തരവത്ത് അമ്മിണി അമ്മ

1895 ല്‍ പാലക്കാട് ജില്ലയിലെ വടക്കുന്തറയില്‍ ജനിച്ചു. തരവത്ത് അമ്മാളു അമ്മയും വടക്കുന്തറ ഉണ്ണിക്കൃഷ്ണവാരിയരും മാതാപിതാക്കള്‍. ബി. എ., ബി. എല്‍. ബിരുദങ്ങള്‍ നേടി. 1979 സെപ്റ്റംബര്‍ 16 ന് അന്തരിച്ചു. 1927 ല്‍ പ്രസിദ്ധീകരിച്ച “വീരപത്നി” എന്ന നോവലാണ് ആദ്യ കൃതി. “ആണ്ടാള്‍ ചരിതം”, “മീരാബായി”, “ശ്രീമതി തരവത്ത് അമ്മാളുഅമ്മ” എന്നീ ജീവചരിത്രങ്ങളും “ബദരീനാഥയാത്ര” എന്ന യാത്രാവിവരണവും “ബാലബോധിനി” എന്നൊരു ബാലസാഹിത്യകൃതിയും രചിച്ചിട്ടുണ്ട്. വ്യക്തി വിവരണങ്ങളിലെ സൂക്ഷ്മതയാണ് തരവത്ത് അമ്മിണി അമ്മയുടെ ജീവചരിത്ര രചനകളില്‍ പ്രതിഫലിക്കുന്നത്. ബാലസാഹിത്യവും രചിച്ചിട്ടുള്ള അവര്‍ക്ക് ആഖ്യാനത്തിലെ ലാളിത്യവും യഥാര്‍ത്ഥത്വവും ആദിമധ്യാന്തം സൂക്ഷിക്കാന്‍ കഴിയുന്നുണ്ട്. തരവത്ത് അമ്മാളു അമ്മയുടെ ജീവചരിത്രത്തില്‍ നിന്നൊരു ഭാഗമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഗ്രന്ഥകര്‍ത്രിയുടെ മാതാവായിരുന്ന ഈ പ്രശസ്ത സാഹിത്യകാരിയുടെ ജീവിതകഥ നല്ല പാരായണക്ഷമതയോടെ അവതരിപ്പിച്ചിരിക്കുന്നു. തന്‍റെ ജീവചരിത്രം മകള്‍ എഴുതണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അമ്മാളു അമ്മ ആഗ്രഹിച്ചിരുന്നു. പക്ഷേ, തീരാദുഃഖങ്ങളുടെ ആഖ്യാനമായി മാറുന്ന ഒരു പുസ്തകം മരണശേഷം പുറത്തുവന്നാല്‍ മതിയെന്ന അഭിപ്രായമായിരുന്നു അമ്മയ്ക്ക്. അമ്മാളു അമ്മയുടെ ആത്മീയ ജീവിതത്തിന്‍റെ നേര്‍പ്പകര്‍പ്പ് സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുകയാണ് മകള്‍. അവസാനകാലത്ത് അമ്മാളു അമ്മ കാണിച്ചിരുന്ന ധൈര്യത്തിന്‍റെ മാതൃകയായി നല്‍കിയിരിക്കുന്ന ഉദാഹരണങ്ങളെല്ലാം വായനക്കാരുടെ മനസ്സില്‍ പതിയുന്നവയാണ്.

“വീരപത്നി” (നോവല്‍). കോഴിക്കോട്: നോര്‍മന്‍ പ്രിന്‍റിംഗ് ബ്യൂറോ, 1927. “ബാലബോധിനി” (ബാലസാഹിത്യം). കോഴിക്കോട്: നോര്‍മന്‍ പ്രിന്‍റിംഗ് ബ്യൂറോ, 1932. “ശ്രീമതി തരവത്ത് അമ്മാളു അമ്മ” (ജീവചരിത്രം). പാലക്കാട്: ഗ്രന്ഥകര്‍ത്രി, 1937. “മീരാബായി” (ജീവചരിത്രം). കോഴിക്കോട്: നോര്‍മന്‍ പ്രിന്‍റിംഗ് ബ്യൂറോ, 1940. “ബദരീനാഥയാത്ര” (യാത്രാവിവരണം). കോഴിക്കോട്: നോര്‍മന്‍ പ്രിന്‍റിംഗ് ബ്യൂറോ, 1951. “ആണ്ടാള്‍ ചരിതം” (ജീവചരിത്രം). കോഴിക്കോട്: നോര്‍മന്‍ പ്രിന്‍റിംഗ് ബ്യൂറോ, 1954.