ഖദീജ മുംതാസ്

Mathrubhumi office attack: Cultural leaders express protest | mathrubhumi  office attack| cultural leaders express protest| crime| law and justice

ഖദീജ മുംതാസ്

1955 ല്‍ തൃശ്ശൂര്‍ ജില്ലയില്‍ കാട്ടൂരില്‍ ഷംസുദ്ദീനിന്‍റെയും ഫാത്തിമയുടെയും മകളായി ജനിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍. കോഴിക്കോട്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്തിട്ടുണ്ട്. സൗദി അറേബ്യയില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ഏഴുവര്‍ഷം ഗൈനക്കോളജിസ്റ്റായിരുന്നു. ആനുകാലിക ശാസ്ത്ര-ശസ്ത്രേതര പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. “ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങി നിവര്‍ന്ന്”, ആദ്യകൃതി. “ബര്‍സ” എന്ന നോവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടി. ഗൈനക്കോളജി പ്രൊഫസറായ ഖദീജാ മുംതാസിന്‍റെ രചനകളില്‍ മെഡിക്കല്‍ കോളേജ് ക്യാംപസുകളും വൈദ്യശാസ്ത്ര പശ്ചാത്തലമുള്ള അനുഭവങ്ങളും നിറയുന്നു. ആനുകാലികങ്ങളില്‍ അവര്‍ എഴുതുന്ന ലേഖനങ്ങളുടെ കേന്ദ്രപ്രമേയം സ്ത്രീ അനുഭവങ്ങളാണ്.

പുരുഷ കേന്ദ്രീകൃതമായ ഇസ്ലാമിനെ സ്ത്രീയുടെ കണ്ണിലൂടെ നോക്കിക്കാണുന്ന “ബര്‍സ” എന്ന നോവലാണ് ഖദീജയെ ശ്രദ്ധേയമാക്കിയത്. ഡോ. ഖദീജയുടെ ആദ്യ നോവല്‍ “ബര്‍സ”, സൗദി അറേബ്യയില്‍ ആറുവര്‍ഷം ഡോക്ടറായി ജോലി ചെയ്ത ഒരു മുസ്ലീം സ്ത്രീയുടെ കഥയാണ്. യാഥാസ്ഥിതിക മുസ്ലീം സമൂഹങ്ങളിലെ സ്ത്രീയുടെ ദുരവസ്ഥയെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കുകയാണ് ഈ എഴുത്തുകാരി. സ്ത്രീവിമോചനത്തിനും കുറെക്കൂടി പ്രായോഗികമായ സമീപനങ്ങള്‍ക്കും ആഹ്വാനം ചെയ്യുകയാണ് ബര്‍സയിലൂടെ ഇവര്‍. ആഖ്യാന പരമായി നോവല്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നത് വിമാനത്താവളത്തിലാണ്. ഇടയ്ക്കിടെ സഞ്ചാരസാഹിത്യത്തിന്‍റെ വിവരണ ശൈലിയും സ്വീകരിച്ചിരിക്കുന്നു. ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നു പൊരുള്‍. ഇസ്ലാമില്‍ സ്ത്രീയുടെ യാത്രകള്‍ക്ക് അതിരുകളില്ലെന്നു സ്ഥാപിച്ചുകൊണ്ടുതന്നെ, എത്ര സഞ്ചരിച്ചാലും അവള്‍ ഇസ്ലാമിന്‍റെ അതിരുകള്‍ക്കുള്ളില്‍ തന്നെയാണെന്നു ചൂണ്ടിക്കാണിക്കുകയാണ് ഖദീജ. ഖദീജാ മുംതാസിന്‍റെ രണ്ടാമത്തെ നോവലായ “ആതുര”ത്തിലെ ഒന്നാം അദ്ധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പശ്ചാത്തലത്തില്‍ രണ്ടു തലമുറകളുടെ കഥ പറയുന്ന നോവല്‍. എഴുപതുകളുടെ വിപ്ലവവീര്യങ്ങളില്‍ നിന്നു പ്രശ്നസങ്കീര്‍ണമായ ആതുരാവസ്ഥയില്‍ എത്തിനില്‍ക്കുന്ന കാമ്പസ് ജീവിതത്തെ ആവിഷ്കരിക്കുകയാണ് ഇവിടെ.

“ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങി നിവര്‍ന്ന്“ “ബര്‍സ” (നോവല്‍) കോട്ടയം: ഡിസിബുക്സ്. “ഡോക്ടര്‍ ദൈവമല്ല” (സ്മരണ). “ആതുരം” (നോവല്‍). കോട്ടയം: ഡിസി ബുക്സ്, 2011.