മഹിളാസമാജം

1930-കളിലാണ് കേരളത്തിൽ ആദ്യത്തെ മുസ്‌ലിം വനിതാ കൂട്ടായ്മകൾ രൂപപ്പെടുന്നത്. സാമൂഹിക രാഷ്ട്രീയ പ്രവർത്തകയായിരുന്ന ടി.സി കുഞ്ഞാമ്മയുടെ നേതൃത്വത്തിൽ 1933-ൽ തലശ്ശേരിയിലും പ്രമുഖ പത്ര പ്രവർത്തകയായിരുന്ന എം.ഹലീമാ ബീവിയുടെ നേതൃത്വത്തിൽ 1938-ൽ തിരുവല്ലയിലും രൂപീകരിക്കപ്പെട്ടവയാണ് കേരളത്തിലെ ആദ്യത്തെ മുസ്‌ലിം വനിതാ കൂട്ടായ്മകൾ. കേരളീയ നവോത്ഥാനത്തിന്റെ വിശേഷിച്ചും സ്ത്രീ നവോത്ഥാനത്തിന്റെ ചരിത്രത്തിൽ ഈ കൂട്ടായ്മകൾക്ക് വലിയ സ്ഥാനമുണ്ട്.

1933-ൽ തലശ്ശേരിയിലെ ടി.സി. കുഞ്ഞാച്ചുമ്മ രൂപീകരിച്ച മുസ്‌ലിം മഹിളാസമാജം ''കേരളത്തിലെ സ്ത്രീമുന്നേറ്റ ചരിത്രത്തിൽ സവിശേഷമായി രേഖപ്പെടുത്തേണ്ടതാണ്. മുസ്‌ലിം സ്ത്രീകളുടെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാൻ അക്കാലത്ത് ഒരു വനിതാസംഘടന രൂപീകരിക്കാൻ മുന്നോട്ടുവന്നതിൽനിന്നുതന്നെ അവരുടെ വ്യക്തിത്വത്തെ നമുക്ക് വായിച്ചെടുക്കാം. വിദ്യാഭ്യാസരംഗത്ത് ഏറെ പുറകിലായിരുന്ന സ്ത്രീകളെ ബോധവൽക്കരിക്കലായിരുന്നു സംഘടനയുടെ ലക്ഷ്യങ്ങളിൽ പ്രധാനം. സംഘടനാബോധം സ്ത്രീകൾക്ക് പകർന്നുകൊടുക്കുകയും സാമൂഹികസേവനരംഗത്തും ജനസേവനപ്രവർത്തനങ്ങളിലും ഏറെ സജീവമാവുകയും ചെയ്ത കുഞ്ഞാച്ചുമ്മക്ക് അത് പരിഗണിച്ചുകൊണ്ട് ഗവൺമെന്റിന്റെ ബഹുമതിയും ലഭിക്കുകയുണ്ടായി. 1934-ൽ ഒരു കൊടുങ്കാറ്റ് ഏറെ ദുരിതം വിതച്ച സന്ദർഭത്തിൽ ഇരകൾക്ക് ആശ്വാസമെത്തിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് മദ്രാസ് ഗവർണർ സർ ആർതർ ഹോപ് ആണ് കുഞ്ഞാച്ചുമ്മക്ക് അവാർഡ് നൽകിയത്.

വയോജനവിദ്യാഭ്യസം, തൊഴിൽപരിശീലനം, കുടുംബാസൂത്രണ ബോധവൽക്കരണം, ആധുനികവിദ്യഭ്യസത്തിനുള്ള പ്രോൽസാഹനം, സംഘടിത നമസ്‌കാരം, സാമൂഹികസേവനം, സാമ്രാജ്യത്വവിരുദ്ധസമരം, സംഗീതം തുടങ്ങിയവ വഴി സ്ത്രീശാക്തീകരണത്തിന്റെ വേറിട്ട പാതകളിലൂടെ സഞ്ചരിച്ച ചരിത്രമാണ് തലശ്ശേരി, തച്ചറക്കൽ കണ്ണോത്ത് മാളിയേക്കൽ തറവാടിനും ടി.സി.കുഞ്ഞാച്ചുമ്മ, മാളിയേക്കൽ മറിയുമ്മ എന്നീ പ്രതിഭകൾക്കും അവർ രൂപീകരിച്ച സംഘടനക്കും പറയാനുള്ളത്. തലശ്ശേരിയുടെ സമ്പന്നമായ മുസ്‌ലിം പൈതൃകത്തിലെയും കേരളീയ മുസ്‌ലിം സ്ത്രീമുന്നേറ്റത്തിലെയും സവിശേഷ അധ്യായമാണ് ഇവരുടെ ജീവിതം. മുസ്‌ലിം സമുദായത്തിൽ ഒരുഭാഗത്ത് സ്ത്രീകൾ അടിച്ചമർത്തപ്പെട്ടപ്പോഴും മറുഭാഗത്ത് ഒട്ടേറെ വ്യക്തികളും കുടുംബങ്ങളും വിഭാഗങ്ങളും സ്ത്രീകൾക്ക് നൽകിയ സ്ഥാനവും ആദരവും ഇവരുടെ ചരിത്രത്തിൽനിന്ന് വായിച്ചെടുക്കാനാകും. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് മുസ്‌ലിംസ്ത്രീകൾ സാമൂഹിക പ്രവർത്തനത്തിൽ തങ്ങളുടേതായ സംഭാവനകളർപ്പിച്ചിരുന്നുവെന്നതാണ് ടി.സി കുഞ്ഞാച്ചുമ്മയുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്.

1930-കളിൽ ''മഹിളാസമാജം''എന്ന സംഘടന രൂപീകരിക്കുകയും അതിന്റെ പ്രഥമ പ്രസിഡന്റാവുകയും അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ വനിതാകമ്മിറ്റി മെമ്പറാവുകയും ചെയ്തത് മലബാറിലെ ഒരു സ്ത്രീയായിരുന്നുവെന്നത് വിസ്മയാവഹമായ ചരിത്രവസ്തുതയാണ്. തികഞ്ഞ സാമൂഹിക-രാഷ്ട്രീയ ബോധത്തോടെ രൂപപ്പെട്ടതായിരുന്നു അവരുടെ പ്രവർത്തനങ്ങൾ എന്നതും ശ്രദ്ധേയമാണ്.

തച്ചറക്കൽ കണ്ണോത്ത് കുടുംബത്തിൽ 1905 കാലത്താണ് കുഞ്ഞാച്ചുമ്മ ജനിച്ചത്. അവരുടെ വിദ്യാഭ്യാസ യോഗ്യത എന്തായിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല. പക്ഷേ,അവർ ഇടപെട്ട മേഖലകളും ഏറ്റെടുത്ത പ്രവർത്തനങ്ങളും പരിശോധിക്കുമ്പോൾ അക്കാലത്ത് ലഭ്യമാകുന്നത്ര ഉയർന്ന വിദ്യാഭ്യസം നേടിയിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കാരണം, മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ വനിതാസമിതിയിൽ അംഗമാകണമെങ്കിൽ ഇംഗ്ലീഷ് പരിജ്ഞാനമുൾപ്പെടെ വിദ്യാഭ്യാസപരമായ യോഗ്യതകൾ ആവശ്യമാണല്ലോ. ഏതാണ്ട് അവരുടെ കാലത്ത് ജീവിച്ച മറ്റുസ്ത്രീകൾ ഉയർന്ന വിദ്യാഭ്യാസം നേടുകയും ചെയ്തിരുന്നു.

കഴിവുറ്റ സാമൂഹിക പ്രവർത്തകയായിരുന്നു ടി.സി കുഞ്ഞാച്ചുമ്മ. മഹിളാ സമാജം വഴി പരിസര പ്രദേശങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളർച്ചക്കുവേണ്ടി പലവിധത്തിൽ അവർ പരിശ്രമിക്കുകയുണ്ടായി. തൊഴിൽ പരിശീലനമായിരുന്നു അതിലൊന്ന്. പ്രത്യേക അധ്യാപകനെ ഏർപ്പെടുത്തി അവർ സ്ത്രീകൾക്ക് തയ്യൽ പഠിപ്പിച്ചു. നിർധനരായ സ്ത്രീകൾക്ക് തയ്യൽ മെഷീൻ വാങ്ങിക്കൊടുക്കുകയും ചെയ്തു. പ്രായഭേദമന്യേ ആളുകൾക്ക് എഴുത്തും വായനയും പഠിപ്പിക്കുന്നതിനുവേണ്ടി മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ മാളിയേക്കൽ തറവാട്ടിൽ വയോജന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. 

ഒരുപക്ഷേ 1930 കളിൽ ഒരുമുസ്‌ലിംസ്ത്രീ നേതൃത്വം നൽകി നടത്തിയ ഈ വയോജനക്ലാസ്സുകളാവണം കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യസംരംഭം. പിന്നെയും പതിറ്റാണ്ടുകൾ കഴിഞ്ഞാണല്ലോ ഗവൺമെന്റെ് സാക്ഷരതാപദ്ധതിയും അതിന്റെ ഭാഗമായി വയോജന ക്ലാസുകളും ആരംഭിക്കുന്നത്. അക്കാലത്ത് മാളിയേക്കൽ തറവാട്ടിന്റെ മുറ്റത്ത് അവർ കുടുംബാസൂത്രണ ക്ലാസുകളും നടത്തുകയുണ്ടായി. അതിന്റെ സ്വഭാവമെന്തായിരുന്നുവെന്ന് ഇപ്പോൾ കൃത്യമായി പറയാവുന്ന ആധികാരിക രേഖകളോ വ്യക്തികളൊ ഇല്ല. പിൽക്കാലത്ത് ഗവൺമെന്റെ ് ആവിഷ്‌കരിച്ച് നടപ്പാക്കിയ മക്കൾ ''രണ്ടുമതി-ഒന്നുമതി'' തുടങ്ങിയ പ്രചാരണങ്ങളായിരിക്കാൻ തരമില്ല. കാരണം മാളിയേക്കൽ തറവാടിൽ മക്കളുടെ എണ്ണം കുറക്കുംവിധമുള്ള കുടുംബാസൂത്രണമൊന്നും നടപ്പാക്കിയിരുന്നില്ലെന്നത് അവരുടെ സന്താന പരമ്പര പരിശോധിച്ചാലറിയാം. മറ്റൊരു പ്രത്യേകത സംഘടിത നമസ്‌കാരമാണ്. റമദാനിലെ രാത്രികളിൽ തറാവീഹ് നമസ്‌കാരം സ്ത്രീകൾക്കുവേണ്ടി സംഘടിതമായി നിർവ്വഹിക്കാൻ സംവിധാനമേർപ്പെടുത്തിയിരുന്നു മാളിയേക്കൽ തറവാട്ടിൽ, അതിപ്പോഴും തുടരുന്നുണ്ട്.

മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾ ആദ്യകാലത്തേ ആരംഭിച്ച പ്രദേശമാണ് തലശ്ശേരി. കേരളത്തിലെ പ്രമുഖ ലീഗ് നേതാക്കളിൽ പലരും തലശ്ശേരിക്കാരാണ്. ചന്ദിക പത്രത്തിന്റെ തുടക്കവും അവിടെ നിന്നുതന്നെ. അത്തരമൊരു പശ്ചാതലം ഉള്ളതുകൊണ്ടാകാം, കുഞ്ഞാച്ചുമ്മയും അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ പ്രവർത്തകയായിരുന്നു. പാറ്റ്‌നയിൽ നടന്ന അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ വനിതാകമ്മറ്റി യോഗത്തിലേക്ക് മലബാറിൽനിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഏകവനിതയായിരുന്നു കുഞ്ഞാച്ചുമ്മ. അക്കാലത്ത് ബോംബെയിലെ മുസ്‌ലിം നേതാവായ സർ കരീംഭായി ഇബ്‌റാഹിം മലബാർ സന്ദർശിച്ചപ്പോൾ രൂപീകരിച്ച സ്വീകരണ കമ്മിറ്റിയിലും അവരുണ്ടായിരുന്നു.

നല്ലൊരു പാട്ടുകാരിയായിരുന്ന അവർ സമകാലിക സംഭവങ്ങളെക്കുറിച്ച് പാട്ട് എഴുതി പ്രതികരിക്കുമായിരുന്നു. ''പാട്ടുകെട്ടുക''എന്നാണ് അതിന്റെ പാരമ്പര്യ പ്രയോഗം. സ്വാതന്ത്രസമര സേനാനിയായ ''മായൻ'' രക്തസാക്ഷ്യം വരിച്ചതിനെ കുറിച്ച് കുഞ്ഞാച്ചുമ്മ പാട്ടുകെട്ടുകയുണ്ടായി. കോട്ടയം തങ്ങളുടെ ബന്ധുവായിരുന്ന മായൻ, 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ആവേശഭരിതനായി തലശ്ശേരിയുടെ തെരുവിൽ ഒറ്റക്ക് തക്ബീർ മുഴക്കുകയും ബ്രിട്ടീഷുകാർ ഇന്ത്യവിട്ടുപോകണമെന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഈ ''ഭരണകൂടവിരുദ്ധ'' പ്രവർത്തനത്തിന്റെ പേരിൽ അദ്ദേഹത്തെ പോലീസ് അറസ്റ്റുചെയ്തു. ലോക്കപ്പിലിട്ട് പീഡിപ്പിച്ചതിനെതുടർന്ന് മായൻ മരണപ്പെടുകയായിരുന്നു. ഈ സംഭവത്തെ ഇതിവൃത്തമാക്കി കുഞ്ഞാച്ചുമ്മ കെട്ടിയ പാട്ട് അക്കാലത്ത് കോൺഗ്രസ് സമ്മേളനവേദികളിൽ ആവേശത്തോടെ പാടാറുണ്ടായിരുന്നു.