ബോധന

അജിത, ഗംഗ, വി. പി. സുഹ്‌റ, വിജി പെൺകൂട്ട്, ജെ. ഗീത എന്നിവരുടെ നേതൃത്വത്തിൽ 1987ലാണ് ബോധനയുടെ തുടക്കം. മലപ്പുറംകാരി കുഞ്ഞീബി കോഴിക്കോട് ട്രാഫിക് പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽവച്ചു പൊലീസുകാരുടെ ലൈംഗിക പീഡനത്തിന്റേയും ശാരീരികോപദ്രവങ്ങളുടേയും ഫലമായി കൊല്ലപ്പെട്ട സംഭവത്തോടെയാണ് (ഇവരുടെ മരണം ആത്മഹത്യ ആണെന്നായിരുന്നു പോലീസ് ഭാഷ്യം) ബോധന സജീവമായി പൊതുരംഗത്ത് പ്രത്യക്ഷപെട്ടു തുടങ്ങിയത്. തുടർന്ന് മലബാറിലെ സ്ത്രീകൾ അക്കാലത്ത് നേരിട്ടിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്തും സ്ത്രീകൾ നേരിട്ടിരുന്ന സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടും ബോധന സ്ത്രീപക്ഷ രംഗത്ത് സജീവമായിരുന്നു. 

ബോധനയും തൊഴിലാളി സമരവും

ബിർളയുടെ ഗ്വാളിയർ റയോൺസ് പൾപ്പ് – ഫൈബർ ഫാക്ടറിയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട കമ്പിനി തുറക്കാൻ വേണ്ടി ഗ്രോ തൊഴിലാളി യൂണിയൻ നടത്തിയ നിരാഹാരസമരത്തിനു പിന്തുണ നൽകിക്കൊണ്ടാണ് ബോധന തൊഴിലാളി സമരത്തിൽ ഇടപെടുന്നത്. ബോധനയുടെ പ്രവർത്തകർ സ്ത്രീ തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ സംഘടിപ്പിച്ചു ശക്തമായ സമരം നടത്തുകയായിരുന്നു. 
      
സ്ത്രീ വിമോചന സംഘടനയായ ബോധന ഉയർന്നു വരുന്നത് വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപ്പിനു വെല്ലുവിളയാകുമെന്നു കണ്ടു ബോധനയെ തകർക്കാൻ ഇടതുപക്ഷം ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചു. തുടർന്ന് സംഘടനയിൽ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ  തുടർന്ന് 1990-ൽ ബോധന പിരിച്ചു വിടുകയായിരുന്നു.