നമ്മൾ കാണുന്ന രീതിയിൽ വായിക്കപ്പെടും മുൻപുവരെ അത് പല വിധഘട്ടങ്ങളിൽകൂടി കടന്നുപോകും. ആദ്യം വാർത്ത കണ്ടെത്തണം, പിന്നെ അത് വിശകലനം ചെയ്യണം, അതിലെ മറ്റ് സാധ്യതകളും വശങ്ങളും പരിശോധിക്കണം, പിന്നീടത് വാർത്തയാക്കി അതിനാവശ്യമായ എഡിറ്റിംഗ് വരുത്തി, തലവാചകവും അനുയോജ്യമായ ഫോട്ടോകളും നൽകിയശേഷം അത് അച്ചടിച്ച് പലതവണ പ്രൂഫ് തിരുത്തിയാണ് ഫൈനൽ പ്രിന്റിന് പോവുക. ഈ ദീർഘമായ നടപടികൾക്ക് വിധേയമാകുന്ന വാർത്തകൾക്ക് എന്തെങ്കിലുമൊക്കെ ലക്ഷ്യം പലപ്പോഴും നിറവേറ്റാനുണ്ടാകും. അത് തീർച്ചയായും വാർത്തയെ ആശ്രയിച്ചും മാധ്യമ സ്ഥാപനത്തിന്റെ താല്പര്യമനുസരിച്ചുമായിരിക്കും നിർമ്മിക്കപ്പെടുക. ഉദാഹരണത്തിന് വളരെ നിർദ്ദോഷകരമെന്ന് തോന്നാവുന്ന ഒരു ചരമ വാർത്തയാണ് കൊടുക്കുന്നതെന്ന് കരുതുക. മരിച്ചയാളുടെ പ്രാധാന്യം, ബന്ധം, പ്രായം, സംഭാവനകൾ ഒക്കെ കണക്കിലെടുത്ത് ആ വാർത്ത ചരമപ്പേജിലോ ജനറൽപ്പേജിലോ എവിടെയാണ് പോകേണ്ടതെന്ന് എഡിറ്റോറിയൽ വിഭാഗം തീരുമാനിക്കും. മരിച്ചയാൾ പുരുഷനാണെങ്കിൽ അയാളുടെ ഭാര്യ ഇന്ന സ്ത്രീയാകുന്നു. മക്കളും മരുമക്കളും ഇന്നവരൊക്കെയാകുന്നു എന്നും കൊടുക്കും. അതേസമയം മരിച്ചയാൾ സ്ത്രീയാകുമ്പോൾ ഇന്നയാളുടെ ഭാര്യ അന്തരിച്ചു എന്നാണ് വാർത്ത കൊടുക്കുക. ഭർത്താവ് അറിയപ്പെട്ട ആളല്ലെങ്കിലും ഏതോ ഒരു സദാശിവന്റെ ഭാര്യ ഉഷ അന്തരിച്ചു. ഭർത്താവ് പ്രസിദ്ധനാണെങ്കിൽ പിന്നെ പറയുകയും  വേണ്ട - മേൽവിലാസങ്ങളില്ലാത്ത സ്ത്രീകൾ എന്നത് ഒരു സാമൂഹ്യസൃഷ്ടിയാണ്. ലളിതയുടെ ഭർത്താവ് രാഘവൻ അന്തരിച്ചു എന്ന് പറയാൻ ശീലിക്കാത്ത സാമൂഹ്യബോധം ഇന്നും വാർത്താലോകത്ത് തിരുത്തിക്കാൻ നമുക്കാകുന്നില്ല. മരണമല്ലേ അതിലും ലിംഗപരമായ അനീതി കാണുന്നതെന്തിന് എന്ന നിഷ്ക്കളങ്ക ചോദ്യം എനിക്ക് കേൾക്കാം. ചെറിയ ചെറിയ ശ്രദ്ധിക്കപ്പെടാതെ പോകുന്ന നിരുപദ്രവമെന്ന് പൊതുസമൂഹം കരുതുന്ന ഇത്തരം ലിംഗവിവേചനങ്ങളിൽ തിരുത്തൽ വരുത്തി വേണം ലിംഗനീതിയിലേയ്ക്ക് ഒരു സമൂഹത്തിന് നടന്നുകയറാൻ. പൊതുവെ മാധ്യമവിദ്യാർത്ഥികളോട് ഞങ്ങൾ ചൂണ്ടികാണിക്കുന്ന ചെറിയ ഉദാഹരണമാണിത്. മാധ്യമസ്ത്രീ കൈകാര്യം ചെയ്യേണ്ടതെന്ന് മാധ്യമ ലോകം തീരുമാനിച്ചിരുന്ന സൗന്ദര്യം, പാചകം, ആരോഗ്യസംരക്ഷണം, കുടുംബപുരാണം തുടങ്ങിയ. വിഷയങ്ങൾക്ക് സ്ത്രീതന്നെ വേണ്ടതില്ലെന്ന കാഴ്ചപ്പാടിൽ നാമെത്തിയിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ. അത്തരം വാർത്തകളും പംക്തികളും ചെയ്യുന്ന കാലത്ത് സ്വാഭാവികമായും സ്ത്രീപ്രശ്നങ്ങളെ സംബന്ധിച്ച പൊതുവാർത്തകൾക്ക് സ്ത്രീപക്ഷ കാഴ്ചപ്പാട് പലപ്പോഴും ഉണ്ടായിരുന്നില്ല. എന്നാൽ ബലാത്സംഗം, മറ്റ് ലൈംഗിക പീഡനങ്ങൾ, കൊലപാതകം, പ്രണയം, ഗാർഹിക പീഡനം, സ്ത്രീധനപ്രശ്നം എന്നീ വിഷയങ്ങൾ സ്ത്രീകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ അവയ്ക്ക് വേറെ ചില മാനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ഒരു പരിധിവരെ റിപ്പോർട്ടിംഗിൽ സ്ത്രീപക്ഷ വാദങ്ങൾ കടന്നുവരാൻ തുടങ്ങി. ഏറ്റവുമധികം സ്ത്രീവിരുദ്ധത അനുഭവപ്പെട്ടത് സൂര്യനെല്ലി ലൈംഗിക പീഡനക്കേസ് നടക്കുന്ന കാലയളവിലാണ്. തലക്കെട്ടുകൾപോലും പ്രശ്നത്തിന്റെ സാമൂഹ്യപ്രാധാന്യം കുറച്ചു കളഞ്ഞു. പതിനാറുകാരിയുടെ ഒളിച്ചോട്ടം. പോലുള്ളവ  വാർത്തയെ കൂടുതൽ സെൻസേഷണലാക്കി. പലപ്പോഴും പൈങ്കിളിയുമാക്കി. പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടി ബസ്സിലെ കിളിയുമായുണ്ടായ പ്രണയത്തെ തുടർന്ന് വഞ്ചിക്കപ്പെടുകയും, അയാളാൽ ഒരു സെക്സ് റാക്കറ്റിന്റെ ഇരയാകുകയുമായിരുന്നു സംഭവം. അബോധാവസ്ഥയിൽ അവളെ ലൈംഗികമായി ഉപദ്രവിച്ച 42 പുരുഷ•ാരെപ്പറ്റി ഒരു എക്സ്ക്ല്യൂസിവും വാർത്താമാധ്യമങ്ങളിൽ വന്നില്ലെങ്കിൽപ്പോലും അവളുടെ തെളിവെടുപ്പ് വിശേഷങ്ങൾ തലയിൽ മുണ്ടിട്ട കളർപടങ്ങളോടെ ആറു കോളം വാർത്തയായി വന്നു. പെൺകുട്ടിക്ക് സ്വന്തം പേര് നഷ്ടമായി. സൂര്യനെല്ലി പെൺകുട്ടിയായി അവളും അവളുടെ കുടുബവും ഇന്നും സാമുഹ്യ ഭ്രഷ്ട് നേരിടുന്നു. എന്നാൽ കേസിൽ അടുത്തകാലത്ത് വിധി വന്ന് ശിക്ഷിക്കപ്പെടും വരെ ഈ പുരുഷന്മാർ അവരുടെ ജീവിതം ആഗ്രഹിച്ചതുപോലെ കൊണ്ടുപോയി. അവരുടെ കുടുംബാംഗങ്ങൾ സുരക്ഷിതരായി. ഒരു മാധ്യമവും ഈ പുരുഷന്മാരുടെ പൂർവ്വചരിത്രമോ കുടുംബവിവരമോ തേടിപ്പോയില്ല. ഇക്കാര്യം സ്ത്രീസമൂഹത്തിൽ വലിയ ഒച്ചപ്പാടു സൃഷ്ടിച്ചതോടെ ലൈംഗിക പീഡനക്കേസുകൾ റിപ്പോർട്ടു ചെയ്യുന്നതിൽ പിന്നീടങ്ങോട്ട് ജാഗ്രത കാണിക്കാൻ നിർബന്ധിതരായി. വനിതാമാധ്യമപ്രവർത്തകരും തങ്ങളുടെ സ്ത്രീപക്ഷ ഉൽകണ്ഠകൾ പങ്കുവെയ്ക്കാനും അവയ്ക്കാവശ്യമായ രേഖകൾ ശേഖരിച്ച് വാർത്തയാക്കാനും തയ്യാറായി.
      അതുപോലെ അബല, ദുർബ്ബല, ആശ്രിത, ചപല തുടങ്ങിയ വിശേഷണങ്ങൾ ഇന്ന് സ്ത്രീ വാർത്തകളിൽ നിന്ന് അപ്രത്യക്ഷമായി. റേപ്പ് എന്ന വാക്കിന് മാനഭംഗം എന്നായിരുന്നു മലയാളത്തിൽ ഉപയോഗിച്ചിരുന്നത് മാനത്തിന് ഒരു ഭംഗവുമില്ല. സ്ത്രീയെ അപമാനിക്കുന്നവരുടെ മാനത്തിനാണ് ഭംഗം എന്നതുകൊണ്ട് അത് ബലാൽസംഗമായും പിന്നീട് ലൈംഗികാതിക്രമമായും മാറി. ഇത്തരത്തിൽ വാർത്തകളിലെ പദപ്രയോഗങ്ങളിൽ സ്ത്രീ വിരുദ്ധത ധാരാളം കടന്നുകൂടാറുണ്ട്. കുറച്ചുകാലം മുൻപ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന മംഗളം ചാനൽ സംഭവം റിപ്പോർട്ടുചെയ്ത രീതി അത്തരത്തിലൊന്നായിരുന്നു. "ഹണീട്രാപ്പ് എന്നതിനു മാധ്യമങ്ങൾ കൊടുത്തത് പെൺകെണി എന്നായിരുന്നു. ഹണി അഥവാ തേൻ എന്നത് സ്ത്രീലിംഗമാക്കിയ ലിംഗ സമീപന റിപ്പോർട്ടിംഗ് അന്ന് വനിതാ മാദ്ധ്യമ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. പിന്നീട് ആ പ്രയോഗം പിൻവലിച്ച് തേൻകെണി എന്നും ചതിക്കെണി എന്നും മറ്റും ഉപയോഗിക്കുകയുണ്ടായി. ഹണിട്രാപ്പിന് ഒരു വനിതാ മാധ്യമപ്രവർത്തകയെ നിയോഗിച്ച മാധ്യമപ്രവർത്തനശൈലിയും ഏറെ വിമർശനത്തിനിടയായി എന്നതു മറ്റൊരുകാര്യം. മലയാളമാധ്യമ പ്രവർത്തനചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ത്രീവിരുദ്ധ നടപടിയും ഇതായിരുന്നു.  ലിംഗാവബോധത്തിന്റെ അളവുകോൽ സാമൂഹ്യമാറ്റങ്ങളോടൊപ്പം മാറുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് പദാവലികളിലെ ഇത്തരം മാറ്റങ്ങൾ. ജെണ്ടർ എന്നത് തുല്യനീതി ഉറപ്പാക്കുമ്പോൾ മാത്രം അർത്ഥവത്താകുന്ന ഒരു വാക്കാണ് . അത് സംഭവിക്കാത്തിടത്തോളം കാലം ആൺ പെൺ എന്ന പ്രയോഗങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീവിഭാഗങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടിംഗ്. ദളിത്, ആദിവാസി,മത്സ്യത്തൊഴിലാളി, മറ്റ് തൊഴിലാളികൾ, കർഷകർ, അസംഘടിതമേഖലാജോലിക്കാർ എന്നിവരെ സംബന്ധിക്കുന്ന വാർത്തകളിൽ ലിംഗനീതി തീർച്ചയായും ഉറപ്പാക്കണം. കരുണ പിടിച്ചുപറ്റുന്ന വികാരനിർഭരമായ പദപ്രയോഗങ്ങളേക്കാൾ ശ്രദ്ധകൊടുക്കേണ്ടത് ക്രിയാത്മകവും, പ്രചോദനകരവുമായ എന്ത് മാനമാണ് അത്തരം വാർത്തകൾക്ക് നൽകേണ്ടത് എന്നതിനായിരിക്കണം. അവരുടെ ഇടയിലെ ചൂക്ഷണവും അവർ നേരിടുന്ന അനീതിയും നിസ്സംശയം പുറത്തുകൊണ്ടു വരണം. തുല്യജോലിക്ക് തുല്യവേതനമെന്ന ആദ്യലിംഗനീതി പ്രഖ്യാപനം പല മേഖലകളിലും നടപ്പിലാക്കുന്നില്ല. ഇത് സമൂഹമധ്യത്തിൽ തുറന്നു കാട്ടാൻ മാധ്യമ പ്രവർത്തകർക്ക് കഴിയണം.
    
    
ടെലിവിഷനും സ്ത്രീയും

    ദൃശ്യമാധ്യമങ്ങളുടെ വരവോടെ മാധ്യമരംഗത്തെ സ്ത്രീകളുടെ സാന്നിദ്ധ്യവും വർദ്ധിച്ചു. അച്ചടിമാധ്യമങ്ങളിൽ നാമമാത്രമായുണ്ടായിരുന്ന വനിതകളുടെ എണ്ണവും ഇതോടെയാണ് വർദ്ധിച്ചത്. പത്രമാധ്യമകോഴ്സുകൾ സജീവമായതും ഇതിനൊരു കാരണമാണ്. എഞ്ചിനീയറിംഗിനും മെഡിസിനും ചേരുക ജീവിതവൃതമാക്കിയ വിദ്യാർത്ഥികളിൽ പലരും മാധ്യമകോഴ്സുകളിലേയ്ക്ക് വരാൻ തുടങ്ങിയത് വിദ്യാഭ്യാസരംഗത്തെ പുതിയൊരു മാറ്റമായിരുന്നു. ദൃശ്യമാധ്യമരംഗത്തിന്റെ മാസ്മരികവശത്തിൽ ആകൃഷ്ടരായി ഇൗ കോഴ്സുകളിൽ എത്തിപ്പെടുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തുടക്കത്തിൽ വെളിച്ചം കണ്ട് ഇൗയാംപാറ്റകൾ പറന്നടുക്കുന്നതുപോലെ വന്നെത്തിയവരിൽ പലരും എങ്ങുമെത്താതെ മാധ്യമപ്രവർത്തനം വഴിയിലുപേക്ഷിക്കാൻ നിർബന്ധിതരായി. കഴിവു തെളിയിച്ചവർ അതേസമയം ഇൗ രംഗത്ത് ശോഭിക്കുകയും ചെയ്യുന്നു. മാധ്യമപ്രവർത്തനം ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന പൊതുധാരണ ഏതായാലും ഇപ്പോൾ ശക്തിപ്പെട്ടിട്ടുണ്ട്.
ആദ്യ ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ചത് 1982 നവമ്പർ 19ലെ ഏഷ്യൻ ഗെയിംസിന്റെ വർണ്ണാഭമായ തുടക്കം കാണിച്ചുകൊണ്ടാണ്. എന്നാൽ അതിന് മുൻപ് 1977 ൽ തിരുവനന്തപുരം മ്യൂസിയം ഗ്രൗണ്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ടെലിവിഷൻ പ്രദർശനം നടന്നിരുന്നു. കേരളത്തിൽ കെൽട്രോണിന്റെ നേതൃത്വത്തിൽ 1974-75 കാലത്തു തന്നെ ടെലിവിഷൻ നിർമ്മാണം തുടങ്ങിയതാണ് അതിന് കാരണം. 
    ദൂരദർശൻ മലയാള സംപ്രേക്ഷണം ഒൗദ്യോഗികമായി ആരംഭിക്കുന്നത് 1985 ജനുവരി 1 നാണ്. പുതുവർഷ സമ്മാനമായി - മലയാള ടെലിവിഷനിൽ തെളിയുന്ന ആദ്യത്തെ സ്ത്രീമുഖം ഹേമലതയുടേതാണ്. ആദ്യദിവസത്തെ രണ്ടാമത്തെ ന്യൂസ് ബുള്ളറ്റിൻ വായിച്ചുകൊണ്ടാണ് ഹേമലത അതിന് തുടക്കമിട്ടത്. വാർത്തകൾ വായിക്കാൻ പിന്നീട് കൂടുതൽ സ്ത്രീകൾ വന്നെങ്കിലും വാർത്തകളുടെ പിന്നാമ്പുറത്ത് സ്ത്രീ പ്രാതിനിധ്യം കുറവായിരുന്നു. ദൂരദർശനിൽ പ്രൊഡ്യൂസർ, അസിസ്റ്റന്റ് പ്രൊഡ്യൂസർ തുടങ്ങിയ തസ്തികകളിൽ തുടക്കത്തിൽ ഒരു സ്ത്രീമാത്രമേ ഉണ്ടായിരുന്നുള്ളൂ -ടി എൻ ലതാമണി.
    സാങ്കേതികമായി ഒട്ടേറെ പരിമിതികൾ ആദ്യകാല സംപ്രേക്ഷണങ്ങൾക്കുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ദൂരദർശൻ മലയാള പരിപാടി തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമാണ് ലഭിച്ചിരുന്നത്. കേരളത്തിലൊട്ടാകെ സംപ്രേക്ഷണം ലഭിക്കുന്നത് 1993 ലാണ്. ഇതേ വർഷത്തിൽ തന്നെയാണ് സ്വകാര്യചാനലുകൾ കേരളത്തിൽ ആരംഭിക്കുന്നത്. ഏഷ്യാനെറ്റാണ് ആദ്യം വന്നത് 1993 ഒാഗസ്റ്റ് 30ന്. ഇന്ത്യയിലെ ഇൗ രംഗത്തെ ആദ്യ സ്വകാര്യസംരംഭവും ഏഷ്യാനെറ്റാണ്. സൂര്യടിവി 1998 ലും തുടർന്ന് കൈരളി, ജീവൻ, ജയ്ഹിന്ദ്, മാതൃഭൂമി, മനോരമ, കൗമുദി, മീഡിയ വൺ, റിപ്പോർട്ടർ, ഇന്ത്യാവിഷൻ, ഫ്ളവേഴ്സ്, മംഗളം, 24 തുടങ്ങി നിരവധി ന്യൂസ് ചാനലുകളും അനുബന്ധ എന്റർടെയിൻമെന്റ് ചാനലുകളും ഒന്നിനു പുറകെ ഒന്നായി സംപ്രേക്ഷണം ആരംഭിച്ചു.
    ഇന്ന് വാർത്താലോകത്ത് ടെലിവിഷൻ ചാനലുകൾക്ക് അനിഷേധ്യമായ സ്വാധീനമാണുള്ളത്. തത്സമയ സംപ്രേക്ഷണം വഴി ലോകത്തെ ഏത് വാർത്തകളും സംഭവങ്ങളും പ്രേക്ഷകർക്കിടയിലേയ്ക്ക് ആ നിമിഷം എത്തുന്നു എന്നതുകൊണ്ടാണ് ഇവ മനുഷ്യരുടെ ജീവിതത്തോട് ഏറെ ചേർന്നു നിൽക്കുന്ന ഒന്നായത്.
    ഏറ്റവുമധികം സാങ്കേതിക വിസ്ഫോടനങ്ങൾ നടക്കുന്നതും വാർത്താലോകത്താണ്. ഒരു സ്വിച്ചിട്ടാൽ നമ്മുടെ മുൻപിലേയ്ക്ക് ദൃശ്യഅറിവുകളുടെ പ്രവാഹമാണ്. ഗൃഹസദസ്സുകളിലും സ്വകാര്യ ഇടങ്ങളിലും പൊതുഇടങ്ങളിലും എവിടെയും ഇൗ മാധ്യമങ്ങൾ നമുക്ക് പിന്നാലെയുണ്ട്, അല്ലെങ്കിൽ നമ്മൾ ഇൗ മാധ്യമത്തെ കൂടെകൊണ്ട് നടക്കുന്നുണ്ട്. ആദ്യം ഒരു സ്ഥലത്ത് ടെലിവിഷൻ സ്ഥാപിച്ചുകൊണ്ടാണ് സംപ്രേക്ഷണം തുടങ്ങിയത്. അതിന് മുൻപിലിരിക്കുന്നവർക്ക് മാത്രം കാണാവുന്ന അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. ടെലിവിഷൻ ഇല്ലാത്തവർ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളിൽ ചെന്നിരുന്ന് കാണുക പതിവായിരുന്നു. കമ്മ്യൂണിറ്റി സെന്റർ, വായനശാലകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ ടെലിവിഷൻ സെന്ററുകൾ സ്ഥാപിക്കപ്പെട്ടതും ഇക്കാലത്താണ്. ടെലിവിഷൻ വരവ്  ഇടക്കാലത്ത് സാമൂഹ്യജീവി എന്ന നിലയിലുള്ള മനുഷ്യന്റെ അവസ്ഥയ്ക്ക് ഒരുമയുടെ സ്ഴഭാവം നൽകുകയുണ്ടായി. ചാനൽ പരിപാടികൾ തുടക്കത്തിൽ വൈകുന്നേരങ്ങളിൽ മാത്രമായിരുന്നു. പിന്നീടതിന്റെ സമയം ദീർഘിപ്പിച്ചു. 24ഃ7 എന്ന തലത്തിലേയ്ക്ക് അതുയർന്നത് സമീപകാലത്താണ്.
    സാങ്കേതികമായ മികവുകൾ ടെലിവിഷന്റെ പരിമിതികൾ പതുക്കെ പതുക്കെ ഇല്ലാതാക്കി. ആന്റിനയെ ആശ്രയിച്ച് പരിപാടികൾ കാണുന്ന സമൂഹം ഇന്ന് മൊബൈലിൽ തങ്ങളുടെ ആഗ്രഹമനുസരിച്ച് ലോകത്തിന്റെ ഏത് കോണിലിരുന്നും കാണുന്ന തലത്തിലേക്ക് കാര്യങ്ങൾ പുരോഗമിച്ചു. 
    ഇൗ മാറ്റം ടെലിവിഷൻ പരിപാടികളുടെ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും പ്രതിഫലിക്കുക സ്വാഭാവികം. തുടക്കത്തിൽ ടെലിവിഷൻ പ്രവർത്തനങ്ങളിൽ സ്ത്രീസാന്നിദ്ധ്യം കുറവായിരുന്നെങ്കിലും അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് സ്ത്രീ പ്രാതിനിധ്യം വേഗത്തിലാണ് സംഭവിച്ചത്. ദൂരദർശനിലെ ആദ്യസംപ്രേക്ഷണം കഴിഞ്ഞ് രണ്ടാമത്തെ വാർത്താബുള്ളറ്റിൻ ഒരു സ്ത്രീ അവതരിപ്പിച്ചത് അതിന്റെ തുടക്കമായി കണക്കാക്കാം. പ്രൊഡ്യൂസർമാരായും, അവതാരകരായും, റിപ്പോർട്ടർമാരായും ഇന്ന് ധാരാളം സ്ത്രീകൾ ടെലിവിഷനിൽ പ്രവർത്തിക്കുന്നുണ്ട്. എങ്കിലും പുരുഷന്മാരെപ്പോലെ ചാനൽ നടത്തിപ്പിന്റെ നേതൃത്വം ഏറ്റെടുക്കാനോ അതിന്റെ അധികാരകേന്ദ്രങ്ങളിൽ വരാനോ ഇന്നും സ്ത്രീകൾക്ക് മലയാള ചാനലുകളിൽ അധികം കഴിഞ്ഞിട്ടില്ല. വീട്ടിനകത്തും പൊതുഇടങ്ങളിലും അധികാര കേന്ദ്രങ്ങളിലും നിലനിൽക്കുന്ന തുല്യത ഇല്ലായ്മ തന്നെയാണ് ഇവിടെയും പ്രതിഫലിക്കുന്നത്.
    ചാനലുകളുടെ സ്വാധീനം പരിപാടികളുടെ വൈവിധ്യത്തെയും ആകർഷകമായ അവതരണ ശൈലിയെയും ആശ്രയിച്ചാണിരിക്കുന്നത്. മലയാളം ചാനലുകളിലെ പരിപാടികൾ പലതും ദേശീയ അന്തർദ്ദേശീയ ചാനലുകളിലെ ആവർത്തനങ്ങൾ തന്നെയാണ്. ലോകത്ത് ടെലിവിഷൻ മാധ്യമങ്ങളിൽ അതാത് കാലത്തുണ്ടാകുന്ന ഘടനാപരവും സാങ്കേതികവുമായ എല്ലാ മാറ്റങ്ങളും വലിയ താമസമില്ലാതെ നമ്മുടെ ചാനലുകളും നടപ്പിലാക്കാറുണ്ട്. സംവാദങ്ങൾ, അഭിമുഖങ്ങൾ, റിയാലിറ്റി ഷോകൾ, മത്സരപരിപാടികൾ, സീരിയലുകൾ, പ്രമോഷൻ പരിപാടികൾ തുടങ്ങി എന്റർടെയ്ൻമെന്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാ പരിപാടികളിലും ഇന്ന് സ്ത്രീകളുടെ സജീവസാന്നിദ്ധ്യമുണ്ട്. അവതാരകരായും അഭിനേത്രികളായും സ്ത്രീകളുള്ളപ്പോൾ തന്നെ പ്രോഗ്രാം നിർമ്മിക്കുന്നതിൽ ക്യാമറകൾക്ക് പിന്നിലെ സ്ത്രീസാന്നിദ്ധ്യം താരതമ്യേന കുറവാണ്. സ്ത്രീകൾക്ക് മാത്രമായി മാറ്റിവെയ്ക്കപ്പെടുന്ന പരിപാടികളായിരുന്നു തുടക്കത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്നിരുന്നത്. സൗന്ദര്യം, ഫാഷൻ, കുക്കറി, അലങ്കാരങ്ങൾ എന്നിവ ആസ്പദമാക്കി എല്ലാ ചാനലുകളിലും പല പേരുകളിൽ വിവിധ പരിപാടികൾ നടക്കുമായിരുന്നു. എന്നാൽ പിന്നീട് അതിൽ മാറ്റം വന്നു തുടങ്ങി. വാർത്താധിഷ്ടിത പരിപാടികളും  അവലോകനങ്ങളും  സ്ത്രീകളുടെ നേതൃത്വത്തിൽ സംപ്രേക്ഷണം ചെയ്തപ്പോൾ അവയ്ക്കു വലിയ സ്വീകാര്യത ലഭിച്ചു. ഇന്ന് പ്രചാരം നേടിയ പല ന്യൂസ് അവർ പരിപാടികളും സ്ത്രീകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്, സ്ത്രീകൾ ഒരേ സമയം പ്രൊഡ്യൂസർമാരും അവതാരകരുമാകുന്ന ഇത്തരം പരിപാടികൾ വനിതാമാധ്യമ പ്രവർത്തകരുടെ ബഹുമുഖ കഴിവുകളെയാണ് അനാവരണം ചെയ്യുന്നത്.

 ദൂരദർശൻ മാത്രമായിരുന്ന കാലത്ത് നിന്നും സ്വകാര്യചാനലുകളുടെ വരവോടെ ദൃശ്യമാധ്യമപ്രവർത്തനം വനിതകൾക്കായി തുറന്നു വിട്ടത് വലിയ സാധ്യതകളാണ്. ദൂരദർശനിൽ വാർത്ത വായിച്ചിരുന്ന മായാശ്രീകുമാറാണ് ആദ്യസ്വകാര്യ ചാനലായ ഏഷ്യാനെറ്റിൽ വാർത്ത വായിച്ചു തുടങ്ങിയ വനിത. മായയ്ക്കൊപ്പം അന്ന് പ്രീത, ദേവി, കെ.കെ. ഷാഹിന എന്നിവരും സിംഗപ്പൂരിൽ നിന്ന് വാർത്ത വായിച്ചിരുന്നു. ഇന്ന് വാർത്താവിഭാഗത്തിൽ പ്രവർത്തിക്കുന്ന വനിതകളുടെ നീണ്ട നിരതന്നെയുണ്ട്. മിക്കവാറും ചാനലുകളിൽ വാർത്താധിഷ്ടിത പരിപാടികൾ അവതരിപ്പിക്കുന്നത് സ്ത്രീകളാണ്. സിന്ധു സൂര്യകുമാർ, ഷാനിപ്രഭാകരൻ, എം.എസ്.ശ്രീകല തുടങ്ങിയ പേരുകൾ അവയിൽ ചിലത്. ധീരമായ രാഷ്ട്രീയ നിലപാടുകൾ അവതരിപ്പിക്കുന്നതിന്റെ പേരിൽ പല വെല്ലുവിളികളും ഇവർക്ക് നേരിടേണ്ടതായി വരുന്നുണ്ട്. പ്രത്യേകിച്ചും വനിത എന്ന നിലയിൽ എതിരിടേണ്ടിവരുന്ന പ്രശ്നങ്ങൾ സങ്കീർണ്ണമാണ്. ഇവർക്കെതിരെ ഉയരുന്ന ഭീഷണികൾ പലതും ലൈംഗിക അതിക്രമങ്ങളുടെ പട്ടികയിൽ വരുന്നവയാണ് എന്നത് ശ്രദ്ധേയമാണ്. സൈബർ ആക്രമണവും, സാമൂഹ്യ മാധ്യമങ്ങളിലെ അപകീർത്തിപ്പെടുത്തലും വനിതാമാധ്യമപ്രവർത്തക എന്നതുകൊണ്ടു മാത്രം രൂക്ഷമാകുന്ന സാമൂഹ്യ അവസ്ഥയാണ് ഇന്നുള്ളത്.
    വാർത്താവലോകനം, ന്യൂസ് അവർ പോലുള്ള പരിപാടികൾ ഇന്ന് വനിതകൾ സജീവമായി അവതരിപ്പിക്കുന്നു. അവയെല്ലാം ഒന്നിനൊന്ന് പോപ്പുലർ ആവുകയും ചെയ്യുന്നു.
    വാർത്താവിഭാഗത്തിൽ എഡിറ്റിംഗ്, റിപ്പോർട്ടിംഗ്, അവതരണം തുടങ്ങിയ എല്ലാ മേഖകളിലും സ്ത്രീസാന്നിദ്ധ്യം അച്ചടിമാധ്യമങ്ങളിലേക്കാൾ സജീവമാണ്. നിയമസഭാ, ക്യാബിനറ്റ് ബ്രീഫിംഗ്, രാഷ്ട്രീയ സംഭവങ്ങൾ, പ്രകൃതിദുരന്തങ്ങൾ, പ്രധാന മറ്റ് സംഭവങ്ങൾ എല്ലാംതന്നെ തത്സമയം റിപ്പോർട്ട് ചെയ്യുന്നതിലും വനിതകൾ ധാരാളമുണ്ട്.
    എന്റർടെയിൻമെന്റ് പരിപാടികളിൽ അതേസമയം സ്ത്രീസാന്നിദ്ധ്യം താരതമ്യേന കുറവാണ്. സിനിമാല പോലുള്ള കോമഡി അധിഷ്ടിത പരിപാടികൾ ഡയാനസിൽവർസ്റ്റാർ തുടക്കമിട്ടെങ്കിലും പിന്നീടങ്ങോട്ട് വനിതകൾ അധികം ഇൗ രംഗത്ത് വരികയുണ്ടായില്ല. പരിസ്ഥിതി, സ്ത്രീ പോലുള്ള വിഷയങ്ങളിൽ ഡോക്യുമെന്ററി സ്വഭാവമുള്ള ചില പരിപാടികൾ അതേസമയം സ്ത്രീകൾ തികഞ്ഞ പ്രതിബന്ധതയോടെ അവതരിപ്പിക്കുകയുണ്ടായി.
    ഗൃഹസദസ്സുകളിലേക്ക് നേരിട്ടെത്തുന്ന സീരിയലുകൾ പോലുള്ള മെഗാപരിപാടികളിൽ ധാരാളം സ്ത്രീകൾ അഭിനയരംഗത്തും മറ്റുമുണ്ടെങ്കിലും അവയുടെ നിർമ്മാണങ്ങളിൽ ഭാഗഭാക്കാവുന്നവർ വിരളമാണ്. തിരക്കഥ, സംഭാഷണം, സംവിധാനം സാങ്കേതികരംഗം എല്ലാം മിക്കവാറും കൈകാര്യം ചെയ്യുന്നത് പുരുഷ•ാരാണ്. അതുകൊണ്ടുതന്നെ ഇവയുടെ ഉള്ളടക്കം സംബന്ധിച്ചും അവ സൃഷ്ടിക്കുന്ന മൂല്യബോധം സംബന്ധിച്ചും നിരവധി വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. സ്ത്രീവിരുദ്ധതയും സാംസ്ക്കാരിക ധർമ്മച്ച്യുതിയും സൃഷ്ടിക്കുന്ന കലയായി ടെലിവിഷൻ സീരിയലുകൾ ഇന്ന് മാറുന്നതായാണ് ആരോപിക്കപ്പെടുന്നത്. വനിതകൾ ഇൗ മേഖലകളിൽക്കൂടി കടന്നുവരേണ്ടതുണ്ട്. വിനോദഉപാധികൂടിയായ ടെലിവിഷൻ പരിപാടികളുടെ ഗുണനിലവാരം ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമ്പോൾ അവിടെ വനിതാസാന്നിദ്ധ്യം ഉറപ്പാക്കപ്പെടണം.
റേഡിയോ
    ടെലിവിഷൻ, അച്ചടിമാധ്യമങ്ങൾ എന്നിവയ്ക്ക് പുറമേ ശ്രദ്ധേയമായ മറ്റൊരു മാധ്യമമാണ് റേഡിയോ. ഇന്ത്യയിൽ റേഡിയോയുടെ ആദ്യത്തെ ഒൗപചാരികപ്രക്ഷേപണം തുടങ്ങിയത് 1924 ജൂലൈ 31നാണ്. എന്നാൽ ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് കമ്പനി രൂപീകൃതമാകുന്നത് 1926ലാണ്. സ്വാതന്ത്ര്യം കിട്ടിയതോടെ റേഡിയോ നിലയങ്ങളിൽനിന്ന് വിവിധങ്ങളായ പ്രക്ഷേപണ പരിപാടികൾ ആരംഭിച്ചു. ആകാശവാണിയിൽ വിനോദത്തിനായി വിവിധ്ഭാരതിയും എഫ്എംനിലയങ്ങളും വന്നു. കേരളത്തിൽ 1952 മുതലാണ് തിരുവനന്തപുരം വഴുതക്കാട് "ഭക്തിവിലാസം' കൊട്ടാരത്തിൽ ആകാശവാണി നിലയം സ്ഥാപിക്കുന്നത്. അതിന് മുൻപ് 1939 മുതൽ തന്നെ റേഡിയോ പ്രക്ഷേപണം തുടങ്ങിയിരുന്നു. ആകാശവാണിയുടെ ആദ്യകാലം മുതൽ തന്നെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. ""ജെന്റർ സെൻസിറ്റിവിറ്റി'' ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ റേഡിയോ പ്രത്യേകിച്ച് ആകാശവാണി വളരെ ശ്രദ്ധിക്കുന്നു. ഇതിൽ "മഹിളാലയം' എന്ന സ്ത്രീ പരിപാടിക്ക് തുടക്കമിട്ടത് സരസ്വതിയമ്മയാണ്. റേഡിയോ നാടകങ്ങൾ, സംഗീതപരിപാടികൾ, സാഹിത്യം, കൃഷിശാസ്ത്രം സംബന്ധമായ പരിപാടികൾ, വാർത്താവിഭാഗം തുടങ്ങി എല്ലാമേഖലകളിലും സ്ത്രീസാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. എന്നാൽ നിർമ്മാണരംഗത്ത് സ്ത്രീകൾ കടന്നു വന്നത് അടുത്തകാലത്ത് മാത്രമാണ്. ഇന്ന് സ്വകാര്യ റേഡിയോ പ്രക്ഷേപണങ്ങൾ കൂടി രംഗത്തു വന്നതോടെ വനിതാ സാന്നിദ്ധ്യം ഒന്നുകൂടി വർദ്ധിച്ചു.
ആകാശവാണിയിലെ ആദ്യത്തെ അനൗൺസർ ശാരദാമണിയായിരുന്നു. തിരുവിതാംകൂർ റേഡിയോനിലയം തുടങ്ങിയതുമുതൽ ഇവർ പരിപാടികൾ അനൗൺസ് ചെയ്തിരുന്നു. ആദ്യത്തെ വാർത്താവായനക്കാരി ഇന്ദിരാജോസഫ് ഇംഗ്ലീഷ് വാർത്തകളാണ് വായിച്ചു തുടങ്ങിയത്. "മഹിളാലയം' പരിപാടിയിലൂടെ "ചേച്ചി'യായി ശ്രോതാക്കളുടെ പ്രിയങ്കരിയായ എസ്.സരസ്വതിയമ്മ മലയാളം റേഡിയോ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമാണ്. ടി.പി.രാധാമണി,എസ്.രാധാദേവി, കെ.ജി.ദേവകിയമ്മ, തങ്കമണി, രാജകുമാരി,തുളസീഭായി തുടങ്ങിയ നിരവധിപേർ ശ്രോതാക്കളെ ആകർഷിച്ചുകൊണ്ട് നാടകങ്ങളിലും പരിപാടികളിലും തിളങ്ങി നിന്നു. ആദ്യത്തെ വനിതാ ന്യൂസ് എഡിറ്റർ കെ.എ.ബീന 13 വർഷം ആ സ്ഥാനം വഹിച്ചു. പുതിയ തലമുറയിലെ തെന്നൽ ആശചേച്ചി തുടങ്ങിയവർ ആർ.ജെ.കൾ എന്ന നിലയിൽ കേൾവിക്കാരുടെ മനം കവരുന്നു.
    ഓൺലൈൻ വെബ്പോർട്ടലുകൾ ബ്ലോഗുകൾ തുടങ്ങി ആധുനികവും നൂതനവുമായ പല വാർത്താ മാധ്യമങ്ങളിലും വനിതകൾ സജീവമായി പ്രവർത്തിക്കുന്ന കാലമാണിത്. വാർത്താമാധ്യമം ഇന്ന് തുറന്നുവിടുന്ന അനന്തസാധ്യതകൾ സ്വതന്ത്രതൊഴിലവസരങ്ങൾ ധാരാളം സൃഷ്ടിക്കുന്നുണ്ട്. ഇൗ അവസരങ്ങൾ പ്രയോജനപ്പെടുത്താനും അതുവഴി മാധ്യമസംവിധാനത്തിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്താനും വനിതാമാധ്യമപ്രവർത്തകർക്ക് കഴിയണം. 

 പുതിയകാലം പുതിയവെല്ലുവിളി 
    നവോന്ഥാന കാലഘട്ടത്തിലെ പത്രപ്രവർത്തന ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായരീതിയാണ് 1950തുകൾക്ക് ശേഷം ഇവിടെയുണ്ടായത്. മാസികകൾ കേന്ദ്രീകരിച്ച് നടന്ന വനിതാമാധ്യമ പ്രവർത്തനം  പത്രകേന്ദ്രീകൃതമായപ്പോൾ സ്ത്രീകൾക്ക് വാർത്തകളുടെ വൈവിധ്യങ്ങളിലേയ്ക്ക് പ്രവേശിക്കാൻ ഒരു അവസരം ലഭിച്ചു. ദൈനംദിന വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ തുടക്കക്കാരായ വനിതകൾക്ക് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടതുണ്ടായിരുന്നു. ഒന്ന് തൊഴിൽരംഗത്തെ പ്രത്യേക സാഹചര്യം, മറ്റൊന്ന് സ്ത്രീപദവിയും തുല്യതയും സംബന്ധിച്ച വിഷയങ്ങൾ. ഇതിൽ തൊഴിൽ രംഗത്തെ പ്രത്യേക സാഹചര്യമെന്നത് പ്രവർത്തന സമയം തന്നെയായിരുന്നു. 
    വാർത്തകൾ മുഴുവൻ ശേഖരിച്ച് വൈകുന്നേരം അവ വാർത്താറൂമുകളിൽ എത്തുന്നതോടെയാണ് ഒരു പത്രത്തിന്റെ യഥാർത്ഥ ജോലി ആരംഭിക്കുന്നത്. ആ ജോലി മിക്കവാറും രാത്രി രണ്ടുമണിവരെയൊക്കെ നീളും. ഇൗ ജോലിയിൽ ഏർപ്പെടുന്നവർക്ക് അന്ന് രാത്രി വൈകി താമസ സ്ഥലങ്ങളിലേയ്ക്ക് പോകാൻ പറ്റാത്തതും, സുരക്ഷിതമായ താമസസ്ഥലം ലഭിക്കാത്തതും അക്കാലത്തെയെന്നല്ല ഇന്നും പൂർണ്ണമായും പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നം തന്നെയാണ്. സ്ത്രീകളുടെ രാത്രി സഞ്ചാരം അപകടം നിറഞ്ഞതായതുകൊണ്ട് തന്നെ തുടക്കത്തിൽ വനിതകളെ ഡസ്ക്കിലെ ജോലികളിൽ നിയമിക്കുന്നതിന് എല്ലാ മാധ്യമസ്ഥാപനങ്ങളും വിമുഖത കാട്ടിയിരുന്നു. മനോരമ, മാതൃഭൂമി പോലുള്ള പത്രങ്ങൾ തൊഴിൽ പരസ്യത്തിൽ തന്നെ ഇത്തരം തസ്തികകളിൽ സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല എന്ന് പ്രത്യേകം വ്യക്തമാക്കുകയുണ്ടായി. മറ്റൊന്ന് രാത്രി വൈകി വരുമ്പോൾ പ്രവേശനം അനുവദിക്കുന്ന ഹോസ്റ്റലുകൾ ഇല്ല എന്നതായിരുന്നു. ആറുമണിക്ക് മുൻപ് ഹോസ്റ്റലിൽ കയറുമെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. സർക്കാർ ഇതര സർവ്വീസുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇങ്ങിനെയൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. മിക്ക ഹോസ്റ്റലുകളുടെയും പോളിസി കർശനമായി തുടരുന്നത് ഏറ്റവുമധികം വിഷമത്തിലാക്കിയത് പത്രപ്രവർത്തകരംഗത്തെ സ്ത്രീകളെയാണ്. ഏറെ ആഗ്രഹത്തോടെ ലഭിച്ച ജോലി നഷ്ടപ്പെടുത്താൻ പോലും പലരും നിർബന്ധിതരായി. ന്യൂസ് ബ്യൂറോകളിൽ പ്രവർത്തിച്ച വനിതകൾക്കുപോലും ഏഴ് മണിയായതിന് ഹോസ്റ്റൽ പ്രവേശനം നിക്ഷേധിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രാത്രി ഷിഫ്റ്റുകളിൽ ഇക്കാരണത്താൽ സ്ത്രീകൾക്ക് അവസരം ലഭിച്ചിരുന്നില്ല.
    ഇത്തരം പ്രശ്നങ്ങൾ ഏറ്റെടുക്കാൻ അന്നത്തെക്കാലത്ത് മാധ്യമരംഗത്ത് സജീവമായിരുന്ന പല വനിതകളും തയ്യാറായതോടെ അവർക്ക് പൊതു സമൂഹത്തിന്റെയും മാധ്യമലോകത്തിന്റെയും പിൻതുണ ലഭിക്കുകയുണ്ടായി. അപ്പോഴേക്കും പ്രസ് ക്ലബ്ബുകളുടെയും യൂണിവേഴ്സിറ്റികളുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ച  മാധ്യമകോഴ്സുകളിൽ നിന്ന് പഠിച്ചിറങ്ങിയ പല പെൺകുട്ടികളും ജോലിതേടി മാധ്യമസ്ഥാപനങ്ങളിൽ എത്തിത്തുടങ്ങി. കൂടുതൽ പെൺകുട്ടികൾ വന്നതോടെ തൊഴിൽ സാഹചര്യം ഒരുക്കാൻ മാധ്യമ അധികാരികൾ തയ്യാറായി. വനിതാ മാധ്യമപ്രവർത്തകരെ  രാത്രി ഷിഫ്റ്റ് കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് കൊണ്ട് പോകാൻ പലയിടത്തും വാഹനങ്ങൾ ഉണ്ടായി ,നാമമാത്രമായെങ്കിലും സമയത്തിന് ഇളവു നൽകിയ ഹോസ്റ്റലുകളും ഉണ്ടായി. 
    സ്ത്രീകളുടെ പദവിയും തുല്യതയും സംബന്ധിച്ച് സമൂഹത്തിലുള്ള കാഴ്ചപ്പാടിന്റെ വൈകല്യങ്ങൾ സ്ത്രീകളെ  ഏറെ ബാധിച്ച മേഖലയാണ് മാധ്യമം. ദൈനദിന വാർത്താറിപ്പോർട്ടിംഗുകൾ ചെയ്യാൻ പലരുമായും സംവദിക്കുവാനും,ഇടപഴകുവാനും,യാത്രകൾ ചെയ്യാനും സ്ത്രീ എന്ന നിലയിൽ നേരിട്ട ചില പ്രായോഗിക ബുദ്ധിമുട്ടുകൾ വനിതാ മാധ്യമ പ്രവർത്തകർ നേരിട്ടതും,തരണം ചെയ്തതും വലിയ പ്രതിരോധങ്ങളിലൂടെയാണ്. 
    സ്ത്രീയുടെ മാധ്യമരംഗത്തെ പരിമിതിയും, സമീപനവും സൂചിപ്പിക്കുന്ന ഒര് അനുഭവം പ്രമുഖ മാധ്യമ പ്രവർത്തകൻ പി. സായ്നാഥ് ഒരിക്കൽ പങ്കുവയ്ക്കുകയുണ്ടായി. യു എൻ എെയിൽ സബ് എഡിറ്റർ ട്രെയിനിയായി സായ്നാഥ് ചേർന്ന കാലത്തെ അനുഭവമാണിത്. യു എൻ എെയിൽ പത്രപ്രവർത്തനത്തിന് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ മത്സര പരീക്ഷയിൽ വിജയികളായ രണ്ടുപേർ  സായ്നാഥും, ഋതംബര ശാസ്ത്രിയുമാണ്. ഋതംബര ശാസ്ത്രിയുടെ പേര് ആർ. ശാസ്ത്രിയെന്നാണ് അപേക്ഷയിൽ ഉണ്ടായിരുന്നത്. യു എൻ. എെ പിടിഎെ പോലുള്ള ദേശീയവാർത്താ ഏജൻസി
കളൊന്നും തന്നെ സ്ത്രീകളെ ജോലിക്കെടുത്തിരുന്നില്ലാത്തതുകൊണ്ട്, അങ്ങനെയൊരു  പ്രശ്നമേ ഇല്ലെന്ന സാമൂഹ്യധാരണയുടെ അടിസ്ഥാനത്തിൽ ആർ ശാസ്ത്രി സ്ത്രീയാകുമെന്ന ചിന്ത അധികൃതർക്ക് ഉണ്ടായില്ല. മാത്രമല്ല ആർ.ശാസ്ത്രിയെന്നാൽ തെക്കേ ഇന്ത്യയിലെ ഉന്നത സമുദായത്തിൽപ്പെട്ട പുരുഷന്റെ ജാതിപ്പേരാണെന്നവർ തെറ്റിദ്ധരിക്കുകയും ചെയ്തു. ഒടുവിൽ പരീക്ഷാഹാളിൽ വന്ന രണ്ട് അധികാരികളും സ്ത്രീയെ കണ്ട് ഞെട്ടി.
പക്ഷേ പരീക്ഷയിൽ ശാസ്ത്രി മുന്നിൽ വന്നതോടെ അവരെ നിയമിക്കാൻ മാനേജ്മെന്റ് നിർബന്ധിതരായി. അവരുടെ നിയമനം അതിനേക്കാൾ തമാശയായിരുന്നു. വിദേശവാർത്ത കൈകാര്യം ചെയ്യുന്നത് 75 വയസ്സായ ഒരു പുരുഷനായതുകൊണ്ട് ഋതംബര ശാസ്ത്രിയെ അവിടെയിരുത്തുന്നതാവും സുരക്ഷിതമെന്ന് പറഞ്ഞ് മാനേജ്മെന്റ് അവരെ വിദേശവാർത്താവിഭാഗത്തിൽ നിയമിച്ചു. തികച്ചും ആകസ്മികമായി പേരിന്റെ പ്രത്യേകതകൊണ്ട് ഇന്ത്യയിൽ മാധ്യമ പ്രവർത്തനരംഗത്തേയ്ക്ക് വനിതകൾക്ക് പ്രവേശനം സാധ്യമാക്കിയ ഋതംബരശാസ്ത്രി ചീഫ് ന്യൂസ് എഡിറ്ററായി എന്നതു മറ്റൊരു കൗതുകം.
    സ്ത്രീകളോടുള്ള വിവേചനം മറ്റേതൊരു രംഗത്തെയും പോലെ ഇവിടെയും പ്രകടമാണ്. ഉദാഹരണത്തിന് ഒരേ കഴിവും യോഗ്യതയും ശേഷിയുമുള്ള രണ്ട് പുരുഷ•ാരും രണ്ടു സ്ത്രീകളുമുണ്ടെങ്കിൽ മാധ്യമസ്ഥാപനങ്ങൾ തീർച്ചയായും സ്ഥാനക്കയറ്റം നൽകുക പുരുഷന് തന്നെയാവും. അതുപോലെ മുൻകാലങ്ങളിൽ വാർത്തകൾ റിപ്പോർട്ടു ചെയ്യാൻ പോകുന്നതിലും പുതിയ ഉത്തരവാദിത്തങ്ങൾ പങ്കുവെയ്ക്കുന്നതിലും ഇൗയൊരു ലിംഗവ്യത്യാസം വളരെ പ്രകടമായിരുന്നു. നിയമസഭാ റിപ്പോർട്ടിംഗ്, പത്രസമ്മേളന റിപ്പോർട്ടിംഗ് തുടങ്ങിയവയൊക്കെ സ്ത്രീകളെ ഏൽപിക്കുന്ന രീതി വളരെ അടുത്തകാലത്താണ് ആരംഭിച്ചത്. അതും ദൃശ്യമാധ്യമ വരവോടെ; രാഷ്ട്രീയ വാർത്തകളും സ്കൂപ്പുകളും ഇന്നും വനിതാ മാധ്യമപ്രവർത്തകർക്ക് അച്ചടിമാധ്യമങ്ങളിൽ ഒാണംകേറാമൂല തന്നെയാണ്. സ്ത്രീകളെക്കുറിച്ചുള്ള പല മുൻവിധികളുമാണ് ഇത്തരം ജോലി നൽകുന്നതിൽ നിന്ന് മാധ്യമ മാനേജുമെന്റിനെ തടഞ്ഞിരുന്നത്. രാഷ്ട്രീയ നിരീക്ഷണ പാടവും വാർത്താ നിരീക്ഷണ പാടവും ഒത്തുചേരുമ്പോൾ ഇൗ ന്യൂനത മറികടക്കാൻ സ്ത്രീകൾക്ക് കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല. അതിൽ അവസരം ഒരു മുഖ്യ ഘടകമാണ്. ലിംഗപരമായ വിവേചനം സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കണമെങ്കിൽ സാമൂഹ്യപരമായും വീക്ഷണപരമായും അടിമുടി മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. കുറച്ചു കാലം മുൻപുവരെ അർഹതയുള്ള വനിതകൾക്ക് പോലും പത്രപ്രവർത്തന മേഖലയിൽ അത്തരമൊരു നീതി ലഭിച്ചിരുന്നില്ല.
    ഇന്ന് കുറേക്കൂടി മാറ്റങ്ങൾ ഇൗ രംഗത്ത് വന്നിട്ടുണ്ട്. വാർത്തയുടെ അന്തർസത്ത തിരിച്ചറിയാനും അത് കൃത്യമായി അടയാളപ്പെടുത്താനും കൂടുതൽ അവസരങ്ങളും  അവർക്ക് ലഭിക്കുന്നുണ്ട്. അതിന്റെ ഒരു പ്രധാനകാരണം കുടുംബാന്തരീക്ഷത്തിലും ലിംഗനീതിയുടെ കാര്യത്തിലും ഉണ്ടായ അനുകൂലമായ മാറ്റങ്ങളാണ്. ജോലി സ്ഥിരതയോ വലിയ ആകർഷ വരുമാനമോ ഇല്ലാതിരുന്ന കാലത്ത് പത്രപ്രവർത്തനത്തിൽ ആകൃഷ്ടരായി വന്ന പലരും  വെട്ടിത്തെളിച്ച പാതകളിലൂടെയാണ് പിൽകാലത്ത് പുതിയ തലമുറയിലെ മാധ്യമപ്രവർത്തകർ നടന്നു തുടങ്ങിയത്. ഒരർത്ഥത്തിൽ അതൊരു സുഗമമായ യാത്രയായിരുന്നു. പത്ര മാധ്യമരംഗത്ത് ചില വ്യവസ്ഥകളും നിയമങ്ങളും  ഉണ്ടായതോടെ മാധ്യമ പ്രവർത്തകരുടെ ജോലിയിൽ ചിട്ടകളും വ്യക്തതയുമുണ്ടായി. അതിന്റെ ഭാഗമായി വന്ന വനിതാമാധ്യമപ്രവർത്തനം അതുവരെ നേരിട്ട പല ബാലാരിഷ്ടതകളും തള്ളിമാറ്റി മുന്നേറാൻ തുടങ്ങി. അന്നുവരെ നിഷിധമായിരുന്ന പല വാർത്തകളും റിപ്പോർട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും അവർക്കും അവസരങ്ങൾ ലഭിച്ചു തുടങ്ങി. ദൃശ്യമാധ്യമങ്ങളുടെ വരവോടെ പൊതുവെ മാധ്യമരംഗത്തെ സ്ത്രീസാന്നിദ്ധ്യങ്ങൾക്ക് തെളിച്ചവും ഉൗർജ്ജവും ഉണ്ടായി. എങ്കിലും ഇപ്പോഴും പത്രപോളിസി നിർണ്ണയിക്കുന്നതിലും എഡിറ്റോറിയൽ എഴുതുന്നതിലും എഡിറ്റ് പേജുകൾ തീരുമാനിക്കുന്നതിലും സ്ത്രീകൾ ആരും തന്നെ ഇല്ലെന്നതാണ് വസ്തുത. ഉയർന്ന തസ്തികകളിൽ സ്ത്രീകൾ വരുന്ന കാലം വിദൂരമായിത്തന്നെ നിൽക്കുന്നു. തുറന്ന ചർച്ചകളും സംവാദങ്ങളും കൊണ്ട് മുഖരിതമാകുന്ന ഒരു ചൈതന്യമുള്ള ന്യൂസ് ഡെസ്ക്കും ബ്യൂറോയും ഉണ്ടാകണമെങ്കിൽ ലിംഗനീതി കലവറ കൂടാതെ നടപ്പിലാക്കപ്പെടണം. വനിതകൾ അവിടെ സഹജീവികളും സുരക്ഷിതരുമായിരിക്കണം.