കെ. കെ. ശൈലജ
കെ. കെ. ശൈലജ (1956-
സിപിഐഎമ്മിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയിലൂടെയാണ് കെ. കെ. ശൈലജ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. സിപിഐഎമ്മിന്റെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ജനാധിപത്യ മഹിളാ അസോസിയേഷൻ നാഷണൽ ജോയിന്റ് സെക്രട്ടറി, സ്ത്രീ ശബ്ദം മാസികയുടെ ചീഫ് എഡിറ്റർ, സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എന്നീ നിലകളിൽ ശൈലജ പ്രവർത്തിച്ചിട്ടുണ്ട്. 1996 -ൽ കൂത്തുപറമ്പിൽ നിന്നും 2006 -ൽ പേരാവൂർ നിന്നും 2016 -ൽ കൂത്തുപറമ്പിൽ നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപെട്ട ശൈലജ പിണറായി വിജയൻ മന്ത്രി സഭയിൽ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു.
"ഇന്ത്യൻ വർത്തമാനവും സ്ത്രീ സമൂഹവും", "ചൈന-രാഷ്ട്രം, രാഷ്ട്രീയം, കാഴ്ചകൾ" എന്നീ രണ്ടു കൃതികളുടെ രചിയിതാവ് കൂടിയാണ് ശൈലജ. ശൈലജ മന്ത്രിയായിരിയ്ക്കുമ്പോൾ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വൻസ്വീകാര്യത ലഭിച്ചിരുന്നു.
നിപ പ്രതിരോധം ഉള്‍പ്പെടെ ലോകത്താകമാനം ആരോഗ്യ മേഖലയില്‍ മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ച വെച്ചതിനു മോള്‍ഡോവ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയായ നിക്കോളൈ ടെസ്റ്റിമിറ്റാണു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന് ആന്റ് ഫാര്‍മസി (Nicolae Testemitanu State University of Medicine and Pharmacy) ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന ശൈലജയ്ക്ക് വിസിറ്റിംഗ് പ്രൊഫസര്‍ പദവി നല്കി ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വ്യക്തിയാണ് ശൈലജ. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ ശക്തി പുരസ്ക്കാരം, മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ അവാർഡ് തുടങ്ങിയവയും അവർക്ക് ലഭിച്ചു.