മുസ്‌ലിം മഹിളാ സമാജം

1938-ല്‍ തിരുവല്ലയില്‍ സംഘടിപ്പിച്ച കേരള ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിതാ സമ്മേളനത്തിലാണ് അഖില തിരുവിതാംകൂര്‍ മുസ്‌ലിം മഹിളാ സമാജം രൂപീകരിക്കപ്പെട്ടത്. കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെയും മുസ്‌ലിം സ്ത്രീ മുന്നേറ്റത്തിന്റെയും ചരിത്രത്തില്‍ മാത്രമല്ല, കേരളീയ സാമൂഹിക വളര്‍ച്ചയുടെ നാള്‍വഴികളില്‍ തന്നെ അഭിമാനപൂര്‍വം രേഖപ്പെടുത്തേണ്ടതായിരുന്നു ഹലീമാബീവിയുടെയും മറ്റും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രസ്തുത സമ്മേളനവും സംഘടനയും. ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളുടെ നിര്‍ദേശത്തില്‍നിന്നുകൂടി പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരുവല്ലയില്‍ സമ്മേളനം വിളിച്ചു ചേര്‍ത്തത്. 

ആലുവയില്‍ അക്കാലത്ത് നടന്ന ഒരു യുവജന സമ്മേളനത്തില്‍ പ്രസംഗിക്കവെ, മുസ്‌ലിം സ്ത്രീകളെ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അതിനുവേണ്ടി തിരുവിതാംകൂറിലെങ്കിലുമുള്ള സ്ത്രീകള്‍ക്ക് വേണ്ടി സമ്മേളനം സംഘടിപ്പിക്കാനുള്ള ആഗ്രഹവും ആറ്റക്കോയ തങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. അതിനായി ഹലീമാബീവി മുന്നോട്ടുവരണമെന്നും അദ്ദേഹം പ്രത്യാശിച്ചു. പത്രങ്ങളില്‍നിന്ന് ഈ വാര്‍ത്ത ഹലീമാബീവി വായിച്ചറിഞ്ഞു. ശേഷം, ആറ്റക്കോയതങ്ങള്‍ ഈ ആവശ്യമുന്നയിച്ചുകൊണ്ട് അയച്ച കത്തും ഹലീമാബീവിക്ക് ലഭിച്ചു. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രണ്ട് ആഴ്ചക്കകം, 200-ഓളം സ്ത്രീകളെ പങ്കെടുപ്പിച്ച് ഒരു സമ്മേളനം നടത്താന്‍ അക്കാലത്ത് ഹലീമാബീവിക്ക് സാധിച്ചത് ചെറിയ കാര്യമല്ല.

മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിനായി ഒരു സംഘടനക്ക് രൂപം നല്‍കുകയെന്നതായിരുന്നു സമ്മേളനം വിളിച്ചുകൂട്ടിയതിന്റെ പ്രധാന ലക്ഷ്യമെന്ന് ഹലീമബീവി സൂചിപ്പിച്ചിട്ടുണ്ട്. ''അഖില തിരുവിതാംകൂര്‍ മുസ്‌ലിം വനിതാ സമാജം'' ആയിരുന്നു അവരുടെ സ്വപ്നം. കരകള്‍തോറും, താലൂക്കുതോറും വനിതാസമാജം രൂപീകരിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. വനിതകള്‍ക്ക് മാത്രമായി ഒരു സംഘടനയെന്ന കാഴ്ചപ്പാട് 1930-കളില്‍ മുന്നോട്ടുവെച്ച ഹലീമാബീവിക്ക്, സ്ത്രീവിമോചനത്തെക്കുറിച്ച് എത്ര ഉയര്‍ന്ന ചിന്തയാണ് അക്കാലത്തുണ്ടായിരുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. സമ്മേളനത്തെ തുടര്‍ന്ന് തിരുവല്ല കേന്ദ്രമാക്കി രൂപംകൊണ്ട ''വനിതാ സമാജ''ത്തിന്റെ ആദ്യ പ്രസിഡന്റും ഹലീമാബീവിയായിരുന്നു. നാട്ടിലുടനീളം തിരുവിതാംകൂര്‍ വനിതാസമാജത്തിന് ശാഖകള്‍ രൂപീകരിക്കണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും അത് വിജയിക്കുകയുണ്ടായില്ല. പക്ഷേ, 1000-ഓളം സ്ത്രീകള്‍ കേന്ദ്രസംഘടനയില്‍ അംഗങ്ങളായി ചേര്‍ന്നു. തിരുവല്ലയില്‍ സമാജത്തിന്റെ ഓഫീസ് സജീവമായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അവിടെ പലപ്പോഴായി വനിതാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തോളം സമാജം നന്നായി പ്രവര്‍ത്തിക്കുകയുണ്ടായി. 

മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കാന്‍ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. പെണ്‍കുട്ടികളെ സ്‌കൂളിലയക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുക, താഴ്ന്ന ക്ലാസുകളിലെ നിര്‍ധന വിദ്യാര്‍ഥിനികള്‍ക്ക് ധനസഹായം നല്‍കുക, ഉയര്‍ന്ന ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് മുസ്‌ലിം പ്രമുഖരില്‍നിന്നും മറ്റും ധനസഹായം ലഭ്യമാക്കുക, ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പുകള്‍ യഥാസമയം ലഭ്യമാക്കാന്‍ നടപടികള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ രംഗത്ത് സമാജം ചെയ്തിരുന്നത്. പല ഭാഗങ്ങളിലെയും സ്ത്രീകള്‍ക്ക് പരസ്പരം അറിയാനും സാമൂഹിക പ്രവര്‍ത്തനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ സഹായകമായിട്ടുണ്ട്.

മലബാറിലേക്കു കൂടി ''തിരുവിതാംകൂര്‍ വനിതാസമാജ''ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് ഹലീമാബീവി ആഗ്രഹിച്ചിരുന്നു. അന്ന് തലശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ''മുസ്‌ലിം മഹിളാ സമാജ''വുമായി ബന്ധപ്പെട്ട് ഇതിനുവേണ്ടി അവര്‍ പരിശ്രമിച്ചു. പലതവണ കത്തിടപാടുകള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ ഹലീമാബീവി തന്നെ നേരിട്ട് തലശ്ശേരിയില്‍ പോവുകയും മുസ്‌ലിം മഹിളാ സമാജം പ്രസിഡന്റായിരുന്ന കുഞ്ഞാച്ചു സ്വാഹിബയെ കാണുകയും ചെയ്തു. പക്ഷേ, അന്നത്തെ സാഹചര്യത്തില്‍ അവരുടെ ശ്രമങ്ങള്‍ വിജയം കണ്ടില്ല. 1959-ലെ തന്റെ ഒരു പ്രസംഗത്തില്‍ ഹലീമാബീവി തന്നെ ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.

തലശ്ശേരിയിലെയും തിരുവല്ലയിലെയും വനിതാകൂട്ടായ്മകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പിന്നീട് കേരളത്തില്‍ മുസ്‌ലിം സ്ത്രീ സംഘടനകള്‍ രൂപപ്പെട്ടത്.