ഹരിത കേരളം മിഷൻ
ശുചിത്വം, ജലസമൃദ്ധി, ജല സുരക്ഷ, ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതമായ ഉൽപാദനം എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2016 ഡിസംബറിൽ സംസ്ഥാനത്ത് ഹരിത കേരളം മിഷൻ ആരംഭിക്കുകയുണ്ടായി. (I) ശുചിത്വം, മാലിന്യ സംസ്ക്കരണം, (ii) ജലസംരക്ഷണം, (iii) കാർഷിക വികസനം എന്നിങ്ങനെ മൂന്ന് ഉപ ദൗത്യങ്ങളാണ് മിഷനുള്ളത്. വിവിധ വകുപ്പുകളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെയും ജനപങ്കാളിത്തത്തോടെയുമാണ് ഹരിത കേരളം മിഷൻ പ്രവർത്തനങ്ങൾ നടത്തുന്നത്. ഹരിത കേരളം മിഷന് പ്രധാന ഊന്നല്‍ നല്‍കുന്നത് ഇവയ്ക്കാണ്:
- ഓരോ ജില്ലയിലെയും പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രാദേശിക സർക്കാരുകളുടെയും മറ്റ് വകുപ്പുകളുടെയും പദ്ധതികളുടെ വിവിധ തലത്തിലുള്ള ഏകോപനത്തിനുള്ള മാർഗ്ഗങ്ങൾ രൂപീകരിക്കുക.
- പ്രായോഗികവും ഫലപ്രദവുമായ സാങ്കേതിക സൗകര്യങ്ങൾ നേടുന്നതിന് പ്രാദേശിക സർക്കാരുകൾക്ക് ശാസ്ത്രീയവും കാര്യക്ഷമവും സാങ്കേതികവുമായ ഉപദേശം ഉറപ്പാക്കുക.
- "ഹരിത കേരളം" സൃഷ്ടിക്കുന്നതിനായി നേതൃത്വം നൽകുകയും ജന പങ്കാളിത്തവും സാമൂഹിക ഉൾപ്പെടുത്തലും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക.
- ഉപ ദൗത്യങ്ങൾക്ക് കീഴില്‍ നടത്തിയ ചില പ്രധാന ഇടപെടലുകൾ ചുവടെ വിശദമാക്കിയിരിക്കുന്നു.
"മാലിന്യത്തിൽ നിന്നുള്ള മുക്തി” കാമ്പയിനുകള്‍ പ്രാദേശിക സർക്കാരുകളുടെ ശുചിത്വ, മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറയിട്ടു. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്), റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർആർഎഫ്), ഹരിത കർമ്മസേന, ഗാർഹിക ഉറവിട തലത്തിലുള്ള സംസ്ക്കരണ പ്ലാന്റുകൾ, കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് യൂണിറ്റുകൾ എന്നിവയിലൂടെ മാലിന്യങ്ങളുടെ ഉറവിടതല സംസ്ക്കരണത്തിന് അടിസ്ഥാന ആവശ്യകതകൾ ലഭ്യമാക്കുകവഴി, മാലിന്യ സംസ്ക്കരണത്തിന് അർഹമായ പ്രാധാന്യം ലഭിക്കുകയുണ്ടായി. അതിലൂടെ സുസ്ഥിരവും വൃത്തിയുള്ളതുമായ പരിസ്ഥിതി സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യപ്പെടുന്നു. 1,033 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 28,632 അംഗങ്ങളുടെ പങ്കാളിത്തത്തോടെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി രൂപീകരിച്ച ഹരിത കർമ്മസേന ഇപ്പോൾ 805 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സജീവമാണ്. പ്രതി മാസം 3,000 രൂപ മുതൽ 15,000 രൂപ വരെ സേനാംഗങ്ങള്‍ സമ്പാദിക്കുന്നതിനാൽ ഈ പദ്ധതി വരുമാനദായകവുമാകുന്നു.
അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനുമായി 1,141 മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) കേന്ദ്രങ്ങളും മാലിന്യം വേർതിരിക്കൽ, പുനരുപയോഗം, തുടർ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 150 റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൂർണ്ണമായി പ്രവർത്തിച്ചുവരുന്നു. സംസ്ഥാനത്ത് ദിവസേന ഉത്പാദിപ്പിക്കപ്പെടുന്ന ജൈവ മാലിന്യത്തിന്റെ ഏകദേശം 45% ഉം ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനത്തിലൂടെ ശാസ്ത്രീയമായി സംസ്ക്കരിക്കപ്പെടുന്നു. 1,320 വ്യാവസായിക സ്ഥാപനതല ബയോഗ്യാസ് പ്ലാന്റുകളും 97 കമ്മ്യൂണിറ്റി തല ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കുകയുണ്ടായി. പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങൾ 2,023.34 കിലോമീറ്റർ റോഡ് ടാർ ചെയ്യുകയുണ്ടായി. 1554 ദശലക്ഷം ടൺ ഇ-മാലിന്യങ്ങൾ സംസ്ഥാനത്ത് നിന്ന് ശേഖരിച്ച് ഇ-വേസ്റ്റ് പുന:ചംക്രമണത്തിനായി കൈമാറുകയും ഉണ്ടായി.
ഹരിത പെരുമാറ്റചട്ടം സാമൂഹിക ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് ഹരിത കേരളം മിഷൻ നിർണായക പങ്ക് വഹിക്കുകയും ഉത്സവങ്ങളിലും ആഘോഷങ്ങളിലും നടപ്പാക്കുകയും സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിലെ 10,010 ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇത് നടപ്പാക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി ഹരിത നിയമ സാക്ഷരതാ ബോധവൽക്കരണ ക്യാമ്പയിൻ 2 ദശലക്ഷത്തിലധികം ആളുകൾക്ക് ലഭ്യമാക്കുകയുണ്ടായി. മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നതും അതിന് കടുത്ത ശിക്ഷനല്‍കാനും ഒറ്റ ഉപയോഗ പ്ലാസ്റ്റിക്കുകൾ നിരോധിക്കുന്നതിനും മിഷന്റെ ഇടപെടലുകള്‍ വഴി സർക്കാര്‍ തീരുമാനിക്കുകയുണ്ടായി. സംസ്ഥാനത്ത് 2019-ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റചട്ടം നടപ്പിലാക്കുന്നതിനുള്ള നടപടികളും വിജയകരമായി ഏറ്റെടുത്തു. കോവിഡ്-19
മഹാമാരിയുടെ പശ്ചാത്തലത്തിലും, ശുചിത്വ പദവി കൈവരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ ശ്രമങ്ങൾ നടത്തുകയാണ്. ഖരമാലിന്യ സംസ്ക്കരണത്തിലും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്ത തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സര്‍ക്കാര്‍ നൽകിയ ശുചിത്വ പദവി സമ്പൂർണ്ണ ശുചിത്വത്തിലേക്കുള്ള ആദ്യപടിയാണ്.
ഹരിത കേരളം മിഷൻ നദികള്‍ പുനരുജ്ജീവിപ്പിക്കുകയും മറ്റ് ശുചിത്വ പ്രവർത്തനങ്ങളിലൂടെയും കഴിഞ്ഞ നാല് വർഷമായി ജലസംരക്ഷണ, ജലസംഭരണ മേഖലകളിൽ ഫലപ്രദമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. 390 കിലോമീറ്റർ നദികളും 41,529 കിലോമീറ്റർ അരുവികളും പുനരുജ്ജീവിപ്പിക്കുകയുണ്ടായി. 1,013 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നീർത്തട പദ്ധതികൾ തയ്യാറാക്കുകയുണ്ടായി. 105 ബ്ലോക്ക്തല നീർത്തട മാസ്റ്റർ പ്ലാനുകളും തയ്യാറാക്കുകയുണ്ടായി. 60,116 ഏക്കർ നീര്‍ത്തട പ്രദേശങ്ങള്‍ പരിപാലിക്കുകയും, വരട്ടാർ നദിയുടെ പുനരുദ്ധാരണവും പുനരുജ്ജീവനവും സാധ്യമാക്കുകയും, കുട്ടംപേരൂർ നദി, കിള്ളിയാർ, കോളറയാര്, വടക്കേപുഴ, ചലാംകോട് വെള്ളച്ചാട്ടം, മുട്ടംപരപ്പ വെള്ളച്ചാട്ടം, കംപ്രയാർ, പെരുംതോട്, പൂനൂർ നദി, കോട്ടാരക്കര പാണ്ഡിവയൽ വെള്ളച്ചാട്ടം, മറ്റ് മലിനമായ ജലസ്രോതസ്സുകൾ എന്നിവ വൃത്തിയാക്കുകയും സുഗമമായ ജലപ്രവാഹം സാധ്യമാക്കുകയും ചെയ്യുകയുണ്ടായി. മീനച്ചിലാർ -മീനന്തരയാർ -കൊടൂരാർ പുന:സമാഗമം സാധ്യമാക്കുകയും ഇതിലൂടെ 4,000 ഏക്കറിലധികം പ്രദേശത്ത് കൃഷി പുനരാരംഭിക്കുകയുണ്ടായി. കഴിഞ്ഞ നാല് വർഷത്തിനിടെ 54,362 കിണറുകൾ റീചാർജ് ചെയ്യുകയും, 23,158 കിണറുകൾ പുതുതായി നിർമ്മിക്കുകയും, 13,942 കിണറുകൾ നവീകരിക്കുകയും; 18,203 കുളങ്ങൾ നിർമ്മിക്കുകയും 23,628 കുളങ്ങൾ നവീകരിക്കുകയും ചെയ്യുകയുണ്ടായി. ഈ പ്രവർത്തനങ്ങളിലൂടെ 1,21,81,650 ക്യുബിക് മീറ്റർ ജല സംഭരണം ഉറപ്പാക്കുകയുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് (എം.ജി.എൻ.ആർ.ഇ.ജി.എസ്) മിഷന് ഈ പ്രവർത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞത്.
സംസ്ഥാനത്തെ ജലപ്രവാഹങ്ങൾ വീണ്ടെടുക്കുന്നതിനായി “ഇനി ഞാൻ ഒഴുകട്ടെ” എന്ന പേരിൽ ഒരു പൊതു പ്രചാരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഇതിലൂടെ സംസ്ഥാനത്തെ 7,291 കിലോമീറ്റർ ജലധാരകൾ വൃത്തിയാക്കുകയും ശുദ്ധജലപ്രവാഹം ഉറപ്പാക്കുകയും ചെയ്തു. കോട്ടയം, ആലപ്പുഴ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ മൺസൂൺ കാലയളവിലുണ്ടായ കനത്ത മഴയെത്തുടർന്ന് വെള്ളം കയറുന്നതിന്റെ കാഠിന്യം കുറയ്ക്കാൻ ഇത് ഉപകരിക്കുകയുണ്ടായി.
കുളങ്ങളിൽ മാപിനി സ്ഥാപിച്ച് ജലലഭ്യത അളക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയുണ്ടായി. കാട്ടാക്കട നിയോജകമണ്ഡലത്തിലെ 100 കുളങ്ങളിലാണ് ഇത് സ്ഥാപിച്ചത്. എല്ലാ ജില്ലകളിലും ഓരോ ബ്ലോക്കിൽ വീതം ജല ബഡ്ജറ്റിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും സർക്കാർ തയ്യാറാക്കിയതും അംഗീകരിച്ചതുമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വയനാട് ജില്ലയിലെ കൽപ്പറ്റയിൽ പൈലറ്റ് അടിസ്ഥാനത്തിൽ ജലബഡ്ജറ്റിംഗ് പ്രവർത്തനങ്ങള്‍ നടന്നു വരുന്നു. സംസ്ഥാനത്തെ ജലദൗർലഭ്യം നേരിടുന്ന നാല് ജില്ലകളിൽ “ബണ്ഡാര ടൈപ്പ് സമ്മർ” റിസർവോയറുകൾ (Bandara type summer reservoirs) നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കി ജല സംഭരണം സാധ്യമാക്കുകയുണ്ടായി. കിഫ്ബിയിൽ ഉൾപ്പെടുത്തി ഭവാനിപ്പുഴയിൽ 34 ബണ്ഡാരകള്ക്കും, തൂത്തുപുഴയിൽ 6 ഉം ചന്ദ്രഗിരിയിൽ 9 ഉം അച്ചൻകോവിലാറിൽ 6 ഉം ബണ്ഡാരകള്ക്കും അനുമതി ലഭിക്കുകയുണ്ടായി.
ഓരോ തദ്ദേശ സ്വയംഭരണ പ്രദേശത്തുമുള്ള ഒരു ഹയർ സെക്കൻഡറി സ്ക്കൂളിലെ കെമിസ്ട്രി ലാബുമായി ചേർന്ന് പ്രദേശവാസികൾക്ക് കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിക്കുകയുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 57 എംഎൽഎമാരുടെ പ്രത്യക വികസന ഫണ്ടും ഉപയോഗിച്ച് 426 സ്കൂളുകളിൽ ഇത് നടപ്പാക്കി വരുന്നു. ചിറ്റൂർ നിയോജകമണ്ഡലത്തിൽ ഇത്തരം 10 ലാബുകൾ ആരംഭിച്ചിട്ടുണ്ട്. പ്രാദേശികമായി ലാബുകൾ സ്ഥാപിക്കുന്നതോടെ കുടിവെള്ള പരിശോധന വിപുലീകരിക്കാനും ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും സാധിക്കും.
കാർഷിക വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പിന്തുണയോടെ ഹരിത കേരളം മിഷൻ പ്രവർത്തനങ്ങള്‍ വഴി കാർഷിക മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞു. 208 ഗ്രാമപഞ്ചായത്തുകളിലെ 988 വാർഡുകൾ ഹരിതസമൃദ്ധി വാർഡുകളാക്കി മാറുകയുണ്ടായി. സംസ്ഥാനത്തെ എല്ലാ ഐടിഐ ക്യാമ്പസ്സുകളെയും ഹരിത ക്യാമ്പസ്സുകളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. 11 ക്യാമ്പസുകളെ ഹരിത ക്യാമ്പസുകളായി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രാദേശിക ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനായി 1,000 ഹരിത ദ്വീപുകൾ (പച്ചത്തുരുത്ത്) സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജൂൺ 5, 2019 ന് ഹരിത കേരളം മിഷൻ ഒരു നൂതന പദ്ധതി ആരംഭിക്കുകയുണ്ടായി, ഇതിനകം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ 1,261 ഓളം പച്ചത്തുരുത്തുകൾ സൃഷ്ടിക്കുകയുണ്ടായി. 590 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 454 ഏക്കറിൽ വൃക്ഷത്തൈകൾ നടുകയും, നിരവധി കുറ്റിച്ചെടികളും വള്ളികളും ജൈവ വേലികളും നട്ടുപിടിപ്പിക്കുകയും ചെയ്യുകയുണ്ടായി.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഹരിത കേരളം മിഷനുമായി സഹകരിച്ച് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ഭൂമിയിൽ കൃഷി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുണ്ടായി. ഇതുവരെ 9 ജില്ലകളിലെ 34 പൊതുമേഖലാ സ്ഥാപനങ്ങളിൽ കൃഷി ആരംഭിക്കുകയും. ചില സ്ഥലങ്ങളിൽ വിളവെടുപ്പും നടത്തുകയുണ്ടായി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1428 ക്ഷേത്രങ്ങളിലെ തരിശുഭൂമിയിൽ പച്ചക്കറി, തേങ്ങ, ഫലങ്ങൾ, ഔഷധസസ്യങ്ങൾ, പൂക്കൾ എന്നിവ ക്ഷേത്രാവശ്യങ്ങൾക്കായി കൃഷിചെയ്യനുള്ള പദ്ധതി ആരംഭിക്കുകയുണ്ടായി. ദേവസ്വം ബോർഡിന്റെ മൂവായിരം ഏക്കർ സ്ഥലത്ത് 'ദേവഹരിതം' എന്ന പദ്ധതി നടപ്പിലാക്കി വരുന്നു. വടക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിലും ഇത് ആരംഭിച്ചിട്ടുണ്ട്. പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളിൽ ഫലവൃക്ഷതൈകളുടെ ഉത്പാദനം ജനങ്ങളുടെ ഇടയിൽ പ്രജൂര പ്രചാരത്തിലുണ്ട്. കണ്ണൂർ ജില്ലയിലെ പടിയൂർ -കല്യാട് ഗ്രാമപഞ്ചായത്തിലെ ഓരോ വീടുകളിലും 10 തൈകൾ വീതം ആകെ ഒരു ലക്ഷം തൈകൾ തയ്യാറാക്കുന്നുണ്ട്. ഇക്കാര്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ ജില്ലകളിൽ വിവിധ പ്രവർത്തനങ്ങൾ നടന്ന് വരുന്നുണ്ട്. ചുരുക്കത്തിൽ, പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കാനുള്ള പ്രചോദനം നല്കുന്നതില് ഹരിത കേരളം മിഷന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്ന് കാണാം.