മാതൃത്വത്തിന്റെയും വാത്സല്യത്തിന്റെയും കവി : ബാലാമണിയമ്മ

BALAMANIYAMMA

മാതൃത്വത്തിന്റെയും വാത്സല്യത്തിന്റെയും കവിയായിരുന്നു ബാലാമണിയമ്മ. ലളിതവും പ്രസന്നവുമായ ശൈലിയില്‍ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകള്‍.പുരുഷകേന്ദ്രീകൃതമായ കാവ്യലോകത്ത് സ്ത്രീയുടെ അനുഭവ സമ്പത്തിന്റെ സങ്കീര്‍ണതകള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച ആദ്യകവയിത്രിയാണ് ബാലാമണിയമ്മ. മാതൃത്വം വാല്‍സല്യം, ഗാര്‍ഹികത, ഭക്തി, ദേശീയത, ദാര്‍ശനികത തുടങ്ങിയ ഭാവങ്ങളും ആ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു.ആദ്യകവിത 16-ാം വയസ്സിലെഴുതിയ വിലാപം. എന്നാൽ യൗവനകാലത്തുതന്നെ കാവ്യരചന ആരംഭിച്ചിരുന്നുവെങ്കിലും ബാലാമണിയമ്മയുടെ കൃതികള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയത് 1930 മുതലാണ്.  ആദ്യസമാഹാരം 'കൂപ്പുകൈ' പുറത്തിറങ്ങിയത് 1930ലാണ്.

BALAMANIYAMMA

 

1909 ജൂലായ് 19ന് സാഹിത്യത്തറവാടായ നാലപ്പാട്ടുവീട്ടില്‍, നാലപ്പാട്ടു നാരായണമേനോന്റെ സഹോദരി കൊച്ചുകുട്ടിയമ്മയുടെയും കുഞ്ചുണ്ണിരാജയുടെയും മകളായി ജനിച്ചു. 1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു.മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാ‍ഹിത്യനിപുണ‘ബഹുമതി നേടി.നാലപ്പാട്ടു തറവാടുതന്നെ വിദ്യാലയം. സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു.കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും  ബാലാമണിക്ക് മാർഗ്ഗദർശകമായി. അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.

കൃതികൾ

അമ്മ (1934)
കുടുംബിനി (1936)
ധർമ്മമാർഗ്ഗത്തിൽ (1938)
സ്ത്രീഹൃദയം (1939)
പ്രഭാങ്കുരം (1942)
ഭാവനയിൽ (1942)
ഊഞ്ഞാലിന്മേൽ (1946)
കളിക്കൊട്ട (1949)
വെളിച്ചത്തിൽ (1951)
അവർ പാടുന്നു (1952)
പ്രണാമം (1954)
ലോകാന്തരങ്ങളിൽ (1955)
സോപാനം (1958)
മുത്തശ്ശി (1962)
മഴുവിന്റെ കഥ (1966)
അമ്പലത്തിൽ (1967)
നഗരത്തിൽ (1968)
വെയിലാറുമ്പോൾ (1971)
അമൃതംഗമയ (1978)
സന്ധ്യ (1982)
നിവേദ്യം (1987)
മാതൃഹൃദയം (1988)
സഹപാഠികൾ
കളങ്കമറ്റ കൈ
ബാലാമണിഅമ്മയുടെ കവിതകൾ - സമ്പൂർണ്ണസമാഹാരം(2005) -മാതൃഭൂമി ബുക്സ്.


ഗദ്യം
ജീവിതത്തിലൂടെ (1969)
അമ്മയുടെ ലോകം (1952)

പുരസ്കാരങ്ങൾ

സഹിത്യ നിപുണ ബഹുമതി (1963)
കേരള സാഹിത്യ അക്കാദമി അവാർഡ്(1964) - ‘മുത്തശ്ശി’ക്ക്
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1965) - ‘മുത്തശ്ശി’യ്ക്ക്
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1979)
സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡ് (1981) - ‘അമൃതംഗമയ’യ്ക്ക്
പത്മഭൂഷൺ (1987)
മൂലൂർ അവാർഡ് (1988) - ‘നിവേദ്യ’ത്തിന്
സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ് (1990)
ആശാൻ പുരസ്കാരം (1991)
ലളിതാംബികാ അന്തർജ്ജന പുരസ്കാരം (1993)
വള്ളത്തോൾ പുരസ്കാരം (1993)
കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1994)
എഴുത്തച്ഛൻ പുരസ്കാരം (1995) - മലയാളസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക്.
സരസ്വതി സമ്മാനം (1996)
എൻ.വി. കൃഷ്ണവാരിയർ പുരസ്കാരം (1997) ലഭിച്ചു.