ജീവിതം മാറാൻ പ്രായം തടസ്സമല്ലെന്ന് തെളിയിച്ചു തൊണ്ണൂറാം വയസ്സിൽ സംരഭകയായി ഒരു മുത്തശ്ശി
ഹർഭജൻ കൗർ
ജീവിതത്തിലെ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിന് പ്രായം ഒരു ഘടകമല്ലെന്നു തെളിയിച്ച മുത്തശ്ശിയാണ് ജാർഖണ്ഡ് സ്വദേശിയായ ഹർഭജൻ കൗർ. തൊണ്ണൂറ്റിനാലാം വയസ്സിലും ചുറുചുറുക്കോടെ തനിക്കേറ്റവും പ്രിയപ്പെട്ട ബർഫിയുണ്ടാക്കി വിജയം നേടിയിരിക്കുകയാണ് ഹർഭജൻ. ഇപ്പോഴിതാ താൻ തൊണ്ണൂറുകളിൽ വിശ്രമിക്കാതെ സംരംഭകയാകാൻ തീരുമാനിച്ച അവസരം വ്യക്തമാക്കുകയാണ് ഹർഭജൻ.
അടുത്തിടെയാണ് ഹർഭജന്റെ മധുരപലഹാര സംരംഭം വാർത്തകളിൽ നിറഞ്ഞത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും മുത്തശ്ശിയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. സ്റ്റാർട്ട് അപ്പ് എന്നു കേൾക്കുമ്പോൾ സിലിക്കൺ വാലിയിലെയും ബെംഗളൂരുവിലെയുമൊക്കെ കോടികളുടെ ബിസിനസ് നടത്തുന്ന ലക്ഷക്കണക്കിനു പേരുടെ മുഖം മനസ്സിൽ തെളിയാറുണ്ട്, ഇന്നുതൊട്ട് സ്റ്റാർട്ട്അപ് തുടങ്ങാൻ പ്രായം തടസ്സമല്ലെന്നു തെളിയിച്ച ഈ തൊണ്ണൂറ്റിനാലുകാരി കൂടി അതിലിടം നേടണം. അവരാണ് എന്റെ ഈ വർഷത്തെ മികച്ച സംരംഭക-എന്നു കുറിച്ചാണ് ആനന്ദ് മഹീന്ദ്ര ഹർഭജന്റെ വാർത്ത പങ്കുവച്ചത്.
ഹ്യൂമൻസ് ഓഫ് ബോംബെ ഫെയ്സ്ബുക്ക് പേജിലൂടെ തന്റെ ജീവിതാനുഭവം പങ്കുവെക്കുകയാണ് ഹർഭജൻ കൗർ.
"നാലുവർഷങ്ങൾക്കു മുമ്പ് തൊണ്ണൂറു വയസ്സായ സമയത്താണ് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ ഒരു രൂപ പോലും സമ്പാദിച്ചില്ലല്ലോ എന്നു ചിന്തിക്കുന്നത്. എന്റെ ജീവിതകാലം മുഴുവൻ വീടും കുടുംബവുമൊക്കെ നോക്കി കഴിയലായിരുന്നു. കുട്ടികൾ സ്കൂളിലും ഭർത്താവ് ജോലിസ്ഥലത്തുമാവുമ്പോൾ പുതിയ റെസിപ്പികൾ പരീക്ഷിക്കലായിരുന്നു എന്റെ വിനോദം. അത്രത്തോളം എനിക്കിഷ്ടമായിരുന്നു പാചകം. പക്ഷേ എനിക്ക് എൺപത്തിനാലു വയസ്സായ സമയത്താണ് ഭർത്താവ് മരിക്കുന്നത്, മക്കളും കൂടെയില്ലാതിരുന്നപ്പോൾ എനിക്കൊറ്റപ്പെടൽ അനുഭവപ്പെട്ടു തുടങ്ങി.
പിന്നീട് മകൾക്കൊപ്പം ജീവിതം ആരംഭിച്ചതോടെ എനിക്കെന്തെങ്കിലും ചെയ്യണം എന്ന് അവളോടു പറഞ്ഞു. പാചകം ചെയ്യാൻ ഇഷ്ടമാണെന്നും പറഞ്ഞു. അതോടെ സമീപത്തുള്ള മാർക്കറ്റിൽ അച്ചാറും ബർഫിയും തയ്യാറാക്കി വിൽക്കാമെന്ന് മകൾ പറഞ്ഞു. വൈകാതെ അവിടെ എന്റെ സ്റ്റാളൊരുക്കി. എല്ലാം വേഗത്തിൽ വിറ്റഴിഞ്ഞുപ്പോയി. ആദ്യദിവസം എട്ടു ബോക്സ് ബർഫി വിറ്റപ്പോൾ കിട്ടിയത് 2000 രൂപയാണ്. എന്റെ കണ്ണുകൾ നിറഞ്ഞുതൂവുകയായിരുന്നു. തൊണ്ണൂറുവയസ്സിനിടയ്ക്കുള്ള എന്റെ ആദ്യത്തെ ശമ്പളമായിരുന്നു അത്.
അധികം താമസിയാതെ നഗരത്തിൽ മുഴുവൻ എന്റെ ബർഫിയെക്കുറിച്ച് പാട്ടായി, പലർക്കും അതു കഴിക്കുമ്പോൾ കുട്ടിക്കാലം ഓർമ വരുന്നുവെന്നു പറഞ്ഞു. അങ്ങനെ എന്റെ കൊച്ചുമകൾ വ്യത്യസ്തമായി ബോക്സ് ഡിസൈൻ ചെയ്തു തന്നു. 'സ്നേഹത്തോടെ ഹർഭജൻ, കുട്ടിക്കാലത്തെ ഓർക്കാം' എന്നായിരുന്നു അത്. ആ വർഷത്തിനുശേഷം പിന്നീടെല്ലാം പെട്ടെന്നായിരുന്നു സംഭവിച്ചത്. പത്രങ്ങളിലും മറ്റും എന്നെക്കുറിച്ച് എഴുത്തുകൾ വന്നുതുടങ്ങി. അഞ്ചുമാസം മുമ്പ് ആനന്ദ് മഹീന്ദ്ര എന്നെക്കുറിച്ചു പറഞ്ഞ പത്രക്കുറിപ്പ് മകൾ ഓടിവന്നു കാണിച്ചുതന്നു. ഞാനാണ് അദ്ദേഹത്തിന്റെ ഈ വർഷത്തെ സംരംഭക എന്നായിരുന്നു അതിലുണ്ടായിരുന്നത്. അതിന്റെ അർഥം പോലും എനിക്കറിയുമായിരുന്നില്ല.
ഇന്ന് ജീവിതം തിരക്കിട്ടതായി മാറി. വലിയ ഓർഡറുകളെല്ലാം ലഭിക്കുമ്പോൾ രാവിലെ എട്ടുമണി തൊട്ട് വൈകീട്ട് ആറുമണിവരെ ജോലി ചെയ്യും. ഇക്കാലത്ത് ഒരിക്കലും ബോറടിക്കുകയോ ഒറ്റപ്പെട്ടുവെന്നു തോന്നുകയോ ചെയ്തിട്ടില്ല. എന്റെ മക്കളോ കൊച്ചുമക്കളോ അവരുടെ കരിയർ സംബന്ധിച്ച് ആശങ്കപ്പെടുമ്പോൾ ഞാനവരോട് പറയുന്നത് ഇതാണ്, ''നിങ്ങളുടെ മനസ്സു മാറ്റാൻ സമയം ഇനിയും വൈകിയിട്ടില്ല. മുത്തശ്ശിക്ക് തൊണ്ണൂറാം വയസ്സിൽ ഇങ്ങനെ ചെയ്യാമെങ്കിൽ നിങ്ങൾക്ക് എന്തും ചെയ്യാം''.