തായ്കുല സംഘം

അട്ടപ്പാടിയിലെ ആദിവാസി പെൺകൂട്ടായ്മയാണ്‌ തായ്കുലസംഘം. 2002-ൽ അട്ടപ്പാടിയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, കുട്ടികൾക്കെതിരായ പീഡനങ്ങൾ തടയുക, ലഹരി അടിമകളായി മാറിയ അട്ടപ്പാടി സമൂഹത്തെ ലഹരി വിമുക്തമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് അഹാർഡ്‌സിന്റെ കീഴിൽ തായ്കുലം രൂപീകരിക്കപ്പെടുന്നത്.   

കേരളത്തിൽ ചാരായനിരോധനം ഏർപ്പെടുത്തുന്നതിന് ഒരു കൊല്ലം മുമ്പ്, 1995 ഏപ്രിൽ ഒന്നിന്, അട്ടപ്പാടിയിലെ 35 ചാരായഷാപ്പുകളും 15 കളളുഷാപ്പുകളും അടച്ചുപൂട്ടി സമ്പൂർണ്ണ മദ്യനിരോധന മേഖലയായി അട്ടപ്പാടിയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതോടെ വ്യാജ ചാരങ്ങളും വ്യാജവാറ്റുകേന്ദ്രങ്ങളും പ്രദേശത്ത് വ്യാപിച്ചു. ഇത് ആദിവാസികളുടെ ജീവിതത്തെ താറുമാറാക്കി. കുടുംബങ്ങൾ പലതും പട്ടിണിയിലാവുകയും നവജാത ശിശുക്കളും കുട്ടികളും പോഷകാഹാരം ലഭിക്കാതെ മരിച്ചുവീഴുകയും ചെയ്ത സാഹചര്യത്തിൽ ഊരുകളിലെത്തുന്ന മദ്യ കച്ചവടക്കാരുടെയും വാറ്റു കച്ചവടക്കാരുടെയും പ്രവർത്തനം അവസാനിപ്പിക്കാൻ പിറവിയെടുത്ത ആദിവാസി സംഘടനയാണ് തായ്കുല സംഘം. 

അട്ടപ്പാടിയുടെ സമഗ്രമാറ്റത്തിന് പിന്നീട് തായ്കുല സംഘം വഴിവെച്ചു. 

സമരം/പ്രവർത്തനം

മദ്യപാനം ഒരു സമൂഹത്തിൻറെ നാശത്തിലേക്ക് വഴി തെളിച്ചു കൊണ്ടിരുന്ന സാഹചര്യത്തിലാണ് തായ്കുല സംഘത്തിന്റെ നേതൃത്വത്തിൽ ആദിവാസി സ്ത്രീകൾ ആനക്കട്ടി ബാറിനെതിരെ സമരത്തിനിറങ്ങിയത്. മൂന്ന് മാസം തുടർച്ചയായി അവർ ഉപരോധമടക്കമുള്ള സമര മുറകളിൽ ഏർപ്പെട്ടു.

2016 ഫെബ്രുവരി 17-നാണ് സമരം ഔദ്യോഗികമായി തുടങ്ങിയത്. ഫെബ്രുവരി ഇരുപത്തി ഒൻപതോടെ ബാർ അടച്ചു പൂട്ടണമെന്നായിരുന്നു ആവശ്യം. അത് അധികാരികൾ ചെവി കൊള്ളാതെ വന്നപ്പോൾ സ്ത്രീകൾ ആനക്കട്ടിയിലും മുക്കാലിയിലും വഴി തടഞ്ഞു. മാർച്ച് 4 മുതൽ ഒരു മാസം മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിൽ ആനക്കട്ടി കവലയിൽ നിരാഹാരസമരവും നടത്തി. എന്നിട്ടും ഒരു ഫലവും കാണാതെ വന്നപ്പോൾ ഏപ്രിൽ 4 ന് സമരക്കാർ ആനക്കട്ടിയിൽ റോഡ് ഉപരോധിച്ചു. മാത്രമല്ല, ഏപ്രിൽ 7 ന് അവർ ഊരുകളിൽ കള്ളവാറ്റു പിടിക്കാനും പോയി. ഇതിനിടയിൽ സമര സമിതി കൂടി ചർച്ച നടത്തി പാലക്കാട് കളക്ടറെ പോയി കണ്ടു. തിരഞ്ഞെടുപ്പ് കാരണം പെട്ടെന്ന് നടപടിയെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന മറുപടിയാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചത് .

'സാവ കൂകിനാ വെടിക്കും ; പെട്ടക്കോളി കൂകിനാ വെടിയാത്' (പൂവൻ കോഴി കൂകിയാൽ നേരം വെളുക്കും; പിടക്കോഴി കൂകിയാൽ വെളുക്കില്ല) സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ പുച്ഛിക്കാൻ നാട്ടുകാർ ഉപയോഗിച്ച ഒരു പഴഞ്ചൊല്ലാണിത്. ഇത്തരത്തിലുള്ള പരിഹാസങ്ങൾ സമരക്കാരുടെ വീറും വാശിയും വർദ്ധിപ്പിച്ചതേ ഉള്ളൂ. ഒടുവിൽ ഏപ്രിൽ 11 ന് തായ്ക്കുല സംഘം ഹർത്താൽ പ്രഖ്യാപിച്ചു.

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളിൽ നല്ലൊരു പങ്കും ഈ ഹർത്താലിൽ പങ്കെടുത്തു. ആനക്കട്ടി കവല നിറഞ്ഞു കവിഞ്ഞു. ബ്ലോക്ക് പഞ്ചായത്തിൻെറ പല ഭാഗങ്ങളിലും വണ്ടി തടഞ്ഞും കടകൾ അടപ്പിച്ചും അവർ ഹർത്താൽ വിജയിപ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങളെയും എടുത്താണ് പല അമ്മമാരും സമരം ചെയ്തത്. അഗളിയിൽ 45 പേരും ഷോളയൂരിൽ 23 പേരും അറസ്റ്റ് ചെയ്യപ്പെട്ടു.

'തട്ടിപ്പൊളിക്കും ; തട്ടിപ്പൊളിക്കും

ആനക്കട്ടി ബാർ തട്ടിപ്പൊളിക്കും

ഒയമാട്ടേ ഒയമാട്ടേ

ടാസ്മാകേ മൂടും വരെ'

ഒടുവിൽ സമരം വിജയം കണ്ടു. തമിഴ്നാട് കലക്ടർ ഇടപെട്ട് ആനക്കട്ടി ബാർ പൂട്ടി സീൽ ചെയ്തു. ആദിവാസി സ്ത്രീകൾ മുന്നിൽ നിന്ന് നയിച്ചു വിജയിച്ച ഈ സമരത്തിന് പക്ഷെ മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര പ്രചാരണം നൽകിയിരുന്നില്ല.