ആഘോഷിക്കാൻ വരട്ടെ; ജാഗ്രത കൈവിട്ടാൽ കാത്തിരിക്കുന്നത് വൻ ദുരന്തം

ഡോ. കെ.സുരേഷ് കുമാർ...

References

References

കോവിഡ് 19 - കൈവിട്ടാൽ കാത്തിരിക്കുന്നത് വൻ ദുരന്തം

ഇങ്ങനെയാണു നമ്മൾ കോവിഡിനെ നേരിടാൻ ഉദ്ദേശിക്കുന്നതെങ്കിൽ പിന്നീടു പശ്ചാത്തപിക്കേണ്ടിവരും.സമൂഹത്തിലെഭൂരിപക്ഷം പേരും മുന്നിലുള്ള അപകടം തിരിച്ചറിഞ്ഞു മുൻകരുതലുകൾ കർശനമായി പാലിക്കുമ്പോൾ, ചെറിയൊരു വിഭാഗം ഇതൊന്നും തങ്ങൾക്കു ബാധകമല്ലെന്ന മട്ടിൽ പെരുമാറുന്നത് അവർക്കു മാത്രമല്ല, നാടിനാകെ ആപത്തായി മാറും. നിയന്ത്രണങ്ങളിലെ ഇളവുകൾ ആഘോഷിക്കാനുള്ളതല്ലെന്ന ‌കാര്യം ഇപ്പോഴും ചിലർ ഉൾക്കൊണ്ടിട്ടില്ലെന്നാണ് ചുറ്റുമുള്ള കാഴ്ചകളിൽനിന്നു വ്യക്തമാകുന്നത്
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഇന്ത്യ പുതിയൊരു ഘട്ടത്തിലാണ്. ദീർഘകാലം നിലനിന്നിരുന്ന ലോക്ഡൗണിൽ ഇളവുകൾ വന്നുതുടങ്ങി. പക്ഷേ, വൈറസ് പൂർവാധികം അപകടകാരിയായി നമ്മുടെ ഇടയിൽത്തന്നെയുണ്ട്. കേരളത്തിന്റെ സ്ഥിതിയും ഭിന്നമല്ല. അതിർത്തികൾ അടഞ്ഞുകിടക്കുകയും ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുകയും ചെയ്തപ്പോൾ രോഗബാധ പൂർണമായും നിയന്ത്രണവിധേയമാക്കി എന്നു നമ്മൾ ആശ്വസിച്ചിരുന്നു. എന്നാൽ, മേയിൽ കേരളത്തിലേക്കുള്ള യാത്രകൾ പുനരാരംഭിച്ചതോടെ, കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചു തുടങ്ങി. ഇനിയും ധാരാളം മലയാളികൾ സ്വന്തം നാട്ടിലേക്കു തിരിച്ചുവരാനുണ്ട്. ഇവരിൽ പലരും വ്യാപകമായ രോഗബാധ നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്നാണു വരിക. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇതുവരെ എത്തിയവരിൽ 60 ശതമാനത്തിലേറെ റെഡ് സോണുകളിൽ നിന്നാണ്. 

കൈവിടും കയ്യയഞ്ഞാൽ 

കോവിഡ് രോഗികളിൽ 25% പേർക്കു മാത്രമേ യഥാർഥത്തിൽ ആശുപത്രി ചികിത്സ ആവശ്യം വരൂ. ഇതിൽ ഏതാണ്ട് പകുതിയോളം പേർക്കു തീവ്രപരിചരണം വേണ്ടിവരും;അതിൽത്തന്നെ കുറെപ്പേർക്കു വെന്റിലേറ്ററുകളും. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ നിലവിലുള്ളതോ ഇപ്പോൾ വികസിപ്പിക്കുന്നതോ ആയ ചികിത്സാസൗകര്യങ്ങൾ മതിയാവാതെ വരും. അത്തരമൊരു അവസ്ഥയുടെ ഭവിഷ്യത്തുകൾ വിദേശത്തും കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലും മുംബൈയിലുമൊക്കെ കണ്ടു. 

കേരളത്തിലെ പ്രത്യേകത ഇവിടെയുള്ള രോഗികളിൽ 85 ശതമാനവും പുറത്തുനിന്നു വന്നവരാണ് എന്നതാണ്. ബാക്കി 15% പേർക്കു മാത്രമേ സംസ്ഥാനത്തിനകത്തു വച്ചു രോഗം ബാധിച്ചിട്ടുള്ളൂ എന്നത് ആശ്വാസകരമാണ്. ഇവരെല്ലാവരും തന്നെ ആരോഗ്യവകുപ്പും പൊതുസമൂഹവും ചേർന്നൊരുക്കിയ സാമാന്യം ഫലപ്രദമായ നിരീക്ഷണവലയത്തിൽ ആണു താനും. 

പക്ഷേ, ഇതോടൊപ്പം തന്നെ ഈ കൂട്ടത്തിൽ ഒന്നും പെടാത്ത, യാദൃച്ഛികമായി രോഗം സ്ഥിരീകരിക്കപ്പെട്ട 35ൽ അധികം ആളുകൾ കണക്കിലുണ്ട്. ഇവരിൽ നല്ലൊരു ശതമാനത്തിന് രോഗബാധ എങ്ങനെ ഉണ്ടായെന്നു കണ്ടുപിടിക്കാനും സാധിച്ചിട്ടില്ല. യാദൃച്ഛികമായി രോഗം സ്ഥിരീകരിച്ച ഈ ആളുകളെക്കൂടാതെ, നിലവിലെ നിരീക്ഷണവലയത്തിനു പുറത്ത് കുറെപ്പേർ കൂടി രോഗബാധിതരായി ഉണ്ടാവാം എന്നതാണ് ഈ കണക്കുകൾ ഉയർത്തുന്ന വലിയ ആശങ്ക. 

ക്വാറന്റീനിലുള്ള കുറെപ്പേർ രോഗബാധിതരായിത്തീർന്നു എന്നതിനെക്കാൾ, ആ നിരീക്ഷണവലയത്തിനു പുറത്തുള്ള ആരെങ്കിലും യാദൃച്ഛികമായി രോഗബാധിതരാകുന്നു എന്നതിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ട്. അങ്ങനെ രോഗബാധിതരായ വേറെ എത്ര പേരുണ്ടെന്നു നമുക്കറിയില്ല എന്നതാണ് ഒരു പ്രശ്നം. അവരോ അവർക്കു രോഗം കൊടുത്തവരോ പുറത്തു ‘സ്വതന്ത്രരായി’ നടക്കുന്നു എന്നതുകൊണ്ട് രോഗം സമൂഹത്തിൽ പടരാം എന്നതാണു മറ്റൊന്ന്. ഈ വൈറസിന്റെ സ്വഭാവം വച്ച് ഇത്തരമൊരു രോഗസംക്രമണം സ്വാഭാവികമാണ്. രോഗബാധിതരിൽ 40 ശതമാനത്തോളം പേർ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല എന്നതും ലക്ഷണങ്ങൾ കാണിക്കാത്തവരും രോഗം പരത്താം എന്നതും ഈ ആശങ്കയ്ക്കു ശക്തി കൂട്ടുന്നു. ഇതു സമൂഹവ്യാപനത്തിന്റെ ലക്ഷണമാണോ അല്ലയോ എന്ന തർക്കത്തിനപ്പുറത്ത് നാം ദിവസവും ഇടപെടുന്ന ആളുകളിൽ ചിലരെങ്കിലും രോഗബാധിതരായിരിക്കാം എന്ന തിരിച്ചറിവ് ഉണ്ടാകുക എന്നതാണു പ്രധാനം. 

ഈ പശ്ചാത്തലത്തിലാണ് മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, അത്യാവശ്യമല്ലാത്ത സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ, കഴിഞ്ഞ ദിവസങ്ങളിൽ വന്നുതുടങ്ങി എന്ന് പലരും ചൂണ്ടിക്കാണിക്കുന്ന വീഴ്ചകൾ അപകടകരമാകുന്നത്. 

വഴി അതികഠിനം

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം വരുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ ക്രമാതീതമായി വർധിക്കുമെന്നാണു വിദഗ്ധരുടെ പ്രവചനം. ഇതുവരെ രോഗികളുടെ എണ്ണം പ്രവചിക്കപ്പെട്ടതിനെക്കാൾ കുറവാക്കി നിലനിർത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. ലോക്ഡൗണിന്റെ അന്തരീക്ഷത്തിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ വ്യക്തി ശുചിത്വത്തിന്റെയും ശാരീരിക അകലത്തിന്റെയും നിയമങ്ങൾ പാലിക്കാൻ മലയാളിക്കു സാധിച്ചു. പക്ഷേ, ഇനിയുള്ള കാലം ഇൗ കരുതൽ എത്രത്തോളം നമുക്കു സാധ്യമാകും എന്നതാണ് കേരളം എത്രമാത്രം സുരക്ഷിതമായി നിലനിൽക്കും എന്നതു തീരുമാനിക്കുക. 

മരുന്നുകളൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പ്രതിരോധ വാക്സിനുകൾ രംഗത്തെത്താൻ ഇനിയും ഒരുപാടു കാലം പിടിക്കും. ഇതിനിടെ ഈ വൈറസ് സമൂഹത്തിൽ വ്യാപകമായി പടരാനിടയായാൽ ആലോചിക്കാൻ പോലും പറ്റാത്തത്ര വലിയ ദുരന്തമാകും നമ്മെ കാത്തിരിക്കുക. അവനവന്റെ കാര്യത്തിലും ചുറ്റുമുള്ളവരുടെ കാര്യത്തിലും അത്യാവശ്യം ഉണ്ടാവേണ്ട ശ്രദ്ധയും കരുതലും കൊണ്ടു നമുക്ക് ഇത്തരമൊരു ദുരന്തം തടയാൻ പറ്റും.

ശ്രദ്ധിക്കാൻ 4 കാര്യങ്ങൾ

1. ശരിയായ രീതിയിൽ സ്ഥിരമായി മാസ്ക് ധരിക്കുന്നതു ശീലമാക്കുക. 

2. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ കഴിയുന്നതും ഒരു മീറ്റർ അകലം പാലിക്കുക 

3. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചു കൈ വൃത്തിയാക്കുന്നതു ശീലമാക്കുക 

4. ക്വാറന്റീൻ നിയമങ്ങൾ കൃത്യമായി പാലിക്കുക 

ഓരോരുത്തരുടെയും കരുതൽ പ്രധാനമാണ്. ഒറ്റപ്പെട്ട വ്യക്തികൾ നൂറുകണക്കിന് ആളുകൾക്കു രോഗം പരത്തിയ സംഭവങ്ങൾ നാം കണ്ടതാണ്. കാര്യങ്ങൾ ഒരിക്കൽ കൈവിട്ടുപോയാൽ തിരിച്ചുപിടിക്കാൻ പറ്റിയെന്നു വരില്ല.