സിതാര
സിതാര (1986
-മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് 1986-ൽ ജനിച്ച സിതാര പാലാ സി.കെ. രാമചന്ദ്രൻ, ഉസ്താദ് ഫയാസ് ഖാൻ, വിജയസേനൻ, രാമനാട്ടുകര സതീശൻ എന്നിവരുടെ അടുത്ത് സംഗീതമഭ്യസിച്ചു. 2006,2007 വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകം ആയിരുന്ന സിതാര കലാമണ്ഡലം വിനോദിനിയുടെ കീഴിൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്.
ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്‌ക്കെത്തുന്നത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു.
വിനയൻ സംവിധാനം ചെയ്ത അതിശയൻ-എന്ന ചിത്രത്തിലൂടെ അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ, 'പമ്മി പമ്മി വന്നേ' എന്ന ഗാനം ആലപിച്ച് കൊണ്ട് സിനിമയിലെത്തി. വി കെ പ്രകാശിന്റെ "ഐന്ത് ഒന്ത്ലാ ഐന്ത്" എന്ന സിനിമയിലൂടെ,ഔസേപ്പച്ചന്റെ സംഗീതത്തിൽ കന്നഡ സിനിമയിലും, "മുപ്പൊഴുതും ഉൻ കർപ്പനൈകൾ" എന്ന സിനിമയിലൂടെ, ജി വി പ്രകാശിന്റെ സംഗീതത്തിൽ തമിഴ് സിനിമയിലും സിതാരയുടെ ശബ്ദമെത്തി.
മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെയും 2017ലെയും കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സിത്താരയ്ക്കായിരുന്നു.
രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധർവൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും സിതാര പ്രവേശിച്ചിട്ടുണ്ട്.